കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന എക്‌സിറ്റ്‌പോളുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ.ആന്റണി പ്രതികരിക്കുന്നു.

: എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. എന്താണഭിപ്രായം?

വോട്ടെണ്ണാൻ ചുരുങ്ങിയ ദിവസമേ ബാക്കിയുള്ളൂ. അതിനാൽ വലിയ അവകാശവാദം പറയാതെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് പ്രായോഗികവും ബുദ്ധിപൂർവവുമായ മാർഗം. എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല. വികസിതമെന്നുപറയുന്ന രാജ്യങ്ങളിലടക്കം എക്‌സിറ്റ് പോളുകൾ പരാജയപ്പെട്ട ചരിത്രമുണ്ട്. 2004-ലെ എക്‌സിറ്റ് പോളിൽ വാജ്‌പേയി തിരിച്ചുവരുമെന്ന്‌ പറഞ്ഞു. സംഭവിച്ചത് യു.പി.എ. ഭരണം. 2009-ൽ യു.പി.എ. തോൽക്കുമെന്ന്‌ പറഞ്ഞു. യു.പി.എ. തിരിച്ചുവന്നു. 2014-ലെ എക്‌സിറ്റ് പോൾ ശരിയായിരുന്നു. വിശ്വാസം 23-ലെ വോട്ടെണ്ണലിലാണ്.

അപ്പോൾ യു.പി.എ. അധികാരത്തിൽ വരുമെന്നാണോ പ്രതീക്ഷിക്കുന്നത്?

എക്‌സിറ്റ് പോളുകളുടെ സൂചനയ്ക്കുശേഷം അങ്ങനെയുള്ള അവകാശവാദത്തിന് തയ്യാറാവുന്നില്ല. എങ്കിലും പ്രതീക്ഷ വിട്ടിട്ടില്ല. 2014-നെക്കാൾ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും സീറ്റുകൾ കൂടുമെന്നാണ് വിശ്വാസം. ബി.ജെ.പി.യുടെയും സഖ്യകക്ഷികളുടെയും സീറ്റുകൾ കുറയും. അവസാനംവരെ കേന്ദ്രത്തിൽ മതേതര സർക്കാരുണ്ടാക്കാനുള്ള ശ്രമം തുടരും. ബി.ജെ.പി. തിരിച്ചുവരരുതെന്നാഗ്രഹിക്കുന്ന എല്ലാ കക്ഷികളുമായും ബന്ധം സ്ഥാപിക്കും.

ഇപ്പോഴെന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്?

ഒറ്റപ്പെട്ട ബന്ധങ്ങൾ സ്ഥാപിക്കുന്നുണ്ട്. അനൗപചാരിക ചർച്ചകൾ തുടരുന്നു. വിശദാംശങ്ങൾ ചർച്ചചെയ്യുന്നതിൽ പ്രസക്തിയില്ല. കൂടുതൽ ചർച്ചയ്ക്ക് മുൻകൈയെടുക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. കോൺഗ്രസും എല്ലാവരുമായും ബന്ധപ്പെടുന്നുണ്ട്.

സോണിയാഗാന്ധിയെയും രാഹുലിനെയും കാണാനിരുന്ന മായാവതി അതു മാറ്റിവെച്ചല്ലോ?

സീറ്റിന്റെ കൃത്യമായ കണക്കറിയാതെ ഇനി ഒരു കക്ഷിയും മനസ്സുതുറക്കില്ല. കോൺഗ്രസും അതിനാഗ്രഹിക്കുന്നില്ല.

അപ്പോൾ അടുത്തതവണ ഒരു പ്രതിപക്ഷ നേതാവുണ്ടാകും?

