ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ ശില്പിയാണ് സത്യനാരായണ്‍ ഗംഗാറാം പിത്രോദ. ഒഡിഷയിലെ തിത്ലാഗഢ് ഗ്രാമത്തില്‍ ജനിച്ച് ഗുജറാത്തിലും ഷിക്കാഗോയിലും ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം രാജ്യത്ത് വാര്‍ത്താവിനിമയ മുന്നേറ്റത്തിന് വിത്തിട്ട സാം പിത്രോദ ഇപ്പോള്‍ കോണ്‍ഗ്രസ് ഉപദേഷ്ടാവാണ്.പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി പ്രത്യേക ലേഖകന്‍ മനോജ് മേനോനുമായി സംസാരിക്കുന്നു
താങ്കള്‍ ഇപ്പോള്‍ സാങ്കേതിക വിദഗ്ധന്‍ മാത്രമല്ല, രാഷ്ട്രീയ നേതാവ് കൂടിയാണ്. ഈ തിരഞ്ഞെടുപ്പ് എത്രമാത്രം നിര്‍ണായകമാണ്
ഏതുതരത്തിലുള്ള രാജ്യമാണ് നിര്‍മിക്കേണ്ടതെന്ന് തീരുമാനമെടുക്കേണ്ടത് ഈ രാജ്യത്തെ ജനങ്ങളാണ്. ഒരു കാര്യം ഉറപ്പാണ്, ചരിത്രത്തിലെ ഏറ്റവും നിര്ണായകതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ ആത്മാവും ഇന്ത്യയെന്ന ആശയവും അപകടത്തിലാണ്. വൈവിധ്യം നിറഞ്ഞതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയായിരുന്നു പൂര്‍വപിതാക്കള്‍ സ്വപ്നം കണ്ടത്. എന്നാല്‍ ആ ഇന്ത്യ അപകടത്തിലാണ്. രാജ്യം മുഴുവന്‍ ഒരുതരം ഭയം ബാധിച്ചിരിക്കുന്നു. അഭിപ്രായം പറയുന്നവരെ പാകിസ്താനി എന്ന് ആക്ഷേപിക്കുന്നു. എല്ലാ കാര്യങ്ങളും വളച്ചൊടിക്കപ്പെടുന്നു.
മോദി സര്‍ക്കാര്‍ അഴിമതിരഹിത സര്‍ക്കാരാണെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. കഴിഞ്ഞ യു.പി.എ. സര്‍ക്കാരുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് ശരിയല്ലേ
ഈ അവകാശവാദം സത്യമല്ല. സര്‍ക്കാരിന്റെ പരിപാടികളുടെ പ്രചാരണത്തിനായി പരസ്യങ്ങള്‍ക്ക് എത്ര കോടിയാണ് ഈ സര്‍ക്കാര്‍ ചെലവിടുന്നത്. ഈ പണം എവിടെനിന്ന് വരുന്നു? തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്രയോ പണം ബി.ജെ.പി. ഒഴുക്കുന്നു? ഈ പണം അഴിമതിയുടെ ഭാഗമല്ലേ?
പുല്‍വാമ സംഭവവും അതിര്‍ത്തിയിലെ സംഘര്‍ഷവും ബാലാകോട്ട് പ്രത്യാക്രമണവും തിരഞ്ഞെടുപ്പിന്റെ ദിശയെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നുണ്ടോ
തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, നോട്ടസാധുവാക്കല്‍, ബിസിനസുകളുടെ തകര്‍ച്ച തുടങ്ങിയവയാണ് തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയങ്ങളെന്നാണ് ഞാന്‍ കരുതുന്നത്. ശത്രുവെപ്പോഴും അതിര്‍ത്തിയിലുണ്ട് എന്ന തോന്നല്‍ സര്‍ക്കാര്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നതാണ്. അമേരിക്കയില്‍ ട്രംപ് ചെയ്യുന്നതും ഇതുതന്നെയാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളിലും പ്രകടനങ്ങളിലുമാണ് പ്രശ്നം എന്നതാണ് യാഥാര്‍ഥ്യം. അതില്‍ വീഴ്ചകളുണ്ടെങ്കില്‍ അത് മറയ്ക്കാന്‍ മറ്റ് കാരണങ്ങള്‍ കണ്ടെത്തരുത്. അഞ്ചുവര്‍ഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാന്‍ അവര്‍ എന്തു ചെയ്തു? സാമ്പത്തികനില മെച്ചപ്പെടാന്‍ അവര്‍ എന്ത് ചെയ്തു? അത് ജനങ്ങളോട് പറയൂ.
