വടകരയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇത്തവണ ആര്.എം.പിയുടേയും കെ.കെ രമയുടേയും നിലപാടുകള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. യു.ഡി.എഫിന് നിരുപാധികം പിന്തുണ നല്കി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ആര്.എം.പി സജീവമായതോടെ വടകരയില്‍ മത്സരം ശക്തമാകുമെന്നതില്‍ സംശയമില്ല. നിരവധി പേരുകള്‍ പരിഗണിക്കപ്പെട്ട ശേഷം ഒടുവില്‍ കെ. മുരളീധരന് എന്ന ശക്തമായ സ്ഥാനാര്‍ഥിയെ വടകരയില്‍ പി.ജയരാജനെതിരേ കോണ്‍ഗ്രസ് ഇറക്കിയതിനും ആര്.എം.പിക്ക് പ്രധാന പങ്കുണ്ട്. ഈയൊരു സാഹചര്യത്തില്‍ വടകരയിലെ രാഷ്രീയ സാഹചര്യം വ്യക്തമാക്കുകയാണ് കെ.കെ രമ. മാതൃഭൂമി ഡോട്കോമുമായി നടത്തിയ പ്രത്യേക അഭിമുഖം.
വലതുപക്ഷ വ്യതിയാനവും-യു.ഡി.എഫ് പിന്തുണയും?
2008 മുതല്‍ ഞങ്ങള്‍ കേള്‍ക്കുന്ന ആരോപണമാണിത്. അതുകൊണ്ട് ഇതൊന്നും ഞങ്ങള്‍ക്ക് പുത്തരിയില്ല. പക്ഷെ എങ്ങനെ ഈ അവസ്ഥയിലെത്തി. പി.ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതോടെ വടകരക്കാരോട് മാത്രമല്ല പൊതുസമൂഹത്തോട് തന്നെ സി.പി.എം വെല്ലുവിളി നടത്തുകയല്ലേ ചെയ്തത്. സമാധാന ജീവിതം ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടേയും ആവശ്യത്തിന്റെ ഭാഗമായാണ് ആര്.എം.പി ഇങ്ങനെയൊരു നിലപാടെടുത്തത്. മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വെച്ചത്. അതിന്റെ ഭാഗമായിട്ട് തന്നെയാണ് യു.ഡി.എഫിന് നിരുപാധികം പിന്തുണകൊടുത്തതും. മറുഭാഗത്ത് കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന ആളെന്ന് വലിയ രീതിയില്‍ ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ് മത്സരത്തിലുള്ളത്. രണ്ട് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍. ഈയൊരു സാഹചര്യം മറ്റൊരു പാര്‍ട്ടിയില്‍ ആണെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ. അപ്പോള്‍ സി.പി.എം ഇതൊക്കെ ചെയ്യുമ്പോള്‍ അതിനെയൊന്നും ചോദ്യം ചെയ്യരുത് അതൊക്കെ അംഗീകരിച്ച് ജനം പോയ്ക്കൊള്ളണം എന്ന ധാര്‍ഷ്ട്യം അനുവദിച്ച് കൊടുക്കാന്‍ കഴിയില്ല. കാരണം ഇതൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളി ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ആര്.എം.പി എങ്ങനെ ഈയൊരു സാഹചര്യത്തില്‍ എത്തി?
