കൊല്ലം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന് സംസാരിക്കുന്നു
വിജയ പ്രതീക്ഷ നല്കുന്ന പ്രധാനഘടകങ്ങള്‍
വിജയപ്രതീക്ഷ നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു മതേതര ജനാധിപത്യ ഗവര്‍ണമെന്റ് രാജ്യത്ത് അധികാരത്തില്‍ വരണമെന്നുള്ള ഒരു പൊതുതാല്പര്യം. പ്രത്യേകിച്ചും കേരളത്തെ സംബന്ധിച്ച് പ്രത്യേക താല്പര്യം ആ കാര്യത്തിലുണ്ട് എന്നുള്ളത് കൊണ്ട് തന്നെ നിലവുലുള്ള ബി.ജെ.പി യുടെ നേതൃതത്തിലുള്ള ഗവര്ണ്മെന്റിനെതിരായി ഫലപ്രദമായൊരു ബദല്‍ ഗവര്ണ്മെന്റ്, ബദല്‍ മുന്നണി രൂപീകരിക്കാനുള്ള നേതൃപരമായ സംഘടനാശേഷിയും കഴിവും ഇന്നുള്ളത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഐക്യ പുരോഗമന സഖ്യത്തിനുമാണെന്ന നല്ല തിരിച്ചറിവ് ദേശീയ തലത്തില്‍ തന്നെ പൊതുവായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരു മൂന്നാം മുന്നണിയുടെ പ്രസക്തി ഈ തിരഞ്ഞെടുപ്പില്‍ ഇല്ല എന്നുള്ളത്കൊണ്ട് തന്നെ ഒരൊറ്റ ഓപ്ഷന് മാത്രമേ ബാക്കിയുള്ളു, കോണ്‍ഗ്രസിന്റെ നേതൃതത്തിലുള്ള ഐക്യ പുരോഗമന സഖ്യം. അത്തരത്തിലുള്ള ഒരു മതേതര ജനാധിപത്യ സഖ്യം ദേശീയ തലത്തില്‍ അധികാരത്തില്‍ വരണമെന്നുള്ള രാഷ്ട്രീയം തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായി വരാന്‍ പോകുന്നത്. അത് തിരഞ്ഞെടുപ്പില്‍ വളരെ അനുകൂലഘടകമായി മാറിത്തീരുമെന്നുള്ളതാണ് ഒരു പ്രതീക്ഷ.
രണ്ട്, കഴിഞ്ഞ അഞ്ച് വര്‍ഷമായി പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഈ നിയോജക മണ്ഠലത്തിന്റെ വികസനപ്രവര്‍ത്തനങ്ങളിലും ജനക്ഷേമപ്രവര്‍ത്തനങ്ങളിലും വഹിച്ചിട്ടുള്ള പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്. അര്‍ത്ഥപൂര്‍ണമായ വികസനപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസത്തിനും, പ്രതീക്ഷയ്ക്കുമനുസരിച്ച് അഞ്ച് വര്‍ഷക്കാലം കൊല്ലം നിയോജകമണ്ഡലത്തില്‍ അവരുടെ പ്രതീക്ഷയ്ക്കുമനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നതുതന്നെയാണ് ചാരിതാര്ത്ഥ്യജനകമായിട്ടുള്ള സംഗതി. മാത്രവുമല്ല പാര്‍ലമെന്ററി രംഗത്തെ പെര്‍ഫോര്‍മെന്‍സ്, പാര്‍ലമെന്റിനകത്ത് വളരെ മികവുറ്റ അല്ലെങ്കില്‍ ഏറ്റവും മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട പാവപ്പെട്ടവരുടെ നാവായി പാര്‍ലമെന്റില്‍ മാറാനും കഴിഞ്ഞുവെന്നുള്ളത് ഈയവസരത്തില്‍ ശ്രദ്ധേയമാണ്. കശുവണ്ടി തൊഴിലാളികള്‍, അറുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന എംപ്ലോയീസ് പെന്ഷന് സ്കീമില്‍ അംഗങ്ങളായിട്ടുള്ള പി.എഫുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, വ്യവസായ തൊഴിലാളികള്‍, അതുപോലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കേഴ്സ്, അംഗന്‍വാടി വര്‍ക്കേഴ്സ് തുടങ്ങി നാനാമേഖലയിലുള്ള തൊഴിലാളികളുടെ അടിസ്ഥാനപരമായ ആവശ്യസംരക്ഷണത്തിനും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വേണ്ടി നിയമനിര്‍മാണരംഗത്ത് സ്വകാര്യബില്ലുകളടക്കം അവതരിപ്പിച്ചുകൊണ്ടും സ്വകാര്യപ്രമേയങ്ങള് അവതരിപ്പിച്ചുകൊണ്ടും പാര്‍ലമെന്റില്‍ ശക്തമായി ഇടപെടാന്‍ കഴിഞ്ഞതിന്റെയും ഭാഗമായി ഒരുപാട് നേട്ടങ്ങള്‍ ഈ മേഖലയിലുണ്ടായിട്ടുണ്ട്. ഇ.എസ്.ഐയുടെ കാര്യത്തിലുണ്ടായ നേട്ടങ്ങള്‍ തീര്‍ച്ചയായും ഈ തിരഞ്ഞെടുപ്പില്‍ നല്ലതുപോലെ പ്രതിഫലിക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനവും നിയോജകമണ്ഠലത്തിലെ വികസനോന്മുക പ്രവര്‍ത്തനവും അഞ്ചുവര്‍ഷക്കാലം ഒരു എം.പിയെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തുവെന്നത് ഈ തിരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്നുതന്നെയാണ് എന്റെ വിശ്വാസം.
മൂന്നാമത്തെ പ്രധാന ഘടകം സംസ്ഥാന ഗവര്‍ണമെന്റ് തന്നെയാണ്. പ്രത്യേകിച്ചും ശബരിമല യുവതീപ്രവേശം, അതുപോലെ ചര്‍ച്ച് ബില്‍, അതുപോലെ മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പട്ടുയര്ന്നുവന്ന വിവാദം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാണ്. വിശ്വാസസമൂഹം ഇത്രയേറെ അപമാനിക്കപ്പെട്ട ഒരു കാലഘട്ടം കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അതിനെതിരായി ഒരു വലിയ ബഹുജനവികാരം ഇന്നുണ്ട്. അത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ അല്ല, അതിനെല്ലാമപ്പുറം ഒരു പൊതുവികാരമിന്നാകാര്യത്തെ സംബന്ധിച്ചടത്തോളമുണ്ട്. അത് നല്ലത്പോലെ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പിന്നെ, മൂന്നു വര്‍ഷം പിന്നിട്ട ഈ സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍: ഓഖിയായാലും പ്രളയമായാലും കര്ഷകാത്മഹത്യയായാലും എല്ലാ മേഖലയിലും പരാജയപ്പെട്ട ഒരു സര്‍ക്കാരാണ് ഇന്ന് കേരളത്തിലേത്. ഈ ഘടകങ്ങളെല്ലാം കൂടെ ഒത്തുചേരുമ്പോള്‍ സ്വാഭാവികമായി ഈ തിരഞ്ഞെടുപ്പ് യു.ഡി.എഫിനു പൊതുവെ അനുകൂലമാകും, കൊല്ലത്ത് പ്രത്യേകിച്ചും അനുകൂലമാകും.
