കൊല്‍ക്കത്ത: ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ കൊല്‍ക്കത്തയില്‍ നിര്‍മ്മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിമ നിര്‍മ്മിക്കാനുള്ള പണം പശ്ചിമ ബംഗാളിനുണ്ടെന്ന് മമത പ്രതികരിച്ചു.

'വിദ്യാസാഗറിന്റെ പ്രതിമ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പ്രതിമ നിര്‍മിക്കാനുള്ള പണം ബംഗാളിനുണ്ട്. 200 വര്‍ഷത്തെ പാരമ്പര്യം അദ്ദേഹത്തിന് തിരിച്ചുനല്‍കാനാകുമോ? ഞങ്ങളുടെ കൈവശം തെളിവുണ്ട്. എന്നിട്ടും നിങ്ങള്‍ പറയുന്നു തൃണമൂലാണ് പ്രതിമ തകര്‍ത്തതെന്ന്. ഇത്രയധികം കള്ളം പറയുന്നതിന് അദ്ദേഹം അനുഭവിച്ചേ മതിയാകൂ. ആരോപണങ്ങള്‍ തെളിയിക്കൂ. അല്ലാത്തപക്ഷം ജയിലില്‍ പോകേണ്ടിവരും'- മമത മുന്നറിയിപ്പ് നല്‍കി.

ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ അവര്‍ ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പു കമ്മീഷന്‍ ബി ജെ പിയുടെ സഹോദര സ്ഥാപനമാണെന്ന് മമത പരിഹസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് നിഷ്പക്ഷ സ്ഥാപനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ ആളുകളും പറയുന്നു തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപിക്ക് വിറ്റുവെന്ന്- മഥുരാപുറിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ മമത പറഞ്ഞു.

ബംഗാളിലെ നവോത്ഥാന നായകന്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന മോദിയുടെ പരാമര്‍ശത്തെയും ബി ജെ പി പുതിയ പ്രതിമ നിര്‍മിക്കുമെന്ന വാഗ്ദാനത്തെയും വിമര്‍ശിച്ചുകൊണ്ടാണ് മമത രംഗത്തെത്തിയത്.

content highlights: west bengal chief minister mamata banerjee criticises bjp and election commission