അതിരിട്ടുതിരിച്ച 20 ലോക്സഭാമണ്ഡലങ്ങളുടെ അതിര്‍ത്തിഭേദിച്ച് പായുന്ന പടനായകനാണ് കോടിയേരി ബാലകൃഷ്ണന്. 16 മണ്ഡലങ്ങളിലും മത്സരിക്കുന്ന സി.പി.എമ്മിന്റെ അമരക്കാരനാണെങ്കിലും എല്ലാമണ്ഡലത്തിലെയും നായകത്വം ഏറ്റെടുത്താണ് തിരഞ്ഞെടുപ്പുഗോദയിലൂടെയുള്ള കുതിപ്പ്. ഒരുക്കം വിലയിരുത്തിയുള്ള യോഗങ്ങള്‍. ഓരോ മണ്ഡലത്തിലെയും പ്രശ്നങ്ങളറിഞ്ഞുള്ള ഇടപെടല്‍. പ്രവര്‍ത്തകരുടെ ആവേശം ആവോളം പ്രകടമാകുന്ന പൊതുയോഗ നഗരികളില്‍ സാധാരണക്കാരന് ബോധ്യമാകുന്ന രാഷ്ട്രീയം പറഞ്ഞുള്ള പ്രസംഗങ്ങള്‍. മറുചേരിയില്നിന്നുയരുന്ന ആരോപണങ്ങള്‍ക്ക് മറുമരുന്നുപോലെ നല്കുന്ന മറുപടികള്‍. വെള്ളിവെട്ടം വീഴുംമുമ്പെ തുടങ്ങി അര്‍ധരാത്രിയോടടുത്ത് അവസാനിക്കുന്ന രാഷ്ട്രീയയാത്ര. കഷ്ടിച്ച് ആറുമണിക്കൂര്പോലും ഉറങ്ങാത്ത ദിവസങ്ങള്‍....
കുപ്പിപ്പാത്രങ്ങളില്‍ നിറച്ച ചൂടുവെള്ളം. ഒരു ചെറിയ കറുത്തബാഗില്‍ അത്യാവശ്യം കരുതേണ്ട പേപ്പറുകള്‍. മൂന്നോ നാലോ ദിവസങ്ങളില്‍ ഉപയോഗിക്കേണ്ട വസ്ത്രങ്ങള്‍. കോടിയേരി ബാലകൃഷ്ണന്റെ യാത്രതുടങ്ങുന്നത് ഇങ്ങനെയാണ്. വെള്ള ഇന്നോവ കാറിന്റെ രണ്ടാംനിരയിലെ ഇടതുസീറ്റില്‍ സഖാവ് എത്തുന്നതോടെ കാറ് പായും. താണ്ടേണ്ടത് കിലോമീറ്ററുകളാണ്. കൊല്ലം ജില്ലയിലേക്കുള്ള യാത്രയ്ക്കിടെയിലാണ് കോടിയേരിയെ കാണുന്നത്. ശാന്തനാണ് നേതാവ്. കാര്‍ക്കശ്യം നിലപാടില്‍ മാത്രമൊതുക്കുന്ന നേതാവ്.
''നേരത്തേ പോകാനുള്ളതിനാല്‍ രാവിലെ നാലുമണിക്ക് എഴുന്നേറ്റു'' -കോടിയേരി പറഞ്ഞു. തിരഞ്ഞെടുപ്പുകാലമല്ലെങ്കില് അഞ്ചുമണിക്ക് ഉണരുന്നതാണ് രീതി. യോഗ ശീലമാണ്. സമയത്തില്‍ ഏറ്റക്കുറവുണ്ടാവാറുണ്ടെങ്കിലും മുടക്കാറില്ല. മുമ്പ് രാവിലെ എഴുന്നേറ്റ് നടക്കാറുണ്ടായിരുന്നു. പരിപാടികളുടെ തിരക്കുകൂടിയപ്പോള്‍ അത് ഒഴിവാക്കി. മിതഭക്ഷണം.
എത്രരാവിലെ ഇറങ്ങണമെങ്കിലും പ്രഭാതഭക്ഷണം വീട്ടില്നിന്നുതന്നെയാവും. അത് ഭാര്യ വിനോദിനി മുടക്കില്ല. രണ്ട് ഇഡ്ഢലി, പുട്ട്, പഴം അങ്ങനെ എന്തെങ്കിലുമാകും. രാവിലെതന്നെ പത്രങ്ങള്‍ ഓടിച്ചുവായിക്കും. യാത്രയാണെങ്കില്‍ പ്രധാനപത്രങ്ങളെല്ലാം കാറില്‍ കരുതും. യാത്രയിലാണ് കൂടുതല്‍ വായന.
