ന്ദ്രപ്രസ്ഥത്തില്‍ കിങ് മേക്കര്‍മാര്‍ അപ്രത്യക്ഷരായിട്ട് നാളേറെയായി. ഒന്നാം യു.പി.എ. സര്‍ക്കാരുണ്ടാക്കാന്‍ ചുക്കാന്‍ പിടിച്ച സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത് ആണ് ഒരു പരിധിവരെ കിങ് മേക്കര്‍ എന്നു വിളിക്കാവുന്ന അവസാനത്തെ ആള്‍. എന്നാല്‍, 2019 കിങ് മേക്കറുടേതാവുമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയനിരീക്ഷകര്‍ ഏറെയുണ്ട്. എന്‍ഡിഎയ്‌ക്കോ യു.പി.എയ്‌ക്കോ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍ ചെറുകക്ഷികള്‍ നിര്‍ണായകമാവുമ്പോഴാണ് കിങ് മേക്കര്‍മാര്‍ ഉദിക്കുക. മമത, മായാവതി, ചന്ദ്രശേഖര്‍ റാവു, ശരദ് പവാര്‍, മുലായം സിങ് യാദവ് തുടങ്ങി പ്രധാനമന്ത്രിപദ മേഹമുള്ളവര്‍ കക്ഷികളില്‍ ഏറെയുണ്ട്.

എന്നാല്‍ കിങ് മേക്കര്‍ റോളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന നേതാവാണ് പ്രധാനമന്ത്രിയാവാനില്ലെന്ന് പറഞ്ഞ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്.ആര്‍. കോണ്‍ഗ്രസില്‍നിന്ന് ശക്തമായ വെല്ലുവിളി നേരിടുമ്പോഴും കേന്ദ്രത്തിലെ സഖ്യങ്ങളും സര്‍ക്കാര്‍ രൂപവത്കരണവുമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. കിങ് ആയാലും കിങ് മേക്കറായാലും സന്തോഷം എന്ന നിലയില്‍ തൊട്ടടുത്ത തെലങ്കാനയിലെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പരസ്യമായി രംഗത്തുണ്ട്. കോണ്‍ഗ്രസിനോട് ചായവ് പ്രകടിപ്പിക്കുന്ന ചന്ദ്രബാബു നായിഡു വാര്‍ത്താ -- ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

രാജ്യത്തെപ്പറ്റി ചിന്തയുള്ള നല്ല നേതാവാണ് രാഹുൽ ഗാന്ധിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി. അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു. കേന്ദ്രത്തിൽ സഖ്യസർക്കാർ വരികയാണെങ്കിൽ 1996-ലെ പോലെ കോൺഗ്രസിനെ പുറത്തുനിർത്തുകയെന്ന അബദ്ധം ബി.ജെ.പി.യിതര പാർട്ടികൾ ഇനി ചെയ്യില്ല. ബി.ജെ.പി. പുറത്തേക്കുള്ള വഴിയിലാണ്. എല്ലാ സാധ്യതകളും പരിശോധിച്ചും ഫലം വിലയിരുത്തിയുമാവും സഖ്യസർക്കാർ രൂപവത്കരിക്കുക. ഓരോ പാർട്ടിക്കും കിട്ടുന്ന സീറ്റുകൾ പരിഗണിച്ച് പ്രധാനമന്ത്രിപദത്തിൻറെ കാര്യത്തിൽ സമവായമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദി നിരാശൻ

തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിരാശനാണ്. ഭരണവിരുദ്ധ വികാരമുണ്ട്. മോദി കഴിവിന്റെ പരമാവധി പരിശ്രമിച്ചു. പക്ഷേ, ഒന്നും നടന്നില്ല. അതുകൊണ്ടാണ് പുൽവാമയെപ്പറ്റിയും വ്യോമാക്രമണത്തെപ്പറ്റിയും പറയുന്നത്. പ്രതിപക്ഷനേതാക്കളെ ആക്ഷേപിക്കുന്നത്. മോദി ഇപ്പോൾ ദുർബലനാണ്. മുമ്പും അങ്ങനെ ആയിരുന്നെങ്കിലും മാധ്യമങ്ങളെ നന്നായി കൈകാര്യം ചെയ്തു. എല്ലാ പാർട്ടിക്കാരെയും ഭീഷണിപ്പെടുത്തി. അതുകൊണ്ട് ആരും ശബ്ദമുയർത്തിയില്ല.

കോൺഗ്രസിനെ ഒഴിവാക്കിയാവുമോ സഖ്യസർക്കാർ ?

