യനാട് മണ്ഡ‍ലത്തിലെ മത്സരത്തെക്കുറിച്ച്, വികസന പ്രശ്നങ്ങളെക്കുറിച്ച്, തിരഞ്ഞെടുക്കപ്പെട്ടാൽ ഏതുരീതിയിൽ ഇടപെടുമെന്നതിനെക്കുറിച്ച് എൻ.ഡി.എ. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി സംസാരിക്കുന്നു.

ദേശീയശ്രദ്ധ നേടിയ മത്സരമാണ് വയനാട്ടിലേത്.? എങ്ങനെയാണ് ഈ മത്സരത്തെ കാണുന്നത്?

*ഈ മത്സരത്തിലൂടെയെങ്കിലും വയനാട് ദേശീയശ്രദ്ധയിൽ വന്നത് നന്നായി. പ്രകൃതിഭംഗിയുടെ കാര്യത്തിൽ ലോകശ്രദ്ധ നേടേണ്ട മേഖലയാണിവിടം. രാഷ്ട്രീയം പറഞ്ഞാൽ വയനാടിന് നഷ്ടക്കച്ചവടമാണ് ഇത്. ദേശീയനേതാവ് മണ്ഡലത്തിലെ അതിഥിതാരമാണ്. രണ്ട് മണ്ഡലത്തിലും ജയിച്ചാൽ വയനാടിനെ വലിച്ചെറിയുമെന്ന് ഉറപ്പാണ്. ആ രാഷ്ട്രീയം വോട്ടർമാർ തിരിച്ചറിയണം. എൻ.ഡി.എ. ഭരണത്തിൽ വികസനവിപ്ലവം ഉണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ എൻ.ഡി.എ. സ്ഥാനാർഥി ജയിച്ചാലുള്ള ഗുണം വോട്ടർമാർക്ക് അറിയാം. ഇടത്-കോൺഗ്രസ് രഹസ്യബാന്ധവം പുറത്തുവരാനുള്ള നിമിത്തവും വയനാടിനുണ്ടായി. വയനാടിന്റെ അതിർത്തിക്കപ്പുറത്ത്, ഒരേമുന്നണിക്കാരായി വോട്ടു ചോദിക്കുന്നവരാണിവിടെ പരസ്പരം മത്സരിക്കുന്നത്.

പല കാര്യങ്ങളിലും ഏറെ പിന്നാക്കംനിൽക്കുന്ന ജില്ലയാണ് വയനാട്. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. എം.പി. ആയാൽ പ്രഥമ പരിഗണന എന്തിനാവും? മണ്ഡലത്തിന്റെ വികസനത്തിന് എന്തുരീതിയിലുള്ള ഇടപെടലാണുണ്ടാവുക?

* അടിസ്ഥാനസൗകര്യ വികസനമൊരുക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ആവശ്യം. പ്രധാനമന്ത്രിയുടെ ആസ്പിരേഷണൽ പദ്ധതിയിൽ ഉൾപ്പെട്ട രാജ്യത്തെ 115 ജില്ലകളിൽ ഒന്നാണ് വയനാട്. ഈ പദ്ധതി വയനാടിന്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകേണ്ടതായിരുന്നു. പദ്ധതിയുടെ ഗുണഫലം ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയക്കളിയാണ്. എം.പി. ആയാൽ ഈ പദ്ധതി പ്രാവർത്തികമാക്കാൻ പ്രവർത്തിക്കും. വയനാടിന്റെ പ്രധാന പ്രശ്നമായ ഗതാഗതത്തിന് മുൻഗണന നൽകും. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ ചുരംബദൽ റോഡ് യാഥാർഥ്യമാക്കാനും രാത്രിയാത്രാ നിരോധനം നീക്കാനും ഇടപെടും.

കർഷകർക്ക് പ്രത്യേക രക്ഷാപാക്കേജ്, വന്യജീവിശല്യം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ, കൃഷിക്കും കുടിവെള്ളത്തിനും ഉപകരിക്കുന്ന ചാലിയാർ നദീതട പദ്ധതി, നിലമ്പൂരിൽ ലോകോത്തരമായ മരവ്യവസായ ഹബ്ബ്, പാവപ്പെട്ടവർക്ക് തൊഴിൽദാന പദ്ധതി തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻതൂക്കം നൽകുക. വിനോദസഞ്ചാരമേഖലയിൽ വയനാടിന് വലിയ സാധ്യതകളുണ്ട്. ഇതിനാവശ്യമായതെല്ലാം ചെയ്യും.

നിലമ്പൂർ- നഞ്ചൻകോട് റെയിൽപ്പാത ഈ മണ്ഡലത്തിന്റെ സ്വപ്നമാണ്. വയനാട് ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രിയാണ് മറ്റൊന്ന്. ഇവയിലൊക്കെ ഏതു തരത്തിലുള്ള ഇടപെടൽ പ്രതീക്ഷിക്കാം?

