രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നു. എന്താണ് പ്രതീക്ഷകൾ...
ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് അനുകൂലമായ വിധിയെഴുത്താവും. കേരളവും തമിഴ്‌നാടും കോൺഗ്രസ് സഖ്യം തൂത്തുവാരും. കർണാടകത്തിൽ ബി.ജെ.പി. സീറ്റുകൾ ഗണ്യമായി കുറയും. ഗോവയിൽ രണ്ടുസീറ്റും തിരിച്ചുപിടിക്കും. ലക്ഷദ്വീപ് സീറ്റും കിട്ടും. ആന്ധ്രയിലും തെലങ്കാനയിലുമാണ് അല്പം പിന്നിൽ. എങ്കിലും നല്ല പ്രകടനമായിരിക്കും കോൺഗ്രസിന്റേത്.

വയനാട്ടിൽ രാഹുലിന്റെ വിജയം എങ്ങനെയാവുമെന്നാണ് കണക്കുകൂട്ടൽ...
രാഹുൽഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷം കിട്ടും. അദ്ദേഹത്തെ കേരളീയർക്ക് നന്നായറിയാം. അദ്ദേഹത്തിന്റെ സ്വഭാവം, രീതികൾ ഒക്കെ. രാഹുൽഗാന്ധിയുടെ സത്യസന്ധതയെയും ആത്മാർഥതയെയും സുതാര്യതയെയും അർപ്പണബോധത്തെയും കേരളജനത അംഗീകരിക്കും. 

സി.പി.എം. മുഖപത്രത്തിൽ രാഹുലിനെ പപ്പു എന്നാണ് വിശേഷിപ്പിച്ചത്? എങ്ങനെയാണിതിനോട് പ്രതികരിക്കുക... 
അവരുടെ ദേശീയനേതാക്കൾ രാഹുൽഗാന്ധിയെക്കുറിച്ചെന്താണ് പറയുന്നത്. അവരുടെ ഉള്ളിലിരിപ്പ് എന്താണെന്ന്  ബോധ്യമായില്ലേ. ബി.ജെ.പി.യുടെ നേതാക്കന്മാർപോലും പരസ്യമായി വിളിക്കാൻ മടിക്കുന്നതാണ് സി.പി.എം. മുഖപത്രത്തിൽ എഡിറ്റോറിയലായി രേഖാമൂലം എഴുതിയത്.  സി.പി.എമ്മിന്  എന്തിനാണിത്ര വെപ്രാളം. ഇത്രയധികം അങ്കലാപ്പിന് കാരണം മനസ്സിലാവുന്നില്ല. അവർക്ക് സമനില തെറ്റിയ പോലെയാണുള്ളത്. ഈ രീതിയിൽ ആക്ഷേപകരമായി വിശേഷിപ്പിക്കുന്നതിലൂടെ എന്താണ് ലക്ഷ്യമിടുന്നത്. ഇന്നുവരെ നരേന്ദ്രമോദിയെക്കുറിച്ച് ഇവർ ഇങ്ങനെ പറഞ്ഞിട്ടില്ല. ഈ രാജ്യത്തെ വിഭജിക്കുന്ന , തകർക്കുന്ന മോദിയെക്കുറിച്ചു പറയാതെ രാഹുലിനെക്കുറിച്ചു പറയാൻ അദ്ദേഹം ചെയ്ത തെറ്റെന്താണ്. കോൺഗ്രസിന്റെ  ഒരു സിറ്റിങ് സീറ്റ്, അതും നിലവിൽ ഒഴിവുള്ള സീറ്റ്, അവിടെ മത്സരിക്കുന്നതിനാണീ വിദ്വേഷം. ഇതിനെതിരേ പ്രതികരിക്കുന്നതുതന്നെ ലജ്ജാവഹമാണ്. 

ഹിന്ദുക്കളെ ഭയന്നാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം... 
വയനാട് മുസ്‌ലിം രാഷ്ട്രമാണോ. പഴശ്ശിരാജയുടെ മണ്ണല്ലേ അത്. വീരപഴശ്ശിക്ക് ജന്മംനൽകിയ നാടാണത്. നരേന്ദ്രമോദിക്കറിയില്ല പഴശ്ശിരാജാവ് ആരാണെന്ന്.  ആ വയനാടിനെക്കുറിച്ചാണ് നരേന്ദ്രമോദി പറയുന്നത്. എത്ര തരംതാണു നമ്മുടെ പ്രധാനമന്ത്രി. ബി.ജെ.പി. നാളുകളായി നടത്തുന്ന വിഭജന രാഷ്ട്രീയം അതിന്റെ മൂർധന്യത്തിലാണിപ്പോൾ കളിക്കുന്നത്. 

എന്താണ് കോൺഗ്രസിന്റെ പ്രചാരണ വിഷയം...
ഇതുതന്നെ. ബി.ജെ.പി.യുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം. പറയാനൊന്നുമില്ലാത്തതിനാൽ അവർ വിഭജനരാഷ്ട്രീയം കളിക്കുന്നു. അതേ ഭാഷയിലാണിപ്പോൾ സി.പി.എമ്മുകാരും സംസാരിക്കുന്നത്. 