യാത്രയ്ക്കിടയില്‍
യാത്രയില്‍ ഇടയ്ക്കിടെ ഫോണ്‍ ശബ്ദിച്ചു. പതിഞ്ഞ ശബ്ദത്തില്‍ ചെറിയവാക്കുകള്. ഒന്നിലും കൂടുതല്‍ വിശദീകരണങ്ങളില്ല. എല്ലാം രാഷ്ട്രീയംതന്നെ. കൃത്യമായ ഉത്തരം. പൊടുന്നനെ സംഭവിക്കുന്ന കാര്യങ്ങളാണ് രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത്. വിവാദങ്ങള്‍, വെളിപ്പെടുത്തലുകള്‍, വാര്‍ത്തകള്‍ അങ്ങനെ എന്തുമാകും. അതിലൊക്കെ നിലപാടറിയാന്‍ പാര്ട്ടിസെക്രട്ടറിക്കരികില് മാധ്യമങ്ങള്‍ ഓടിയെത്തും. ഇത്തരം കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാനാവുന്നത് എങ്ങനെയാണെന്നായി ഞങ്ങളുടെ സംശയം. ''പ്രധാനകാര്യങ്ങള്‍ അതത് സ്ഥലത്തെ പാര്ട്ടിക്കാര് അറിയിക്കും. എല്ലാകാര്യങ്ങളും നമ്മളെ അറിയിക്കേണ്ട കാര്യമൊന്നുമില്ലല്ലോ'' -അദ്ദേഹത്തിന്റെ മറുപടി.
രാഷ്ട്രീയം ചര്‍ച്ചയായപ്പോള്‍ ബംഗാളും തമിഴ്നാടും ത്രിപുരയുമൊക്കെ കടന്നുവന്നു. ബംഗാളില്‍ പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. ''അവിടെ ഗുണ്ടാഭരണമാണ് നടക്കുന്നത്. ഓരോ പ്രദേശത്തും തൃണമൂലോ ബി.ജെ.പി.യോ ആണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്. കൊല്‍ക്കത്തയില്‍ ഇടതുമുന്നണി റാലി നടത്തിയപ്പോള്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തൃണമൂലിന്റെ പരിപാടിയെക്കാള്‍ പങ്കാളിത്തം. പക്ഷേ, പലയിടങ്ങളില്‍നിന്നും റാലിയില്‍ പങ്കെടുക്കാനായി പ്രവര്‍ത്തകര്‍ക്ക് പോകാനാവാത്ത സ്ഥിതിയായിരുന്നു. പോയാല്‍ അക്രമത്തിനിരയാകും. അതിനാല്‍, ആഴ്ചകള്‍ക്കുമുമ്പെ വീട്ടില്നിന്നിറങ്ങിയാണ് പലരും റാലിക്കെത്തിയത്. ഒരുപാട് അതിജീവിക്കുന്നവരാണ് അവിടത്തെ പ്രവര്‍ത്തകര്‍'' - അദ്ദേഹം പറഞ്ഞു.
ചില വീട്ടുകാര്യം
നാടിനെ പേരിനൊപ്പംചേര്ത്ത നേതാവാണ് കോടിയേരി ബാലകൃഷ്ണന്. 'വീട്ടില്‍ കൊച്ചുമക്കള്‍ പാര്‍ട്ടിസെക്രട്ടറിക്ക് മുകളിലാണെന്ന് കേട്ടല്ലോ' എന്നുചോദിച്ചപ്പോള്‍ അദ്ദേഹത്തിന് നല്ല മുത്തച്ഛന്റെ ചിരി. ''മക്കള്‍ക്ക് സ്നേഹം കൊടുക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല. രാഷ്ട്രീയപ്രവര്ത്തനമാകുമ്പോള് അതിനൊന്നും കഴിയാറില്ല. മക്കളെക്കാളും സ്നേഹവും സ്വാതന്ത്ര്യവും ചെറുമക്കള്‍ക്ക് കിട്ടുന്നത് സ്വാഭാവികമാണല്ലോ'' -വാക്കില്‍ ഒരു കുടുംബനാഥന്റെ സ്വരം. മക്കളും കൊച്ചുമക്കളുമെത്തുമ്പോള് വീട്ടില്‍ ആഘോഷമാകും. ഓണത്തിനും വിഷുവിനുമൊക്കെ പരമാവധി എല്ലാവരും ഒന്നിക്കും. അത് കോടിയേരിയിലെ വീട്ടിലാകും. ഇത്തവണ വിഷു തിരഞ്ഞെടുപ്പുചൂടിനിടയിലാണ്. അതിനാല്‍, കോടിയേരിയിലെത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലും രാഷ്ട്രീയത്തിന് അയിത്തമില്ല. ഭാര്യ വിനോദിനി നല്ല രാഷ്ട്രീയംപറയുമെന്ന് കോടിയേരി സമ്മതിക്കും. അതില്‍ വിമര്‍ശനവും വിയോജിപ്പും സംശയങ്ങളും എല്ലാമുണ്ടാകും. എന്നാല്‍, പാര്‍ട്ടിയോഗത്തിലെ കാര്യങ്ങള്‍ വീട്ടില്‍ ചര്‍ച്ചയാകാതിരിക്കാനുള്ള 'അച്ചടക്കം' എല്ലാവരും പാലിക്കാറുണ്ട്.
