കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സുകാരുടെ ഹീറോയാണ് കെ. സുധാകരന്. ചുവപ്പ് കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരില്‍ സി.പി.എമ്മിനോട് കട്ടയ്ക്ക് നിന്ന് പ്രതിരോധം തീര്‍ക്കുന്ന നേതാവ്. അതുകൊണ്ടുതന്നെ പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സുധാകരന് മത്സരിക്കാനെത്തിയതോടെ അത് പ്രവര്‍ത്തകരെ ആവേശത്തിന്റെ ഉച്ചസ്ഥായിലാക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍കൊണ്ടും വാദപ്രതിവാദങ്ങള്ക്കൊണ്ടും നിറഞ്ഞുനിന്ന പ്രചാരണ നാളുകള്‍. ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോവാന്‍ തയ്യാറായി നില്ക്കുന്ന അവസാന മണിക്കൂറുകളില്‍ കണ്ണൂരിനെകുറിച്ച് സുധാകരന്റെ പ്രതീക്ഷ എങ്ങനെയൊക്കെയാണ്? മാതൃഭൂമി ഡോട്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖം.
കഴിഞ്ഞതവണ കള്ളവോട്ടാണ് തന്നെ തോല്‍പ്പിച്ചത് എന്ന് ആരോപിച്ചിരുന്നു താങ്കള്‍. ഇത്തവണ അത്തരത്തിലുള്ള എന്തെങ്കിലും സൂചനയുണ്ടോ?
കള്ളവോട്ടുകള്‍ സി.പി.എം ഇത്തവണയും ചെയ്യുമെന്നതില്‍ സംശയമൊന്നുമില്ല. പക്ഷെ അതിനെ തടയിടാനുള്ള എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും. കഴിഞ്ഞ തവണ എന്നെ തോല്‍പ്പിച്ചത് കള്ളവോട്ട് തന്നെയാണ്. കള്ളവോട്ടു ചെയ്തവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അടക്കം ഞാന്‍ അയച്ചിരുന്നു. ഇത്തവണ സഹകരണ ബാങ്കിലെ പാസ് ബുക്ക് ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ ശ്രമിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്. കള്ളവോട്ടിനെ തടയാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ഇത്തരം വോട്ടുകളെ മറികടക്കാനുള്ള ഭൂരിപക്ഷം ഇവിടെയുണ്ട്. 50,000 ന് മുകളില്‍ ഭൂരിപക്ഷം ഇവിടെക്കിട്ടും. കള്ളവോട്ട് സ്ഥിരമായി നടക്കുന്ന ചില മണ്ഡലങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. അത് സ്ഥിരമായി ചെയ്യും. അത് ആരോപണം മാത്രമല്ല. ജനാധിപത്യ വോട്ട് എന്നാണ് സി.പി.എം അതിന് ഓമനപ്പേരിട്ട് വിളിക്കുന്നത്. ഓരോ ബൂത്തില്‍ നിന്നും പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് കൊടുക്കുമ്പോള്‍ ജനാധിപത്യ വോട്ടിന്റെ കണക്ക് കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം.
അവസാന ഘട്ടത്തിലായിരുന്നു സ്ഥാനാര്‍ഥിത്വത്തിലേക്ക് വന്നത്. ഇത് ഏതെങ്കിലും തരത്തില്‍ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടോ?
ഒരിക്കലുമില്ല. പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ഞാന്‍ ഇത്തവണ മത്സരിക്കുന്നില്ല എന്ന് പറഞ്ഞത് എന്റേതായ ചില പ്രശ്നങ്ങള്‍ കൊണ്ടാണ്. എന്നാലും എന്റെ പേര് തന്നെയായിരുന്നു ആദ്യം മുതല്‍ ഉയര്‍ന്ന് വന്നതും. ജയ സാധ്യതയുള്ള ഒരു വ്യക്തി എന്ന നിലയ്ക്കാണ് പാര്‍ട്ടി എന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അങ്ങനെയൊരു തീരുമാനമെടുത്തതോടെ ഞാന്‍ മത്സരിക്കാന്‍ ബാധ്യസ്ഥനാവുകയും ചെയ്തു. പ്രചാരണത്തിനിടെ പ്രവര്‍ത്തകരില്‍ നിന്നും ജനങ്ങളില്‍ നിന്നും കിട്ടിയിരിക്കുന്ന പ്രതികരണം വളരെ ആത്മവിശ്വാസം നല്‍കുന്നതാണ്. അത് വളരെയേറെ ഗുണം ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസവും.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇറക്കിയ വീഡിയോകളില്‍ വംശീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന ആരോപണം വിവാദം ഉണ്ടാക്കിയിരിക്കുകയാണല്ലോ?
