കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടത് വോട്ടുകള്‍ ഒരു പരിധിവരെ ബിജെപിയിലേക്ക് മാറിയിട്ടുണ്ടെന്ന കണ്ടെത്തലുമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്. അങ്ങനെ മാറിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ചെറിയ രീതിയില്‍ ക്ഷീണമുണ്ടാക്കുമെന്നാണ് തൃണമൂലിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

2014-ല്‍ ഇടതുപക്ഷത്തിന് 30 ശതമാനത്തിനടുത്ത് വോട്ടുകള്‍ ലഭിച്ചിരുന്നു. ബിജെപിക്ക് 17 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്. ഇടതുപക്ഷത്തിന് നേരത്തെ ലഭിച്ചതില്‍ നിന്ന് 10 ശതമാനം വോട്ടുകള്‍ വരെ ബിജെപിയിലേക്ക് ഇത്തവണ മാറിയെന്നാണ് തൃണമൂല്‍ കണക്കാക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തൃണമൂലിന് 25 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് നിഗമനം. അതേ സമയം ഇടതുപക്ഷ വോട്ടുകള്‍ അതേപടി നിലനില്‍ക്കുകയാണെങ്കില്‍ 30 സീറ്റുകള്‍ക്ക് മുകളില്‍ നേടാനാവുമെന്നും തൃണമൂല്‍ നേതൃത്വം കണക്കാക്കുന്നു. 

15 ഓളം മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ വളരെ കുറവാണ്. ഇവിടങ്ങളില്‍ ബിജെപി ശക്തമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നതും തൃണമൂലിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

2014-ല്‍ തൃണമൂലിന് 34 ഉം കോണ്‍ഗ്രസിന് നാലും ബിജെപിക്കും സിപിഎമ്മിനും രണ്ട് വീതം സീറ്റുകളുമായിരുന്ന ലഭിച്ചിരുന്നത്.

Content Highlights: Trinamool edgy as internal analysis indicates Left vote may shift to BJP