കോണ്‍ഗ്രസിന്റെ നോമിനിയായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പി.എസ്.സി) ചെയര്മാന് സ്ഥാനം വഹിച്ച ഡോ. കെ.എസ്. രാധാകൃഷ്ണന് 2019 മാര്‍ച്ചിലാണ് ബിജെപിയില്‍ അംഗമാവുന്നത്. അറിയപ്പെടുന്ന താത്വികനും പ്രാസംഗികനുമായ കെ.എസ്. രാധാകൃഷ്ണന് ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളുടെ ഭാഗമായ അദ്ദേഹം തൊട്ടുപിന്നാലെ ബി.ജെ.പി. പക്ഷത്തെത്തി. ആലുപ്പഴയില്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. ഇടത്-കോണ്‍ഗ്രസ് കക്ഷികള്‍ മാറി മാറി വന്ന മണ്ഡലത്തില്‍, കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കോണ്‍ഗ്രസിന് അനുകൂലമായ മണ്ഡലത്തില്‍ മത്സരിക്കുന്ന അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.
ഏറെ നാളത്തെ ഔദ്യോഗിക ജീവിതം വിട്ട് രാഷ്ട്രീയ പ്രവര്ത്തനത്തിലേക്കിറങ്ങുമ്പോള്?
ജനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമല്ല. ജനങ്ങളെ അറിയാം അവരുടെ പ്രശ്നങ്ങളറിയാം. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെന്ന് ഒരുപാട് വേദികളില്‍ സംസാരിച്ചിട്ടുള്ളയാളാണ് ഞാന്‍ അതുകൊണ്ട് തന്നെ ജനങ്ങളോട് സംവദിക്കാനുള്ള ഭാഷ എനിക്കറിയാം.
ആലപ്പുഴയുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ താങ്കള്‍ക്ക് ചെയ്യാനുള്ളത്
ആലപ്പുഴ വികസനത്തിന്റെ കാര്യത്തില്‍ 35 വര്‍ഷം പിന്നിലാണ് എന്നുള്ളതിന്റെ പ്രത്യക്ഷ സൂചകമാണ് ആലപ്പുഴയില്‍ ഇനിയും പൂര്‍ത്തിയാവാതെ അവശേഷിച്ചിരിക്കുന്ന ബൈപ്പാസ്. 35 വര്‍ഷങ്ങളായിട്ടും ഒരു ബൈപ്പാസിന്റെ പണിതീര്‍ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇങ്ങനെയാണ് പോക്ക് എങ്കില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബൂക്കില് അത് ഇടം നേടും. അത്ര മോശം രീതിയിലാണ് ആലപ്പുഴയുെട വികസനത്തെ ഈ രാഷ്ട്രീയപാര്‍ട്ടികളെല്ലാം കണ്ടിട്ടുള്ളത്.,
മറ്റൊരു കാര്യം, നെല്ലും തെങ്ങും മീനും ആലപ്പുഴയുടെ അടിസ്ഥാന സാമ്പത്തിക സ്രോതസുകളാണ്. ആ മൂന്ന് രംഗവും തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. കയര്‍തൊഴിലാളികളുടേയും മത്സ്യത്തൊഴിലാളികളുടേയും കൃഷിക്കാരുടേയും പ്രശ്നങ്ങള്‍ നമുക്കറിയാം. പച്ചപിടിച്ച് വന്ന മൊറ്റൊരു മേഖല ടൂറിസമാണ്. പക്ഷെ ടൂറിസവും ഇന്ന് വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയില്‍ ഹൗസ്ബോട്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടനാട്ടിലാണ് ആലപ്പുഴയില്‍ ഏറ്റവും കൂടുതല്‍ വെള്ളമുള്ളത്. എന്നാല്‍ ആ ഭാഗങ്ങളിലെല്ലാം വെള്ളം മലിനമായി. വെള്ളം വെള്ളം സര്‍വത്ര തുള്ളികുടിക്കാന്‍ ഇല്ലത്രെ എന്ന വാചകം ആലപ്പുഴക്കാര്‍ക്ക് യോജിച്ചതായി മാറിയിരിക്കുന്നു. വെള്ളം ഉള്ളത് കുടിക്കാന്‍ പറ്റുന്നില്ല. അതില്‍ മാലിന്യം നിറഞ്ഞിരിക്കുന്നു. ഇതെല്ലാം പരിഹരിക്കുന്ന വിധത്തില്‍ ഒരു സമഗ്ര വികസന പദ്ധതിയാണ്. ആലപ്പുഴയ്ക്ക് വേണ്ടി ആവിഷ്കരിക്കേണ്ടത്.