മറ്റൊരുകാരണം കൊല്ലത്തെ കശുവണ്ടി തൊഴിലാളികള്‍ തന്നെയാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അടഞ്ഞുകിടക്കുന്ന അണ്ടിയാപ്പീസുകള്‍ മുഴുവന്‍ തുറന്നുപ്രവര്ത്തിപ്പിക്കുമെന്നും, തുറക്കാത്ത ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വര്‍ധിപ്പിച്ച മിനിമം കൂലിയും പൂര്‍ണ്ണ ഡി.എയും കൊടുത്ത് വ്യവസായം വര്‍ദ്ധിപ്പിക്കുമെന്നും പ്രഖ്യപിച്ചുകൊണ്ടാണ് 2016 ല്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പതിനൊന്ന് സീറ്റിലും ഇരുപതിനായിരത്തലഘികം വോട്ടിനു ജയിപ്പിച്ചു. കശുവണ്ടി തൊഴിലാളികളുടെ വോട്ടായിരുന്നു അത്, വലിയ പ്രതീക്ഷയായിരുന്നു അവര്‍ക്ക്. എന്നാല്‍ ബഹുഭൂരിപക്ഷം ഫാക്ടറികള്‍ ഇന്നും അടഞ്ഞു കിടക്കുന്നു. നാമമാത്രമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലാണെങ്കില്‍ കനത്ത നിയമനിഷേധമാണുള്ളത്. മിനിമം കൂലി കൊടുക്കുന്നില്ല, ഡി.എ കൊടുക്കുന്നില്ല, പി.എഫ് ഇല്ല, ഇ.എസ്.ഐ ഇല്ല. സ്റ്റാറ്റൂറ്ററിയായി കൊടുക്കേണ്ട ഒരു ആനുകൂല്യങ്ങളൊന്നും കൊടുക്കാതെ ഏറ്റവും വലിയ നീതിനിഷേധമാണ് ഇന്ന് കശുവണ്ടി വ്യവസായ മേഖലയില്‍ കൊല്ലത്ത് നടക്കുന്നത്. അതിനെതിരായി അതിശക്തമായൊരു വികാരിന്ന് കൊല്ലത്തുയര്ന്നു വരുന്നുണ്ട്. ഇതെല്ലാംകൂടി കള്മിനേറ്റ് ചെയ്യുമ്പോള്‍ സ്വാഭാവികമായും ശക്തമായൊരു മുന്നേറ്റം യു.ഡി.എഫിനു ഈ തിരഞ്ഞെടുപ്പില്‍ കൈവരിക്കാന്‍ കഴിയുമെന്നുതന്നെയാണ് എന്റെ വിശ്വാസം.
കശുവണ്ടി ഫാക്ടറികള്ക്കെതിരായി ലോക്സഭയില്‍ പ്രസംഗം നടത്തി എന്ന ആരോപണത്തെക്കുറിച്ച്
കശുവണ്ടിവ്യവസായത്തിലുള്ള അനാശാസ്യപ്രവണതകള്‍ ഒഴിവാക്കണമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതിനാണല്ലൊ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പൊ ഒരു കാഷ്യൂ ബോര്‍ഡ് രൂപീകരിച്ചത്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കശുവണ്ടിയെടുക്കാനെന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് രൂപീകരിച്ചത്. ഏറ്റവും വലിയ അഴിമതിയും തീവെട്ടികൊള്ളയുമാണ് അവിടെ നടക്കുന്നത്. കശുവണ്ടി വ്യപാരരംഗത്തെ അനഭലഷണീയമായിട്ടുള്ള പ്രവണതകള്‍ ഒഴിവാക്കണമെന്നാണ് ഞാനാവശ്യപ്പെട്ടത്. കശുവണ്ടിയില്‍ ഇറക്കുമതിചുങ്കം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടിട്ടില്ല എന്നുമാത്രമല്ല, ബജറ്റ് അവതരിപ്പിച്ചതിനു ശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ തന്നെ തോട്ടണ്ടിയുടെ ഇറക്കുമതിചുങ്കം പിന്‍വലിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹവാല പണം ഉപയോഗിച്ചു നടത്തുന്ന കച്ചവടത്തില്‍ കുത്തകകള്‍ വന്‍ ലാഭം കൊയ്യുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം വളരെ നേരത്തെ ഉയര്‍ന്നതാണ്. പക്ഷെ തൊട്ടണ്ടിയുടെ ഇറക്കുമതിചുങ്കവും ഇതുമായി ബന്ധപ്പെടുത്തേണ്ട ഒരു കാര്യവുമില്ല. ഇടനിലക്കാരെ ഒഴിവാക്കാനാണ് കാഷ്യൂ ബോര്‍ഡ് രൂപീകരിച്ചതെങ്കിലും ഇപ്പോള്‍ ഇടനിലക്കാര്‍ മാത്രമാണ് അണ്ടി വാങ്ങുന്നത്.
