സുൽത്താൻബത്തേരി: സിവിൽ സർവീസ് അഭിമുഖത്തിലെ ചോദ്യങ്ങളെക്കുറിച്ചാണ് ശ്രീധന്യയെ കണ്ടപ്പോൾ രാഹുലിന് ചോദിക്കാനുണ്ടായിരുന്നത്. പിന്നെ വയനാട്ടിലെ ഗോത്രവിഭാഗങ്ങളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ചും.

കേരളത്തിൽ ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായി സിവിൽ സർവീസ് റാങ്കുകാരിയായ ശ്രീധന്യ സുരേഷ് രണ്ട് കാര്യത്തിലും രാഹുലിന് ഉത്തരംനൽകി. തന്റെകൂടെ ഉച്ചഭക്ഷണം കഴിക്കാനായിരുന്നു ശ്രീധന്യയ്ക്കും കുടുംബത്തിനും രാഹുലിന്റെ ക്ഷണം.

വയനാട്ടുകാരിയായ സിവിൽ സർവീസ് റാങ്കുകാരിയെ നേരിൽ കാണണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുമ്പോൾ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീധന്യ. ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിട്ടും ശ്രീധന്യയെത്തി. ചൊവ്വാഴ്ചയാണ് ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ ശ്രീധന്യയെ കാണണമെന്ന രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചതായി ഫോണിലറിയിച്ചത്. തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. ബുധനാഴ്ച രാവിലെ നേതാക്കൾ വീട്ടിലേക്ക് കാറയച്ചാണ് ശ്രീധന്യയെയും കുടുംബത്തെയും ബത്തേരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

അച്ഛൻ സുരേഷും അമ്മ കമലയും സഹോദരൻ ശ്രീരാഗും ഒപ്പമുണ്ടായിരുന്നു. പത്തുമണിയോടെ ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെത്തിയ ഇവർ സുരക്ഷാ പരിശോധനകൾക്കുശേഷം രാഹുലിനെ കാത്തിരുന്നു. 12.30-ഓടെ പൊതുയോഗം അവസാനിപ്പിച്ച്, രാഹുൽ സമീപത്തെ കോളേജിലെത്തി. ഇവിടത്തെ ഒരു മുറിയിലാണ് കൂടിക്കാഴ്ചയൊരുക്കിയത്.

അവിവാഹിതരായ അമ്മമാർ ഉൾപ്പെടെ ആദിവാസി വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ശ്രീധന്യ വിവരിച്ചപ്പോൾ അതിന്റെ കാരണങ്ങളും പരിഹാര നിർദേശങ്ങളും രാഹുൽ ആരാഞ്ഞു. വരൾച്ചയും വയനാടിന്റെ വികസന പ്രശ്‌നങ്ങളുമെല്ലാം ചുരുങ്ങിയ നേരത്തിനുള്ളിൽ രാഹുലുമായി ശ്രീധന്യ ചർച്ചചെയ്തു.

കൂടിക്കാഴ്ചയ്ക്കുശേഷം ശ്രീധന്യയ്ക്കും കുടുംബത്തിനുമൊപ്പമാണ് രാഹുൽ ഉച്ചഭക്ഷണം കഴിച്ചത്. സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നയുടൻ രാഹുൽ ഗാന്ധി, തന്റെ ട്വീറ്റിൽ ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു. പിന്നീട് ഫോണിൽ വിളിച്ചും അഭിനന്ദനമറിയിച്ചു.

content highlights: Rahul gandhi lunch with sreedhanya civil service toper from wayand and family