കൊല്ലം ലോക്‌സഭമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍ സംസാരിക്കുന്നു

വിജയ പ്രതീക്ഷ

2004-ല്‍ നടന്ന ലോക്സഭ ഇലക്ഷനില്‍ ഇരുപതില്‍ പത്തൊന്‍പത് സീറ്റുകള്‍ നേടിയ ഒരു ചരിത്രം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ട്. സമാനമായ ഒരു അന്തരീക്ഷമാണ് ഈ തിരഞ്ഞെടുപ്പിലും നമ്മള്‍ കാണുന്നത്. മാത്രവുമല്ല, ബി.ജെ.പിയുടെ ഭീഷണി നിറഞ്ഞ ഭീകരമായ ഭരണം അവസാനിക്കണം എന്നെല്ലാവരും ആഗ്രഹിക്കുന്നുണ്ട്. മതനിരപേക്ഷ ഗവണ്‍മെന്റുണ്ടാകാന്‍ ഏറ്റവും നല്ല നിലപാട് എടുക്കാന്‍ കഴിയുക ഇടതുപക്ഷത്തിനാണെന്നത് എല്ലാവരും തിരിച്ചറിയുന്നു. യു.ഡി.എഫ് പല സ്ഥലത്തും ബി.ജെ.പിയുമായി നീക്കുപോക്കുണ്ടെന്ന് വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട് ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. അതു കൊണ്ടു തന്നെ അവരുടെ വിശ്വാസ്യതയക്ക് കുറവുണ്ട്. ഇടതുപക്ഷത്തിന്റെ കേരളത്തിലെ നേട്ടങ്ങള്‍,കേന്ദ്രത്തിന്റെ നിലപാടുകള്‍ ഇതെല്ലാം നോക്കുമ്പോള്‍  ഇടതുപക്ഷത്തിന് അനുകൂലമായി എല്ലാവരും ചിന്തിക്കുമെന്ന് വിശ്വസിക്കുന്നു.

കശുവണ്ടി വ്യവസായത്തിന്റെ തകര്‍ച്ച ഇടതുപക്ഷത്തിന് ദോഷം ചെയ്യുമോ?

സര്‍ക്കാര്‍ അധീനതയില്‍ ഉണ്ടായിരുന്ന കാപെക്സ് അടക്കമുള്ള എല്ലാ കശുവണ്ടി ഫാക്ടറിയും മൂന്നു വര്‍ഷം മുമ്പ് അടച്ചുകിടക്കുകയായിരുന്നു. ഇന്നിപ്പോള്‍ 70 ശതമാനം കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. കശുവണ്ടി വ്യവസായത്തിന്റെ തകര്‍ച്ച ആരംഭിച്ചത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏര്‍പ്പെടുത്തിയ 9.36 ശതമാനം ഇറക്കുമതി നികുതി ഏര്‍പ്പെടുത്തിയതിന് ശേഷമാണ്. പാര്‍ലമെന്റിലെ കൊല്ലത്തെ ലോക്സഭ അംഗം അവിടെ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ഏര്‍പ്പെടുത്താന്‍ വച്ചിരുന്ന നികുതി 5 ശതമാനത്തില്‍ നിന്നും 9.36 ശതമാനം ആയി ഉയര്‍ത്തിയത്. തൊഴിലാളികളോട് അങ്ങേയറ്റം വഞ്ചനാപരമായ ഈ പ്രവൃത്തി ചെയ്തിട്ടാണ് പ്രേമചന്ദ്രന്‍ കശുവണ്ടി വ്യവസായത്തിന്റെ തകര്‍ച്ചയെപ്പറ്റി കുറ്റം പറഞ്ഞ് നടക്കുന്നത്. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ കോപ്പി കൂടി വച്ചിട്ടാണ് ഞാനിത് പറയുന്നത്. ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ 300 കോടിയാണ് ഈ മേഖലയിലേക്ക് മാറ്റിവച്ചത്.

ശബരിമല വിഷയം എല്‍.ഡി.എഫിനെ ബാധിക്കുമോ?