ഇതില്‍ എവിടെയാണ് വംശീയമായ അധിക്ഷേപമുള്ളത്, എവിടെയാണ് സ്ത്രീവിരുദ്ധ പരാമര്‍ശം ഉള്ളത്. ആദ്യ വീഡിയോയിലെ പച്ചയിറച്ചി വെട്ടുന്നുവെന്ന് പറഞ്ഞ പരാമര്‍ശം സി.പി.എമ്മിനെ കുറിച്ചാണ്. അവരുടെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചാണ് ആ വീഡീയോയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പച്ചയിറച്ചി വെട്ടും പോലെയല്ലേ അവര്‍ കണ്ണൂരിലും പരിസര പ്രദേശത്തും മനുഷ്യനെ വെട്ടിയത്. അത് എല്ലാവര്ക്കും അറിയുന്ന കാര്യമല്ലേ? രണ്ടാമത്തെ വീഡിയോയുടെ കാര്യം. ഇതില്‍ ടീച്ചര്‍ എന്ന പരാമര്‍ശം എങ്ങനെയാണ് ശ്രീമതി ടീച്ചറെ കുറിച്ചാവുന്നത്. ലോകത്ത് അവര്‍ മാത്രമാണോ ടീച്ചറായിട്ടുള്ളത്. വീഡിയോ വന്ന ഉടനെ ശ്രീമതി ടീച്ചറെ കുറിച്ചാണ് പറയുന്നത് എന്നും പറഞ്ഞ് എന്തിനാണ് അവര്‍ അതിന്റെ പുറകെ പോവുന്നത്. ഇറക്കിയ വീഡിയോകള്‍ സി.പി.എമ്മിന് നല്ല രീതീയില്‍ കൊണ്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. തുടര്‍ന്നാണ് ഇത്തരം ആരോപണങ്ങളുമായി വരുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെ. അവിടെ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം.
ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു പ്രാധാന്യവുമില്ലെന്നാണ് കഴിഞ്ഞ ദിവസം എ.കെ ആന്റണി അടക്കം പറഞ്ഞത്. അതേ നിലപാട് തന്നെയാണോ താങ്കള്‍ക്കും?
ഈ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് എന്ത് പ്രാധാന്യമാണുള്ളത്. വല്യവായില്‍ വല്യവാക്ക് പറയാന്‍ മാത്രമല്ലേ അവര്‍ക്ക് സാധിക്കൂ. ഇന്ത്യയിലെ സകല സംസ്ഥാനങ്ങളില്‍ നിന്നും അവര്‍ തുടച്ചുനീക്കപ്പെട്ടില്ലേ. കേരളത്തില്‍ നിന്ന് കിട്ടുന്ന സീറ്റ് വെച്ച് കോണ്‍ഗ്രസിനോടും ഡി.എം.കെയോടുമെല്ലാം ചേര്‍ന്ന് നില്ക്കാനല്ലാതെ അവര്‍ക്ക് മുന്നില്‍ വേറെ എന്ത് വഴിയാണുള്ളത്. എന്തെങ്കിലും ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാനുള്ള ശക്തി അവര്‍ക്കുണ്ടോ. ഒരുകാലത്ത് അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അവര്‍ തന്നെ അത് ഇല്ലാതാക്കിയില്ലേ. കള്ളവോട്ട്, കൊലപാതകം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടല്ലേ അവര്‍ അവിടെ നിന്നെല്ലാം തുടച്ചുനീക്കപ്പെട്ടത്. രക്തം പൊടിയാത്ത കൊലപാതകം കണ്ടുപിടിച്ച പാര്‍ട്ടിയല്ലേ സി.പി.എം. ഈ ലോകത്ത് ഏതെങ്കിലും ജനാധിപത്യ രാജ്യത്ത് അങ്ങനെയുള്ളൊരു പാര്‍ട്ടിയുണ്ടോ. ബംഗാളിലൊക്കെ നടപ്പിലാക്കിയത് അത്തരത്തിലുള്ള കൊലയാണ്. ഉപ്പിട്ട് മൂടകയല്ലേ ചെയ്തത്. മമത അധികാരത്തില്‍ വന്നപ്പോള്‍ കൃഷി മന്ത്രിയുടെ ഫാം ഹൗസില്‍ നിന്ന് മാത്രം അത്തരത്തിലുള്ള നൂറു കണക്കിന് ആളുകളുടെ അസ്ഥിപഞ്ചരമല്ലേ കണ്ടെത്തിയത്. അത്തരത്തിലുള്ള ഒരു പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ എന്ത് പ്രസക്തി?
