രണപരിഷ്കാരങ്ങളിലൂടെയും യുദ്ധസാമർഥ്യങ്ങളിലൂടെയും  ചരിത്രമെഴുതിയ ഷേർഷായുടെ മണ്ണാണ് സസാറാം. ഷേർഷാ സ്ഥാപിച്ച സുർ സാമ്രാജ്യത്തിന്റെ തലസ്ഥാനം. പിൽക്കാല മുഗൾ ഭരണത്തിന്  അടിത്തറയിട്ട ഷേർഷായുടെ ഭരണതന്ത്രങ്ങൾക്ക് കളമൊരുക്കിയ ഈ ചരിത്രപ്രദേശം പട്‌ന നഗരത്തിൽനിന്ന് 200 കിലോമീറ്റർ ദൂരെയാണ്. ഷേർഷായുടെ സ്മാരകമായി അഫ്ഗാൻ-ഇന്ത്യൻ വാസ്തുവിദ്യകൾ ചേർന്ന് സസാറാമിലെ ലഷ്‌കരിഗഞ്ചിൽ 1545-ൽ നിർമിച്ച ശവകുടീരം രണ്ടാം താജ്‌മഹൽ എന്നാണറിയപ്പെടുന്നത്.

നൂറ്റാണ്ടുകൾക്കുമുമ്പേയുള്ള ഷേർഷായുടെ  ചക്രവർത്തിഭരണകാലത്തിനുശേഷം ജനാധിപത്യ ഇന്ത്യയിൽ സസാറാമിന് ചരിത്രം നൽകിയത് ബാബു ജഗ്ജീവൻ റാമെന്ന ജനകീയനേതാവാണ്. ജാതിവിവേചനങ്ങൾക്കെതിരേ പോരാടി കോൺഗ്രസിന്റെ മുതിർന്നനേതാവായി ഇന്ത്യയുടെ ഉപപ്രധാനമന്ത്രിപദവിവരെ എത്തിയ ജഗ്ജീവൻ റാമിനെ പത്തുവട്ടം തിരഞ്ഞെടുത്ത മണ്ഡലമാണ് സസാറാം.

ബിഹാറിന്റെ പരുക്കൻ സ്വഭാവങ്ങൾ നിലനിൽക്കുന്ന ഈ മണ്ഡലത്തിൽ ഇക്കുറി തീയുയർത്തുന്ന തിരഞ്ഞെടുപ്പുയുദ്ധമാണ്. ജഗ്ജീവൻ റാമിന്റെ മകളും മുൻ ലോക്‌സഭാ സ്പീക്കറും പ്രതിപക്ഷത്തിന്റെ  രാഷ്ട്രപതിസ്ഥാനാർഥിയുമായിരുന്ന മീരാകുമാറും ബി.ജെ.പി. നേതാവ് ചേദി പസ്വാനും തമ്മിലാണ് മത്സരം. 2014-ൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 63,327 വോട്ടിന്റെ ഭൂരിപക്ഷത്തിന് ചേദിക്കായിരുന്നു വിജയം. ചേദി പസ്വാൻ  3,66,087 വോട്ടും മീരാകുമാർ 3,02,760 വോട്ടും നേടി. ഇപ്പോൾ സഖ്യത്തിലാണെങ്കിലും അന്ന് ബി.ജെ.പി.ക്കൊപ്പമല്ലാതെ മത്സരിച്ച ജെ.ഡി.യു.വിലെ കാര പരശുരാമയ്യ 93,310 വോട്ടുനേടിയിരുന്നു. ബി.എസ്.പി. 31,528 വോട്ടുനേടി. എന്നാൽ, തിരഞ്ഞെടുപ്പുകേസിനെത്തുടർന്ന് ചേദിയുടെ എം.പി.സ്ഥാനം നഷ്ടമായി. 

