കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ സീറ്റ് നില ഉയരുന്നു. രണ്ട് സീറ്റുകള്‍ മാത്രമുള്ള ബിജെപി നിലവില്‍ സംസ്ഥാനത്തെ 15 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. 20 സീറ്റുകളിലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറ്റം നടത്തുന്നുണ്ട്.

2014-ല്‍ രണ്ട് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് എക്‌സിറ്റ് പോളുകള്‍ 14 സീറ്റുകള്‍ വരെയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് കടന്നിരിക്കുകയാണിപ്പോള്‍ ബിജെപി. 

അതേ സമയം ഒരു കാലത്ത് സംസ്ഥാനം അടക്കിഭരിച്ചിരുന്ന ഇടതുപാര്‍ട്ടികള്‍ക്ക് ആദ്യഫലസൂചനകളില്‍ ഒരിടത്തും മുന്നേറാനായിട്ടില്ല. റായ്ഗഞ്ചിലെ സിറ്റിങ് എംപിയായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം ബിജെപിയുടെ ദെബോശ്രീ ചൗധരിക്ക് പിന്നിലാണ്. സിപിഎമ്മിന്റെ മറ്റൊരു സിറ്റിങ് മണ്ഡലമായ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍.

അസന്‍സോളില്‍ കേന്ദ്ര മന്ത്രിയും ഗായകനുമായ ബാബുള്‍ സുപ്രിയോ തൃണമൂലിന്റെ മൂണ്‍ മൂണ്‍ സെന്നിനെ പിന്നിലാക്കി മുന്നേറുകയാണ്. ഡയമണ്ട് ഹാര്‍ബറില്‍ മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും ലീഡ് ചെയ്യുന്നുണ്ട്.

Content Highlights: West Bengal Lok Sabha election results 2019-bjp-tmc-cpim