കൊലപാതകിവരെയാക്കിയാണല്ലോ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം?
എന്റെ കൈകൊണ്ട് ഞാന്‍ ഇവിടെ ഒരു കൊലപാതകവും നടത്തിയിട്ടില്ല. എന്റെ നേതൃത്വത്തിലോ, എന്റെ നിര്‍ദേശ പ്രകാരമോ ഒരു കൊലപാതകവും നടത്തിയിട്ടില്ല. അക്കാര്യം കണ്ണൂരിലെ ജനങ്ങള്‍ക്കറിയാം. സി.പി.എമ്മുകാര്‍ എനിക്കെതിരേ പറയാത്ത കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടോ. പണ്ട് ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തുടങ്ങി കേള്‍ക്കുന്നതാണ് സി.പി.എമ്മുകാരുടെ ആരോപണങ്ങള്‍. എന്ത് ആരോപണങ്ങള്‍ ഉന്നയിച്ചാലും ഞാന്‍ സി.പി.എമ്മിനോട് നന്ദിയുള്ളവനാണ്. കാരണം എന്നെ രാഷ്ട്രീയത്തില്‍ ഇല്ലാക്കഥകള്‍ പറഞ്ഞ് വളര്‍ത്തിയത് അവരാണ്. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് കണ്ട് അക്രമിയെ ഓടിക്കാന്‍ വെച്ച വെടി കൊണ്ടാണ് വാസുവെന്നയാള് മരിച്ചത്. അതാണ് എന്റെ തലയില്‍ കെട്ടിവെക്കുന്നത്. അത് ഞാന്‍ പറഞ്ഞിട്ട് വെടിവെച്ചതൊന്നുമല്ല. അതുപോലെ കണ്ണൂര്‍ സേവറി ഹോട്ടലിലെ അക്രമം. അത് ഒരക്രമത്തിന്റെ ഭാഗമായിട്ടുള്ള അക്രമമായിരുന്നു. ഇതിലൊന്നും എനിക്ക് യാതൊരു പങ്കുമില്ല.
തിരഞ്ഞെടുപ്പ് വീഡിയോക്കെതിരേ വനിതാ കമ്മീഷന് ഇടപെട്ടിട്ടുണ്ടല്ലോ?
അവര്‍ വനിതാ കമ്മീഷനൊന്നുമല്ല. സി.പി.എം കമ്മീഷനാണ്. എന്തെല്ലാം കാര്യങ്ങള്‍ ഇവിടെ നടന്നു. ശബരിമലയില്‍ പോവുന്ന സ്ത്രീകളെല്ലാം ശരീരം പ്രദര്‍ശിപ്പിക്കാനാണെന്ന് പറഞ്ഞിരുന്നില്ലേ ഒരു വനിതാ നേതാവ്. അന്നൊക്കെ വനിതാ കമ്മീഷന് എവിടെയായിരുന്നു. അതുകൊണ്ട് ആ സ്ത്രീയുടെ വാക്കിനെയൊന്നും ഞാന്‍ ഭയപ്പെടുന്നില്ല. ധൈര്യമുണ്ടെങ്കില്‍ കോടതിയില്‍ പോവട്ടെ.
Content Highlights: K Sudhakaran, lok sabha election 2019, Kannur constituency