കോണ്‍ഗ്രസും ഇടതുപക്ഷവും മാറിമാറി വന്ന മണ്ഡലം വിജയം നേടാന്‍ ബിജെപി ഉയര്‍ത്തിക്കാണിക്കുന്നത് എന്ത്?
ആലപ്പുഴയില്‍ നിന്ന് നാല് തവണകളായി മുഖ്യമന്ത്രിമാരുണ്ടായി. രണ്ട് തവണ പ്രതിപക്ഷ നേതാക്കളുണ്ടായി. ഒട്ടനവധി മന്ത്രിമാരുണ്ടായി. അവരെല്ലാം വളരെ സ്വാധീനമുള്ള വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ആറ് കേന്ദ്രമന്ത്രിമാരുണ്ടായി. ഇതെല്ലാം ഉണ്ടായിട്ടും ആലപ്പുഴയുടെ വികസനത്തിന് വേണ്ടി ഇവരാരും ഒന്നും ചെയ്തിട്ടില്ല എന്നുള്ളതാണ് വസ്തുത. അത് എന്തുകൊണ്ടാണ് എന്ന് ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ വിശദീകരിക്കേണ്ടിവരും. ആലപ്പുഴ പിന്നാക്കം നില്ക്കുന്ന ഒരു പ്രദേശമായി സൂക്ഷിക്കണം എന്ന മനപ്പൂര്‍വമായ ലക്ഷ്യം അവര്‍ക്കുണ്ടെന്ന് സംശയിക്കാവുന്നതാണ്. കൊച്ചിയുമായി ഏറ്റവും അടുത്തു കിടക്കുന്ന ജില്ലയാണ് ആലപ്പുഴ. കൊച്ചിയുടെ ഒരു സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ആയി എളുപ്പത്തില്‍ വളര്‍ന്നുവരാവുന്ന റെയില്‍, റോഡ് സൗകര്യങ്ങളുള്ളടിയടമാണ് ആലപ്പുഴ. എന്നാല്‍ ആലപ്പുഴയെ കുറിച്ച് അങ്ങനെ ഇവരാരും ആലോചിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. നമുക്ക് ഈ രീതിയിലെല്ലാം ആലപ്പുഴയെ കുറിച്ച് ചിന്തിക്കണം.
ശബരിമല വിഷയം ഉന്നയിക്കുമ്പോള്‍..
