കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ പ്രസക്തിയും രാഷ്ട്രീയ ലക്ഷ്യവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മാതൃഭൂമി പ്രത്യേക ലേഖകന്‍ ഇ. സലാഹുദീനുമായി പങ്കുവെക്കുന്നു
മുസ്ലിം ലീഗിനെ വൈറസ് എന്നാണ് ബി.ജെ.പി. നേതാവ് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. ഇത്തരം പരാമര്‍ശങ്ങളെ എങ്ങനെ വിലയിരുത്തുന്നു
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ 70 വര്‍ഷത്തെ ചരിത്രംതന്നെ ഈ ആരോപണത്തിനുള്ള മറുപടിയാണ്. ഭരണഘടനാ നിര്‍മാണസഭ മുതല്‍ ഇന്നുവരെ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള 16 ലോക്സഭകളിലും പ്രാതിനിധ്യം ഉണ്ടായിട്ടുള്ള രാഷ്ട്രീയ കക്ഷിയാണ് ലീഗ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ അന്തസ്സും നിലപാടും ഉയര്‍ത്തിപ്പിടിക്കാന്‍ ഐക്യരാഷ്ട്രസഭയിലേക്ക് രാജ്യത്തിന്റെ പ്രതിനിധിയായി എ.ബി. വാജ്പേയി പോലും നിയോഗിച്ചത് മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദിനെയാണ്.
രാജ്യത്തെ ഒരൊറ്റ വര്ഗീയപ്രശ്നത്തിനുപോലും ലീഗ് കാരണമായിട്ടില്ല. മാത്രവുമല്ല, പാര്‍ട്ടിയുടെ ഇടപെടല്‍കൊണ്ട് വര്‍ഗീയസംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍പോലും ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു സമുദായത്തിനുമേല്‍ അക്രമാസക്തമായി അധികാരം സ്ഥാപിക്കുന്നതും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതുമാണ് വര്‍ഗീയതയെന്ന് രാഷ്ട്രശില്പികള് വിശദീകരിച്ചിട്ടുണ്ട്. ആ നിലയ്ക്ക് ആരാണ് വൈറസ്, ആരാണ് ആന്റിവൈറസ് എന്ന് വിവേകശാലികള്‍ക്ക് മനസ്സിലാകും. യു.പി. മുഖ്യമന്ത്രിയുടെ ഈ ആക്ഷേപം ലീഗിനെ മനസ്സിലാക്കിയവര്‍ ആരുംതന്നെ വകവെച്ചുകൊടുക്കില്ല.
വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ലീഗിന്റെ ശക്തമായ ഇടപെടലുണ്ടായി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് രൂപംകൊള്ളുന്ന രാഷ്ട്രീയമുന്നേറ്റത്തിന്റെ ഭാവി എന്താണ്
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മുസ്ലിംലീഗിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് കേരളത്തില്‍ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവന്‍ സീറ്റിലും യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ ജയിക്കേണ്ടത് ആവശ്യമാണ്.
രാഹുല്‍ ഗാന്ധി കേരളത്തില്‍നിന്ന് മത്സരിക്കണമെന്നത് മുസ്ലിം ലീഗിന്റെയും അഭിലാഷമായിരുന്നു. അത്തരമൊരു സ്ഥാനാര്‍ഥിത്വത്തിന്റെ സൂചന വന്നപ്പോള്‍ അതിനെ ആവേശപൂര്‍വം സ്വാഗതം ചെയ്യുകയും വയനാട് മണ്ഡലത്തില്‍ ലീഗിന്റെ സര്‍വസന്നാഹങ്ങളും അദ്ദേഹത്തിന്റെ വിജയത്തിനായി കര്മസജ്ജമാക്കുകയും ചെയ്തു. രാജ്യത്തിന്റെ മതേതര സങ്കല്പവും ജനാധിപത്യവ്യവസ്ഥയും പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഒരു ഭരണകൂടത്തിനല്ലാതെ സാധ്യമല്ല. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും അതിര്‍ത്തി സംസ്ഥാനങ്ങളും ഒരേപോലെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സുസ്ഥിരഭരണം കാഴ്ചവെക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാരായിരിക്കും കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുക.
