രാജാ കേശവദാസ് വിഭാവനം ചെയ്ത ആലപ്പുഴ നഗരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.എം. ആരിഫ്. കൊച്ചി തുറമുഖം വന്നതോടെ ആലപ്പുഴയുടെ തുറമുഖവും ജലഗതാഗതവും ടൂറിസവും കൈവിട്ടു. ഇതെല്ലാം തിരികെപിടിക്കണം. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മുസിരിസ് പദ്ധതി അതിന് ശക്തി പകരും. ആലപ്പുഴയുടെ ആകെയുള്ള മാറ്റമാണ് ലക്ഷ്യമിടുന്നതെന്നും കിഴക്കിന്റെ വെനീസിനെ തിരിച്ചുപിടിക്കുമെന്നും ആരിഫ് പറഞ്ഞു.

കെ.സി വേണുഗോപാലിന്റെ പത്തുവര്‍ഷം

കെ.സി വേണുഗോപാല്‍ പത്ത് വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്നിട്ടും അദ്ദേഹത്തിന് ആളുകള്‍ക്ക് മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും വിധം കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അഭിമാനപദ്ധതി എന്ന പേരില്‍ കെ.സി വേണുഗോപാല്‍ കൊണ്ടുവന്ന ആലപ്പുഴ ബൈപ്പാസ് പദ്ധതി എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഇത്രയെങ്കിലും മുന്നേറില്ലായിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടലാണ് പദ്ധതിയെ ഇതുവരെ എത്തിച്ചത്. കെ.സി വേണുഗോപാല്‍ ഇടപെട്ട് റെയില്‍വേയുടെ അനുവാദം വാങ്ങിയിരുന്നുവെങ്കില്‍ ഇത് വളരെ മുമ്പ് തന്നെ യാഥാര്‍ത്ഥ്യമാവുമായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂല സഹചര്യമാവുമെന്ന വാദം

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കേരളത്തിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന വിശ്വാസം ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ല. തിരഞ്ഞെടുപ്പ് ഒരു വ്യക്തിയെ ആശ്രയിച്ചല്ല. ഇന്ദിര ഗാന്ധിയും കെ. കരുണാകരനും വരെ പരാജയപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയ്ക്ക് അമേഠിയില്‍ പേടിയുള്ളതുകൊണ്ടാണല്ലോ വയനാട്ടിലെത്തിയത്. ഇതുപോലെ മണ്ഡലത്തെ ശ്രദ്ധിക്കാത്ത ഒരാളെ വയനാട്ടില്‍ പ്രതിഷ്ഠിക്കുന്നതോടെ അമേഠിയുടെ അവസ്ഥ വയനാട്ടിലുമുണ്ടാവുമെന്ന് ആളുകള്‍ മനസിലാക്കുമെന്നാണ് കരുതുന്നത്. 

ആലപ്പുഴയുടെ ടൂറിസം

അരൂര്‍ മാതൃകയില്‍ ആലപ്പുഴയ്ക്ക് വേണ്ടി ഒരു മെഗാ സര്‍ക്യൂട്ട് ടൂറിസം പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന് വേണ്ടി ഫണ്ടും അനുവദിച്ചിരുന്നു. അത് പാതിവഴിയില്‍ കിടക്കുകയാണ്. ആലപ്പുഴ മുസിരിസ് പദ്ധതിയും മെഗാ സര്‍ക്യൂട്ട് ടൂറിസം പദ്ധതിയും വികസിപ്പിച്ച് പ്രദേശവാസികള്‍ക്കുകൂടി പ്രയോജനപ്പെടും വിധം ടൂറിസം വികസനം സാധ്യമാക്കും. 

ശബരിമല വിഷയം പ്രചരണായുധമാവുമ്പോള്‍  

ശബരിമല പ്രശ്‌നമാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. പ്രത്യേകിച്ചും ബിജെപി. അവര്‍ പറയേണ്ടിയിരുന്നത് മോദി ഭരണത്തിന്റെ നേട്ടവും പ്രയോജനവുമാണ്. അത് പറഞ്ഞാല്‍ പത്ത് വോട്ട് കിട്ടില്ല. അതുകൊണ്ടാണ് ശബരിമല കൊണ്ടുവരുന്നത്. ശബരിമല സുവര്‍ണാവസരമാണ് എന്ന ശ്രീധരന്‍ പിള്ള തന്നെ വ്യക്തമാക്കിയതാണ്. അന്ന് കോണ്‍ഗ്രസിന്റെ കൂടെ ശബരിമലയ്ക്ക് വേണ്ടി പ്രതിഷേധിച്ചയാളാണ് ഇപ്പോഴത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി. 

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഒരു വാശിയും ഇല്ലായിരുന്നു. ആളില്ലാത്ത പ്രസ്ഥാനമല്ലല്ലോ ഇടതുപക്ഷം. എല്ലാ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐയിലേയും പെണ്‍കുട്ടികളെല്ലാം ശബരിമലയിലെത്തണമെന്ന് ഒറ്റ ഫോണ്‍ വിളി മതിയാവുമായിരുന്നല്ലോ. അവര്‍ ആരോടും അങ്ങനെ ചെയ്യാന്‍ പറഞ്ഞില്ലല്ലോ. 

ഇന്ത്യയുടെ ഭരണഘടനാ ബെഞ്ച് എന്നാല്‍ രാജ്യത്തിന്റെ നിയമമാണ്. അത് അനുസരിക്കാന്‍ ശ്രമിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇത് വഷളാക്കുകയാണുണ്ടായത്. എല്ലാവരും ആ വിധിയെ അനുകൂലിച്ചിരുന്നവരാണ്. ആര്‍.എസ്.എസ് പോലും സ്വാഗതം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയും പിന്തുണച്ചതാണ്. സര്‍ക്കാര്‍ പിന്നെ എന്തു ചെയ്‌തെന്നാണ്? ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെന്ന് ജനങ്ങള്‍ക്കറിയാം. തിരഞ്ഞെടുപ്പില്‍ ശബരിമല സ്വാധീനം ചെലുത്തില്ല. 

Content Highlights: glory of alappuzha loksabha poll  ldf candidate a m arif