ശബരിമല വിഷയം ഉന്നയിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. കാരണം ശബരിമലയുമായി ബന്ധപ്പെട്ട് 253 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഞാന്‍. ഞാന്‍ കൊള്ളയോ, കൊലപാതകമോ, ബലാത്സംഗമോ വ്യഭിചാരമോ നടത്തിയിട്ടില്ല. ഞാന്‍ ചെയ്ത ഏക തെറ്റ് സ്വാമിയേ ശരണമയപ്പ എന്ന് വിളിച്ചു എന്നത് മാത്രമാണ്. ശരണമന്ത്രം ജപിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇത് അപകടമാണ്. മനസാക്ഷിക്കൊത്ത മതവിശ്വാസം പുലര്‍ത്താന്‍ ഓരോ പൗരനും ഭരണഘടന അനുവാദം നല്‍കിയിട്ടുണ്ട്. മനുഷ്യന് മൗലികാവകാശം പോലെ പ്രധാനപ്പെട്ടതാണ് മതപരമായ അവകാശവും. അതുകൊണ്ട് ശബരിമലയുടെ ആചാര അനുഷ്ടാന വിശുദ്ധി പരിപാലിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. പക്ഷെ ആ വിശുദ്ധി തകര്‍ക്കാനുള്ള ശ്രമമാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതുകൊണ്ടാണ്. സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത ശബരിമല സന്ദര്‍ശകരെ കിട്ടിയത്. ശബരിമല ഒരു ക്ഷേത്രമാണ്. അത് ഒരു വിനോദസഞ്ചാര കേന്ദ്രമല്ല. വിശ്വാസമില്ലാത്തവര്‍ അവിടെ പോവേണ്ട കാര്യമില്ല. അവര്‍ക്ക് വിനോദയാത്ര നടത്തി മലിനപ്പെടുത്താനുള്ള ഒരിടമായി ശബരിമല മാറരുത്.
പാര്‍ട്ടി ഓഫീസില്‍ ബലാത്സംഗം ചെയ്യുന്നവനും പാര്‍ട്ടിഓഫീസില്‍ നവോത്ഥാന പ്രക്രിയയുടെ ഭാഗമായി സന്താനോത്പാദനം നടത്തുന്നവനും മോഷ്ടിക്കുന്നവനും കൊലപാതകം നടത്തുന്നവനും എതിരെ കേസുകളില്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ശബരിമലയ്ക്ക് വേണ്ടി വാദിക്കുന്നവര്ക്കെതിരെയാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് എന്തോ നിക്ഷിപ്ത താല്പര്യമുണ്ട്. അതുകൊണ്ടാണ് ശബരിമല ആചാരങ്ങള്‍ ലംഘിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം ശ്രമിക്കുന്നത്. അത് കോടാനുകോടി ശബരിമല ഭക്തന്മാരുടെ മനസില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അത് ഞാന്‍ പറയാതെ തന്നെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ?.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു ശബരിമലയെ കുറിച്ച് മിണ്ടരുതെന്ന്. 253 കേസില്‍ പ്രതിയായിരിക്കുന്ന ഞാന്‍, അതേ കുറിച്ച് പത്രപരസ്യം ചെയ്യേണ്ട ഞാന്‍ അതേ കുറിച്ച് മിണ്ടാതെയിരിക്കണം എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാവും? അദ്ദേഹത്തിന് ഇക്കാര്യത്തിലുള്ള അറിവില്ലായ്മയായിരിക്കണം അതിനുള്ള കാരണം.
ശബരിമല വിഷയം ബിജെപിയ്ക്ക് ഗുണം ചെയ്യുമോ?
ബി.ജെ.പിയ്ക്ക് ഗുണം ചെയ്യും, അല്ലെങ്കില്‍ ചെയ്യാതിരിക്കാം. ശബരിമലവിഷയത്തില്‍ ഇടത് പക്ഷ സര്‍ക്കാരും കോണ്‍ഗ്രസും സ്വീകരിച്ച നിലപാട് അംഗീകരിക്കുന്നുണ്ടോ എന്നുള്ളതാണ് പ്രശ്നം. കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ആ കോണ്‍ഗ്രസ് തന്നെയാണ് അയ്യപ്പജ്യോതിയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കരുത് എന്ന വിലക്കേര്‍പ്പെടുത്തിയത്. അതെങ്ങനെ ശരിയാവും. വിശ്വാസികള്‍ക്കൊപ്പമാണ് പക്ഷെ ഞങ്ങള്‍ വീട്ടിലിരിക്കുകയേ ഉള്ളൂ എന്നതാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ ഇതിന് വേണ്ടി ത്യാഗം സഹിച്ച് പ്രവര്‍ത്തിച്ചവരുണ്ട്. അവരോട് സ്വാഭാവികമായും ജനങ്ങള്‍ക്ക് ആഭിമുഖ്യം തോന്നിയാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റുമോ?
