തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ഭരിക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാരിനും നിര്‍ണായകമാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടോ എന്നതായിരിക്കും ആകാംക്ഷ. തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും ?
ഇത്തവണ കഴിഞ്ഞ കാല റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതുന്ന പോളിംഗായിരിക്കും രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നത്. ജനങ്ങള്‍ ആകാംക്ഷയോടെ ഇക്കുറി വോട്ട് ചെയ്യും.കാരണം അവര്‍ക്ക് പുരോഗതി വേണം. കരുത്തുറ്റ സര്‍ക്കാര്‍ വേണം.കരുത്തനായ നേതാവ് വേണം.വികസനത്തുടര്‍ച്ച വേണം. ജനങ്ങള്‍ ഈ നാല് കാര്യങ്ങളും ആഗ്രഹിക്കുന്നു. വിവിധ തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വിവിധരീതികളിലാണ് വോട്ട് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന പാറ്റേണിലല്ല പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. ഇത്തവണ ജനങ്ങള്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനായിരിക്കും വോട്ട് ചെയ്യുക. ആരാണ് സ്ഥാനാര്‍ഥി ? സ്ഥാനാര്‍ഥികളില്‍ ആരാണ് എറ്റവും ഉചിതന്‍ ? വാട്ടര്‍മാര്‍ക്ക് ഏറ്റവും ആകര്‍ഷണീയനായ, പ്രധാനപ്പെട്ട സ്ഥാനാര്‍ഥി നരേന്ദ്രമോദിയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ പ്രകടനമാണ്. 2014 ല്‍ മോദിയെ പ്രതീക്ഷകള്‍ കൊണ്ട് ജനങ്ങള്‍ തിരഞ്ഞെടുത്തു. എന്നാല്‍ ഇത്തവണ അവര്‍ വിശ്വാസത്തോടെ അദ്ദേഹത്തിനായി വോട്ട് ചെയ്യുന്നു. അതാണ് പ്രധാന മാറ്റം. 2014 നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഞങ്ങള്‍ നേടും. സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പായിരിക്കും ഇത്.
എന്നാല്‍ ഇക്കുറി ഒരു വ്യത്യാസമുണ്ട്. 2014 ല്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷം യോജിച്ചാണ് ബി.ജെ.പിയെ നേരിടാന്‍ പോകുന്നത്. അത് പ്രശ്നമല്ലേ ?
പറഞ്ഞു തരൂ, പ്രതിപക്ഷത്തിന് ഐക്യം എവിടെയാണുള്ളത് ? കോണ്‍ഗ്രസ് എല്ലായിടത്തും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ബംഗാളിലും കേരളത്തിലും സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വേറിട്ട് നില്ക്കുന്നു. ഉത്തര്‍പ്രദേശില്‍ എസ്.പി.യും ബി.എസ്.പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍,കോണ്‍ഗ്രസ് ആ സഖ്യത്തിന്റെ ഭാഗമല്ല. രണ്ട് സീറ്റാണ് അവര്‍ കോണ്‍ഗ്രസിന് നല്‍കിയത്. ഈ നിലയ്ക്ക്് പ്രതിപക്ഷം യോജിച്ചു എന്ന് എങ്ങനെയാണ് പറയുക?
അങ്ങനെയെങ്കില്‍ ചിതറിയ പ്രതിപക്ഷമാണോ ബി.ജെ.പിയുടെ ശക്തി ?
അല്ല. പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യമല്ല ഞങ്ങളുടെ ശക്തി. ഞങ്ങളുടെ ശക്തി ഞങ്ങളുടെ നേതൃത്വമാണ്. കരുത്ത് ഞങ്ങളുടെ പരിപാടികളാണ്. അടിസ്ഥാനം ഞങ്ങളുടെ വിശ്വാസ്യതയാണ്. രാജ്യത്തെ ആര് സംരക്ഷിക്കും ? രാജ്യത്തെ ആര് അടുത്ത ഘട്ടത്തിലേക്ക് നയിക്കും ? തുടങ്ങിയ വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ ഉയരുക. രാജ്യം കൂടുതല്‍ പുരോഗമിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പുരോഗതി വിതരണം ചെയ്യാനാണ്, ദാരിദ്ര്യം വിതരണം ചെയ്യാനല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ഇത്തവണ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടും.