സി.പി.എം വിട്ട് പോന്നിട്ടുള്ള ഞങ്ങളെ പോലെയുള്ളവരെ കായികമായും മാനസികമായിട്ടും അക്രമിച്ച് അവസാനിപ്പിക്കുക എന്ന സമീപനമാണ് എക്കാലത്തും സി.പി.എം ചെയ്ത് പോന്നിരുന്നത്. എനിക്ക് തോന്നുന്നു ആര്.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ് ഇത്രയും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും സംഘടനാ സംവിധാനവുമായി ഇത്രവരേയെങ്കിലും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ്. പത്ത് വര്‍ഷമായി ഇത് തുടര്‍ന്ന് പോരുന്നു. ഞങ്ങളുടെ 65 വയസ്സുള്ള അബ്ദുള്‍ഖാദര്‍ എന്ന വ്യക്തിയെ ആക്രമിച്ചാണ് അവര്‍ തുടക്കമിട്ടത്. അത് കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ തുടര്‍ന്നു. തിരഞ്ഞെടുപ്പ് ജയിച്ച് കഴിയുമ്പോള്‍ സി.പി.എം നടത്തുന്ന പ്രധാന പ്രവൃത്തി ഇതാണ്. കണ്ണൂരില്‍ നിന്ന് പോലും അക്രമികള്‍ ഇവിടെയെത്തുന്നു. പിന്നെ അക്രമമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അനുഭവിച്ചത് എന്താണെന്നറിയാമോ? ചന്ദ്രശേഖരന്റെ ഫോട്ടോയോ, കലണ്ടറോ തൂക്കിയിട്ട വീട് പോലും അക്രമത്തിനിരയായി. കുട്ടികളെന്നോ പ്രായമായവരെന്നോ നോക്കാതെ അവര്‍ അക്രമം അഴിച്ച് വിടുകയായിരുന്നു. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു സ്ഥലത്ത് രക്തസാക്ഷി സ്തൂപത്തിന് പോലീസ് കാവല്‍ നില്‍ക്കുന്നത്. അത് ചന്ദ്രശേഖരന്റെ സ്തൂപം സ്ഥാപിച്ച വള്ളിക്കാടാണ്. പോലീസ് കാവല്‍ മാറിയാല്‍ അത് തകര്‍ക്കപ്പെടും. ഇതാണ് അവസ്ഥ. ഇത്തരത്തിലുള്ള അക്രമങ്ങള്‍ കൊണ്ടും ഭീഷണികള്‍ കൊണ്ടും തെല്ലും പിറകോട്ട് പോവാന്‍ ഞങ്ങള്‍ തയ്യാറല്ല. ഭയപ്പെടുത്തി പിന്നോട്ടടിപ്പിക്കാമെന്നുള്ള വ്യാമോഹവും സി.പി.എമ്മിന് വേണ്ട.
കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയല്ലേ പി.ജയരാജന്?
പി.ജയരാജനെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയെന്ന് സ്ഥാപിക്കുന്നതിലുമപ്പുറം കാപട്യം വേറെയുണ്ടോ? കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തിപ്പോന്ന ചോരക്കളിയുടെ ഭാഗമായിട്ടല്ലേ പി.ജയരാജന് കൈവിരല്‍ നഷ്ടപ്പെട്ടത്. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമേ അല്ല. ഒരു ജനതയെ മുഴുവന്‍ ഭയപ്പെടുത്തി ഒരു രാഷ്ട്രീയത്തിന് കീഴില്‍ നിര്‍ത്താന്‍ വേണ്ടി ഇരുപാര്‍ട്ടികളും നടത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിലെ ഒരു പാര്‍ട്ടിയുടെ അമരക്കാരനാണ് ജയരാജന്. അങ്ങനെയുള്ളൊരാളെ ഇരയെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നതില്‍ പരം പ്രഹസനം എന്തുണ്ട്. പി. ജയരാജന്റെ കൈവിരല്‍ നഷ്ടപ്പെട്ട സംഭവം ചെറുതായി കാണുന്നില്ല. സംഭവിക്കാന്‍ പാടില്ലായിരുന്നു. പക്ഷെ ഈ ചോരക്കളിയിലെ സംഘാംഗങ്ങളെ ചോറൂട്ടി വളര്‍ത്തുന്ന മുഖ്യ ഓപ്പറേറ്ററാണ് ജയരാജന്. അത്തരത്തിലൊരാളെ ഇരയാക്കി പ്രതിഷ്ഠിക്കുന്നതിലെ പ്രഹസനം ജനം തിരിച്ചറിയുമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.
സൈബര്‍ അറ്റാക്കിന് ഇപ്പോഴും ഇരയാക്കിക്കൊണ്ടിരിക്കുകയാണല്ലോ കെ.കെ രമ?
