ഏഴാം നമ്പര്‍ കാളിദാസ് മാര്‍ഗിലെ ഔദ്യോഗികവസതിയില്‍ എത്തിയപ്പോള്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സീതാപുരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തിരഞ്ഞെടുപ്പുറാലിയില്‍ പങ്കെടുത്തു മടങ്ങിവന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞാല്‍ യു.പി.യിലെ രണ്ടാമനാണ്, 2017-ല്‍  ബി.ജെ.പി. ഭരണംപിടിക്കുമ്പോള്‍ സംസ്ഥാന അധ്യക്ഷനായിരുന്ന മൗര്യ. 

ദിവസവും അഞ്ചു റാലികളില്‍ പ്രസംഗിക്കുന്ന അദ്ദേഹം തിരക്കിനിടയിലും സംസാരിക്കാന്‍ സമയം അനുവദിച്ചു. അയോധ്യാപ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തവരില്‍ ഒരാള്‍കൂടിയായ മൗര്യയുടെ വാക്കുകളില്‍ രാമക്ഷേത്രം മുതല്‍ യോഗിഭരണം വരെ കടന്നുവന്നു.  ചര്‍ച്ചകളിലോ കോടതി ഇടപെടലുകളിലോ വഴിതുറന്നില്ലെങ്കില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തി രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേശവ് പ്രസാദ് മൗര്യ 'മാതൃഭൂമി'യോടു പറഞ്ഞു. രാമജന്മഭൂമിയില്‍ ബാബറിന്റെപേരില്‍ ഒരു ഇഷ്ടികക്കഷ്ണം വെക്കാന്‍പോലും സമ്മതിക്കില്ലെന്നാണ് പ്രഖ്യാപനം. 

? എന്താണ് യു.പിയിലെ തിരഞ്ഞെടുപ്പുചിത്രം 

2014-ല്‍ ഉത്തര്‍പ്രദേശില്‍ മോദി തരംഗമായിരുന്നു. 2019-ല്‍ അതു മോദി സുനാമിയായി മാറിക്കഴിഞ്ഞു. ബി.ജെ.പി. റാലികളിലെ ജനത്തിരക്കും അവരുടെ പ്രതികരണവുമൊക്കെ തെളിയിക്കുന്നത് ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നുവെന്നാണ്.  

? തിരഞ്ഞെടുപ്പിലെ ചര്‍ച്ചകള്‍ എന്തൊക്കെ

കോണ്‍ഗ്രസ് 55 വര്‍ഷം ഭരിച്ചിട്ടും നടപ്പാക്കാന്‍ കഴിയാത്ത വികസനം മോദിസര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ടു ചെയ്തു. പിന്നാക്കക്കാര്‍ക്കും ദളിതര്‍ക്കും മുന്നാക്കക്കാര്‍ക്കും വേണ്ടിയൊക്കെ മോദി സര്‍ക്കാരിനു പ്രവര്‍ത്തിക്കാനായി. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ പ്രധാനമന്ത്രിക്കുണ്ട്.  പ്രയാഗ് രാജിലെ കുംഭമേളയിലെ ദളിത് വിഭാഗക്കാരായ തൊഴിലാളികളുടെ പാദങ്ങളില്‍ പ്രധാനമന്ത്രി നമസ്‌കരിച്ചത് അദ്ദേഹത്തിന് എല്ലാ വിഭാഗത്തോടുമുള്ള ആദരത്തിന്റെ തെളിവായി. 

? 2014-ല്‍ താങ്കള്‍ വിജയിച്ച ഫുല്‍പുര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പില്‍ തോറ്റതോ

ഉപതിരഞ്ഞെടുപ്പ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനായിരുന്നില്ല. അത് പാര്‍ലമെന്റംഗങ്ങളെ തിരഞ്ഞെടുക്കാന്‍ മാത്രമായിരുന്നു. വലിയ ഉത്സാഹത്തില്‍ ആളുകള്‍ വോട്ടുചെയ്യാന്‍ പുറത്തിറങ്ങിയില്ല. ഇപ്പോള്‍ ജനം തയ്യാറായി ഇരിക്കുകയാണ്. 2014-ല്‍ 73 സീറ്റു ലഭിച്ചെങ്കില്‍ ഇത്തവണ എണ്‍പതിലും വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്തായാലും  73-ല്‍ കുറയില്ല. 

? എസ്.പി-ബി.എസ്.പി. സഖ്യം വെല്ലുവിളിയല്ലേ

അവസരവാദികളാണ് മഹാസഖ്യം. എസ്.പിയായാലും ബി.എസ്.പിയായാലും കോണ്‍ഗ്രസായാലും അവരൊന്നും സമൂഹത്തെ പ്രതിനിധാനം? ചെയ്യുന്നവരല്ല. ഞങ്ങള്‍ വികസനം ചര്‍ച്ചയാക്കുമ്പോള്‍ അവരതു ഭയക്കുന്നു. വോട്ടര്‍മാര്‍ തിരിച്ചടിനല്‍കുമെന്നാണ് പേടി. അതുകൊണ്ട്  അവര്‍ ജാതിവാദം ഉയര്‍ത്തുന്നു. മഹാസഖ്യത്തിനും കോണ്‍ഗ്രസിനും ഇത്തവണ അക്കൗണ്ടു തുറക്കാനാവില്ല. സമാപ്ത് പാര്‍ട്ടി (അവസാനിച്ചു കഴിഞ്ഞ പാര്‍ട്ടി)യാണ് എസ്.പി. ബില്‍കുല്‍ സമാപ്ത് പാര്‍ട്ടി (പൂര്‍ണമായും ഇല്ലാതായ പാര്‍ട്ടി)യാണ് ബി.എസ്.പി. 