ശബരിമല വിഷയമാണോ താങ്കളെ ബിജെപിയില്‍ എത്തിച്ചത്?
അല്ല. ശബരിമലവിഷയമല്ല. എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് നരേന്ദ്രമോദി വിഭാവനം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ്. നമ്മുടെ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്കാണ് ആ വികസനപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായി മാറാന്‍ കഴിയുന്നത്. അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ചെറിയകാര്യമാണോ? ദാരിദ്ര്യ രേഖയ്ക്ക് താഴെ താമസിക്കുന്നവരില്‍ വീടില്ലാത്തവര്‍ക്ക് വീടും സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലവും വീടും ചെറിയകാര്യമാണോ. ബാങ്ക് അക്കൗണ്ടുകളിലൂടെ 30 കോടി വരുന്ന ജനവിഭാഗത്തെ രാജ്യത്തിന്റെ സാമ്പത്തിക ശാക്തീകരണത്തില്‍ പങ്കാളികളാക്കി. ആ പങ്കാളിത്തത്തിലൂടെയേ വികസനം സാധ്യമാവൂ. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആഹാരവും, വസ്ത്രവും പാര്‍പ്പിടവും വൈദ്യസഹായവും വിദ്യാഭ്യാസവും വൈദ്യുതിയും എത്തിച്ചുകൊടുക്കുന്ന വികസനമാണ് മഹാത്മാഗാന്ധി വിഭാവനം ചെയ്തത്. അതിനുനേരെ മുഖംതിരിഞ്ഞു നില്ക്കുന്ന സമീപനമാണ് നമ്മുടെ രാഷ്ട്രീയ കക്ഷികളുടേത്. കോണ്‍ഗ്രസ് വിശേഷിച്ചും. കാരണം കോണ്‍ഗ്രസിന്റെ ആക്രമണം വ്യക്തികള്‍ക്ക് നേരെയാണ്. ജനാധിപത്യത്തില്‍ പ്രശ്നങ്ങളോടാണ് പ്രതികരിക്കേണ്ടത് വ്യക്തികളോടല്ല. നരേന്ദ്രമോദിയെന്ന വ്യക്തിയയെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ അദ്ദേഹത്തിന് നേര്‍ക്ക് ഉന്നയിക്കാന്‍ ഒരു അഴിമതിയില്ല. അഴിമതി രഹിതമായി നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാവുന്ന വികസനം. അത് മഹാത്മാഗാന്ധി വിഭാവനം ചെയ്ത വികസനമാണ്. ആ വികസന പ്രക്രിയ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് നരേന്ദ്ര മോദിയാണ്. അഴിമതിക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നതും മോദിയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ തുടരണം എന്ന ആഗ്രഹമാണ് എന്നെ ബിജെപിയിലെത്തിച്ചത്.
നോട്ട് നിരോധനവും ജിഎസ്ടിയും പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ടല്ലോ?
