''എതിരാളി ഇ.എം.എസാണെങ്കില്‍ സീറ്റ് നിനക്ക്, അല്ലെങ്കില്‍ നിന്നെ ഞാന്‍ ഒഴിവാക്കും''. പാതിരാത്രി വന്ന ഫോണിലൂടെ അവ്യക്തമായി മാത്രം കേട്ട ലീഡര്‍ കെ.കരുണാകരന്റെ ഈ വാക്കുകളാണ് വി.എസ്.വിജയരാഘവന്‍ എന്ന ചെറുപ്പക്കാരന്റെ രാഷ്ട്രീയ ജീവിതം മാറ്റിമറിച്ചത്. അതിന്റെ അന്തിമഫലം പക്ഷേ വെറും 1999 വോട്ടിന്റെ പരാജയമായിരുന്നുവെങ്കിലും വിജയത്തേക്കാള്‍ മധുരമുള്ളതായി അത്. ഇ.എം.എസ് തോളില്‍ത്തട്ടി അഭിനന്ദിച്ച വിജയരാഘവന്‍ വര്‍ഷങ്ങള്‍ക്കുശേഷം പാലക്കാടിന്റെ എം.പിയായി. കാലം ശരീരത്തില്‍ ചുളിവുകള്‍ വീഴ്ത്തിയെങ്കിലും പഴയ തിരഞ്ഞെടുപ്പിന്റെ ഓര്‍മകള്‍ക്കിന്നും പത്തരമാറ്റ് തിളക്കമാണ്.

ഷുവര്‍ സീറ്റില്‍ നില്‍ക്കണമെന്ന നിര്‍ദേശം

1977-ല്‍ ആഭ്യന്തരമന്ത്രിയായിരുന്നു കെ. കരുണാകരന്‍. ആന്റണി കെ.പി.സി.സി പ്രസിഡന്റും. അന്നും ഗ്രൂപ്പുകളൊക്കെയുണ്ടായിരുന്നതുകൊണ്ട് രണ്ട് ഷുവര്‍ സീറ്റില്‍ നില്‍ക്കാനായിരുന്നു എനിക്ക് ലഭിച്ച നിര്‍ദേശം. പാലക്കാട് ടൗണും ശ്രീകൃഷ്ണപുരവും. പക്ഷേ നില്‍ക്കാന്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഭാര്യക്ക് അസുഖമായിരുന്നു എന്നതായിരുന്നു ആദ്യത്തെ കാരണം. കുറച്ച് ഹൈക്ലാസ് ആളുകള്‍ ഉള്ളതിനാല്‍ എന്നേപ്പോലൊരു പയ്യന്‍ പാലക്കാട് ടൗണില്‍ നില്‍ക്കുന്നത് അത്ര ശരിയുമല്ല. അപ്പോ ലീഡറുടെ ചോദ്യം തന്റെ അച്ഛന്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് പാലക്കാട് നിന്നാണ് ജയിച്ചതെന്നറിയാമോ എന്നായിരുന്നു. അച്ഛന്റെ പേരുപറഞ്ഞ് നിന്നാല്‍ എല്ലാവര്‍ക്കും മനസിലാവും. പിന്നെ ഞാനും വന്ന് തന്നെ പരിചയപ്പെടുത്താമെന്നും കൂടെ പറഞ്ഞു. 

എതിര്‍ഭാഗത്ത് ഇ.എം.എസ്

ഞാനപ്പോള്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ താമസിക്കുകയും ഭാര്യയെ ചിത്രാ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയുമായിരുന്നു. ഡോ വല്യത്താനായിരുന്നു അന്ന് ഡയറക്ടര്‍. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ നിന്നും തിരഞ്ഞെടുപ്പ് ആവശ്യവുമായി ബന്ധപ്പെട്ട് ഞാനും ഭാര്യയും പാലക്കാട്ടേക്ക് തിരിച്ചു. അന്ന് രാത്രിയാണ് നേതാക്കള്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആന്റണിയും ലീഡറും കൂടി ലിസ്റ്റ് അപ്രൂവ് ചെയ്യാന്‍ ഇന്ദിരാഗാന്ധിയുടെ വസതിയില്‍ പോകുന്നത്. ആലത്തൂര് ഇ.എം.എസാണ് മത്സരിക്കുന്നതെന്നും അവിടെയൊരു ചെറുപ്പക്കാരനെ നിര്‍ത്തണമെന്നുമുള്ള നിര്‍ദേശം അപ്പോഴാണ് വരുന്നത്. ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ഗ്രൂപ്പുണ്ടായിരുന്നെങ്കിലും എന്റെ പേര് എല്ലാവരും ഒരുമിച്ചാണ് അംഗീകരിച്ചത്. അങ്ങനെ നടത്തിയ അന്വേഷണത്തില്‍ ഞാന്‍ ഭാര്യയുമൊത്ത് പോയി എന്ന് ലീഡര്‍ക്ക് മനസിലായി. 

