കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം. ശേഷം യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയും കെ.പി.സി.സി സെക്രട്ടറിയും. കാലിക്കറ്റ് സര്‍വകലാശാല സെനറ്റംഗവും കാര്‍ഷിക സര്‍വകലാശാലയിലെ ജനറല്‍ കൗണ്‍സില്‍ അംഗവും ഷൊര്‍ണൂര്‍ നഗരസഭയിലെ കൗണ്‍സിലറും സര്‍വോപരി പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും. ഇതെല്ലാം വി.കെ.ശ്രീകണ്ഠന്റെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വഴി തെളിച്ച ചില ഘടകങ്ങള്‍ മാത്രം. വര്‍ഷങ്ങളായി ഇടതിനെ പിന്തുണയ്ക്കുന്ന പാലക്കാടിനെ യു.ഡി.എഫിന്റെ കൈകളിലെത്തിക്കുക എന്ന ദൗത്യമാണ് ഇത്തവണ ശ്രീകണ്ഠന്.
യു.ഡി.എഫ് ഉയര്‍ത്തുന്ന വിഷയങ്ങള്‍
അഞ്ചുവര്‍ഷക്കാലത്തെ നരേന്ദ്ര മോദിയുടെ ദുര്‍ഭരണം. ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി ഈ രാജ്യത്ത് നടപ്പിലാക്കിയ വര്‍ഗീയ കലാപങ്ങള്‍, സാമുദായിക കലാപങ്ങള്‍, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ തുടങ്ങിയവയാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. ഈ രാജ്യം സംഘപരിവാറില്‍ നിന്നും വര്‍ഗീയ ശക്തികളില്‍ നിന്നും വീണ്ടെടുക്കുക അതിനുവേണ്ടിയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ആ പോരാട്ടത്തിന് ശക്തി പകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പാലക്കാടും ഉണ്ടാവണം എന്ന മുദ്രാവാക്യമാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആശയം.
തിരഞ്ഞെടുപ്പ് എങ്ങനെ യു.ഡി.എഫിന് അനുകൂലമാവും?
പാവപ്പെട്ടവരുടെ പെന്ഷന് വെട്ടിക്കുറച്ചു, റേഷന്‍ വെട്ടിക്കുറച്ചു, ബി.പി.എല്‍ ലിസ്റ്റ് വെട്ടിക്കുറച്ചു, പ്രളയക്കെടുതിയില്‍പ്പെട്ട പതിനായിരക്കണക്കിനാളുകളെ പോലും നിര്‍ദാക്ഷിണ്യം അവഗണിച്ചു. എല്ലാ അര്‍ത്ഥത്തിലും ജനങ്ങളെ കൊള്ളയടിച്ചു. കേന്ദ്രത്തിനൊപ്പം നിന്നുകൊണ്ട് കേരളത്തിലെ ജനങ്ങളേയും എല്ലാ അര്‍ത്ഥത്തിലും പറ്റിച്ചു. ഇതിനെല്ലാം ശക്തമായ എതിര്‍വികാരം നാട്ടിലുണ്ട്. അത് കോണ്‍ഗ്രസിന് അനുകൂലമാണ്. കൂടാതെ സി.പി.എമ്മിന്റെ പ്രാകൃതമായ താലിബാന് മോഡലിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ വെറുപ്പോടുകൂടിയാണ് കേരളം നോക്കിക്കാണുന്നത്.