ബാലാകോട്ട് സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് വ്യക്തമാക്കണമെന്ന താങ്കളുടെ പ്രസ്താവനയ്ക്കെതിരേ പ്രധാനമന്ത്രി തന്നെ നേരിട്ടു വന്നു. രാഷ്ട്രീയപരമായാണ് അതിനെ നേരിട്ടത്എന്റെ പ്രസ്താവനയില്‍ എന്ത് തെറ്റാണുള്ളത്? നിങ്ങള്‍ എന്റെ സംസാരത്തിന്റെ വീഡിയോ കണ്ടു നോക്കൂ. നിങ്ങള്‍ക്ക് അതെങ്ങനെ വളച്ചൊടിക്കാന്‍ കഴിയും? ഞാന്‍ പറഞ്ഞതിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ പ്രധാനമന്ത്രി എന്തിനാണ് നാലുവട്ടം ട്വീറ്റ് ചെയ്യുന്നത്? അത്രമാത്രം പരിഭ്രാന്തി എന്തിനാണ് ? ഞാന്‍ ഒരു സാധാരണപൗരന് മാത്രമാണ്. 77 വയസ്സായി, എനിക്ക് ഇന്ത്യയെക്കുറിച്ചാണ് ഉത്കണ്ഠ. എനിക്ക് മഹത്തായ ജീവിതംതന്ന എന്റെ ഇന്ത്യയാണിത്. എനിക്ക് വിദ്യാഭ്യാസംതന്ന രാജ്യമാണിത്. എന്റെ അച്ഛന് അതിനുള്ള പണമുണ്ടായിരുന്നില്ല. നാലാം ക്ലാസ് വരെ മാത്രം പഠിച്ച എന്റെ അച്ഛന് കൂലിപ്പണിക്കാരനായിരുന്നു. ഒഡിഷയിലെ ഒരു ആദിവാസി ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. ഈ രാജ്യം പിന്തുണച്ചതുകൊണ്ടുമാത്രം ഞാന്‍ ഗുജറാത്തില്‍ പോയി വിദ്യാഭ്യാസം നേടി. പഠിക്കാനായി വിദേശത്തുപോയി. അങ്ങനെയുള്ള രാജ്യത്തിന് എന്നാല്കഴിയുന്നത് ചെയ്യണം എന്ന ആഗ്രഹവുമായി ജീവിക്കുന്ന ഒരാളാണ് ഞാന്‍. രാജ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എനിക്ക് ആശങ്കയുണ്ട്.
അഞ്ച് വര്‍ഷത്തിനിടയില്‍ ഭരണനേട്ടങ്ങളില്ലെന്ന് പറയുന്നത് ശരിയാണോ ? ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ വന്‍ പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കിയില്ലേ
പച്ചക്കള്ളം പറയരുത്. ഡിജിറ്റല്‍ ഇന്ത്യ കൊണ്ടുവന്നത് ഞങ്ങളാണ്. ഡിജിറ്റല്‍ ഇന്ത്യ എന്താണ്? ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കലല്ലേ പ്രധാനം? ഇപ്പോഴുള്ളതെല്ലാം കഴിഞ്ഞ 30 വര്‍ഷമായി നടപ്പാക്കിയതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഉണ്ടായതല്ല. ടെലികോം വളര്‍ച്ചയ്ക്കുവേണ്ടി എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഞങ്ങളാണ് ചെയ്തത്. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിന്‍ബലത്തില്‍ എണ്‍പതുകളുടെ മധ്യത്തിലാണ് ടെലികോം രംഗത്തേക്ക് ഇന്ത്യ കടന്നത്. ഞങ്ങളാണ് വിത്തുപാകിയത്. അന്ന് ഇരുപത് ലക്ഷം ടെലിഫോണുകളുണ്ടായിരുന്നു. ഗ്രാമ-നഗര ഭേദമില്ലാതെ രാജ്യംമുഴുവന്‍ പബ്ലിക് ടെലിഫോണ്‍ ബൂത്തുകള്‍ (പി.സി.