ഒരിക്കലും അത്തരം നിയന്ത്രണങ്ങൾ വെക്കാനാവില്ല. 272 എന്ന മാന്ത്രികസംഖ്യ വേണം സർക്കാരുണ്ടാക്കാൻ. നിയന്ത്രണങ്ങളും നിബന്ധനകളും അവസാനം ഐക്യം തകർക്കുകയേ ഉള്ളൂ. രാജ്യത്തിന്റെ ഭാവിക്കായി ഞങ്ങൾ കാര്യങ്ങൾ ഒന്നിച്ചിരുന്നു സംസാരിക്കും. 23-ന് ഫലം വന്ന ശേഷമാവും അത്.

രാഹുലിനെ പ്രധാനമന്ത്രിപദത്തിലേക്ക് നിർദേശിക്കുമോ ?

രാഹുൽ രാജ്യത്തെപ്പറ്റി ചിന്തിക്കുന്ന നല്ല നേതാവാണ്. അല്ലാതെ മറ്റുള്ളവർ പറയുന്നതിന് ഒരിക്കലും ചെവികൊടുക്കാത്ത, ആത്മാർഥതയില്ലാത്ത മോദിയെപ്പോലെയല്ല. ഭീഷണിപ്പെടുത്തി ഭരിക്കാനാണ് മോദി ശ്രമിക്കുക. പ്രധാനമന്ത്രിപദത്തിലേക്ക് ഇപ്പോൾ താൻ ആരുടെയെങ്കിലും പേര് പറയുന്നത് പ്രതിപക്ഷ ഐക്യം തകർക്കലാവും. 1996-ലെ ഐക്യമുന്നണി ഒരു പരീക്ഷണമായിരുന്നു. അത് പരാജയപ്പെട്ടു. കോൺഗ്രസിനെ പുറത്തുനിർത്തിയായിരുന്നു അത്. ഒടുവിൽ അവർ പിന്തുണ പിൻവലിച്ചു. അതുകൊണ്ട് സുസ്ഥിരസർക്കാരിന് എല്ലാവരും ഒരുമിച്ചുണ്ടാവണം. ജനാധിപത്യത്തിൽ സംഖ്യകൾ പ്രധാനമാണ്. ആന്ധ്രാപ്രദേശ് ചെറിയ സംസ്ഥാനമാണ്. അവിടെ ഇനിയും വികസനം വരേണ്ടതുണ്ട്. ആന്ധ്രയിൽ 25 സീറ്റ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഞാൻ പ്രധാനമന്ത്രിപദ മത്സരത്തിനില്ല. രാഷ്ട്രനിർമാണത്തിന് മറ്റുള്ളവരെ പിന്തുണയ്ക്കും. 1996-ൽ എനിക്കൊരു അവസരം കിട്ടി. കാര്യങ്ങൾ സുഗമമാക്കാനുള്ള ചുമതലയാണ് ഞാൻ നിർവഹിച്ചത്. മറ്റുള്ളവരുമായി കൂട്ടായ നേതൃത്വത്തിന്റെ ഫലമായിരുന്നു അത്.

കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ജെ.പി, കോൺഗ്രസ് വിരുദ്ധ സഖ്യനീക്കം ?

അത്തരമൊരു നീക്കം യഥാർഥത്തിൽ സാധ്യമാണോ? ചിലർ ചിന്തിക്കുന്നു, സമ്മർദംകൊണ്ട് കോൺഗ്രസ് അവരെ പുറത്തുനിന്ന് പിന്തുണയ്ക്കും എന്ന്. പിന്തുണച്ചില്ലെങ്കിൽ എന്ത് ചെയ്യും. ശക്തമായ സഖ്യസർക്കാരാണ് വേണ്ടത്. സീറ്റുകളുടെ എണ്ണത്തെക്കാളും കാഴ്ചപ്പാടുള്ള നയങ്ങൾ നടപ്പാക്കാനുള്ള നേതാവാണ് വേണ്ടത്. 1990-ൽ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവന്ന നരസിംഹറാവു സർക്കാർ ന്യൂനപക്ഷമായിരുന്നു എന്നത് ഓർക്കണം. ഇപ്പോൾ 40 തൃണമൂൽ എം.എൽ.എ.മാർ താനുമായി ബന്ധത്തിലാണ് എന്നുപറയുന്ന പ്രധാനമന്ത്രി അധാർമികമായ, തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നത്.

content highlights: chandrababu naidu on rahul gandhi interview