രാഹുലിന്റെ സ്ഥാനാർഥിക്കാര്യത്തിൽ എന്തൊക്കെയാണ് പരിഗണിച്ചത്... 
രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന നിർദേശം വന്നപ്പോൾ കേരളത്തിലെ വയനാട് പരിഗണിച്ചത് തമിഴ്‌നാടും കർണാടകവും ആയി അതിർത്തി പങ്കിടുന്നതിനാലാണ്. മൂന്നു സംസ്ഥാനങ്ങളിലും സ്വാധീനം ചെലുത്തുന്നതാണ് വിലയിരുത്തിയത്.  കർണാടകത്തിൽ നിർദേശിക്കപ്പെട്ട ബീദറിന് ഇത്തരമൊരു ഭൂമിശാസ്ത്ര സാധ്യത ഉണ്ടായിരുന്നില്ല. കേരളവുമായും തമിഴ്‌നാടുമായും ബന്ധമില്ല. ആന്ധ്രയുമായാണ് അതിർത്തി പങ്കിടുന്നത്. ആന്ധ്രയിലാകട്ടെ കോൺഗ്രസിന് വലിയ ശക്തിയില്ല. ഇതിനാലാണ് വയനാട്ടിലെത്തിയത്. അപ്പോഴാണ് കുപ്രചാരണങ്ങൾ. മോദി ഇങ്ങനെ രണ്ടിടത്ത് മത്സരിച്ചപ്പോൾ ഗുജറാത്തിൽനിന്ന് ഒളിച്ചോടി എന്നു കോൺഗ്രസ് പറഞ്ഞിട്ടില്ല. വാജ്‌പേയി മൂന്നിടത്ത് മത്സരിച്ചിട്ടുണ്ട്.  അപ്പോഴൊന്നും ഒളിച്ചോടലല്ല. രാഹുൽഗാന്ധി മത്സരിക്കുമ്പോഴാണ് ഹിന്ദുക്കളിൽനിന്ന് ഒളിച്ചോടുന്നു എന്നു പറയുന്നത്. 

അമേഠിയിൽ തോൽക്കുമെന്ന ഭയം കാരണമാണോ...
2014-ൽ വലിയ ബി.ജെ.പി. തരംഗമുണ്ടായപ്പോഴും യു.പി.യിൽ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിച്ചു. ഇപ്പോൾ തീർത്തും അനുകൂലമാണ്‌ സാഹചര്യങ്ങൾ. വൻ ഭൂരിപക്ഷത്തിലാണവിടെ രാഹുൽഗാന്ധി ജയിക്കുക.

പ്രിയങ്ക വാരാണസിയിൽ മത്സരിക്കുമോ... 
അതവർ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം രാഹുൽഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ മനസ്സിലാണ് കാര്യങ്ങൾ. 

ദേശീയതലത്തിൽ കോൺഗ്രസിന്റെ സാധ്യതകൾ എന്തൊക്കെയാണ്... 
കോൺഗ്രസിന് വളരെ പ്രതീക്ഷയുള്ള തിരഞ്ഞെടുപ്പാണിത്തവണ നടക്കുന്നത്.  കഴിഞ്ഞ ലോക്‌സഭയിൽ 45 അംഗങ്ങൾ മാത്രമാണ് പാർട്ടിക്കുണ്ടായിരുന്നത്. ആ വലിയ തകർച്ചയിൽനിന്ന് കോൺഗ്രസ് ഏറെ മുന്നോട്ടുപോയി. അഞ്ചുവർഷംമുമ്പ് രാജ്യത്തുണ്ടായ 
സാഹചര്യത്തിൽനിന്ന് തികച്ചും വിഭിന്നമാണിപ്പോൾ കാര്യങ്ങൾ. അന്ന് വലിയ തോതിൽ കോൺഗ്രസിനെതിരേ  വികാരങ്ങൾ ജനങ്ങളിലുണ്ടാക്കുന്നതിനുള്ള പ്രചാരണതന്ത്രങ്ങളാണ് ബി.ജെ.പി.യും സഖ്യകക്ഷികളും നടപ്പാക്കിയത്. മറ്റൊരു ഭാഗത്ത് ജനങ്ങൾക്ക് വലിയ 
പ്രതീക്ഷകളും നരേന്ദ്രമോദി നൽകി. അഞ്ചുവർഷം കഴിഞ്ഞുനോക്കുമ്പോൾ ഈ പ്രതീക്ഷകളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. വാഗ്ദാനങ്ങളും നടപ്പാക്കിയതും താരതമ്യം ചെയ്താൽ വളരെ തുച്ഛമായ കാര്യമേ നടപ്പാക്കിയുള്ളൂ എന്ന് വ്യക്തമാവും. ജനങ്ങൾ നിരാശരാണ്. മോദി എന്ന പ്രധാനമന്ത്രിയിൽ നിരാശരാണ്. കോൺഗ്രസിന്റെ സംഘടനാസംവിധാനം  ശക്തി കൈവരിച്ചിട്ടുണ്ടിപ്പോൾ. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർണായകശക്തിയായി തിരിച്ചുവരും. 

content highlights: k c venugopal, wayanadu seat, rahul gandhi