കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് തൊട്ടുമുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പുറത്തുവന്നത്. സിപിഎം വോട്ടുകള്‍ ഗണ്യമായി ബിജെപിയിലേക്ക് ഒഴുകിയെന്നുള്ള ആശങ്ക പങ്കുവെക്കുന്നാതായിരുന്നു ആ റിപ്പോര്‍ട്ട്. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഒര് സീറ്റ് പോലും നേടാനായില്ല എന്ന് മാത്രമല്ല ഒരിടത്ത് പോലും രണ്ടാം സ്ഥാനത്തേക്ക് പോലും എത്താന്‍ ബംഗാളില്‍ സിപിഎമ്മിന് ആയിട്ടില്ല. 

ബിജെപിയിലേക്ക് പാര്‍ട്ടിയില്‍ നിന്ന് വോട്ടൊഴുകിയിട്ടുണ്ടെന്ന് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും തുറന്ന് സമ്മതിക്കുകയും ചെയ്തു. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തില്‍ പിടിച്ച് നില്‍ക്കാനാകാതെ സിപിഎം ചുരുണ്ടപ്പോഴും വോട്ടിങ് ശതമാനത്തില്‍ കാര്യമായ കോട്ടം സിപിഎമ്മിന് ഉണ്ടായിരുന്നില്ല. 2014-ല്‍ രണ്ടു സീറ്റില്‍ മാത്രം സിപിഎം ഒതുങ്ങിയപ്പോഴും ഇടത്പാര്‍ട്ടികള്‍ക്ക് മുപ്പത്ത് ശതമാനത്തോളം വോട്ടുകള്‍ നേടാനായിരുന്നു. എന്നാലിത്തവണ ഇടതുപാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചത് എട്ട് ശതമാനത്തിന് താഴെ വോട്ടുകള്‍ മാത്രമാണ്. 

രണ്ട് സീറ്റുകളും 17 ശതമാനം വോട്ടും മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ലഭിച്ചതാകട്ടെ 18 സീറ്റുകളും 40.2 ശതമാനം വോട്ടുകളും.  ഒരു സുപ്രഭാതത്തില്‍ ലഭിച്ച നേട്ടമല്ല ബിജെപിയുടേത്. സ്വന്തം പാര്‍ട്ടി നേട്ടമുണ്ടാക്കാത്തതില്‍ മനംമടുത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണിയില്‍ ഭീതി ബാധിച്ചവരുമായ ഇടത് പാര്‍ട്ടി പ്രവര്‍ത്തകരെ തങ്ങളിലേക്കടുപ്പിക്കാന്‍ വ്യക്തമായ ആസൂത്രണത്തോടെ തന്നെയാണ് ബിജെപി പ്രവര്‍ത്തിച്ചത്. പ്രതിപക്ഷ ഏകീകരണം മൂലം യുപിയിലടക്കം സീറ്റുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അത് നികത്താനുള്ള ഇടങ്ങളായി ബിജെപി കണ്ടെത്തിയത് ബംഗാളും ഒഡീഷയുമായിരുന്നു. കൃത്യമായ പദ്ധതികളോടെ ഇത് നടപ്പാക്കുകയും അതിന്റെ ഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. 

മുപ്പത് ശതമാനം വോട്ടുകളുള്ള ഇടത് പാര്‍ട്ടിയല്ല ബിജെപിയാണ് യഥാര്‍ത്ഥ ഭീഷണിയെന്ന് മമത ബാനര്‍ജി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം മോദി-ദീദി പോരാട്ടമായി മാറിയതും അത് കൊണ്ടാണ്. ന്യൂനപക്ഷ പ്രീണനങ്ങള്‍ നടത്തിയും ഭരണം ഉപയോഗിച്ചും മമതക്ക് തന്റെ അടിത്തറ ഇളകാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഇളകി.

ബംഗാളിലെ ഭരണമാണ് ലക്ഷ്യമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വരും നാളുകളില്‍ സംസ്ഥാനത്ത് കൂടുതല്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്കെത്തിക്കുമെന്നുറപ്പാണ്.

2014-ല്‍ രണ്ട് സീറ്റുകളില്‍ മാത്രമെ ജയിക്കാനായിരുന്നുള്ളുവെങ്കിലും 33 ഇടങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇടത് പാര്‍ട്ടികള്‍. രണ്ട് സീറ്റുകള്‍ തന്നെയുള്ള ബിജെപി രണ്ടിടത്ത് മാത്രമെ അന്ന് രണ്ടാം സ്ഥാനത്തും വന്നിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ ബംഗാളിലെ ആകെയുള്ള 42 മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസ് ജയിച്ചത് ഒഴിച്ചാല്‍ ബാക്കിയുള്ള 41 മണ്ഡലങ്ങളിലും ബിജെപി-തൃണമൂല്‍ മത്സരം ആയി മാറി. 

ഇവിടങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും മൂന്നും നാലും സ്ഥാനങ്ങള്‍ക്കായിട്ട് മത്സരിക്കേണ്ടി വന്നു. അയല്‍ സംസ്ഥാനമായ ത്രിപുരയിലും സിപിഎമ്മിന് സമാനമായ ഗതികേടാണുള്ളത്. ത്രിപുരയില്‍ രണ്ട് സിറ്റിങ് സീറ്റുകളിലും സിപിഎം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 

സിറ്റിങ് സീറ്റായ ബെര്‍ഹാപുരാണ് ബംഗാളില്‍ കോണ്‍ഗ്രസ് ജയിച്ച ഏക മണ്ഡലം. സിറ്റിങ് എംപിയായ ആധിര്‍ ചൗധരി ഇവിടെ നിന്ന് തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജയിക്കുന്നത്.

Content Highlights: West Bengal Lok Sabha election results 2019-bjp-tmc-cpim