സി.പി.എമ്മിനെതിരെ ഉയരുന്ന ലൈംഗികാരോപണ വാര്‍ത്തകള്‍
ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കും എന്ന് പ്രഖ്യാപിച്ചതാണ്. പക്ഷേ ആ സ്ത്രീ സുരക്ഷിതത്വത്തിന് ഏറ്റവും കൂടുതല്‍ ഭീഷണിയായി ഒരുപക്ഷേ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ പിണറായി വിജയന്റേതാണ്. പ്രസംഗത്തില്‍ മാത്രമേ സ്ത്രീ സുരക്ഷിതത്വം ഉള്ളൂ. സിപിഎമ്മിനകത്തുള്ള സ്ത്രീകള്‍ പോലും സുരക്ഷിതരല്ല എന്നുള്ള സന്ദേശം പാര്‍ട്ടിക്കകത്തുനിന്ന് പരാതിയായി പുറത്തുവന്നു. പാര്‍ട്ടിക്കകത്തുള്ള ഒരു വനിതാ നേതാവിനുപോലും നീതികൊടുക്കാത്ത, നിയമ വ്യവസ്ഥയ്ക്ക് മുന്നില്‍ പ്രതികളെ ഹാജരാക്കാത്ത ഇവരില്‍ നിന്നും സമൂഹം യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ല. സാധാരണജനങ്ങള്‍ക്ക് കയറിച്ചെല്ലേണ്ട പാര്‍ട്ടി ഓഫീസിലാണ് ബലാത്സംഗം നടന്നു എന്നു പറയുന്നത്. ഇതെല്ലാം സി.പി.എം പാര്‍ട്ടി തലത്തില്‍ അന്വേഷിച്ച് മുക്കുകയായിരുന്നു. ഈ സംഭവം അടുത്ത കാലത്ത് പരാതിയായി വന്നു. പലപ്പോഴും പരാതികള്‍ പുറത്തുവരാറില്ല. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ അതിക്രമം നടത്തിയ ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് സി.പി.എമ്മാണ്.
ശബരിമലയും വനിതാമതിലും തിരഞ്ഞെടുപ്പിലുണ്ടാക്കുന്ന സ്വാധീനം
രാഷ്ട്രീയ അറുംകൊലകള്ക്കെതിരായി അമ്മമനസുകള് വേദനിക്കുന്ന കാലഘട്ടമാണിത്. സ്ത്രീ സുരക്ഷയുടെ പേരില്‍ ഇവര്‍ ശബരിമലയിലേക്ക് കൊണ്ടുപോയത് ആരെയാണ്. ഇവിടത്തെ അറിയപ്പെടുന്ന ഫെമിനിസ്റ്റുകളെ. അവര്‍ വിശ്വാസികളാണോ? സുപ്രീംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ കൊണ്ടുപോയത് ചുംബന സമര നായികമാരെ. അതും കേരളത്തിലെ പോലീസിന്റെ ശക്തമായ സുരക്ഷയില്‍. ഈ കാഴ്ചകണ്ട വിശ്വാസസമൂഹത്തിന്റെ ഏറ്റവും ശക്തമായ ഒരു പ്രതിഷേധം ആഞ്ഞടിക്കാന്‍ പോവുന്നതും ഈ തിരഞ്ഞെടുപ്പിലാണ്. സ്ത്രീ സുരക്ഷിതത്വത്തിനായി വകയിരുത്തിയ 50 കോടി രൂപ കൊണ്ടാണ് വനിതാമതില്‍ കെട്ടിയത്. ആ പൈസ ഉണ്ടായിരുന്നെങ്കില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ചപ്പോള്‍ നിരാലംബരായ, വിധവകളായിട്ടുള്ള സ്ത്രീകള്‍ക്ക് വീടുവെച്ചുകൊടുക്കാമായിരുന്നു. അതുകൊണ്ട് ഒരു ആത്മാര്‍ത്ഥതയും സ്ത്രീ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ സി.പി.എമ്മിനില്ല.
സി.പി.എം പ്രതിനിധികള്‍ പാലക്കാടിനായി ചെയ്തത്
25 വര്‍ഷത്തിനിടെ ഇടത് എം.പിമാരുടെ നേതൃത്വത്തില്‍ പാലക്കാട് നടന്നതെന്നുള്ളത് ഒരു പ്രധാനപ്പെട്ട ചര്‍ച്ച തന്നെയാണ്. മൂന്ന് മുഖ്യമന്ത്രിമാര്‍ പാലക്കാട് നിന്നുവന്നിട്ടും എന്തെങ്കിലും ഒരു വികസനം പാലക്കാട് ഉണ്ടായതായി അറിയില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വന്നപ്പോഴാണ് പാലക്കാട് ജില്ലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ വന്നത്. വിവരസാങ്കേതിക വിപ്ലവം തന്നെ വന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ്. എല്ലാക്കാലത്തും ഇടുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയവരാണ് പാലക്കാട്ടെ ജനത. എന്നിട്ടും ആ പാവപ്പെട്ട ജനതയെ ക്രൂരമായി അവഗണിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. ആ വികസനകാര്യങ്ങള്‍ പൊടിതട്ടിയെടുക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന അജണ്ട. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി എവിടെ എന്ന ചോദ്യത്തിന് ഇടത് എം.പിക്കും ബി.ജെ.പി സര്‍ക്കാരിനും മറുപടി പറയാതിരിക്കാന്‍ കഴിയില്ല. റെയില്‍വേയുടെ കാര്യത്തിലും എന്തെങ്കിലും ഒരു വികസനം നടത്തിയതായി കേട്ടിട്ടില്ല.