* നരേന്ദ്രമോദി സർക്കാരാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയ്ക്ക് അനുമതി നൽകിയതും പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് ഏറ്റതും. സംസ്ഥാന സർക്കാർ ഈ പദ്ധതിയും അട്ടിമറിച്ചു. തടസ്സങ്ങളെല്ലാം നീക്കി ഇന്ത്യയുടെ മെട്രോമാൻ ഇ. ശ്രീധരനെക്കൊണ്ടുതന്നെ ഈ പദ്ധതി ഏറ്റെടുത്ത് യാഥാർഥ്യമാക്കാൻ ഇടപെടും. പാവപ്പെട്ടവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സ്വപ്നപദ്ധതി. ആദിവാസികളുടെ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക പാക്കേജിനായി മുന്നിട്ടിറങ്ങും. കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ പോലെ ആധുനിക ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ കൊണ്ടുവരാനുള്ള നീക്കമുണ്ടാകും. വയനാട്ടിൽ എയിംസ് കൊണ്ടുവരുന്നതിനായി പരിശ്രമിക്കുന്നതിനൊപ്പം ഗവ. മെഡിക്കൽ കോളേജിനായും മുൻകൈയെടുക്കും.

ആദിവാസി, ദളിത് പിന്നാക്ക വിഭാഗങ്ങൾ ഏറെയുള്ള മണ്ഡലമാണിത്. എല്ലാനിലയിലും അവരുടെ പ്രശ്നങ്ങൾ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഈ വിഷയത്തിൽ ഏതു രീതിയിൽ ഇടപെടാനാവും?

*ആധുനിക കേരളത്തിന് മാനക്കേടാണ് ഇവിടത്തെ ആദിവാസി വിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾ. മാന്യമായ ജീവിതത്തിലേക്ക് ഈ സമൂഹത്തെ കൊണ്ടുവരാൻ അവർക്കൊപ്പംനിന്ന് പ്രവർത്തിക്കും. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തിന് തന്നെ മാതൃകയാകും വിധത്തിലുള്ള പ്രവർത്തനങ്ങളുണ്ടാകും. അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമപരിഗണന നൽകും. ഇവർക്കായി അനുവദിച്ച ശതകോടികളുടെ സർക്കാർ ഫണ്ടുകൾ തട്ടിയെടുത്തവരെ വെറുതേവിടില്ല.

കാർഷികമേഖലയിൽ രാജ്യത്തുണ്ടായ തകർച്ചയുടെ പരിച്ഛേദം മണ്ഡലത്തിൽ കാണാം. തകർന്നുപോയ കൃഷിക്കും തളർന്നുപോയ കർഷകർക്കും എങ്ങനെ പിന്തുണ നൽകാനാവും?

കേരളത്തിലെ ഇടതു-വലതു സർക്കാരുകളാണ് പൊന്നുവിളയിച്ചിരുന്ന വയനാടിനെ കർഷകരുടെ ശവപ്പറമ്പാക്കിയത്. തോട്ടം മേഖലയ്ക്കും ചെറുകിട കർഷകർക്കും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. സുഗന്ധ വ്യഞ്ജനങ്ങളുടെ കൃഷിക്കും ജൈവകൃഷി വ്യാപനത്തിനുമായി പ്രൊഡ്യൂസർ സൊസൈറ്റികളും ഫെഡറേഷനുകളും സ്ഥാപിക്കാനായി യത്‌നിക്കും.

പ്രളയം തകർത്തെറിഞ്ഞ പ്രദേശങ്ങൾ മണ്ഡലത്തിലേറെയുണ്ട്. പുനരധിവാസം ഉൾപ്പെടെ പാതി വഴിയിലാണുതാനും. പ്രളയാനന്തര പുനർനിർമാണം എങ്ങനെ വേണമെന്നാണ് അഭിപ്രായം?

* പ്രളയാനന്തരമുള്ള പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നതിന് തെളിവാണ് വയനാട്. ജനങ്ങൾ കോടികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇതിനുപുറമേ മന്ത്രിമാരുടെ നേതൃത്വത്തിൽ നാട്ടിലും വിദേശത്തും വലിയ പണപ്പിരിവ് നടത്തി. പക്ഷെ ഇതിന്റെ പ്രയോജനമൊന്നും ദുരിതബാധിതർക്ക് ഇപ്പോഴും ലഭിക്കുന്നില്ല. പ്രളയത്തിൽ വീടുകൾ, റോഡുകൾ, സ്ഥാപനങ്ങൾ, തൊഴിലുപാധികൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പരിഹരിക്കാൻ, ഒരു സമഗ്രപാക്കേജ് തയ്യാറാക്കി, യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ കർഷകർക്ക് താങ്ങാകാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കും.

Content Hightlights: Wayanad, NDA candidate Thusahar Vellappally, interview, LokSabhaElection2019