കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഏക സി.പിഐ എം.പിയെ സമ്മാനിച്ച മണ്ഡലം തൃശ്ശൂരായിരുന്നു. സി.എന്‍ ജയദേവന് മാറി പകരം രാജാജി മാത്യൂ തോമസ് ആണ് ഇത്തവണ കളത്തില്‍. എതിര്‍വശത്ത് ടി.എന്‍ പ്രതാപനെന്ന കോണ്‍ഗ്രസിന്റെ ജനകീയ മുഖം. ഒടുവില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മണ്ഡലത്തിന് താരപരിവേഷം, ത്രികോണമത്സരത്തിന്റെ ആവേശം. പക്ഷേ രാജാജിയുടെ ആവേശവും ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചുവന്ന തൃശ്ശൂരില്‍ തന്നെയാണ്. നിയമസഭയിലേക്ക് ഇടത് എം.എല്‍.എ മാരെയാണ് തൃശ്ശൂര്‍ പറഞ്ഞുവിട്ടത്. മണ്ഡലപര്യടനത്തിന്റെ ഇടവേളയില്‍ രാജാജി മാത്യൂ മാതൃഭൂമി ഡോട്ടോ കോമിനോട് മനസുതുറക്കുന്നു..
ഇത്തവണ തൃശ്ശൂര്‍ നിലനിര്‍ത്താന്‍ കഴിയുമോ?
തീര്‍ച്ചയായും നിലനിര്‍ത്താന്‍ കഴിയും
എതിര് സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ?
സ്ഥാനാര്‍ത്ഥികള്‍ ഇമ്മെറ്റീരിയല്‍ ആണ്. നമ്മുടെ പ്രശ്നം രാഷ്ട്രീയമാണ്. എതിര് സ്ഥാനാര്‍ത്ഥികള്‍ ഉന്നയിക്കുന്ന രാഷ്ട്രീയവും നമ്മള് ഉന്നയിക്കുന്ന രാഷ്ട്രീയവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത് വ്യക്തികള്‍ തമ്മിലുള്ള മത്സരം അല്ല. വ്യക്തിപ്രഭാവത്തിന് ഇവിടെ ഒരു സ്ഥാനവും ഇല്ല. ഇവിടെ രാഷ്ട്രീയം തന്നെയാണ് മുഖ്യവിഷയം. ജനങ്ങളുടെ കണ്‍സേണ്‍ അതിനാണ്.
സുരേഷ് ഗോപി വന്നതോട് കൂടി തൃശ്ശൂരിലേത് ത്രികോണ മത്സരമാണ് എന്നവിലയിരുത്തലുകള് ഉണ്ട്?
മൂന്ന് പേരുണ്ടെങ്കില്‍ സ്വാഭാവികമായും ത്രികോണ മത്സരമായിരിക്കുമല്ലോ. ത്രികോണ മത്സരമെന്ന് നമ്മള് ഉദ്ദേശിക്കുന്നത് മൂന്ന് തുല്യ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോഴാണ്. ബിജെപിയും ബിജെപിയെ പ്രതിനിധീകരിച്ച് വരുന്ന സുരേഷ് ഗോപിയും തുല്യ ശക്തികളാണെന്നുള്ള അര്‍ത്ഥത്തിലാണ് നിങ്ങള്‍ സംസാരിക്കുന്നത്. പക്ഷേ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെ എത്തുള്ളുവെന്ന് നിങ്ങള്‍ക്ക് അറിയാം. അത് സുരേഷ് ഗോപിയുടെ പ്രശ്നമല്ല ബിജെപിയുടെ പ്രശ്നമാണ്. ബിജെപിക്ക് വോട്ട് ചെയ്യണമോയെന്നൊക്കെ ജനങ്ങള്‍ തീരുമാനിക്കും. സുരേഷ് ഗോപി എത്ര മഹാനായ നടനാണെങ്കിലും ശരി ബിജെപിയുടെ രാഷ്ട്രീയം അംഗീകരിക്കാന്‍ തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങള്‍ തയാറല്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും
ശബരിമല തങ്ങള്‍ക്ക് മുഖ്യ പ്രചാരണ ആയുധമാണെന്ന് ബിജെപി വ്യക്തമാക്കി കഴിഞ്ഞു. ഈ വിഷയം തൃശ്ശൂരില്‍ എങ്ങനെ പ്രതിഫലിക്കും.