രാഹുല്‍ഗാന്ധി മുസ്ലിം ഭൂരിപക്ഷ മണ്ഡലം തേടിപ്പോയെന്നും ലീഗ് പതാക പാകിസ്താന് പതാകയാണെന്നും മോദിയും അനുയായികളും ആക്ഷേപിക്കുന്നു. രാഷ്ട്രീയത്തില്‍ മതവികാരം ഉണര്‍ത്തുന്ന ഇത്തരത്തിലുള്ള പ്രചാരണത്തെ എങ്ങനെ വിലയിരുത്തുന്നു.
കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും സിറ്റിങ് സീറ്റിലേക്കാണ് രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയിരിക്കുന്നത്. അത് മണ്ഡലത്തിന്റെ മതവും ജാതിയും നോക്കിയല്ല. ഏതെങ്കിലുമൊരു മതവിഭാഗത്തിന് ഭൂരിപക്ഷമുണ്ടാവുക എന്നത് ഏത് മണ്ഡലത്തിലും സ്വാഭാവികമാണ്. മണ്ഡലങ്ങളെപ്പോലും മതവും ജാതിയും പറഞ്ഞ് വേര്‍തിരിക്കുന്ന ബി.ജെ.പി.ക്ക് ഒരു രാജ്യത്തെ എങ്ങനെയാണ് ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയുക. പാവപ്പെട്ടവരും ആദിവാസികളും അധികമുള്ള മണ്ഡലമാണ് വയനാട്. കര്‍ഷക ആത്മഹത്യകള്‍ സംഭവിക്കുന്നത്ര പിന്നാക്കമായ പ്രദേശം. ദരിദ്രരായ ന്യൂനപക്ഷങ്ങളും ധാരാളമായി തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലം. വനമേഖല. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മറ്റും ആനുപാതികമായി പ്രാതിനിധ്യക്കുറവുള്ള പ്രദേശം. ഇന്ത്യയുടെ തെക്കേയറ്റം. അത്തരമൊരു മണ്ഡലം മത്സരിക്കാന്‍ തിരഞ്ഞെടുത്ത രാഹുല്‍ ഗാന്ധിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പാവപ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന ഒരു മണ്ഡലം തിരഞ്ഞെടുത്തതിന്റെപേരില് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന സംഘ്പരിവാര്‍, സി.പി.എം. നിലപാട് അങ്ങേയറ്റം അപലപനീയമാണ്.
പാകിസ്താന് പതാകയെന്ന് ആക്ഷേപിക്കുന്നവര്‍ രാഷ്ട്രീയചരിത്രം പഠിക്കാത്തവരാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാന്‍ പ്രയത്നിക്കുന്ന സംഘടനയാണ് ലീഗ്. അനേകം മന്ത്രിസഭകളെയും മുഖ്യമന്ത്രിമാരെയും അധികാരമേറ്റിയ പതാകയാണ് ലീഗിന്റേത്. ഈ പതാക ഏറ്റവും കൂടുതല്‍ പറക്കുന്ന പ്രദേശങ്ങള്‍ മതമൈത്രിയിലും സമാധാനത്തിലും രാജ്യത്ത് ഏറ്റവും മുന്നില്നില്ക്കുന്നെന്ന വസ്തുത ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മനസ്സിലാക്കണം.
ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിച്ചാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പി. അധികാരമേറിയത്. ഏതാനും വോട്ടിനുവേണ്ടി മതവികാരം ആളിക്കത്തിക്കുന്ന നിലപാട് ആരുടേതായാലും അത് നാശത്തിലേക്കുനയിക്കും.
കേരളത്തിലെ പ്രതിപക്ഷം ഉയര്‍ത്തുന്ന മതേതര നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു
അവസരവാദ നിലപാടുകളുമായി നടക്കുന്ന ബി.ജെ.പി-ഇടത് മുന്നണികളില്‍ നിന്ന് വ്യത്യസ്തമായി മതേതര കാഴ്ചപ്പാടില്‍ എന്നും ഉറച്ച സമീപനമുള്ള മുന്നണിയാണ് യു.ഡി.എഫ്. വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനാണ് ഇടതുപക്ഷം മിക്കപ്പോഴും ശ്രമിച്ചിട്ടുള്ളത്. ബി.ജെ.പി.യുടെ ഫാസിസ്റ്റ് നിലപാടുകളോട് പൊരുത്തപ്പെട്ട് പോകുന്നതാണ് സി.പി.എമ്മിന്റെ നയമെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മത്സരത്തിനെതിരേയുള്ള പ്രചാരണത്തില്‍പോലും അവര്‍ ബി.ജെ.പി. യുടെ ഭാഷ പ്രയോഗിക്കുന്നു. മതം പറയുന്നു. വിശ്വാസികളെ വേദനിപ്പിക്കുന്നു. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനും വിഭാഗീയത ഇല്ലാതെ സഹവര്‍ത്തിത്വം സാധ്യമാക്കുന്നതിനുമാണ് എന്നും യു.ഡി.എഫ്. പ്രവര്‍ത്തിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പിനുശേഷമുള്ള ഇന്ത്യ എങ്ങനെയായിരിക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗിന്റെ റോള്‍ എന്തായിരിക്കും. മുത്തലാഖ്, സാമ്പത്തിക സംവരണം അടക്കമുള്ള മതന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ലീഗ് എന്ത് നിലപാട് സ്വീകരിക്കും
പല രാഷ്ട്രീയ പരീക്ഷണങ്ങളെയും കണ്ടനുഭവിച്ച നമ്മുടെ രാജ്യം പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുള്ള ഒരു നേതൃത്വത്തിന്റെ കീഴില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നതായിരിക്കും പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. രാഹുല്‍ ഗാന്ധിക്ക് അതിനുള്ള പിന്തുണ രാജ്യം നല്‍കും.