ബി.ജെ.പി ബന്ധം എന്ന എല്‍.ഡി.എഫ് ആരോപണം
സി.പി.എം ഈ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ചെയ്യുന്നത് പരാജയപ്പെടുത്താന്‍ ഒരു മാര്‍ഗവുമില്ല എന്ന് കണ്ടപ്പോള്‍ അപവാദങ്ങള്‍ പറഞ്ഞ് പരത്തുകയാണ് അവര്‍ സ്വീകരിച്ചിക്കുന്ന തന്ത്രം. ബി.ജെ.പി ബന്ധം എന്ന ആരോപണവും അതിന്റെ ഭാഗം തന്നെയാണ്. ഡിസംബര്‍ 27ന് നരേന്ദ്ര മോദിയവതരിപ്പിച്ച മുത്തലാഖ് ബില്ലിനെതിരെ ഞാനാണ് നിരാകാരണപ്രമേയം അവതരിപ്പിച്ചത്. ആ ബില്ലിന്റെ വിവിധ വശങ്ങള് ഞാന്‍ വിശകലനം ചെയ്തശേഷമാണ് ആ ബില്ലിന്റെ അപകടകരമായിട്ടുള്ള അവസ്ഥയെ സംബന്ധിച്ച് ആളുകള്‍ക്ക് ബോധ്യം ഉണ്ടായത്. മുസ്ലീം പെണ്‍കുട്ടികള്‍ അനാഥരാവുകയും മുസ്ലീം ചെറുപ്പക്കാരെ അകാരണമായി തടവിലാക്കാനും പോകുന്ന ആ ബില്ല് ദേശീയ തലത്തില്‍ വലിയ സംവാദത്തിനിടയാക്കി. അതിന്റെ പ്രാകൃത സ്വഭാവത്തെപറ്റി കൃത്യമായി ചൂണ്ടികാണിച്ചുകൊണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തിന് പൊതുസമൂഹത്തില്‍ വലിയ അംഗീകാരമുണ്ടായി. അങ്ങനെ ഞാന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടിയ സ്വീകാര്യത ഇല്ലാതാക്കാന്‍ ആണ് എന്നെ അവര്‍ ഒരു സംഘിയാക്കി ചിത്രീകരിച്ചത്. കണ്ണൂരിലും വടകരയിലുമെല്ലാം സി.പി.എം ഈ തന്ത്രമാണ് ഉപയോഗിക്കുന്നത്. ചെങ്ങന്നൂരില്‍ അവരുടെ ഈ തന്ത്രം വിജയിച്ചതിനുശേഷം എല്ലായിടത്തും ഇത് പ്രയോഗിക്കാമെന്നാണ് അവര്‍ വിചാരിക്കുന്നത്. അങ്ങനെ ബി.ജെ.പിയിലേക്ക് മാറാനായിരുന്നുവെങ്കില് കഴിഞ്ഞ 5 വര്‍ഷമായി ഏകാംഗപാര്‍ട്ടിയായിരുന്ന എനിക്ക് എപ്പോള്‍ വേണമെങ്കിലും പോകാമായിരുന്നു.