രാജ്യസുരക്ഷയും ദേശീയതയുമാണ് കഴിഞ്ഞ രണ്ട് മാസമായി ബി.ജെ.പി ചര്‍ച്ചയില്‍ സജീവമാക്കി നിലനിര്‍ത്തുന്നത്. പുല്‍വാമ,ബാലാകോട് സംഭവങ്ങള്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുമോ ?
രാജ്യസുരക്ഷ എക്കാലത്തും ജനങ്ങളുടെ മനസ്സില്‍ ഏറ്റവും ശക്തമായ വിഷയമാണ്. ഇന്ത്യക്ക് മാത്രമല്ല, ദേശസുരക്ഷ ലോകത്തെവിടെയും രാജ്യങ്ങള്‍ക്ക് വലിയ വിഷയമാണ്. എല്ലാ തിരഞ്ഞെുപ്പിലും ഇത് പ്രധാനവിഷയമാകും. ഇവിടെയും അതെ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന് അവരുടെ നില നഷ്ടപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എല്ലാം നില നഷ്ടമായിരിക്കുന്നു. എല്ലാ രാജ്യത്തും തങ്ങളുടെ സൈനിക ഓപ്പറേഷനുകളെക്കുറിച്ച് സൈന്യം പറഞ്ഞുകഴിഞ്ഞാല്‍ എല്ലാവരും അംഗീകരിക്കും. ഇതാണ് ഓപ്പറേഷന്റെ ഫലം എന്ന് പറഞ്ഞാല്‍ വിശ്വസിക്കും. പൊതുചര്‍ച്ച അവിടെ അവസാനിക്കും. ആരും അതിനെ ചോദ്യം ചെയ്യുകയില്ല. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അതല്ല സ്ഥിതി. നമ്മുടെ പ്രതിപക്ഷപാര്‍ട്ടികള്‍ സൈന്യത്തെയും സര്‍ക്കാരിനെയും ദിവസവും വെല്ലുവിളിക്കുകയാണ്. സംശയമുയര്‍ത്തുകയാണ്. അതിനാല്‍ പ്രതിപക്ഷത്തിന് കൂടുതല്‍ പബ്ലിസിറ്റി പാകിസ്താനില്‍ കിട്ടും. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഈ നിലപാട് സമ്മതിക്കില്ല.
തിരഞ്ഞെടുപ്പിനെ വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായി ചുരുക്കുന്നു എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്താണ് താങ്കളുടെ നിലപാട് ?
നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്് ആശയപരമായ പോരാട്ടമാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം നരേന്ദ്രമോദിക്ക് ഒപ്പം നില്ക്കാന്, അദ്ദേഹത്തെ നേരിടാന്‍ തുല്യനായ ഒരു നേതാവും ഇപ്പോള്‍ രാജ്യത്ത്് ഇല്ല. ജനങ്ങളുടെ മനസ്സ് നരേന്ദ്രമോദിയില്‍ ഉറച്ചു കഴിഞ്ഞു. അതിനാല്‍ വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല നടക്കാന്‍ പോകുന്നത്.ആശയപരമായ യുദ്ധമായിരിക്കും അരങ്ങേറുക.അങ്ങനെയെങ്കില്‍,ഏത് തരം ആശയമെന്ന ചോദ്യമുയരും.കോണ്‍ഗ്രസ് ആശയപാപ്പരത്തത്തിലാണ്. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി രൂപവല്‍ക്കരിച്ച കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സ്ഥിതി ഇപ്പോള്‍ എന്താ ? വ്യത്യസ്തരായ ഗാന്ധിമാരാണ ഇപ്പോഴുള്ളത്. അവരിപ്പോള്‍ വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടിയിരിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിനെതിരെ സംസാരിക്കുന്നവരുമായി അവര്‍ കൈകൈാര്ക്കുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യമാണോ ? ഇതൊന്നും രാജ്യദ്രോഹമല്ലെങ്കില്‍ മറ്റെന്താണ് രാജ്യദ്രോഹം ? രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ചട്ടം പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നത്. ജനങ്ങള്‍ ഇതൊക്കെ തിരിച്ചറിയും.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തെന്നിന്ത്യയും ഉത്തരേന്ത്യയും തമ്മില്‍ ബന്ധം സ്ഥാപിക്കുന്നതിനാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത് ? ബി.ജെ.പിയുടെ കാഴ്ചപ്പാട് എന്താണ് ?