ഇതിനുത്തരം പറയാനാഗ്രഹമില്ല. അതേക്കുറിച്ചൊക്കെ പറയാൻ രണ്ടുമൂന്നുദിവസം കാത്തിരിക്കൂ. കോൺഗ്രസിനും സഖ്യകക്ഷികൾക്കും സീറ്റു കൂടുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. മോദിഭരണം തിരിച്ചുവരരുതെന്നാഗ്രഹിക്കുന്ന പാർട്ടികൾക്കാണ് സീറ്റു കൂടുതലെങ്കിൽ കോൺഗ്രസ് ഏതുനിലയിലും സർക്കാരുണ്ടാക്കാൻ ശ്രമിക്കും.

രാഹുൽ കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ വലിയ പ്രവർത്തനം നടത്തി. എന്നിട്ടും...?

ഞങ്ങൾ പറയാനുള്ളത് ജനങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് ഒരു കാര്യത്തിൽ നിർബന്ധമുണ്ട്. ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കണം. ഭരണഘടനാമൂല്യങ്ങൾ തകർന്നാൽ, ഇന്ത്യയുടെ ബഹുസ്വരത തകർന്നാൽ ഇന്ത്യ ചിന്നഭിന്നമാകും. ഇക്കാര്യം ജനങ്ങളോട് പറഞ്ഞു. ഇനി അവരുടെ വിധി വായിക്കണം.

ഉത്തർപ്രദേശിൽ പ്രിയങ്കയുടെ പ്രചാരണം വലിയ തോതിൽ ചലനമുണ്ടാക്കിയോ?

ഉത്തർപ്രദേശിൽ ഇത്തവണ കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ കാര്യമായ വർധനയുണ്ടാകും. പരമാവധി സംസ്ഥാനങ്ങളിൽ സഖ്യത്തിന്‌ മുൻകൈ എടുത്ത പാർട്ടിയാണ് കോൺഗ്രസ്. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായി സഖ്യത്തിന് ആദ്യം കോൺഗ്രസ് പ്രാദേശികനേതൃത്വം എതിരായിരുന്നു. പക്ഷേ, ഗുണകാംക്ഷികളെല്ലാം കോൺഗ്രസും ആപ്പും പരസ്പരം മത്സരിച്ചാൽ അത്‌ ബി.ജെ.പി.ക്ക്‌ ഗുണമാകുമെന്ന്‌ പറഞ്ഞതിനെത്തുടർന്ന് രാഹുൽ ഗാന്ധിതന്നെ മുൻകൈയെടുത്ത് ഡൽഹിഘടകത്തെ ബോധ്യപ്പെടുത്തി. എന്നാൽ, എ.എ.പി. പറഞ്ഞ വാക്കിൽനിന്ന്‌ പിന്നോട്ടുപോയി. യു.പി.യിലും ഇതുപോലെ തന്നെയാണ് സംഭവിച്ചത്.

കോൺഗ്രസ് മുക്തഭാരതത്തിനായി ഗാന്ധി-നെഹ്രു പ്രതീകങ്ങളെ തകർക്കാൻ ശ്രമിക്കുന്നതായി കാണുന്നു ഇപ്പോൾ?

കോൺഗ്രസ് ദേശീയ ഐക്യത്തിൽ, നാനാത്വത്തിൽ ഏകത്വത്തിൽ വിശ്വസിക്കുന്നു. ആർ.എസ്.എസിന് ഏകത്വത്തിലാണവരുടെ വിശ്വാസം. ഗാന്ധിജിക്കുശേഷം ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും ദർശനങ്ങൾ ശക്തിപ്പെടുത്തിയത് നെഹ്രുവാണ്. നെഹ്രുകുടുംബമാണ് ദേശീയ പ്രസ്ഥാനത്തിന്റെ, കോൺഗ്രസിന്റെ അടിസ്ഥാനപരമായ ദർശനങ്ങളുൾപ്പെടുത്തിയ ഭരണഘടന കാത്തുസൂക്ഷിക്കുന്നവർ. അധികാരത്തിൽ കയറിയ അന്നുമുതൽ നരേന്ദ്രമോദി സർക്കാർ ശ്രമിച്ചത് നെഹ്രുകുടുംബത്തെ പരിഹാസ്യരാക്കാനാണ്. ഗാന്ധി വധത്തിനുശേഷം ഗോഡ്‌സെയെക്കുറിച്ചുപറയാൻ ഹിന്ദു മഹാസഭക്കാർപോലും ഭയപ്പെട്ടിരുന്നു. ഇപ്പോൾ ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന്‌ പറയാൻ മാത്രമല്ല, ക്ഷേത്രം പണിയാനും തുടങ്ങി.