പാലക്കാട്ട് വിജയിക്കാനാവും
പാലക്കാട് ഇത്തവണ വിജയിക്കാനാവുമെന്ന വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. കേന്ദ്രസര്‍ക്കാരിന്റെയും കേരളസര്‍ക്കാരിന്റെയും ദുരന്തം ചിത്രീകരിച്ച് ഒരു കുറ്റപത്രം തയ്യാറാക്കി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. അത് 25 ദിവസങ്ങള്‍ നീണ്ടുനിന്ന 400 കി.മീ നീണ്ടുനിന്ന പദയാത്രയിലൂടെയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. രണ്ടാമതായി രാഷ്ട്രീയ കാലാവസ്ഥ യു.ഡിയഎഫിനും കോണ്‍ഗ്രസിനും അനുകൂലമായി നില്‍ക്കുകയാണ്. മൂന്നാമതായി ഇടതുപക്ഷ ജനപ്രതിനിധികള്‍ ഈ മണ്ഡലത്തെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ യു.ഡി.എഫിന് പാലക്കാട് ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളും പിടിച്ചടക്കാനാവും.
പാലക്കാട്ടെ ബി.ജെ.പി.യുടെ ഭാവി
ദേശീയതലത്തില്‍ ബി.ജെ.പി ഒറ്റപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 38 രാഷ്ട്രീയസഖ്യങ്ങളുണ്ടായിരുന്ന ബി.ജെ.പിക്ക് അതില്‍ പകുതിയിലധികവും നഷ്ടപ്പെട്ടിരിക്കുന്നു. നല്കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കാനാവാതെ പരാജയപ്പെട്ട ഒരു സര്‍ക്കാരില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷയില്ലെന്ന് മാത്രമല്ല സൈനികര്‍ക്കും സുരക്ഷയില്ലെന്ന് 40 പേര് കൊല്ലപ്പെട്ട സമീപകാല സംഭവം തെളിയിക്കുകയാണ്. യുദ്ധമൊന്നും നടന്നില്ലെങ്കിലും സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൈനികര്‍ മരണമടഞ്ഞത് നരേന്ദ്ര മോദി ഗവണ്മെന്റിന്റെ കാലത്താണ്. അന്താരാഷ്ട്ര സമൂഹത്തില്‍ നമ്മുടെ വിലയിടിഞ്ഞിരിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ബ്രിട്ടീഷുകാരെപ്പോലെ കൊള്ളയടിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു. ഈ തിരഞ്ഞെടുപ്പ് ഇലക്ഷന് കമ്മീഷന് തന്നെ നീതിപൂര്‍വമായി നടത്തുമോ എന്നറിയില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്തുള്ള പദ്ധതികള്‍ പേരുമാറ്റിയും ഫണ്ട് വെട്ടിക്കുറച്ചും ഈ നാട്ടില്‍ വികസന മുരടിപ്പുണ്ടാക്കി. സംഘപരിവാറിന്റെ ഈ അജണ്ടയ്ക്കെതിരായി ശക്തമായ പ്രതികരണം വരുന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടാവും. പാലക്കാട്ട് ബി.ജെ.പി നിഷ്പ്രഭമാവാന്‍ പോവുകയാണ്. അതുകൊണ്ട് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോയാല്‍ ബി.ജെ.പിക്ക് നല്ലത്.
Content Highlights: V.K.Sreekandan, UDF Palakkad, Loksabha Election 2019, The Great Indian War 2019