ഒ) വന്നത് ഓര്‍മയില്ലേ ? ഇന്ന് 200 കോടി ഫോണുകള്‍ രാജ്യത്തുണ്ട്. ഇതിന്റെ എല്ലാ നേട്ടവും ഞാന്‍ ഒറ്റയ്ക്ക് അവകാശപ്പെടുന്നില്ല. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും എന്റെ സാങ്കേതികമായ വൈദഗ്ധ്യവും ചേര്‍ന്നപ്പോഴാണത് രൂപംകൊണ്ടത്. രാജ്യത്തെ ആയിരക്കണക്കിന് യുവ എന്‍ജിനീയര്‍മാരുടെയും വ്യവസായികളുടെയും ഭരണകര്‍ത്താക്കളുടെയും ആത്മാര്പ്പണമാണത്. ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡിന് അടിസ്ഥാന സൗകര്യമൊരുക്കിയതും ഞങ്ങളാണ്. മന്മോഹന് സര്‍ക്കാരിന്റെ ഭരണകാലത്ത് നാഷണല്‍ നോളജ് നെറ്റ് വര്‍ക്കിലൂടെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സംവിധാനങ്ങള്‍ നടപ്പാക്കി. ഇതെല്ലാം മോദി സര്‍ക്കാര്‍ തുടര്‍ന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ അതിനെ നശിപ്പിച്ചില്ലല്ലോ ? എന്നാല്‍ തങ്ങളാണ് ഡിജിറ്റല്‍ ഇന്ത്യ നടപ്പാക്കിയതെന്ന് മോദി അവകാശപ്പെടരുത്.
രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധമുണ്ട്. ഇന്ദിരയുടെ കാലത്താണ് അതിന് തുടക്കം. ആ ബന്ധമാണോ ടെലികോം പദ്ധതിയിലേക്ക് എത്തിച്ചത്
1980-കളില്‍ ഇന്ദിരാഗാന്ധിക്കുമുന്നില്‍ ഞാന്‍ ഒരു സാങ്കേതിക പദ്ധതി അവതരിപ്പിക്കാനെത്തി. ഇന്ദിരയുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ആദ്യമായി രാജീവ് ഗാന്ധിയെ കാണുന്നതും അവിടെ വെച്ചായിരുന്നു. ടെലികോമും ഐ.ടി.യും ചേര്‍ന്ന് ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുമെന്നായിരുന്നു എന്റെ സങ്കല്പം. അതേക്കുറിച്ച് ഇന്ദിരയുടെമുന്നില് ഒരു പേപ്പര്‍ അവതരിപ്പിക്കാനാണ് ഞാനും സംഘവും എത്തിയത്. അത് ചെയ്യാന്‍കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ചെറുപ്പക്കാരില്‍ വിശ്വാസമുണ്ടായിരുന്ന ഇന്ദിര പിന്തുണ നല്കി. 400 ഐ.ഐ.ടി. ബിരുദധാരികളെ പദ്ധതിക്കായി നല്കി. എന്നാല്‍ ആ പ്രോജക്ടിന്റെ കടലാസുപണികള്‍ പൂര്‍ത്തിയാകാന്‍ നാല് വര്‍ഷമെടുത്തു. 1984 ഓഗസ്റ്റില്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. പക്ഷേ, ഒക്ടോബറില്‍ ഇന്ദിര മരിച്ചു. പിന്നെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. ചെറുപ്പക്കാരനായ രാജീവ് അധികാരത്തില്‍ എത്തിയതോടെ പദ്ധതിക്ക് ആക്കംകൂടി. പദ്ധതി ആരംഭിച്ചതോടെ രാജ്യം മുഴുവന്‍ എസ്.ടി.ഡി. ടെലിഫോണ്ബൂത്തുകള് വ്യാപകമായതൊക്കെ പഴയ തലമുറയ്ക്ക് അറിയാം. എന്നിട്ടാണ് മോദി പറയുന്നത് കഴിഞ്ഞ 50 വര്‍ഷമായി രാജ്യത്ത് ഒരു വികസനവും നടന്നില്ലെന്ന് !