ആവേശത്തിമിര്‍പ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പാലക്കാട് അന്ന് എസ്.റ്റി.ഡിയും മൊബൈലും ഒന്നുമില്ല. വിളി വന്നപ്പോള്‍ ലീഡര്‍ പറയുന്നത് എനിക്കങ്ങോട്ട് മനസിലാവുന്നില്ല. ആകെ മനസിലായത് ഇ.എം.എസാണ് ആലത്തൂരെ സ്ഥാനാര്‍ത്ഥി, വിജയരാഘവന്‍ മത്സരിക്കണമെന്നതാണ് ഞങ്ങളുടെ തീരുമാനം എന്ന കാര്യം മാത്രം. എന്നെ ഒന്ന് ഒഴിവാക്കിക്കൂടേ എന്ന് ഒന്ന് ചോദിച്ചുനോക്കി. പക്ഷേ ലീഡര്‍ പറയുന്നത് അനുസരിക്കാനായിരുന്നു അപ്പോള്‍ അടുത്തുണ്ടായിരുന്ന ഭാര്യ പറഞ്ഞത്. ഇതിനിടെ ലീഡര്‍ മറുതലയ്ക്കല്‍ നിന്ന് വേറൊരു കാര്യം കൂടി പറഞ്ഞു. ഇ.എം.എസാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ എതിര്‍വശത്ത് താനുണ്ടാവും അല്ലെങ്കില്‍ വിജയരാഘവനെ ഒഴിവാക്കിത്തരാം എന്ന്. അതിന് ശേഷം വിവരം എല്ലാവരും അറിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിമിര്‍പ്പിലായി.

'നരിയുടെ മുന്നില്‍പ്പെട്ട ആട്ടിന്‍കുട്ടി'

നോമിനേഷന്‍ കൊടുക്കാനായി അന്ന് ഉച്ചയ്ക്കാണ് ആര്‍.ഡി.ഓ ഓഫീസില്‍ പോയത്. ഞാന്‍ നോമിനേഷന്‍ കൊടുത്ത് ഇറങ്ങി വരുമ്പോഴാണ് ഇ.എം.എസും അനുയായികളും അവിടേക്ക് വരുന്നത്. വരാന്തയില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹം എന്റെ കൈ പിടിച്ചു. എന്നിട്ട് പറഞ്ഞു, ഇത് വ്യക്തിപരമായ ഒരു മത്സരമല്ല, മറിച്ച് രാഷ്ട്രീയവും ആശയവും തമ്മിലുള്ള മത്സരമാണ്. ആ നിലയ്ക്ക് നമ്മള്‍ കാണണം എന്ന്. പിറ്റേന്നിറങ്ങിയ പത്രങ്ങള്‍ ആ ചിത്രത്തിന് കൊടുത്ത തലക്കെട്ട് നരിയുടെ മുന്നില്‍പ്പെട്ട ആട്ടിന്‍കുട്ടി എന്നായിരുന്നു. 

പ്രവര്‍ത്തകരുടെ ആവേശം ഫ്രഷ് ആക്കാന്‍ ചെയ്തത്

ബൈക്ക് പ്രചരണവും കോറം മീറ്റിങ്ങുമൊക്കെ ഒരു ഭാഗത്ത് നടക്കുന്നുണ്ടായിരുന്നു. അന്ന് ഇന്നത്തേ പോലെ തുറന്ന ജീപ്പിലെ പ്രചരണം ഒന്നുമില്ല. ഞാന്‍ വീടുകള്‍ കയറാന്‍ തുടങ്ങി. ഒരു പഞ്ചായത്തില്‍ രാവിലെ തന്നെ എത്തി പ്രചരണം തുടങ്ങും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ ആ പഞ്ചായത്തില്‍ നില്‍ക്കില്ല. അടുത്ത പഞ്ചായത്തിലേക്ക് പോകും. ഇവിടത്തെ പ്രവര്‍ത്തകര്‍ തളരുമ്പോള്‍ അടുത്ത പഞ്ചായത്തിലെ പ്രവര്‍ത്തകരുടെ ആവേശം ഫ്രഷ് ആയി നില്‍ക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്തത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഗ്രാമങ്ങളില്‍ നിന്നുവരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അന്ന് പശുവും കുട്ടിയുമായിരുന്നു ചിഹ്നം.

