ബി.ജെ.പി.ക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന്‌ കുറ്റപ്പെടുത്തി സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരേ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പരാതി. ബംഗാളിൽ നിലവിലുള്ളതിനെക്കാൾ കൂടുതൽ സീറ്റ് ബി.ജെ.പി. നേടുമെന്ന് ‘മാതൃഭൂമി ന്യൂസി’ന്‌ നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞത്‌ ചൂണ്ടിക്കാട്ടിയാണ് പരാതി.

വിഷയം അടിയന്തരമായി അവയ്‌ലബിൾ പി.ബി. ചർച്ചചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങൾക്കുമുമ്പാകെ വിശദീകരണം നൽകണമെന്നും സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടതായി സി.പി.എം. വൃത്തങ്ങൾ ‘മാതൃഭൂമി’യോട്‌ പറഞ്ഞു. ഹിന്ദിസംസ്ഥാനങ്ങളിൽ സീറ്റുകുറയാൻ സാധ്യതയുള്ളതിനാൽ അതുമറികടക്കാൻ മറ്റുസംസ്ഥാനങ്ങളിൽനിന്ന് എണ്ണംതികയ്ക്കാൻ ബി.ജെ.പി. ശ്രമിക്കുന്നതിനെക്കുറിച്ചായിരുന്നു മാതൃഭൂമി ന്യൂസിന്റെ ‘തിരഞ്ഞെടുപ്പു ചോദ്യങ്ങൾ’ എന്ന അഭിമുഖത്തിൽ കാരാട്ടിന്റെ വിശദീകരണം.

“ഉത്തർപ്രദേശിൽ നിന്നുമാറി ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സീറ്റുനേടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. ഒഡിഷയിൽ പരമാവധി അഞ്ചുസീറ്റ് ബി.ജെ.പി.ക്ക്‌ ലഭിക്കും. ബംഗാളിലും അവർ നേട്ടമുണ്ടാക്കാനാണ് സാധ്യത. ഇപ്പോഴുള്ളതിനെക്കാൾ സീറ്റ് കൂടുതൽ ലഭിക്കും. എന്നാൽ, അതവർക്കത്ര എളുപ്പമാവില്ല. അമിത് ഷാ പറഞ്ഞത്‌ 23 സീറ്റുകളിൽ വിജയിക്കുമെന്നാണ്. അത്രയൊന്നും ബി.ജെ.പി.ക്ക്‌ ലഭിക്കാനിടയില്ല” - ഇതായിരുന്നു കാരാട്ടിന്റെ പരാമർശം.

ബംഗാളിൽ തൃണമൂലിനെതിരേ ഇടതുപക്ഷം ശക്തമായി രംഗത്തുള്ള പശ്ചാത്തലത്തിൽ മുൻജനറൽ സെക്രട്ടറി ബി.ജെ.പി.ക്ക്‌ ഗുണകരമാവുന്ന വിധത്തിൽ പ്രസ്താവന നടത്തിയെന്നാണ് ബംഗാൾ ഘടകത്തിന്റെ വിമർശനം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പൂർത്തിയായിട്ടില്ലെന്നിരിക്കെ ഇങ്ങനെയൊരു പ്രസ്താവന പാർട്ടിക്ക്‌ ദോഷംചെയ്യും.

ബി.ജെ.പി.ക്കെതിരേ പാർട്ടി കൈക്കൊണ്ടിട്ടുള്ള പ്രഖ്യാപിതനയത്തിന്‌ വിരുദ്ധമാണ് കാരാട്ടിന്റെ പരാമർശം. പ്രസ്താവന തിരുത്തുന്ന വിധത്തിൽ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടാവണം -സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടു. പരാതി ഇതുവരെ അവയ്‌ലബിൾ പി.ബി. ചർച്ചയ്ക്കെടുത്തതായി അറിവില്ല.
 

Content Highlights: cpm bengal fraction against prakash karat