ആര്‍ക്കാണ് ശബരിമല മുഖ്യവിഷയം. തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു മുഖ്യവിഷയമല്ല. ശബരിമല പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണ് അത് ഞാന്‍ നിഷേധിക്കുന്നില്ല. വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും സംബന്ധിക്കുന്ന പ്രധാനവിഷയമാണ്. പക്ഷേ അത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയം അല്ല. ബിജെപിക്ക് വേറെ ഒരു വിഷയവും ഉന്നയിക്കാന്‍ ഇല്ലാത്തത് കൊണ്ട് അവര്‍ ശബരിമല കുത്തിപ്പൊക്കി നാല് വോട്ട് നേടാന്‍ കഴിയുമോയെന്ന ശ്രമമാണ് നടത്തുന്നത്. പക്ഷേ ശബരിമലയില്‍ പോകുന്ന, എല്ലാവര്‍ഷവും ശബരിമല തീര്‍ത്ഥാടനം നടത്തുന്ന ഭക്തജനങ്ങള്‍ പോലും ബിജെപി എടുക്കുന്ന നിലപാടിനോട് യോജിക്കില്ല. അവര്‍ വ്യക്തമായി വേറൊരു നിലപാട് എടുത്തിരിക്കും. ഇത് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.
എന്തുകൊണ്ട് തൃശ്ശൂര്‍ താങ്കളെ തിരഞ്ഞെടുക്കണം?
ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുക്കേണ്ടത്. ആ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിവുള്ള ഒരാളെന്ന നിലയിലാണ് അവരെന്നെ തിരഞ്ഞെടുത്തത്. ദേശീയ രാഷ്ട്രീയത്തിലും സാര്‍വദേശീയ രാഷ്ട്രീയത്തിലും പ്രാദേശിക രാഷ്ട്രീയത്തിലുമായി 42 വര്‍ഷത്തെ രാഷ്ട്രീയ അനുഭവം ഉള്ള ആളാണ് ഞാന്‍. ഈ അനുഭവ സമ്പത്ത് ഒരു ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. ഇക്കാര്യം ഇടതുപക്ഷ ജനാധിപത്യമുന്നണി തിരിച്ചറിയുന്നുണ്ട്. ജനങ്ങളും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ജനങ്ങള്‍ എന്നെ തിരഞ്ഞെടുക്കും. അപ്പോഴും അത് വ്യക്തിനിഷ്ഠമല്ല. കൃത്യമായ രാഷ്ട്രീയ തീരുമാനം ആയിരിക്കും അത്.
വികേന്ദ്രീകൃത ജനാധിപത്യ സംവിധാനമുള്ള രാഷ്ട്രമാണ് നമ്മുടേത്. ഓരോരുത്തര്‍ക്കും അവരുടെതായ കാഴ്ച്ചപ്പാടുകളും അജണ്ടകളും ഉണ്ട്. അത് അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുക. ഒരു എം.പിക്ക് ഗവണ്മെന്റില് നിന്നും വ്യത്യസ്തമായൊരു വികസന പ്രവര്‍ത്തനം കൊണ്ടുവരാന്‍ കഴിയില്ല. ജനങ്ങളുടെ പ്രശ്നങ്ങളെന്തൊക്കെയാണെന്ന് കാല്‍ക്കുലേറ്റ് ചെയ്യുകയാണ് ഒരു എം.പി ചെയ്യേണ്ടത്. അത്തരത്തിലുള്ള നിരവധി പദ്ധതികള്‍ എന്റെ മുമ്പിലുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടുവന്നുകഴിഞ്ഞാല് അവ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. അപ്പോഴും ഏറ്റവും വലിയ പ്രതിബന്ധം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ് ഞാന്‍ ജനങ്ങളിലെത്തിക്കേണ്ടത്. ഉദാഹരണത്തിനായി നിരവധി കോള്‍ നിലങ്ങളുള്ള പ്രദേശമാണ് തൃശ്ശൂര്‍. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഇരുപ്പുകൃഷി,മത്സ്യകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നതിന് എല്‍ഡിഎഫ് ഗവണ്മെന്റ് 2006-2011 കാലയളവില്‍ ഏകദേശം 800 കോടിരൂപയുടെ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിനയച്ചു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായിട്ട് അഞ്ച് പൈസപോലും ഇത് വരെ ആ പദ്ധതിക്ക് നല്‍കിയില്ല. ഇതുവരെ അനുവദിക്കപ്പെട്ട 400 കോടി രൂപ നബാഡിന്റെയും രാഷ്ട്രീയ കൃഷി വികാസ് യോജനയുടെയും മാത്രമാണ് ആ പദ്ധതി കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെങ്കില്‍ സര്‍ക്കാര്‍ പണം നല്‍കണം.