കേരളത്തിൽ കോൺഗ്രസിൻറെ വലിയ പ്രതീക്ഷ?

കോൺഗ്രസിനും യു.ഡി.എഫിനും സീറ്റുകൂടും. ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്ന്‌ വിശ്വസിക്കുന്നില്ല. പക്ഷ, അവർക്ക് വോട്ട് കൂടും. ബി.ജെ.പി. നന്ദിപറയേണ്ടത് പിണറായി സർക്കാരിനോടാണ്. ശബരിമലപോലുള്ള വികാരപരമായ വിശ്വാസത്തിന്റെ പ്രശ്‌നം, കോടതി വിധി വന്നപ്പോൾ അതു വായിച്ചുപഠിക്കുകകൂടി ചെയ്യാതെ, നടപ്പാക്കാൻ വേണ്ടിവന്നാൽ ഇതരസംസ്ഥാനത്തെ പോലീസിനെക്കൂടി കൊണ്ടുവരുമെന്നുപറഞ്ഞ പ്രഖ്യാപനം, എടുത്തുചാട്ടം, പമ്പമുതൽ മാക്കൂട്ടംവരെ രണ്ടു സ്ത്രീആക്ടിവിസ്റ്റുകളെ നൂറുകണക്കിന് പോലീസുകാരുടെ അകമ്പടിയോടെ കൊണ്ടുപോയ കാഴ്ച, അത് ചാനലുകളിലൂടെ പൊതുജനങ്ങളെ കാണിക്കാൻ ശ്രമിച്ച സാഹചര്യം, സർക്കാരിന്റെ മർക്കട മുഷ്ടി, അതുണ്ടാക്കിയ വികാരപരമായ അന്തരീക്ഷം.

അക്രമരാഷ്ട്രീയത്തെക്കുറിച്ചെന്താണ് പറയാനുള്ളത്?

കേരളത്തിലെ സി.പി.എമ്മിൽ സ്റ്റാലിനിസ്റ്റ് ആശയമാണിപ്പോഴും ഒരുവിഭാഗം പിന്തുടരുന്നത്. പ്രധാനമായും വടക്കേ മലബാറിലാണിത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നത് എല്ലാവർക്കും നല്ലതാണ്. മുൻകൈ എടുക്കേണ്ടത് കേരളം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ സി.പി.എമ്മാണ്. ആർ.എസ്.എസും മോശക്കാരല്ല. കേന്ദ്രം ഭരിക്കുന്നവരെന്ന നിലയിൽ അവരും മുൻകൈ എടുക്കട്ടെ. ഇത്തവണ അക്രമരാഷ്ട്രീയത്തിനെതിരേയുള്ള വികാരം കേരളത്തിൽ സി.പി.എമ്മിന്‌ തിരിച്ചടിയാവും.

രാഹുൽഗാന്ധി വയനാട് സീറ്റ് നിലനിർത്തുമോ?

രാഹുൽഗാന്ധി രണ്ടുസീറ്റിലും നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. വയനാട്ടിൽ ചരിത്രഭൂരിപക്ഷമായിരിക്കും. കേരളത്തിലെ കോൺഗ്രസിന്റെ, ഞങ്ങളുടെ ആഗ്രഹം അദ്ദേഹം വയനാട്ടിൽ തുടരണമെന്നാണ്. തീരുമാനിക്കേണ്ടത് രാഹുൽ മാത്രമാണ്.

Content Highlights: exit poll-chat with ak antony