കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തെത്തിയതിനു പിന്നാലെ വര്‍ഗീയതയ്‌ക്കെതിരെ കവിതയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'ഞാന്‍ അംഗീകരിക്കുന്നില്ല' എന്നാണ് കവിതയുടെ തലക്കെട്ട്. 

വര്‍ഗീയതയെയും മതത്തിലെ ആക്രമണോത്സുകതയെയും വിമര്‍ശിക്കുന്നവയാണ് കവിതയിലെ വരികള്‍. വര്‍ഗീയതയുടെ നിറത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സഹിഷ്ണുതയും ആക്രമണോത്സുകതയും എല്ലാ മതത്തിലുമുണ്ട്. ബംഗാളില്‍നിന്ന് ഉദയം ചെയ്ത നവോത്ഥാനത്തിന്റെ വിനീതയായ സേവകയാണ് ഞാന്‍- മമത കവിതയില്‍ പറയുന്നു.

കവിതയിലെ മറ്റു വരികള്‍​ പറയുന്നതിങ്ങനെ; 

മതതീവ്രത വില്‍ക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

മാനവികതയില്‍നിന്ന് പ്രകാശം സ്വീകരിക്കുന്ന മതത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

മതത്തെ സന്ദര്‍ഭോചിതമായ തുറുപ്പുചീട്ടായി ഉപയോഗിക്കുന്നവര്‍ ധനികര്‍ക്കിടയില്‍ ജീവിക്കുന്നു. 

സഹിഷ്ണുതയില്‍ വിശ്വസിക്കുന്നവരേ നമുക്ക് ഒരുമിച്ച് ചേരാം. എല്ലാവരെയും ഉണര്‍ത്താം.

content highlights: mamata banerjee new poem criticising communalism