പാര്‍ട്ടി ഓഫീസില്‍
കൊല്ലം പൊളയത്തോടിലെ ജില്ലാകമ്മിറ്റി ഓഫീസിനുമുമ്പില്‍ കാറെത്തുമ്പോള്‍ നേതാക്കളെല്ലാം അവിടെയുണ്ടായിരുന്നു. തോമസ് ഐസക്, പി.കെ. ഗുരുദാസന്, മേഴ്സിക്കുട്ടിയമ്മ അങ്ങനെ നേതൃനിര നീണ്ടു. മണ്ഡലംകമ്മിറ്റി ഭാരവാഹികള്‍ നേരത്തേ ഹാജരായിരുന്നു. വോട്ടിന്റെ ഗതികള്‍ ഇഴകീറി പരിശോധിച്ച് ഉച്ചവരെ നീണ്ട യോഗം. പാര്‍ട്ടി ഓഫീസില്‍തന്നെയായിരുന്നു ഭക്ഷണവും. മാംസാഹാരം പാടെ ഉപേക്ഷിച്ചിട്ട് നാളേറെയായി. മത്സ്യമുണ്ടാകും അത്രമാത്രം. ഭക്ഷണത്തിനുശേഷവും കാര്യമായ വിശ്രമമുണ്ടായില്ല. പാര്‍ട്ടിസെക്രട്ടറിയെ കാണാനെത്തിയവരുമായി കുറച്ചുസമയം. നാലരമണിക്കാണ് ആദ്യത്തെ പൊതുപരിപാടിയുള്ളത്. അതിന് രണ്ടുമണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുമായി ഒരു മുഖാമുഖത്തിന് സമയം ചോദിക്കുന്നത്. ഇത് നേരത്തേ നിശ്ചയിച്ചതായിരുന്നില്ല. എങ്കിലും ക്ഷണം സ്വീകരിച്ച് പ്രസ്ക്ലബ്ബിലേക്ക്.
ഒരേതാളം; പൂര്‍ണ ഉത്തരം
മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ ഒരേതാളത്തിലായിരുന്നു വാക്കുകളൊഴുകിയത്. കേന്ദ്രത്തില്‍ ബി.ജെ.പി. ഇതര മതേതരസര്‍ക്കാര്‍ വരേണ്ട അനിവാര്യതയില്‍ തുടങ്ങി, കോണ്‍ഗ്രസിന്റെ രാഷ്ട്രീയപാപ്പരത്തം വ്യക്തമാക്കുന്നതുവരെയുള്ള കാര്യങ്ങള്‍ അക്കമിട്ടുനിരത്തി. എല്‍.ഡി.എഫിന് വോട്ടുചെയ്താല്‍ കേന്ദ്രത്തില്‍ ബി.ജെ.പി. ഭരണം വരാനിടയാക്കുമെന്ന എ.കെ. ആന്റണിയുടെ വാദത്തെ ഉദാഹരണസഹിതം ഖണ്ഡിക്കുന്നതിലായിരുന്നു ഊന്നല്‍. കോണ്‍ഗ്രസ് നേതാക്കളുടെ ബി.ജെ.പി. ചേക്കേറല്‍, ആര്.എസ്.പി.യുടെ മുന്നണിമാറ്റം എന്നിവയ്ക്കെല്ലാം ക്ഷമയോടെ ഉത്തരം. ഒന്നിലും വൈകാരികപ്രതികരണമുണ്ടായില്ല. ചോദ്യങ്ങള്‍ അവസാനിക്കുന്നതുവരെ കാത്തിരുന്ന് മറുപടിനല്‍കിയാണ് അദ്ദേഹം പ്രസ്ക്ലബ്ബില്നിന്നിറങ്ങിയത്.