രാജീവ് ഗാന്ധിക്കുശേഷം ഗാന്ധികുടുംബത്തിലെ ഏറ്റവും പുതിയ തലമുറയ്ക്കൊപ്പവും താങ്കള്‍ പ്രവര്‍ത്തിക്കുന്നു. രാജീവും രാഹുലും തമ്മില്‍ താരതമ്യം സാധ്യമാണോ
രാജീവിന്റെയും രാഹുലിന്റെയും വ്യത്യസ്തമായ സമയവും വ്യത്യസ്തമായ രാഷ്ട്രീയ കാലാവസ്ഥയുമാണ്. സ്വകാര്യവത്കരണം, ഉദാരീകരണം, സ്വതന്ത്ര കമ്പോളം തുടങ്ങിയവയ്ക്കു നേരേ കനത്ത എതിര്‍പ്പുള്ള കാലമായിരുന്നു രാജീവിന്റെ ഭരണകാലം. 1991-ല്‍ ഉദാരീകരണം ഏര്‍പ്പെടുത്തിയ ശേഷം കാര്യങ്ങള്‍ മാറി. ഭരണത്തിലിരിക്കുമ്പോള്‍ രാജീവിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ പോരാടുകയാണ്. വലിയ ഭരണയന്ത്രത്തോടാണ് പോരാട്ടം. രാഹുലിന്റെ ജോലി കഠിനമാണ്. അതിനാല്‍ രാഹുലിന് വളരെയധികം ഉള്‍ക്കരുത്ത് വേണം. രാജീവ് ഒരു ദുരന്തത്തിലൂടെയാണ് കടന്നുവന്നത്. രാഹുല്‍ വ്യത്യസ്തമായ ഒരു അവസ്ഥയിലൂടെയാണ് വരുന്നത്. രണ്ടും വളരെ വ്യത്യസ്തം.
പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ യോഗ്യനാണോ
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നിങ്ങള്‍ ഒരു മികച്ച മനുഷ്യനാണോ എന്നതാണ്. രാജ്യത്തെ ദരിദ്രരെയും സാധാരണക്കാരെയും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? ഭരണത്തിന്റെ സങ്കീര്‍ണത മുഴുവന്‍ മനസ്സിലാകത്തക്കവിധം നിങ്ങള്‍ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു ടീമിനെ സംഘടിപ്പിക്കാന്‍ കഴിയുന്നുണ്ടോ? ജനാധിപത്യത്തില്‍ അടിയുറച്ച ഒരു നേതാവായി നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമോ? ഇതൊക്കെയാണ് ഒരു പ്രധാനമന്ത്രിയെ പരിഗണിക്കുമ്പോള്‍ പ്രധാനം. ഒരു ചര്‍ച്ചയിലോ സംവാദത്തിലോ നിങ്ങള്‍ വിജയിക്കുന്നുണ്ടോ എന്നതല്ല ചോദ്യം. നുണ പറയാന്‍ നിങ്ങള്‍ക്ക് ശേഷിയുണ്ടോ എന്നതല്ല വിഷയം. അലറിവിളിച്ച് ആരെയെങ്കിലും ആക്രമിക്കാന്‍ താത്പര്യമുണ്ടോ എന്നതല്ല പ്രശ്നം. നിങ്ങള്‍ ജനങ്ങളെ സ്നേഹിക്കണം. ആരെങ്കിലും കരയുമ്പോള്‍ നിങ്ങളുടെ ഉള്ളിലും കരച്ചില് വരണം. ആരെങ്കിലും വേദനിച്ചാല്‍ നിങ്ങള്‍ക്കും വേദനിക്കണം. ജനസമൂഹത്തിന്റെ മുകള്ത്തട്ടിലേക്കല്ല, താഴോട്ട് നോക്കുന്നവനായിരിക്കണം മികച്ച നേതാവ്. അതിനുള്ള ശേഷി രാഹുലിനുണ്ട്. രാഹുല്‍ ഗാന്ധിക്ക് നേരെ അവര്‍ ഉയര്‍ത്തുന്ന ആക്രമണങ്ങള്‍ നോക്കൂ. രാഹുല്‍ ഗാന്ധി അളക്കാനാവാത്തത്ര ആന്തരികകരുത്തുള്ള വ്യക്തിയാണ്. ഈ ആക്രമണങ്ങളില്നിന്നെല്ലാം രാഹുല്‍ ഉയര്‍ന്നുവരും എന്ന് എനിക്കുറപ്പുണ്ട്.