കള്ളപ്പണം ഉണ്ടെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഒരു സമാന്തര സമ്പദ് വ്യവസ്ഥ രൂപപ്പെട്ടിരിക്കുന്നു. ആ സമാന്തര സമ്പജദ് വ്യവസ്ഥ അവസാനിപ്പിക്കണം. ഇങ്ങനെ ഒരു സമാന്തര സമ്പദ് വ്യവസ്ഥ വന്നുകഴിഞ്ഞാല്‍ അത് അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്ന് നോട്ട് നിരോധനമാണ് എന്നത് സാമ്പത്തിക വിദഗ്ദരെല്ലാം സമ്മതിച്ചിട്ടുള്ള കാര്യമാണ്. മോദി അത് പ്രാവര്‍ത്തികമാക്കി. എന്നിട്ടും കള്ളപ്പണം തിരികെയെത്തിയില്ല എന്ന് ആരോപിക്കുമ്പോള്‍ മനസിലാക്കേണ്ടത് കള്ളപ്പണം ഇല്ല എന്നല്ല. കള്ളപ്പണം ഉള്ളവര്‍ അത് കുഴിച്ചുമൂടുകയാണുണ്ടായത്. നോട്ട് നിരോധനം സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമേയല്ല. നോട്ട് നിരോധിക്കാതെ ഒരു സമാന്തര സമ്പദ് വ്യവസ്ഥയെ തുടരാന്‍ അനുവദിച്ചുകൊണ്ട് ഒരു രാജ്യത്തിന് എങ്ങനെ പുരോഗതിയിലെക്കെത്താന് കഴിയും? ജിഎസ്ടി തുടങ്ങി വെച്ചത് കോണ്‍ഗ്രസ് മന്ത്രിയായിരുന്ന പ്രണബ്മുഖര്‍ജിയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഒരു കാര്യം പൂര്‍ത്തിയാക്കുമ്പോള്‍ അത് തെറ്റാണെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. ഈ രണ്ട് കാര്യങ്ങളും ഇന്ത്യയെ ശക്തിപ്പെടുത്തും എന്നാണ് ഞാന്‍ കരുതുന്നത്.
കെ.സി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍...,
ഞാന്‍ വ്യക്തികളെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. രണ്ട് തവണ അദ്ദേഹം ജയിച്ചു എന്നുള്ളത് സത്യമാണ്. എന്നിട്ട് എന്തുണ്ടായി? അതൊന്ന് ആലോചിച്ചുനോക്കൂ. പത്ത് കൊല്ലമെടുത്തിട്ടും ഈ ബൈപ്പാസ് പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനായില്ലല്ലോ. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.
കോണ്‍ഗ്രസിനേയും ഇടതുപക്ഷത്തേയും മാറിമാറി പിന്തുണച്ച മണ്ഡലം.
വോട്ടര്‍മാര്‍ അവര്ക്കിഷ്ടമുള്ളയാളുകള്ക്ക് വോട്ട് ചെയ്യാന്‍ പാടില്ല എന്നത് തിരഞ്ഞെടുപ്പിനെ കുറിച്ചും വോട്ടര്‍മാരെ കുറിച്ചും ഉള്ള പരമ്പരാഗത അഭിപ്രായമാണ്. അത് മാധ്യമങ്ങള്‍ ഉണ്ടാക്കിവെച്ച രീതിയാണ്. കമ്മ്യൂണിസ്റ്റ് വോട്ടര്‍മാര്‍ ജീവിതകാലം കമ്മ്യൂണിസ്റ്റിന് വോട്ട് ചെയ്യണം, കോണ്‍ഗ്രസ് വോട്ടര്‍ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം. അവര്‍ എന്ത് വൃത്തികേട് കാണിച്ചാലും അത് അംഗീകരിച്ചുകൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യുന്നവരെ മാന്യന്മാരായാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഈ വോട്ടര്‍ വിഭാഗങ്ങളിലല്ല സാധാരണ മനുഷ്യരിലാണ് എനിക്ക് വിശ്വാസം. അവര്‍ മാറ്റം ആഗ്രഹിക്കുന്നു. അത് മാറാന്‍പാടില്ല എന്ന് പറയാന്‍ മാധ്യമങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത്? വോട്ടില്‍ മാറ്റം വരും. അതിന്റെ പ്രതിഫലനം ഈ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് കാണാം. വോട്ട് ഓരോരുത്തരുടേയും മനസാക്ഷിയുടെ പ്രശ്നമാണ്. മനസാക്ഷിക്കനുസരിച്ച് ജനം വോട്ട് ചെയ്യുമ്പോള്‍ ആലപ്പുഴ മണ്ഡലത്തില്‍ ഇപ്രാവശ്യം താമര വിരിയും.