ന്യൂനപക്ഷ വോട്ടുകള്‍
മതേതരവോട്ടുകളുടെ ഏകീകരണം ആയിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ വിജയം. ന്യൂനപക്ഷം മാത്രമല്ല ഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികള്‍ കോണ്‍ഗ്രസിനു വലിയ വിജയം നേടിത്തരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. നിങ്ങള്‍ വിചാരിക്കുന്നതുപോലെ എസ്.എന്‍.ഡി.പി യുടെ നിലപാട് വ്യത്യസ്തമല്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിന്റെ നിലപാട് അല്ല എസ്.എന്‍.ഡി.പി മുന്നോട്ടുവക്കുന്നത്. അവരുടെയെല്ലാം ആരാധനാമൂര്‍ത്തിയായ സ്വാമി അയ്യപ്പന് ഈ രൂപത്തില്‍ അവഹേളിക്കപ്പെടുന്നത് അവര്‍ക്ക് കണ്ട് നില്‍ക്കാനാവില്ല.
ശബരിമല വിഷയം ദോഷം ചെയ്യുമോ?
ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചത് യു.ഡി.എഫ് ആണ്. വലിയൊരു വിശ്വാസ സമൂഹത്തിന്റെ പ്രശ്നമാണിതെന്ന് പറഞ്ഞ് അഫിഡവിറ്റ് കൊടുത്തത് യു.ഡി.എഫ് ആണ്. ആ അഫിഡവിറ്റാണ് പിണറായി വിജയന് മാറ്റിയത്. എന്നാല്‍ ബി.ജെ.പിക്ക് ഈ പ്രശ്നം ഒരു ഓര്‍ഡിനന്‍സ് മുഖേന പരിഹരിക്കാമായിരുന്നു. എന്ത് കൊണ്ട് ശബരിമല വിഷയത്തില്‍ ബി.ജെ.പി നിയമനിര്‍മാണം നടത്തിയില്ല. ആത്മാര്‍ഥമായി ഈ വിഷയത്തില്‍ ഇടപെട്ടത് യു.ഡി.എഫാണ് അത് വിശ്വാസി സമൂഹം തിരിച്ചറിയുന്നുണ്ട് അത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് വിശ്വാസം
രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമൊ?
കേരളത്തിലെ 20 ലോക്സഭ സീറ്റുകളില്‍ അത് നല്ലത്പോലെ പ്രതിഫലിക്കും. രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ മത്സരിക്കുന്നത് മതേതര വോട്ടുകളുടെ ഏകീകരണത്തിന് വഴിയൊരുക്കും.
കൊല്ലത്തെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മേധാവിത്വം തിരിച്ചടിക്കുമോ?
ഒരൊറ്റ മണ്ഡലം മാത്രമായിരുന്നു 2009ലും 2014ലും യു.ഡി.എഫിനു ഉണ്ടായിരുന്നത്. പാര്‍ലമെന്റ്, നിയമസഭ, പഞ്ചായത്ത് എന്നീ മൂന്ന് തിരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. അതുകൊണ്ട് മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്കൊരിക്കലും ഇത് പറയാനാവില്ല.
കൊല്ലത്തെ വോട്ടര്‍മാരോട് പറയാനുള്ളത്
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ജനങ്ങള്‍ക്ക് ഞാന്‍ കൊടുത്ത വാഗ്ദാനങ്ങളിലും എന്റെ സത്യസന്ധതയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് ലോക്സഭയിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് 2019ല്‍ പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്ന ആത്മാഭിമാനം എന്നിലുണ്ട്. അപവാദപ്രചരണങ്ങളില്‍ നിങ്ങള്‍ വഞ്ചിതരാകരുത് എന്നാണ് എന്റെ വോട്ടര്‍മാരോട് വിനീതമായി എനിക്ക് അപേക്ഷിക്കാനുള്ളത്.
ണദലൂാലൂ ഫഗുപതഗുപൂേ: Interview with Kollam UDF candidate NK Premachandran on LokSabhaElection2019