? യു.പിയില്‍ പ്രിയങ്കയുടെ രംഗപ്രവേശം എങ്ങനെ കാണുന്നു
 

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും ഇത്തവണ വിജയിക്കാന്‍ പോവുകയാണ് ബി.ജെ.പി. പ്രിയങ്ക വന്നിട്ടുപോലും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ യു.പിയില്‍നിന്ന് കേരളത്തിലേക്ക് ഓടിപ്പോയി. അവിടെയും വലിയ പ്രയാസമാണെന്നു കേള്‍ക്കുന്നു.  

? യോഗിസര്‍ക്കാരിനെക്കുറിച്ച് 
 

യോഗിസര്‍ക്കാര്‍ വരുന്നതിനുമുമ്പ് 15 കൊല്ലം എസ്.പി.യും ബി.എസ്.പി.യുമാണ് ഭരിച്ചത്.  ഞങ്ങള്‍ക്കു രണ്ടുവര്‍ഷംകൊണ്ട് അവരെക്കാള്‍ ചെയ്യാനായി. സര്‍ക്കാരോ പോലീസോ ഒരുതരത്തിലും പ്രവര്‍ത്തിച്ചിരുന്നില്ല. ബി.ജെ.പി. സര്‍ക്കാര്‍ വന്നശേഷം കൊടുംകുറ്റകൃത്യം ചെയ്തവരെ ജയിലിലടച്ചു. മുമ്പൊക്കെ ദിവസവും സംഘര്‍ഷങ്ങള്‍ നടക്കുമായിരുന്നു.  ജനങ്ങള്‍ യു.പിയില്‍നിന്നു പലായനം ചെയ്യുന്നതായിരുന്നു സ്ഥിതി. ബി.ജെ.പി. വന്നശേഷം ഒരാള്‍ക്കും ഓടി രക്ഷപ്പെടേണ്ടിവന്നിട്ടില്ല.  കുംഭമേള സമാധാനപരമായി നടന്നു. എസ്.പി. സര്‍ക്കാരിന്റെ കാലത്ത് അസാധ്യമായിരുന്ന കാവടിയാത്രയും നടന്നു. അയോധ്യയില്‍ ദീപോത്സവും മഥുരയില്‍ ഹോളിക ഉത്സവവും കാര്യമായി നടന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വികസനമെത്തി. 

? പക്ഷേ, കര്‍ഷകര്‍ നിരാശയിലല്ലേ 

കാര്‍ഷികപ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ യോഗിസര്‍ക്കാരിനു സാധിച്ചു. കര്‍ഷകരുടെ കടം എഴുതിത്തള്ളി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ ചെറുകിട കര്‍ഷകര്‍ക്കും വന്‍കിട കര്‍ഷകര്‍ക്കുമൊക്കെ ആറായിരം രൂപ സഹായധനം വിതരണംചെയ്യാന്‍ നടപടിയെടുത്തു . കരിമ്പു കര്‍ഷകര്‍ക്ക് 95 ശതമാനവും കുടിശ്ശിക കൊടുത്തുതീര്‍ത്തു. ഉരുളക്കിഴങ്ങുകര്‍ഷകരെ സഹായിക്കാനും നടപടിയുണ്ടായി. അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിവില ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു വില്‍പ്പന നടത്തും. പശുസംരക്ഷണത്തിനും കര്‍ഷകരുടെ വിഷമം പരിഹരിക്കാനുമാണ് സര്‍ക്കാരിന്റെ മുന്‍ഗണന.  

? രാമക്ഷേത്രം വിഷയമാക്കുന്നില്ലേ 

രാമക്ഷേത്ര നിര്‍മാണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയല്ല. ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തെ ബി.ജെ.പി. എക്കാലവും പിന്തുണച്ചിട്ടുണ്ട്.  കോടതിയിലൂടെയും സമവായചര്‍ച്ചയിലൂടെയുമുള്ള ഇപ്പോഴത്തെ ശ്രമങ്ങളില്‍ വഴി തുറന്നില്ലെങ്കില്‍ ക്ഷേത്രം നിര്‍മിക്കാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരണം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യും. അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ബാബറിന്റെപേരില്‍ അവിടെ ഒരു ഇഷ്ടികക്കഷണം വെക്കാന്‍പോലും അനുവദിക്കില്ല. 

? കേരളത്തെക്കുറിച്ച്

 ഇത്തവണ കേരളത്തില്‍ ബി.ജെ.പി. നല്ല പ്രകടനം കാഴ്ചവെക്കും. ത്രിപുരയിലും ബംഗാളിലും ശൂന്യതയില്‍ നിന്നും ഉയര്‍ന്നുവന്നതോടെ ബി.ജെ.പി. കേരളത്തിലും ആധിപത്യം ഉറപ്പിക്കും.

Content Highlights: Interview with Uttar pradesh deputy chief minister keshava prasad maurya