പാലക്കാട് നഗരസഭയുടെ വൈസ് ചെയര്‍മാനായിരിക്കേയാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നിയോഗം സി.കൃഷ്ണകുമാറിന് വന്നുചേരുന്നത്. ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രതീക്ഷകളേക്കുറിച്ചും സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളേക്കുറിച്ചും മനസ് തുറന്നപ്പോള്‍.

ബി.ജെ.പി പാലക്കാട് ഉയര്‍ത്തുന്ന മുദ്രാവാക്യം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എടുത്തുപറയത്തക്കതായി ഒരു വികസനവും പാലക്കാടില്ല. 23 വര്‍ഷമായി ഇടതുപക്ഷത്തിന്റെ എം.പിമാരാണ് പാലക്കാടിനെ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ വികസനമാണ് പാലക്കാട് ബി.ജെ.പിയുടെ അജണ്ട.

നഗരസഭാ വൈസ് ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവൃത്തി പരിചയവും വികസന കാഴ്ചപ്പാടും

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭയാണ് പാലക്കാട്. പക്ഷേ പാലക്കാട് ശ്രദ്ധേയമായ വികസനപ്രവര്‍ത്തനങ്ങളൊന്നും യുഡിഎഫിന്റെ ഭരണകാലഘട്ടത്തില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് പാലക്കാട് നഗരത്തിന്റെ മുഖച്ഛായ മാറുന്നതരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. നഗരത്തിന്റെ അടിസ്ഥാന വികസനത്തിന് 235 കോടി രൂപയുടെ അമൃത് പദ്ധതി പാലക്കാട് നഗരത്തിനായി നേടിയെടുക്കാനും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും കഴിഞ്ഞു. ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ കേരളത്തില്‍ ഒന്നാമതാവാന്‍ പാലക്കാടിന് കഴിഞ്ഞവര്‍ഷം സാധിച്ചു. 100 ശതമാനം സിസിടിവി കവറേജ് ഉള്ള ആദ്യത്തെ നഗരമായി പാലക്കാട് മാറാന്‍ പോവുകയാണ്. ഇത്തരത്തിലുള്ള വികസനനേട്ടങ്ങള്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സാധിക്കും.

എന്തുകൊണ്ട് പാലക്കാട് ബി.ജെ.പി വിജയിക്കണം?

ഒന്നാമത്തെ കാര്യം വികസനമുരടിപ്പാണ്. പ്രചാരണത്തിനായി കോയമ്പത്തൂരിലേക്ക് പോകുന്ന പാസഞ്ചര്‍ തീവണ്ടിയില്‍ കയറിയിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി കോയമ്പത്തൂരിലേക്ക് പോകുന്നത്. നിരവധി ചെറുപ്പക്കാരാണ് ജോലി അന്വേഷിച്ച് പോകുന്നത്. ഇതിനൊരു പരിഹാരമുണ്ടാവണം. പാലക്കാട് അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പാലക്കാട് വരണം. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തന്നെ ജോലി കിട്ടാനുള്ള തൊഴില്‍ സംരംഭങ്ങള്‍ പാലക്കാട് വരണം. ഇതെല്ലാം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ വിസ്മരിക്കുകയായിരുന്നു. അതിനൊരു പരിഹാരമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

പാലക്കാട് നടക്കുന്നത് ത്രികോണ മത്സരമോ?

തീര്‍ച്ചയായും. ഇത്തവണ ബി.ജെ.പിയും മറ്റ് രണ്ട് മുന്നണികളും തമ്മിലാണ് മത്സരം. ബി.ജെ.പി ഇത്തവണ കേരളത്തില്‍ ചരിത്ര വിജയം നേടും. പാലക്കാടിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുന്ന ഒരു വിജയം പാലക്കാട് ഉണ്ടാവും.

രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമ്പോള്‍

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ മത്സരിക്കാനെത്തുന്നു എന്നു പറയുമ്പോള്‍ ദേശീയതലത്തില്‍ അത് ശ്രദ്ധിക്കപ്പെടും. പക്ഷേ അദ്ദേഹത്തിന്റെ കുടുംബം വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന അമേഠി ലോക്‌സഭാ സീറ്റിലെ പരാജയം ഉറപ്പാക്കിയതിന്റെ ഫലമായിട്ടാണ് രാഹുല്‍ അവിടെ നിന്നും ഒളിച്ചോടി വയനാട്ടിലേക്ക് വരുന്നത്. തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വയനാട്ടില്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കോണ്‍ഗ്രസ് പരാജയം മുന്‍കൂട്ടി കണ്ടിരുന്നു

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സീറ്റുകിട്ടാനായി മത്സരിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ആ പതിവിന് വ്യത്യസ്തമായിട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതിന് വിമുഖത കാട്ടി. അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസ് പരാജയം മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്‍കാലങ്ങളിലേതുപോലെ ഇടതുപക്ഷത്തിനെതിരായുള്ള വോട്ട് കിട്ടില്ലെന്ന് അവര്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇത്തവണ ഇടതുപക്ഷത്തിന് ബദലായി കേരളത്തിലെ ജനങ്ങള്‍ കാണുന്നത് എന്‍.ഡി.എ.യാണ്. എന്‍.ഡി.എ വലിയ മുന്നേറ്റം നടത്തും. തങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് യു.ഡി.എഫ് ഉറപ്പിച്ചതിന്റെ ഫലമായിട്ടാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ മത്സരിക്കാനിറങ്ങാത്തത്.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണം

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തന്നെ കാരണം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. സാധാരണക്കാര്‍ തൊട്ട് ഏറ്റവും ഉയര്‍ന്ന തട്ടിലുള്ള ആളുകള്‍ക്ക് വരെ ഇത്രയേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വേറൊരു സര്‍ക്കാറില്ല. ആ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഇന്ത്യയിലെ മുഴുവന്‍ ആലുകളും ആഗ്രഹിക്കുകയാണ്. അതിന്റെ ചെറിയ ഉദാഹരണമാണ് മുലായം സിങ് യാദവ് മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആശംസിച്ചത്. സി.പി.എമ്മിന്റെ മഹാരാഷ്ട്രാ സെക്രട്ടറി അടക്കമുള്ളവര്‍ മോദി ഭരണം വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. 

ശത്രുഘ്‌നന്‍ സിന്‍ഹയുടെ കാലുമാറ്റം

തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സീറ്റുമോഹികളായവര്‍ പാര്‍ട്ടികള്‍ മാറാറുണ്ട്. ഇതും അത്രയേയുള്ളൂ.

 

Content Highlights: C.Krishnakumar, Palakkad Loksabha Constituency, Loksabha Election 2019