പക്ഷേ, മോദിയുടെ പ്രഭാഷണചാതുര്യം ഒരു പ്രധാനമന്ത്രിക്ക് അനിവാര്യമല്ലേ
പ്രധാനമന്ത്രി സമര്‍ഥനായ പ്രഭാഷകനാകണമെന്ന് നിര്‍ബന്ധമില്ല. പ്രഥമമായി പ്രധാനമന്ത്രി സത്യസന്ധനായ, ആത്മാര്‍ഥതയുള്ള, മനുഷ്യനായിരിക്കണം. അദ്ദേഹത്തിന്റെ മനസ്സ് ശരിയായിരിക്കണം. ജനങ്ങളെ കേള്‍ക്കുന്ന ആളായിരിക്കണം. തന്റെ കൈയില്‍ എല്ലാ ഉത്തരങ്ങളും ഉണ്ടെന്ന് ചിന്തിക്കാത്ത ഒരാളായിരിക്കണം. സ്വന്തം പിഴവുകള്‍ക്ക് മറ്റുള്ളവരെ പഴിക്കാത്ത ഒരാളായിരിക്കണം. സംസാര സ്വാതന്ത്ര്യം നല്കുന്ന വ്യക്തിയായിരിക്കണം. എപ്പോഴെങ്കിലും ആരെങ്കിലും സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആക്ഷേപങ്ങള്‍ കൊണ്ട് മൂടും. ഉടന്‍ ചര്‍ച്ച തുടങ്ങും, ദേശദ്രോഹിയാണോ അല്ലയോ എന്ന്. അതിനാല്‍ ഭൂരിപക്ഷം പേരും ഒന്നും സംസാരിക്കില്ല. കാരണം, സംസാരിച്ചാല്‍ അവര്‍ ഉടന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അയച്ച് നിങ്ങളുടെ വീട് റെയ്ഡ് ചെയ്യിക്കും. ഇത്തരം കാര്യങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കപ്പെടണമെന്ന് എനിക്ക് ആഗ്രഹമില്ല. ഒന്നിലും ഒരു ശേഷിയുമില്ലാത്ത ചുരുക്കംചില ആളുകള്‍ചേര്‍ന്ന് മുഴുവന്‍ രാജ്യത്തെയും തട്ടിയെടുത്തിരിക്കുന്നു. മോദി കരുത്തനാണെന്ന് ചിലര്‍ പറയുന്നു. എല്ലാവരെയും എപ്പോഴും കുറ്റപ്പെടുത്തുന്ന ഒരാളെയാണോ കരുത്തന് എന്ന് കരുതേണ്ടത് ?
രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം തിരഞ്ഞെടുത്തതിനെതിരേ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഹിന്ദുക്കളെ ഭയന്ന് ന്യൂനപക്ഷങ്ങള്‍ക്ക് മേധാവിത്വമുള്ള മണ്ഡലം തിരഞ്ഞെടുത്തതാണെന്നാണ് ബി.ജെ.പി.യുടെ ആരോപണം. എന്ത് പറയുന്നു
ഇതൊക്കെ വ്യാജപ്രചാരണങ്ങളാണ്. എവിടെ മത്സരിക്കണം എന്ന തീരുമാനം രാഹുലിന്റെ അവകാശമാണ്. അതേക്കുറിച്ച് മറ്റുള്ളവര്‍ ആശങ്കപ്പെടുന്നത് എന്തിനാണ് ? ദക്ഷിണേന്ത്യക്കും അധികാരഘടനയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്ന് തോന്നിയപ്പോഴാണ് രാഹുല്‍, ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്ത് മാറ്റമാണുണ്ടാക്കുക
തീര്‍ച്ചയായും കോണ്‍ഗ്രസിന് ഗുണം ചെയ്യും. എന്നാല്‍ എത്രമാത്രം എന്നതാണ് ചോദ്യം. പ്രിയങ്ക രാഹുലിന് വലിയ പിന്തുണയായിരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒറ്റപ്പെട്ട അന്തരീക്ഷത്തില്‍ അവരിരുവരും ഒരുമിച്ചാണ് വളര്‍ന്നത്. പരസ്പരം താങ്ങായി നിന്നുകൊണ്ട്. അത്തരമൊരു അനുകൂലാന്തരീക്ഷം പ്രിയങ്ക രാഹുലിന് നല്‍കും. എളിമയും ലാളിത്യവും ഇന്ത്യയെക്കുറിച്ച് വികാരവുമുള്ള വ്യക്തിയാണ് പ്രിയങ്ക. അത്തരമൊരാള്‍ തന്റെ സമീപത്തുണ്ടായിരിക്കുന്നത് രാഹുലിന് എപ്പോഴും നല്ലതാണ്.
