മുന്‍ വര്‍ഷങ്ങളിലേത് പോലെയല്ല, ഇത്തവണ കാസര്‍കോട് ജില്ലയില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. പെരിയ കല്ല്യോട്ടെ ഇരട്ട കൊലപാതകം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യം വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ് കരുത്തുറ്റ സ്ഥാനാര്‍ഥിയെയാണ് ഇറക്കിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ മാത്രമല്ല വെള്ളിത്തിരയിലും സാന്നിധ്യം തെളിയിച്ചിട്ടുള്ള രാജ് മോഹന്‍ ഉണ്ണിത്താനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. മണ്ഡലത്തിലെ അനുകൂല സാഹചര്യങ്ങളും പ്രതീക്ഷകളെയും കുറിച്ച അദ്ദേഹം മാതൃഭൂമി ഡോട്ടോ കോമിനോട് മനസുതുറക്കുന്നു.
കാസര്‍കോട് മണ്ഡലത്തിലെ അനുകൂല ഘടകം... ?
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും പ്രതികൂല സാഹചര്യം നേരിട്ടത് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലഘട്ടമായിരുന്നു. യുപിഎ സര്‍ക്കാരിനെ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിചാരണ നടത്തിയിരുന്ന സമയം. ടു ജി സ്പെക്ട്രം, ബോംബെ ഫ്ളാറ്റ് നിര്‍മാണം, അഗസ്ത വെസ്റ്റ് ലാന്‍ഡ്, ബൊഫേഴ്സ് തുടങ്ങി നിരവധി അഴിമതി ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും, ബാര്‍ കോഴ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്ന ആ സമയത്ത് ഇവിടെ മത്സരിച്ച സിദ്ദിഖ് വെറും 6296 വോട്ടിനാണ് പരാജയപ്പെട്ടത്.
എന്നാല്‍, ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് നേരിട്ട് പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ജനാധിപത്യത്തെ പണാധിപത്യം അട്ടിമറിക്കുന്നു, ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു, നോട്ട് നിരോധനം, ജിഎസ്ടി എന്നിവ സാധാരണക്കാരന്റെ നടുവൊടിക്കുന്നു തുടങ്ങി കേന്ദ്ര സര്‍ക്കാരിനെയും, പ്രളയം, രാഷ്ട്രീയ കൊലപാതകങ്ങള്‍, ആക്രമ സംഭവങ്ങള്‍ എന്നിവ പിണറായി സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് പരാജയപ്പെടില്ല.
ഇതിന് പുറമെ, സുപ്രീം കോടിതിയുടെ വിധിയെന്ന് പറഞ്ഞ് നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കാനും ആചാരങ്ങള്‍ ലംഘിക്കാനും രണ്ട് യുവതികളെ സര്‍ക്കാര്‍ അവിടെ കയറ്റി. എന്നാല്‍ സുപ്രീംകോടതി വിധി ശബരിമലയില്‍ സ്ത്രീ-പുരുഷ സമത്വം വേണമെന്നാണ്. 50 വയസിന് മുകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകളും പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളും ശബരിമലയില്‍ പോകുന്നുണ്ട്. ഇത് കോടതിയില്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മനപൂര്‍വ്വം പരാജയപ്പെട്ടു. അതിന്റെ പ്രതികണവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇത് യുഡിഎഫിന് അനുകൂലമാകും.
ഒരു ഘട്ടത്തിലും സ്ഥാനാര്‍ഥി പട്ടികയില്‍ താങ്കളുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നില്ല. ആരാണ് താങ്കളുടെ പേര് നിര്‍ദേശിച്ചത്...?
എനിക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്ന സീറ്റ് ആലപ്പുഴയാണ്. നിലവില്‍ അവിടെ എംപിയായിരുന്ന കെ.സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആ സീറ്റ് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ചാനലുകളില്‍ നിന്നായി എന്നെ വടകര സീറ്റിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ നിന്നാണ് എനിക്ക് കാസര്‍കോട് സീറ്റ് ആണെന്ന് അറിഞ്ഞത്.
കെ.പി.സി.സി പ്രസിഡന്റ് ആയതിനാല്‍ തന്നെ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കില്ലെന്നും, അതുകൊണ്ട് ആ സീറ്റ് എനിക്ക് തരാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് എന്നെ കാസര്‍കോട് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ശേഷവും കെപിസിസി പ്രസിഡന്റും, മുന്‍ മുഖ്യമന്ത്രിയുമൊന്നും വിവരം അറിയിച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയോടെയാണ് കാസര്‍കോട് പ്രചാരണം തുടങ്ങണമെന്ന നിര്‍ദേശം ലഭിക്കുന്നത്.
രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കുന്നതിനായി ശക്തി എന്ന ഒരു ആപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ കേരളത്തില്‍ വിജയ സാധ്യതയുള്ള ഏതെങ്കിലുമൊരു സീറ്റ് രാജ്മോഹന്‍ ഉണ്ണിത്താന് നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് പാര്‍ട്ടി നേതൃത്വം കാസര്‍കോട് സീറ്റ് എനിക്ക് നല്‍കിയത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഞാന്‍ സുപരിചിതനാണ്.