ഇ.എം.എസിന്റെ അടവുനയം

തൃശ്ശൂര്‍ ഇ.എം.എസ് പ്രചരണത്തിന് വന്നപ്പോള്‍ എന്റെ പ്രചരണം ശക്തമായി നടക്കുന്നുണ്ടെന്ന വിവരം കിട്ടി. പ്രചരണം വെട്ടിച്ചുരുക്കി മണ്ഡലത്തില്‍ ക്യാമ്പ ചെയ്യണമെന്നും അല്ലെങ്കില്‍ എന്തെങ്കിലും അബദ്ധം പറ്റുമെന്ന നിര്‍ദേശവും അന്ന് ഇ.എം.എസിന് കിട്ടി. തുടര്‍ന്ന് ഇ.എം.എസ് എടുത്ത അടവുനയമായിരുന്നു അഗ്രഹഹാരങ്ങളില്‍ പോവുക എന്നതായിരുന്നു. ഭൂപരിഷ്‌കരണം വന്നിട്ട് ഭൂമിയെല്ലാം പോയി റേഷന്‍ വാങ്ങാന്‍ പോലും വഴിയില്ലാതിരിക്കുന്ന അവസ്ഥയിലായിരുന്നു അവിടത്തെ അന്തേവാസികള്‍. താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും പകുതി ഭൂമി നിങ്ങള്‍ക്ക് തരുമെന്നും ബാക്കി പകുതി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൂക്ഷിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

ഇന്ദിരാ ഗാന്ധിയുടെ പരാജയ വാര്‍ത്ത അറിഞ്ഞപ്പോള്‍

എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ആലത്തൂരെ ഹൈസ്‌കൂളിലായിരുന്നു വോട്ടെണ്ണല്‍. രാവിലെ എട്ടുമണിക്ക് പെട്ടി തുറക്കും മുമ്പേ ഇ.എം.എസ് ഹാജരായിരുന്നു. സമയം അഞ്ചുമണിയോടടുത്തപ്പോള്‍ സി.പി.എമ്മുകാര്‍ ജാഥ നടത്താന്‍ തയ്യാറായി നില്‍ക്കുകയാണ്. അപ്പോള്‍ ഡി.വൈ.എസ്.പി എന്റെ അടുത്തു വന്ന് ഞാന്‍ 700 വോട്ടിന് ലീഡ് ചെയ്യുന്ന കാര്യം പറഞ്ഞു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ വയര്‍ലെസ്സില്‍ വാര്‍ത്ത വന്നു, ഇന്ദിരാ ഗാന്ധി പരാജയപ്പെട്ടെന്ന്. അതോടെ ഞാനടക്കമുള്ളവര്‍ അസ്വസ്ഥരായി വയര്‍ലെസ്സില്‍ വിവരങ്ങള്‍ അറിയാനായി പോയി.

തോറ്റിട്ടും ജയിച്ച അതേ സന്തോഷം

ഇടത് സ്ഥാനാര്‍ത്ഥികള്‍ പലരും പരാജയപ്പെട്ടത് ഇ.എം.എസിനെ അസ്വസ്ഥനാക്കിയിരുന്നു. അന്തിമഫലം അറിഞ്ഞപ്പോള്‍ രാത്രി രണ്ടുമണിയായി. 1999 വോട്ടിന് ഞാന്‍ പരാജയപ്പെട്ടു. ഫലമറിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു ഞാന്‍. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയും ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ പി.പി. കൃഷ്ണന്‍ വലിയൊരു ചുവപ്പ് മാലയുമായി ഇ.എം.എസിനടുത്തേക്ക് ചെന്നു. പക്ഷേ മാല തന്റെ കഴുത്തിലിടാന്‍ അനുവദിക്കാതെ ഇ.എം.എസ് പറഞ്ഞു, '' ഈ മാല എനിക്കുള്ളതല്ല, സാങ്കേതികമായി ഞാന്‍ ജനിച്ചെങ്കിലും യതാര്‍ത്ഥ വിജയം വിജയരാഘവനാണ്'' എന്ന്. ഒന്നിച്ച് തന്നെയാണ് ഇറങ്ങിയത്. തോറ്റിട്ടും ജയിച്ച അതേ സന്തോഷം തന്നെയായിരുന്നു പ്രവര്‍ത്തകര്‍ക്ക്.

Content Highlights: Interview With VS Vijayaraghavan, VS Vijayaraghavan's Competition Against EMS, Loksabha Election 2019