രാഹുലിന് എന്തും പറയാം. എന്നാല്‍ അദ്ദേഹം അമേഠിയില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു എന്നതാണ് സത്യം. സമീപകാലത്ത് അമേഠിയില്‍ നടന്ന തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും നിങ്ങള്‍ പരിശോധിക്കു. താഴെത്തട്ടില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയാണ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് തുടങ്ങി എല്ലാ ജനവിധികളും ബി.ജെ.പിക്ക് അനുകൂലമായിരുന്നു. ബി.ജെപി സ്ഥാനാര്‍ഥികളാണ് വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതിനാല്‍ അമേഠിയില്‍ രാഹുലിന് അടിത്തറ നഷ്ടപ്പെട്ടു. അതിനാല്‍ അദ്ദേഹം അമേഠി വിട്ട് ഓടിയാണ് വയനാട്ടില്‍ എത്തിയത്.
ഉത്തര്‍പ്രദേശിലെ വിജയം ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ബി.ജെ.പിക്ക് തടയിടാന്‍ അവിടെ എസ്.പി.യും ബി.എസ്.പിയും കൈകോര്‍ത്തിരിക്കുന്നു. ഇത് ബി.ജെ.പിയുടെ സാധ്യതകളെ എങ്ങനെ ബാധിക്കും ?
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് ഒരു ഭീഷണിയും അവര്‍ ഉയര്‍ത്തുന്നില്ല. ഇങ്ങനെ രണ്ട് പാര്‍ട്ടികള്‍ മാത്രമായി മറ്റ് ചിലയിടത്തും കൈകോര്‍ക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ ഇതിന്റെയോന്നും ഭാഗമാക്കിയിട്ടില്ല. പുതിയ വെല്ലുവിളികള്‍ ഉയരുമ്പോള്‍ പുതിയ അവസരങ്ങളും ഉണ്ടാകും. ഏത് വെല്ലുവിളികളെയും നേരിടാന്‍ ബി.ജെ.പിയുടെ സംഘടനാ സംവിധാനം ശക്തമാണ്.
ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം ബി.ജെ.പിക്ക് വെല്ലുവിളിയല്ലേ ?
പ്രിയങ്കയുടെ സാന്നിധ്യം കൊണ്ട് എന്ത്് മാറ്റം ഉണ്ടാകാനാണ് ? അവര്‍ കഴിഞ്ഞ 10-12 വര്‍ഷങ്ങളായി പ്രചരണ രംഗത്തുണ്ട്. എന്നിട്ട് എന്തെങ്കിലും മാറ്റമുണ്ടായോ ? ബി.ജെ.പിയെ ഇതൊന്നും ബാധിക്കില്ല.
അയോധ്യ, അസം പൗരത്വ ബില്‍ തുടങ്ങിയ വിവാദവിഷയങ്ങള്‍ ഇത്തവണ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്.ഇവ ബി.ജെ.പിക്ക്് നേട്ടമോ കോട്ടമോ ഉണ്ടാക്കുക ?
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. ശ്രീരാമന് ജനിച്ച സ്ഥലത്തു തന്നെ ക്ഷേത്രം നിര്‍മിക്കണം. അത് ഞങ്ങള്‍ നിര്‍മിക്കും. എന്നാല്‍ അത് ഒരു സാമൂഹ്യമായ നടപടിക്രമമാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവ് നല്കിക്കഴിഞ്ഞാല് അയോധ്യയില്‍ വിപുലമായ ക്ഷേത്രം നിര്‍മിക്കും. കോടതിവിധി നേരത്തെ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസ് അയോധ്യാ വിഷയത്തില്‍ ഒരക്ഷരം പറയുന്നില്ല. അയോധ്യാവിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് അവരോട് നിങ്ങള്‍ ചോദിക്കു. അസം പൗരത്വ ബില്‍ സംബന്ധിച്ച് ബി.ജെ.പിക്കെതിരെ സംശയമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് ഏ.ജി.പി സഖ്യം വിട്ടു. എന്നാല്‍ , ഏ.ജി.പി എന്‍.ഡി.എ. സഖ്യത്തില്‍ തിരിച്ചു വന്നു. അപ്പോള്‍ ആ വിഷയത്തില്‍ പ്രശ്നമില്ല എന്നല്ലേ അതിനര്‍ഥം ? എല്ലാവരും ഞങ്ങള്‍ക്കൊപ്പമുണ്ട്.
രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്ന് താങ്കള്‍ നേരത്തെ പറഞ്ഞു. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ പ്രശ്ങ്ങളില്‍ ജനങ്ങള്‍ പ്രതികരിക്കില്ലേ ?
സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജി.എസ്.ടി. നികുതി രംഗത്തെ ഏറ്റവും വലിയ പരിഷ്കാരമാണത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരുകളോടും ചര്‍ച്ച ചെയ്തിട്ടാണ് നടപ്പാക്കിയത്.ഏകകണ്ഠമായിരുന്നു തീരുമാനം. എന്നാല്‍ സമവായത്തോടെ നടപ്പാക്കിക്കഴിഞ്ഞിട്ടും ഗബ്ബര്‍സിംഗ് നികുതി എന്നാണ് കോണ്‍ഗ്രസിന്റെ നേതാവ് ജി.എസ്.ടിയെ ആക്ഷേപിച്ചത്. അതാണ് അവരുടെ കാപട്യം ! രാജ്യത്തെ എല്ലാ പണമിടപാടുകളും ബാങ്കിംഗ് സംവിധാനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് നോട്ട് പിന്‍വലിക്കലിന്റെ നേട്ടം. മാത്രമല്ല,നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധിച്ചു. നേരത്തെ മൂന്ന് കോടിയായിരുന്നു നികുതിദായകരുടെ എണ്ണമെങ്കില്‍ ഇപ്പോള്‍ അത് 7 കോടിയായി. നികുതി വരുമാനം വര്‍ധിച്ചു. തെറ്റായ നടപടി സ്വീകരിക്കുന്നവര്‍ക്കെതിരെ നടപടിയും കൈക്കൊള്ളുന്നുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശുദ്ധീകരിക്കാന്‍ സ്വീകരിച്ച എറ്റവും ശക്തമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കല്‍. ഈ രണ്ട് നടപടികളും ബി.ജെ.പിക്ക് അനുകൂലമാകും.
എന്നാല്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ വിഷയങ്ങള്‍ ബി.ജെ.പിക്ക് എതിരായി ഉയര്‍ന്നിരുന്നു. ആ സംസ്ഥാനങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. അതെക്കുറിച്ച് എന്താണ് വിലയിരുത്തല്‍ ?
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ പരാജയപ്പെട്ടു എന്ന് പറയുന്നത് ശരിയല്ല. നേരിയ ശതമാനം വോട്ടിന്റെ വ്യത്യാസമാണ് രാജസ്ഥാനിലുണ്ടായത്. ജനങ്ങള്‍ വിവിധ തിരഞ്ഞെടുപ്പിന് വിവിധ രീതിയിലാണ് വോട്ട് ചെയ്യുക. നിയമസഭയില്‍ വോട്ട് ചെയ്ത രീതിയിലല്ല, പാര്‍ലമെന്റില്‍ വോട്ട് ചെയ്യുക. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി വിജയിക്കും. രാജസ്ഥാനിലെ 25 സീറ്റുകളും ഞങ്ങള്‍ നേടും.
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്ന ന്യായ് പോലെയുള്ള പദ്ധതികള്‍ താഴെത്തട്ടിലെ വോട്ടര്‍മാരെ സ്വാധീനിക്കില്ലേ ?
അധികാരത്തില്‍ വരാനാവാത്ത പാര്‍ട്ടികള്‍ക്ക് എന്ത് വാഗ്ദാനയവും നല്കാന് കഴിയും. ഇക്കാര്യം ജനങ്ങള്‍ക്കറിയാം. 2004 ലും 2009 ലും കോണ്‍ഗ്രസ് നല്കിയ വാഗ്ദാനങ്ങള്‍ എന്തെങ്കിലും നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. 60 വര്‍ഷം ഭരണത്തിലിരുന്നിട്ട് 60 രൂപ പോലും രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് കൊടുത്തില്ല. ഇപ്പോള്‍ പ്രതിവര്‍ഷം ആറായിരം രൂപ നല്‍കുമെന്ന് പറയുന്നു. ഏതെങ്കിലും ഒരു കാലത്ത് ചെറിയ തുകയെങ്കിലും ഇവര്‍ നല്‍കിയിട്ടുണ്ടോ ? മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുക, എന്നിട്ട് നടപ്പാക്കാതിരിക്കുക എന്നത് കോണ്‍ഗ്രസിന്റെ രീതിയാണ്. എല്ലാ വീടുകളിലും 2012 ന് മുമ്പ് വൈദ്യുതി എത്തിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. എത്ര വീടുകളില്‍ നല്കി ? 2014 ന് ശേഷവും 4 കോടിയോളം വീടുകള്‍ വൈദ്യുതിയെത്താത്ത അവസ്ഥയിലായിരുന്നു. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി എത്തിക്കുമെന്ന് പറഞ്ഞു. ആറ് ലക്ഷം ഗ്രാമങ്ങളുള്ളതില്‍ 60 ഗ്രാമങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ സംവിധാനമെത്തിച്ചത്. അതാണ് വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള അന്തരം. കോണ്‍ഗ്രസിന് വാക്കുകളുണ്ട്. ഞങ്ങള്‍ക്ക് പ്രവര്‍ത്തിയും !
ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവര്‍. ഇക്കാര്യത്തില്‍ അവര്‍ അസ്വസ്ഥരാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഗുരുതുല്യരായ ഇവരെ ഒഴിവാക്കിയത് ശരിയാണോ ?
മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി എന്ന അഭിപ്രായം ശരിയല്ല. രാജ്യത്ത് പല പാര്‍ട്ടികളും കുടുംബപാര്‍ട്ടികളാണ്. ഒരു കുടുംബമാണ് ആ പാര്‍ട്ടിയുടെ തീരുമാനങ്ങളെടുക്കുന്നത്. ബി.ജെ.പിയുടെ രീതി അതല്ല. ഞങ്ങളുടെ പാര്‍ട്ടി ഒരു കുടുംബമാണ്. അതിനാല്‍ ഞങ്ങള്‍ നയതീരുമാനങ്ങളെടുക്കും.75 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ മത്സരിക്കേണ്ട എന്ന തീരുമാനം പാര്‍ട്ടിയാണ് കൈക്കൊണ്ടത്. അത് പാര്‍ട്ടി നടപ്പാക്കുന്നു. ഒരു മുതിര്‍ന്ന നേതാവ് മാത്രമല്ല, നിരവധി മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ മത്സരിക്കുന്നില്ല. ഏതെങ്കിലും ഒരാളെ മാത്രമായി ഒഴിവാക്കുകയില്ല. ഇത് നയതീരുമാനമാണ്.
ശത്രുഘന്‍ സിന്‍ഹ പാര്‍ട്ടി വിട്ട് പോയതും ഇതിന്റെ തുടര്‍ച്ചയല്ലേ ?
ശത്രുഘന്‍ സിന്‍ഹ ബി.ജെ.പി വിട്ട് എങ്ങോട്ടാണ് പോയത് ? കോണ്‍ഗ്രസിലേക്ക് അല്ലേ ? പരാജയപ്പെടും എന്നതില്‍ എന്താ സംശയം ?
ഇത്തവണ ബി.ജെ.പിക്ക് എത്ര സീറ്റുകള്‍ കിട്ടുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍?
ബി.ജെ.പിക്ക് മുന്നൂറിന് മേല്‍ സീറ്റ് കീട്ടും. എന്‍.ഡി.എ കരുത്ത് വര്‍ധിപ്പിക്കും. ഞങ്ങളുടെ 5 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് നല്‍കും.
കേരളത്തില്‍ ബി.ജെ.പി യുടെ പ്രതീക്ഷ എന്താണ് ? എത്ര സീറ്റുകള്‍ കിട്ടും?
കേരളത്തില്‍ ഞങ്ങള്ഇത്തവണ അക്കൗണ്ട്് തുറക്കും. അവിടെ ഭേദപ്പെട്ട എണ്ണം സീറ്റുകള്‍ നേടും. കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. ജനങ്ങള്‍ ബി.ജെ.പിയെ അംഗീകരിച്ചു കഴിഞ്ഞു. അവരുടെ സ്വന്തം പാര്‍ട്ടിയായി ബി.ജെ.പിയെ കരുതുന്നു. ന്യൂനപക്ഷങ്ങള്‍, പിന്നോക്കവിഭാഗങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും ബി.ജെപിക്ക് ഒപ്പമാണ്. ആത്യന്തികമായി കേരളത്തിനും വികസനം വേണം. അതിന് കരുത്തുറ്റ സര്‍ക്കാര്‍ ദേശീയ തലത്തില്‍ ഉണ്ടാകണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു.
Content Highlights: Loksabha election 2019 Special Interview with Union Minister Prakash Javadekar