2012-മെയ് നാലിന് ശേഷം ഞാന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വന്ന അന്ന് മുതല്‍ തുടങ്ങിയതാണ് ഈ സൈബര്‍ സഖാക്കളുടെ അക്രമണം. എന്തെല്ലാമായിരുന്നു എന്നെ വിശേഷിപ്പിച്ചത്. ആസ്ഥാന വിധവ, ടി.പി ചന്ദ്രശേഖരന്റെ ശവം വിറ്റ് ജീവിക്കുന്നവള്‍-ഇങ്ങനെ എന്തൊക്കെ പട്ടങ്ങള്‍ അവര്‍ നല്കി. നവോത്ഥാനത്തിന്റെ സംരക്ഷകര്‍ എന്ന് പറയുന്നവര്‍ ഇതിനെല്ലാം മൗനാനുവാദം നല്കുന്നുവെന്നത് യഥാര്‍ഥ്യമാണ്. ഇത്തരത്തില്‍ ആളുകളെ അധിക്ഷേപിച്ച് മൗനിയാക്കി അവസാനിപ്പിക്കാമെന്ന് വിചാരിക്കുന്നത് ഇവരുടെ വ്യാമോഹം മാത്രമാണ്. ഇതിലൊന്നും തെല്ലും കുലുക്കമില്ലാതെ ഭയമില്ലാതെ തന്നെയാണ് ഞാന്‍ മുന്നോട്ട് പോവുന്നത്. ഇത്തരക്കാരുടെ ഭീഷണിയില്‍ വീണ് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി വീട്ടിലിരിക്കുമെന്നും ആരും കരുതണ്ട.
ആര്.എം.പി ഭാവിയില്‍ യു.ഡി.എഫിനൊപ്പമാകുമോ?
ഹേയ് അത്തരത്തിലുള്ള ചോദ്യത്തിന് തന്നെ അടിസ്ഥാനമില്ല. കാരണം ഞങ്ങള്‍ ഒരു ഇടതുപക്ഷ നയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരല്ലേ. പിന്നെങ്ങനെ യു.ഡി.എഫിന്റെ സഖ്യകക്ഷിയാവും. സി.പി.എം വളരെ ബോധപൂര്‍വം പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. കാരണം അവര്‍ എക്കാലത്തും വിമത സ്വരങ്ങളെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞാണ് ഒതുക്കിമാറ്റിയത്. അത് വിലപ്പോവാത്തത് ആര്.എം.പിയുടെ കാര്യത്തില്‍ മാത്രമാണ്. ഞങ്ങളുടെ കാര്യം വ്യക്തമാണ്. ഇടതുപക്ഷ രാഷ്ട്രീയം എന്നതിന് ഒരു തരത്തിലുള്ള വ്യതിയാനവും സംഭവിച്ചിട്ടില്ല. പി.ജയരാജനെതിരേ മത്സരിക്കാന്‍ ശക്തമായ ഒരു സ്ഥാനാര്‍ഥി വേണമെന്ന് ഞങ്ങളുടെ ആവശ്യമായിരുന്നു. അതുപോലെ ഒരു സ്ഥാനാര്‍ഥിയെ തന്നെ ലഭിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മുരളീധരന്റെ വിജയത്തില്‍ ഒരു സംശയവുമില്ലതാനും.
സി.പി.എം, എല്‍.ജെ.ഡി, പി.ജയരാജന്-വെല്ലുവിളിയല്ലേ?
ഒരു തരത്തിലുള്ള വെല്ലുവിളിയുമില്ല. ജയവും പരാജയവും സാധാരണമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ശക്തമായ ഒരു രാഷ്ട്രീയ സമരത്തിന്റെ ഭാഗമാണ് ഈ തിരഞ്ഞെടുപ്പ്. കൊലപാതക രാഷ്ട്രീയത്തിനെതിരേ, ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരേ വിധിയെഴുത്തായി തിരഞ്ഞെടുപ്പിനെ മാറ്റുക എന്നതാണ് ലക്ഷ്യം. ജയവും പരാജയവും പിന്നീടുള്ള കാര്യമാണ്. അത് ജനങ്ങള്‍ തീരുമാനിക്കുന്നതുമാണ്.