രാഷ്ട്രനന്മയ്ക്കുവേണ്ടി ഭരണകൂടം കൈക്കൊള്ളുന്ന നിലപാടുകളെ സര്‍വാത്മനാ പിന്തുണയ്ക്കുകയും ന്യൂനപക്ഷ പിന്നാക്ക അധഃസ്ഥിത സമൂഹങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും അവരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായിരിക്കും മുസ്ലിംലീഗ് നയം. പൗരന്മാര്ക്ക് മതമുണ്ടെങ്കിലും രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് പ്രത്യേക മതം ഇല്ല എന്നതാണ് നമ്മുടെ മതേതരത്വത്തിന്റെ കാതല്‍. വിഭാഗീയ ശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയണമെങ്കില്‍ സര്‍ക്കാരിനു നേതൃത്വം നല്കുന്നവര് സമ്പൂര്‍ണ മതേതരവാദികളാകണം. പണ്ഡിറ്റ് നെഹ്രുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയുടെ പൗത്രനായ രാഹുല്‍ ഗാന്ധി ആ പാരമ്പര്യത്തിന്റെ വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ്.
മുത്തലാഖ്, സംവരണം തുടങ്ങി ഏത് ന്യൂനപക്ഷാവകാശ പ്രശ്നങ്ങളിലും ഭരിക്കുന്ന സര്‍ക്കാര്‍ ഏതെന്ന് നോക്കിയല്ല, വിഷയത്തിന്റെ മൗലികസ്വഭാവമനുസരിച്ചാണ് മുസ്ലിംലീഗ് നിലപാട് എടുക്കുന്നത്. ന്യൂനപക്ഷ പിന്നാക്ക ജനതയുടെ മൗലികാവകാശ സംരക്ഷണവും മതമൈത്രിയും മുസ്ലിംലീഗിന്റെ അടിസ്ഥാന ലക്ഷ്യമാണ്.
മൂന്നാം സീറ്റ് എന്ന താത്പര്യം ഉപേക്ഷിച്ചുകൊണ്ടാണല്ലോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ ലീഗ് നേരിടുന്നത്. സമസ്ത ഉള്?െപ്പടെയുള്ളവരുടെ അഭിപ്രായം മറികടന്നാണ് ഈ നിലപാട് കൈക്കൊണ്ടത്. ഈ സാഹചര്യത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് എന്ത് നിലപാട് സ്വീകരിക്കും
സീറ്റ് വിഭജനവും മറ്റും മുന്നണിക്കകത്തെ ആഭ്യന്തരവിഷയങ്ങളാണ്. അതത് കാലത്തെ പ്രശ്നങ്ങളില്‍ തീര്‍പ്പുണ്ടാക്കുന്നതാണ് മുന്നണിയുടെ രീതി. മുസ്ലിംലീഗിന്റെ ജനപിന്തുണയും സഹകരണവും അതിലുള്ള ആത്മാര്‍ഥതയും ഒരുഘടകകക്ഷിയും ഇന്നുവരെ കുറച്ചുകണ്ടിട്ടില്ല. ആ പരസ്പര ബഹുമാനത്തിന്റെ അടിത്തറയില്‍ ശക്തിപ്പെട്ടതാണ് കേരളത്തിലെ യു.ഡി.എഫ്.
Content Highlights: iuml state president panakkad hyder ali shihab thangal interview and says about yogi virus statement