താങ്കളുടെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ജില്ലാ ഘടകത്തിലുണ്ടായ അസ്വാരസ്യങ്ങള്‍....?
എനിക്ക് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറിയുണ്ടായെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണ്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ എവിടെ സീറ്റ് തന്നാലും അത് ഒരാള്‍ പോലും അത് ചോദ്യംചെയ്യില്ല. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ണിത്താനോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ആളുകള്‍ ഉണ്ട്. എനിക്ക് സീറ്റ് നല്‍കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും, കാസര്‍കോട് സീറ്റ് നല്‍കുകയും ചെയ്ത ശേഷം അവിടെ തനിക്ക് ഒരു എതിരാളിയുണ്ടെന്ന് പറയുകയും ചെയ്താല്‍ അത് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല.
എന്നാല്‍, കാസര്‍കോട് ജില്ലാ നേതൃത്വത്തിന് ഇക്കാര്യത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ഇത് സ്വന്തം തലയില്‍ വരാതിരിക്കാന്‍ ബുദ്ധിമാന്മാരായ ചിലര്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെടുത്തുകയാണ്. കാസര്‍കോട് സീറ്റിന് സാധ്യത കല്പ്പിച്ചിരുന്നത് സുബ്ബയ്യറായിക്കാണ്. അദ്ദേഹത്തിന് സീറ്റ് നല്‍കണമെന്ന് ഞാന്‍ മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിനകത്തുള്ള സ്വഭാവികമായ അഭിപ്രായ വ്യത്യാസങ്ങളുടെ പ്രതിഫലനമാണ് കാസര്‍കോട്ടെ പ്രശ്നം. അതിന് എന്റെ സ്ഥാനാര്‍ഥിത്വവുമായി യാതൊരു ബന്ധവുമില്ല.
പെരിയയിലെ ഇരട്ട കൊലപാതകമാണോ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധം...?
കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറും കാസര്‍കോട് മണ്ഡലത്തിലാണ്. ഷുക്കൂറിന്റെ കൊലപാതകത്തില്‍ ടി.വി. രാജേഷിന്റെയും പി.ജയരാജന്റെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, പോലീസിനെ അവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കല്ല്യേട്ടെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ അല്ല യാഥാര്‍ഥ പ്രതികള്‍. അതിന് പിന്നിലും കൊല്ലിച്ചവരുണ്ട്. അവരെ പോലീസ് പിടികൂടുന്നില്ല. ഷുക്കൂര്‍ വധക്കേസില്‍ ജയരാജനും ടി.വി രാജേഷും കുടുങ്ങിയത് പോലെ കല്ല്യോട്ടെ കൊലപാതകത്തിലും ഉന്നതരായ ആളുകള്‍ കുടങ്ങും.
സഖാവ് കൃഷ്ണന്റെ മകാനാണ് കൊല്ലപ്പെട്ട കൃപേഷ്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാണ് തന്റെ മകനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ താന്‍ ഇനി ഈ ചെങ്കൊടി പിടിക്കില്ലെന്നാണ് കൃഷ്ണന് പറഞ്ഞത്. ഇത് ഒരു കൃഷ്ണന്റെ മാത്രം വാക്കുകളല്ല. കാസര്‍കോട് ജില്ലയിലെ യഥാര്‍ഥ കമ്യൂണിസ്റ്റുകളുടെ വാക്കുകളാണ്. അതുകൊണ്ട് കാസര്‍കോട്ടെ മുഴുവന്‍ കമ്യൂണിസ്റ്റുകാരും ഇത്തവണ കോണ്‍ഗ്രസിന് വോട്ടുചെയ്യും.
രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥി ആകുന്നതിന്റെ പ്രതിഫലനം...?
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പ്രതിഫലനം വയനാടിന് പുറമെ കേരളത്തിലെ മറ്റ് 19 മണ്ഡലങ്ങളിലുമുണ്ടാകും. അദ്ദേഹം വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം വാനോളമെത്തിയിരിക്കുകയാണ്. 1977-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേടിയ വിജയം ഇത്തവണയും ആവര്‍ത്തിക്കും. ഇത്തവണ കേരളത്തില്‍ 20 സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കും.
വിജയിച്ചാല്‍ കാസര്‍കോട് നടപ്പാക്കുന്ന പദ്ധതികള്‍....?
ശവകുടീരങ്ങളുടെ നാടായി മാറിയ കാസര്‍കോടിനെ വികസത്തിന്റെ പറുദീസയാക്കുകയാണ് എന്റെ പ്രധാന ലക്ഷ്യം. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് നവീകരണം, മെഡിക്കല്‍ കോളേജ്, തീരദേശങ്ങള്‍ക്കായി ഒരു പോര്‍ട്ട്, മഞ്ചേശ്വരത്ത് ഒരു ഫ്ളൈ ഓവര്‍, കാഞ്ഞങ്ങാട്-കാണിയൂര്‍ തീവണ്ടി പാത, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ഒരു മെഡിക്കല്‍ കോളേജ് തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്യേശിക്കുന്നത്.
Content Highlights: 2019 Lok Sabha Election, Kasaragod Constituency, UDF Candidate, Rajmohan Unnithan