പരിസ്ഥിതിയെ വേദനിപ്പിക്കാതെ ഒരു മെട്രോ റെയില്‍ സംവിധാനത്തെക്കുറിച്ചുള്ള പദ്ധതിയും എന്റെ മനസിലുണ്ട്. കൊച്ചി മെട്രോ നെടുമ്പാശ്ശേരി വരെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. നെടുമ്പാശ്ശേരി വരെ വരുന്ന കൊച്ചിമെട്രോ തൃശ്ശൂര്‍ വരെ ഭൂമിയേറ്റെടുക്കാതെ നാഷണല്‍ ഹൈവേയുടെ മീഡിയനില്‍ കൂടെയുള്ള പില്ലറുകള്‍ വഴി എത്തിക്കാന്‍ പറ്റും. അത് തൃശ്ശൂര്‍ കൊച്ചി ഹൈസ്പീഡ് കോറിഡോറായി അതിവേഗ മെട്രോ ഇടനാഴിയായി വികസിപ്പിച്ചുകഴിഞ്ഞാല്‍ സ്വകാര്യ വാഹനങ്ങളുടെ ഇന്ധനച്ചെലവും ഒപ്പം പരിസ്ഥിതി മലിനീകരണവും കുറയ്ക്കാം. ചിലവുകുറഞ്ഞതും സൗകര്യപ്രദവുമായ യാത്ര മെട്രോയില്‍ സാധ്യമാകും. അങ്ങനെ വന്നാല്‍ അത് കൊച്ചിനഗരത്തിനും തൃശ്ശൂര്‍ നഗരത്തിലും വലിയൊരു ആശ്വാസമാകും. നമ്മുടെ റോഡിന് ഇനിയും വീതികൂട്ടാന്‍ പറ്റില്ല. റെയില്‍വേയ്ക്ക് ട്രാക്ക് വര്‍ദ്ധിപ്പിക്കാനും പറ്റില്ല.
അതിനെല്ലാമുള്ള പ്രതിവിധിയാണ് മെട്രോ. ആയിരക്കണക്കിനു കോടി മുതല്‍ മുടക്കുളള ഈ പദ്ധതിയാണ്. അതിനാല്‍ തന്നെ പണം കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തണം. ഒരു നിര്‍ദ്ദേശമായി ഞാന്‍ ഈ പദ്ധതി മുന്നോട്ട് വയ്ക്കുകയാണ്. കളിമണ്ണുകൊണ്ടുള്ള ഓട് നിര്‍മ്മാണം ഒരു കാലത്തെ കേരളത്തില്‍ ധാരാളമുണ്ടായിരുന്നു. ഓട്ടുകമ്പനികള്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചിരുന്നത് തൃശ്ശൂരില്‍ ആയിരുന്നു. ഇപ്പോഴത് സമ്പൂര്‍ണമായി തകര്‍ന്നു കഴിഞ്ഞു. ഈ സ്ഥലങ്ങള്‍ ഉദ്പാദന ക്ഷമമല്ലാതായി വെള്ളക്കെട്ടായി മാറി. അവയെ പുനരുപയോഗ്യമായി മാറ്റണം. ഇത്തരം ഇടങ്ങളില്‍ മത്സ്യകൃഷി നടത്താം. മത്സ്യവിഭവങ്ങള്‍ സമാഹരിക്കുന്നതിനോടൊപ്പം ടൂറിസം വികസിപ്പിക്കാം. ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ എന്റെ ചിന്തയിലുണ്ട്. വികസനം അല്ല ഒരു തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം അത് രാഷ്ട്രീയമാണ്.
സി.എന്‍ ജയദേവന് സീറ്റ് നിഷേധിച്ചത് ചര്ച്ചായായിരുന്നല്ലോ ?
ജയദേവന് അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ബോഡികള്‍ ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. അദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ മാറിനില്‍ക്കേണ്ടതല്ലേ..എന്നാല്‍ സി.എന്‍ ജയദേവനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തനത്തിന്റെ ചുമതല വഹിക്കുന്നത്. അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എനിക്ക് തീരദേശ മേഖലയില്‍ അധികം പരിചയമില്ല. അദ്ദേഹമാണ് ഇവിടങ്ങളില്‍ എന്നെ കൂട്ടികൊണ്ട് പോയി വോട്ട് ചോദിച്ചത്. എന്നും രാവിലെയും വൈകിട്ടും എന്നെ വിളിക്കാറുമുണ്ട്.
വിജയിച്ചാല്‍ ഭൂരിപക്ഷം..?
അത് ജനങ്ങള്‍ തീരുമാനിക്കും. ഞാന്‍ പ്രതീക്ഷിക്കുന്നത് അഭിമാനകരമായ ഒരു ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Interview with Rajaji mathew thomas CPIM candidates from Thrissur