പ്രതിപക്ഷ ഐക്യം എങ്ങും കാര്യമായി കാണാനില്ലല്ലോ
എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടേതായ പ്രതീക്ഷകളും ആഗ്രഹങ്ങളുമുണ്ട്. അത് ജനാധിപത്യഘടനയില്‍ സ്വാഭാവികമാണ്. ഏകാധിപത്യസംവിധാനമല്ല ഈ കൂട്ടായ്മക്കുള്ളത്. എന്നാല്‍ യുക്തമായ സമയത്ത് എല്ലാവരും ഒരുമിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അനിവാര്യമായ ഘട്ടത്തില്‍ എല്ലാവരും യോജിപ്പിലെത്തും.
ഈ പ്രതിപക്ഷ കൂട്ടായ്മയില്‍ ഇടതുപാര്‍ട്ടികളുടെ പങ്കാളിത്തം എന്തായിരിക്കും? താങ്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്ന ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ നയങ്ങളെ എക്കാലത്തും ഇടതുപാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു
ഇടതുപാര്‍ട്ടികള്‍ക്ക് എക്കാലത്തും ജനങ്ങളോട് ആഭിമുഖ്യമുണ്ട്. പലരും അവഗണിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്, ലോകവ്യാപകമായി ശ്രദ്ധിച്ചാല്‍ അവിടങ്ങളിലെ ഇടതുപക്ഷമാണ്. പണ്ട് ഞാന്‍ സോവിയറ്റ് യൂണിയനില്‍ പോയിരുന്ന കാലത്ത് ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ട്. 30-40 വര്‍ഷം മുമ്പുതന്നെ അവിടെ സമ്പൂര്‍ണ സാക്ഷരതയുണ്ട്. അവരുടെ നല്ല വശങ്ങള് കാണൂ. അവര്‍ക്ക് ജനങ്ങളോട് അനുഭാവമുണ്ട്. അവരില്‍നിന്ന് പലകാര്യങ്ങളും ഞാന്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ അവരുടെ നിലപാടുകളോട് വിയോജിപ്പുകളുമുണ്ട്. സാങ്കേതികവിദ്യയുടെ കടന്നുവരവിനോട് ഒരുകാലത്ത് അവര്‍ വിമുഖത കാട്ടിയിരുന്നു. എന്നാല്‍ അവര്‍ അത് മാറ്റി. ഇടതുപാര്‍ട്ടികള്‍ കാലങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടേണ്ടതുണ്ട്. അത് തീര്‍ത്തും അവരുടെ വിഷയമാണ്. അവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ എടുക്കണം. അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. എവിടെയാണോ യോജിക്കാന്‍ കഴിയുന്നത് അവിടെ യോജിക്കാന്‍ കഴിയും. ജനാധിപത്യത്തില്‍ എല്ലാവര്ക്കും അവരവരുടേതായ സ്ഥാനമുണ്ട്.
അദ്വാനിയുടെ വെളിപ്പെടുത്തല്‍ സമയോചിതം
ഞാന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണദ്ദേഹം. രണ്ട് കാര്യങ്ങളാണദ്ദേഹം ബ്ലോഗില്‍ കുറിച്ചത്. അവ സമയോചിതവും കാലികപ്രസക്തവുമാണ്. ബി.ജെ.പി. തങ്ങളുടെ എതിരാളികളെ ശത്രുക്കളായോ ദേശവിരുദ്ധരായോ മുന്‍പൊരിക്കലും കണ്ടിരുന്നില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു.
Content Highlights: Loksabha election Special interview with sam pitroda