ശബരിമല  വിഷയത്തില്‍ ഇടതുപക്ഷം മോശമായ സമീപനം എടുത്തിട്ടില്ലെന്ന് ജനങ്ങള്‍ക്കറിയാം. സുപ്രീം കോടതി ജഡ്ജിമാര്‍ ആരെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് പറയുന്നതില്‍ ന്യായമുണ്ട്. സുപ്രീം കോടതിയൊരു വിധി പറഞ്ഞാല്‍ നരേന്ദ്ര മോദിയ്ക്ക് അത് നടപ്പിലാക്കാതിരിക്കാന്‍ പറ്റുമോ? അത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും കാര്യം. മതപരമായ കാര്യങ്ങള്‍ പ്രചരണത്തില്‍ ഉള്‍പ്പെടുത്തരുത് എന്ന് പറഞ്ഞിട്ടും അത് തന്നെയാണവര്‍ ചെയ്യുന്നത്. എല്ലാ മതത്തില്‍ പെട്ട വിശ്വാസികളും ഏറ്റവുമധികം ഉള്ള ഒരു പ്രസ്ഥാനമാണ് ഇടതുപക്ഷം.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന് ബലം പകരുമോ?

കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇതില്‍നിന്നും ആദ്യം മനസ്സിലാക്കിയത് രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ നില പരുങ്ങലിലാണ് എന്ന തോന്നലാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.പി യിലെ എണ്‍പത് സീറ്റുകളില്‍ ആകെ 2 സീറ്റ് മാത്രമെ കോണ്‍ഗ്രസിനു നേടാനായിട്ടുള്ളു. രാഹുല്‍ ഗാന്ധി ജയിക്കാനായിട്ട് കേരളത്തിലേക്ക് വന്നു എന്ന തോന്നല്‍ ആളുകളിലുണ്ടായിട്ടുണ്ട്.

യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ സംഘിയാക്കാന്‍ ശ്രമം എന്ന ആരോപണം

ഞങ്ങളാരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ല. ജനങ്ങളാണ് ഓരോന്ന് മനസ്സിലാക്കുന്നത്. എന്നാല്‍ ശ്രീ. പ്രേമചന്ദ്രന്‍ എല്‍.ഡി.എഫില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യു.ഡി.എഫിലേക്ക് പോയതിനെ ഞങ്ങള്‍ ശക്തമായി വിമര്‍ശിക്കാറുണ്ട്. വഞ്ചനയാണ് അവര്‍ കാണിച്ചത്  മാത്രവുമല്ല കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ വേണ്ടി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയും ഇതിന്റെ പിന്നിലുണ്ട്.

സാമുദായിക സംഘടനകളുടെ നിലപാട് 

ഏറ്റവും വലിയ പ്രശ്‌നം ജനങ്ങളുടെ ജീവിത പ്രശ്‌നമാണ്. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും പോരാടുന്നതും ഇടതുപക്ഷമാണെന്നുള്ള ബോധം ജനങ്ങള്‍ക്കുള്ളതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് അനുകൂലമായി ജനങ്ങള്‍ ചിന്തിക്കുന്നുണ്ട്. സംഘടനകള്‍ ധാരാളമുണ്ട് എപ്പോഴും ജീവിതപ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ജനങ്ങള്‍ വോട്ട് ചെയ്യുക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ആശങ്കയിലാണ് അക്രമകാരികളായ ആര്‍.എസ്.എസിനെ ഒരു സമുദായവും അംഗീകരിക്കില്ല.

വോട്ടര്‍മാരോട്

കൊല്ലം ജില്ലയിലെ ജനങ്ങള്‍ക്ക് ഞാന്‍ ഒട്ടും അപരിചിതനല്ല. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല, വിവിധ മേഖലകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നന്നാക്കാനും, ഈ ജില്ലയുടെയും മണ്ഡലത്തിന്റെയും വികസനത്തിനുവേണ്ടി ഏറ്റവും സത്യസന്ധമായി ഞാന്‍ ഉണ്ടാകും എന്നാണ് എനിക്ക് പറയാനുള്ളത്. 

Content Highlights: Interview with Kollam LDF candidate KN Balagopal on LokSabha Election 2019