അണികള്‍ക്ക് ആവേശം
ചാത്തന്നൂര്‍ ദേശീയപാതയോരത്തെ പൊതുയോഗവേദിക്കരികില് കോടിയേരിയുടെ കാര്‍ വന്നുനില്ക്കുമ്പോള് മുദ്രാവാക്യം മുഴങ്ങി. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് തടയിട്ട് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ അക്കമിട്ടുനിരത്തി പ്രാദേശികനേതാവിന്റെ പ്രസംഗം വേദിയില്‍ കത്തിക്കയറുകയായിരുന്നു. ഇതിനിടെയാണ് മുദ്രാവാക്യം ഉയര്‍ന്നത്. നേതാവ് പ്രസംഗം നിര്‍ത്തി. പ്രവര്‍ത്തകര്‍ കോടിയേരിക്കരികിലേക്ക് തള്ളിയെത്തി. സ്ത്രീകളടങ്ങുന്ന വന്‍ ജനക്കൂട്ടം. അവരെ കൈവീശി അഭിവാദ്യംചെയ്ത് വേദിയിലേക്ക്.
വോട്ടിന്റെ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. ഒരു കൈത്തെറ്റുണ്ടാകാതിരിക്കാനുള്ള ബോധ്യപ്പെടുത്തലിന് സരസവും ലളിതവും താളാത്മകവുമായ വിശദീകരണം. ബി.ജെ.പി.യെ തള്ളിയും കോണ്‍ഗ്രസിനെ ആക്രമിച്ചും രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചും ഒരുമണിക്കൂര്‍ ആ വാക്കുകള്‍ നീണ്ടു. വേദിയില്‍നിന്നിറങ്ങുമ്പോള്‍ നാലുവയസ്സുകാരി ലിയോണ ചുവന്ന പൂവുമായി സഖാവിനെ കാത്തിരിപ്പുണ്ടായിരുന്നു. സമ്മാനപ്പൂ വാങ്ങി, കുഞ്ഞുകവിളില്തൊട്ട് കോടിയേരി ചാത്തന്നൂരില്‍നിന്ന് മടങ്ങി. അപ്പോഴേക്കും ഇരുട്ടുവീണിരുന്നു. പിന്നെയും പോകണം രണ്ടാമത്തെ പൊതുയോഗസ്ഥലമായ അയത്തിലേക്ക്.
അയത്തില്‍ എത്തുമ്പോള്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിലെ രാഷ്ട്രീയക്കളിയെക്കുറിച്ചായിരുന്നു വേദിയില്നടക്കുന്ന പ്രസംഗം. ഇവിടെ കോടിയേരിക്ക് അഭിവാദ്യമര്‍പ്പിച്ച് ഉയര്‍ന്ന മുദ്രാവാക്യം കുറച്ചുകൂടി വൈകാരികമായിരുന്നു. 'കണ്ണേ.. കരളേ കോടിയേരി, ധീരതയോടെ നയിച്ചോളൂ..' എന്നുനീളുന്ന വിളികള്‍. ബി.ജെ.പി. ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതും, അത് തടയാനാവാതെ കോണ്‍ഗ്രസ് വര്‍ഗീയതയ്ക്ക് വളംവെക്കുന്നതുമായിരുന്ന ഇവിടത്തെ പ്രസംഗത്തിന്റെ കാതല്‍. പ്രസംഗം തീരുമ്പോഴേക്കും രാത്രി എട്ടുമണിയായി. വേദിവിടുമ്പോള്‍ സ്ത്രീകളടക്കം അടുത്തെത്തി കുശലംപറഞ്ഞു. ചിലര്‍ ഫോട്ടോയെടുത്തു.
കൂടെയുള്ള ഗണ്മാന് സതീഷിന്റെ ഫോണിലേക്ക് ഇതിനിടെ കോട്ടയത്തുനിന്ന് വിളിവരുന്നുണ്ടായിരുന്നു. 'സഖാവ് പുറപ്പെട്ടോ' ഇതായിരുന്നു അന്വേഷണം. ഇനിയുള്ള യാത്ര കോട്ടയത്തേക്കാണ്. രാവിലെ ബൂത്തുതലംവരെയുള്ള പ്രവര്‍ത്തനം വിലയിരുത്താനുള്ള യോഗം കോട്ടയത്തുമുണ്ട്. കാറിന്റെ ഇടതുസീറ്റിലിരുന്ന് കൈവീശി യാത്രചോദിച്ച്, പൊതുയോഗവേദിയിലെ ആരവം കടന്ന് കോട്ടയത്തെ അണികളെ അറിയാന്‍ അവര്‍ക്കിടയിലേക്ക് സഖാവ് നീങ്ങി.
Content Highlights: a journey with cpm state secretary kodyeri balakrishnan