യു.ഡി.എഫ്. കണ്‍വീനര്‍ എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് അധികമാകും മുമ്പാണ് കോണ്‍ഗ്രസ് ബെന്നി ബെഹനാനെ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രിവാസം മൂലം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ തടസ്സം തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറികടന്നു എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. തന്റെ അസാന്നിധ്യത്തില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബെന്നി ബെഹനാനായി എന്നദ്ദേഹം പറയുന്നു. പതിറ്റാണ്ടുകള്‍ നീണ്ട പൊതുപ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തുക തന്നെ ചെയ്യും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ചാലക്കുടി മണ്ഡലത്തിലെ യുഡിഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് സംസാരിക്കുന്നു.
പ്രചരണം അവസാന ലാപ്പില്‍?
വളരെയധികം ആവേശവും ആത്മവിശ്വാസവും തരുന്നതാണ് അവസാനഘട്ടം. തുടക്കം മുതലെ വളരെ ചിട്ടയോടെ കാര്യങ്ങള്‍ നടന്നുവെങ്കിലും ആരോഗ്യസംബന്ധമായ വിഷയങ്ങള്‍ മൂലം ഇടയക്ക് എനിക്ക് പ്രചരണം നിര്‍ത്തിവയ്ക്കേണ്ടി വന്നു. എങ്കിലും ഈ നിയോജകമണ്ഡലത്തില്‍ എന്റെ അസാന്നിധ്യം പ്രകടമാവാത്തവിധം ഇവിടെയുളള എം.എല്‍.എ മാര്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു. അതിന് ശേഷം കഴിഞ്ഞ മൂന്നു ദിവസമായി ഞാനും പ്രചരണപരിപാടികളില്‍ സജ്ജീവമായി.
അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം?
അപ്രതീക്ഷിതമായ ഉണ്ടായ ആശുപത്രി വാസം എന്റെ പ്രചരണത്തെ ബാധിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തെ അത് ബാധിച്ചില്ല. എന്റെ അസാന്നിധ്യത്തില്‍ ഇവിടുത്തെ പ്രവര്‍ത്തകരെല്ലാം തന്നെ ഒരു സ്ഥാനാര്‍ത്ഥിയായി മാറി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതാണ് ഞാന്‍ കണ്ടത്.
പ്രചരണത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയം?
ദേശീയതലത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും സജ്ജീവമായി നില്‍ക്കുന്നത്. ഒരു മതേതരത്വ സര്‍ക്കാര്‍ നമ്മുടെ രാജ്യത്ത് അധികാരത്തില്‍ വരണം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മോദി സര്‍ക്കാരിന്റെ കീഴില്‍ നടന്ന അഴിമതികള്‍, സാംമ്പത്തിക പ്രശ്നങ്ങള്‍, കര്‍ഷകാത്മഹത്യകള്‍ എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉറ്റുനോക്കുന്ന വിഷയങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ പരാജയങ്ങളും മറ്റൊരു വിഷയമാണ്. കേരളത്തിലെ ക്രമസമാധാന തകര്‍ച്ച, അക്രമരാഷ്ട്രീയം, എന്നീ വിഷയങ്ങളും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
രാഹുല്‍ ഗാന്ധിയുടെ വരവ്?
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടില്‍ മാത്രമല്ല, കേരളത്തിലെ 20 മണ്ഡലങ്ങളിലും വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനും ജനാധിപത്യമുന്നണിയ്ക്കും കിട്ടിയ ഒരു അംഗീകാരം മാത്രമല്ല, കേരളത്തിന് ദേശീയ തലത്തില്‍ കിട്ടിയ ഒരു അംഗാകാരം കൂടിയാണ്.
തിരഞ്ഞെടുപ്പ് സര്‍വേകള്‍?
ഞാന്‍ സര്‍വേഫലങ്ങള്‍ അനുകൂലിക്കുന്നുമില്ല തിരസ്കരിക്കുന്നുമില്ല. ജനങ്ങള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ വലിയൊരു ഭൂരിപക്ഷത്തോടുകൂടി വിജയിക്കാനാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കിഴക്കമ്പലം 2020യുടെ പ്രചാരണം?
വ്യക്തിവിരോധം പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് സമയത്തല്ല ഉന്നയിക്കേണ്ടത്. അതുകൊണ്ടു തന്നെ ഞാന്‍ അതിന് അത്ര ഗൗരവം കൊടുത്തിട്ടില്ല. കാര്യമായി അത് തിരഞ്ഞെടുപ്പിനെ ബാധിക്കും എന്നും ഞാന്‍ വിശ്വസിക്കുന്നില്ല.
എതിരാളികള്‍?
എതിരാളികളല്ല, അവര്‍ മറ്റൊരു മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്. ഞാനവരെ ബഹുമാനിക്കുന്നു, അവര്‍ എന്റെ സുഹൃത്തുക്കളാണ്. അവരെയൊന്നും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഞാന്‍ ഒരുക്കമല്ല. എന്നാല്‍ പ്രളയം കഠിനമായ അനുഭവപ്പെട്ട ഒരു നിയോജകമണ്ഡലമെന്ന് നിലയില്‍ ചാലക്കുടിയില്‍ ശ്രീ.ഇന്നസെന്റ് എന്തു ചെയ്തു എന്ന് വിലയിരുത്തേണ്ടതാണ് അതുപോലെ ശബരിമല വിഷയവും.
ശബരിമലയും തിരഞ്ഞെടുപ്പും?
ബി.ജെ.പി ശബരിമല വിഷയത്തെ കൂടുതല്‍ വര്‍ഗ്ഗീയവത്കരിക്കുകയാണ് ചെയ്യ്തത്. വിശ്വാസികളുടെ പ്രശ്നമായി വേണം അതിനെ കാണാന്‍. ഇടതുപക്ഷമുന്നണിയും ഈ വിഷയത്തില്‍ എടുത്ത നിലപാട് വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാനല്ല, അവിശ്വാസം കൊണ്ടവര്‍ വിശ്വാസത്തെ നേരിടാന്‍ ശ്രമിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കണം, കോണ്‍ഗ്രസും ഐക്യജനാതിപത്യ മുന്നണിയും എന്നും ജനങ്ങളോടൊപ്പമാണ്.
ജയിച്ചാല്‍ യു.ഡി.എഫ് കണ്‍വീനറായി തുടരുമോ?
അതെല്ലാം പാര്‍ട്ടിയുടെ തീരുമാനമാണ്. പാര്‍ട്ടിയെടുക്കുന്ന ഏതൊരു തീരുമാനവും ഞാന്‍ അംഗീകരിക്കും.
ചാലക്കുടിയെ കുറിച്ചുള്ള വികസന സ്വപ്നങ്ങള്‍..
പ്രകടനപത്രികയല്ല, പ്രവര്ത്തനപത്രികയിലൂടെ വിഷയങ്ങള്‍ ജനകീയ കൂട്ടായ്മയിലൂടെ നടപ്പാക്കുമെന്ന അഭിപ്രയമാണ് എനിക്കുള്ളത്.