അച്ഛന്റെ പിന്തുടർച്ചയിലും 2004, 2009 വർഷങ്ങളിൽ ഈ മണ്ഡലത്തിൽ വിജയിച്ചതിന്റെ കരുത്തിലുമാണ് മീരാകുമാർ മത്സരിക്കാനിറങ്ങുന്നത്. പ്രചാരണത്തിരക്കിനിടയിൽ സസാറാം മണ്ഡലത്തിലെ മൊഹാനിയ എന്ന ചെറുനഗരത്തിലെ സർക്കാർ അതിഥിമന്ദിരത്തിൽ മീരാകുമാർ ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.

IMG

കഴിഞ്ഞതവണ പരാജയപ്പെട്ട മണ്ഡലമാണ് സസാറാം. ഇക്കുറി വിജയിക്കുമോ
 ഒരു സംശയവുമില്ല. ഞാൻ ഈ നാട്ടിലെ ജനങ്ങളെ സ്നേഹിക്കുന്നു. അവരെന്നെയും. എന്റെ കുടുംബത്തിന് ഈ മണ്ഡലവുമായി വർഷങ്ങളുടെ ബന്ധമുണ്ട്. അച്ഛൻ പത്തുതവണ വിജയിച്ചിട്ടുണ്ട്. ഇപ്പോഴും അച്ഛന്റെ സ്വാധീനം മണ്ഡലത്തിൽ ഉടനീളമുണ്ട്. ജനങ്ങളെയും സമൂഹത്തെയും സേവിക്കലാണ് എന്റെ പരമമായ ആഗ്രഹം. 80 വർഷം അച്ഛൻ സൂക്ഷിച്ച പാരമ്പര്യത്തിന്റെ തുടർച്ചയാണിത്.

ജഗ്ജീവൻ റാം മത്സരിച്ച കാലത്തെക്കുറിച്ച് ഓർമകളുണ്ടോ
 അദ്ദേഹം ഒരു ഇതിഹാസമായിരുന്നു. നമ്മൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിരുദ്ധവികാരത്തെക്കുറിച്ചൊക്കെ ചർച്ചചെയ്യാറുണ്ട്. എന്നാൽ, പത്തുവട്ടം  ജനങ്ങൾ ഒരേ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുത്ത നേതാവാണ് ജഗ്ജീവൻ റാം. അതൊരു അദ്‌ഭുതമാണ്. തിരഞ്ഞെടുപ്പുകാലത്ത് അച്ഛൻ  മണ്ഡലത്തിലുടനീളം പ്രചാരണവുമായി നടന്നിട്ടില്ല. സമയം കിട്ടിയിരുന്നില്ല എന്നതാണ് യാഥാർഥ്യം. അദ്ദേഹം മണ്ഡലത്തിൽ വരും. നാമനിർദേശപത്രിക സമർപ്പിക്കും. ചിലനേതാക്കളെ കാണും. പ്രവർത്തിക്കാനുള്ള നിർദേശങ്ങൾ നൽകും. അതിനുശേഷം രാജ്യം മുഴുവൻ പ്രചാരണവുമായി നീങ്ങും.

താങ്കൾ മഹാസഖ്യം സ്ഥാനാർഥിയാണ്. എന്നാൽ,  ബിഹാറിൽ മഹാസഖ്യം ഫലപ്രദമാണോ
 മഹാസഖ്യം ബിഹാറിൽ വൻ മുന്നേറ്റമുണ്ടാക്കാൻ പോകുകയാണ്. നിതീഷ് ഭരണത്തിനെതിരേയുള്ള കടുത്തവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുസഫർപുർ ലൈംഗികപീഡനം, അഴിമതിയാരോപണങ്ങൾ തുടങ്ങിയവ സംസ്ഥാനസർക്കാരിനുനേരെ കടുത്തരോഷം ജനങ്ങളിൽ ജനിപ്പിച്ചിട്ടുണ്ട്. ബിഹാറി എന്നനിലയിൽ എനിക്ക് കടുത്ത നാണക്കേടാണ് തോന്നുന്നത്. ഇതിനുനേരെ ജനങ്ങൾ പ്രതികരിക്കും. സാമ്പത്തിക അവസ്ഥയും  താറുമാറായിക്കഴിഞ്ഞു. ഒന്നുംചെയ്യാതെ മൗനംപാലിക്കുന്ന മുഖ്യമന്ത്രിക്കെങ്ങനെ സംസ്ഥാനം ഭരിക്കാൻ കഴിയും ?

രാജ്യവ്യാപകമായി മഹാസഖ്യം വളരുമെന്നും പ്രതിപക്ഷം മോദിയെ യോജിച്ചുനേരിടുമെന്നുമുള്ള  കണക്കുകൂട്ടൽ യാഥാർഥ്യമാകുമോ 
 ഞാനതിനെ അങ്ങനെയല്ല കാണുന്നത്. എൻ.ഡി.എ.യും യു.പി.എ.യും തമ്മിലുള്ള യുദ്ധമാണിതെന്ന് ഞാൻ കരുതുന്നില്ല. രാജ്യത്തിന് താത്‌പര്യമില്ലാത്ത ഒരു ആശയത്തിനെതിരേ രാജ്യത്തെ ജനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പാണ് തിരഞ്ഞെടുപ്പെന്നാണ് ഞാൻ കരുതുന്നത്. അതുസംഭവിക്കാൻ പോകുന്നു. ദേശീയതലത്തിൽ മോദിയും ബി.ജെ.പി.യും എൻ.ഡി.എ.യും പൂർണമായും തുടച്ചുനീക്കപ്പെടാൻ പോകുന്നു.

 ബി.ജെ.പി. പരാജയപ്പെടുമെന്നുപറയാൻ കാരണങ്ങൾ
 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ജനങ്ങൾ പറയാൻ തുടങ്ങിയിരിക്കുന്നു. പൊതുജനത്തെ, പ്രത്യേകിച്ച് പാവപ്പെട്ടവരെ മോദി കബളിപ്പിച്ചു. ജനങ്ങൾ മോദിഭരണത്തിൽ ദുഃഖിതരാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളം പറയുന്നു. മോദി ഓരോ സമയത്തും തന്റെ വിഷയം മാറ്റുകയാണ്. ഇത്തവണ അദ്ദേഹം തന്റെ പഴയ വാഗ്ദാനങ്ങളെക്കുറിച്ച് ഒന്നുംമിണ്ടുന്നില്ല. രാഷ്ട്രവാദത്തെയും  ദേശഭക്തിയെയും കുറിച്ച് വാചകമടിക്കുന്നു. എന്നിട്ട് ഞങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നു. നുണ പറയാനുള്ള സാമർഥ്യം അദ്ദേഹത്തിനുണ്ട്. എന്നാൽ, ഇക്കുറി ജനങ്ങൾ അത് വിശ്വസിക്കാൻ പോകുന്നില്ല.

മോദിയെ നേരിടാൻ രാഹുൽ പ്രാപ്തനാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ
 തീർച്ചയായും. രാഹുൽ പോരാടുകയാണ്, ആ പോരാട്ടത്തിൽ ജനങ്ങളെ കൂടി അദ്ദേഹം പങ്കെടുപ്പിക്കുന്നു. മോദി മുന്നോട്ടുവെക്കുന്ന  ആശയത്തിനുനേരെയുള്ള പോരാട്ടമാണ് രാഹുൽ നടത്തുന്നത്. മോദിയുടെ  ആശയം രാജ്യത്ത് തുടരുന്നതിൽ ഞങ്ങൾക്ക് താത്‌പര്യമില്ല. ഇത് രാജ്യത്തെ വിഭജിക്കും. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്. അവർ ഭയത്തിലാണ് ജീവിക്കുന്നത്. ആൾക്കൂട്ടക്കൊല നടക്കുന്നു. ഇന്ത്യയുടെ പരമ്പരാഗതസംസ്കാരത്തെ അവർ തകർക്കുകയാണ്. ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും ഇതിന്റെ ദുരന്തങ്ങളനുഭവിക്കുന്നു.

Content Highlights: interview with meera kumar