കൊൽക്കത്ത: തിരഞ്ഞെടുപ്പ് വേദിയിൽ ഇത് രണ്ടാമൂഴമാണ് നേതാജിയുടെ സഹോദരപൗത്രൻ ചന്ദ്രകുമാർ ബോസിന്. 2016-ൽ നിയമസഭയിലേക്ക് കന്നിയങ്കം കുറിച്ചതുതന്നെ ഭവാനിപുരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിക്കെതിരേയാണ്. അത്തവണ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇത്തവണ ഔദ്യോഗികമായി എതിർസ്ഥാനാർഥികളുടെ കൂട്ടത്തിൽ മമതയില്ല. എങ്കിലും പ്രധാന എതിരാളി മമത തന്നെയാണ്. കൊൽക്കത്ത ദക്ഷിൺ ലോക്‌സഭാ മണ്ഡലത്തിലെ ജയം മമതയ്ക്ക് അഭിമാനപ്രശ്‌നം തന്നെയാണ്. 91 മുതൽ ആറുതവണ അവർ ഇവിടെ നിന്ന് എം.പി.യായിട്ടുണ്ട്. തന്നെയുമല്ല, മമത വോട്ടറും നിയമസഭാംഗവുമായ ഭവാനിപുർ കൊൽക്കത്ത ദക്ഷിണിലാണ് വരുന്നത്.

കഴിഞ്ഞതവണ ബി.ജെ.പി.ക്ക് സംസ്ഥാനവ്യാപകമായി വലിയ തരംഗമില്ലാതിരുന്നിട്ടുകൂടി അവർ രണ്ടാമതെത്തിയിരുന്നു. ഇപ്പോൾ ത്രിപുര ഗവർണറായ തഥാഗത റോയിയായിരുന്നു ബി.ജെ.പി. സ്ഥാനാർഥി. ഇത്തവണ സംസ്ഥാനത്ത് പ്രത്യക്ഷമായ ബി.ജെ.പി. അനുകൂലതരംഗം കൂടിയാകുമ്പോൾ ജയിക്കാനാവുമെന്ന പ്രതീക്ഷയാണ് ചന്ദ്രകുമാർ ബോസിന്. അദ്ദേഹത്തിന് പിന്തുണയുമായി ഭാര്യ ഉഷ മേനോൻ ബോസും പ്രചാരണരംഗത്ത് ഒപ്പമുണ്ട്.

2016-ൽ നേതാജിയുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ബോസ് ബി.ജെ.പി.യിൽ ചേർന്നത്. ‘‘നേതാജി എല്ലാ വിഭാഗങ്ങളിലും പെടുന്ന ഇന്ത്യാക്കാരെ ഒരുമിപ്പിക്കാൻ പ്രയത്നിച്ചു. ‘സബ് കാ സാത്ത്, സബ് കാ വികാസ്’ എന്ന മുദ്രാവാക്യത്തിലൂടെ മോദിജിയും ചെയ്യുന്നത് അതാണ്. പ്രായോഗികമായ സമീപനമാണ് അദ്ദേഹത്തിന്റേത്. 70 വർഷത്തിനിടയിൽ നേതാജിക്കും ആസാദ് ഹിന്ദ് ഫൗജിനും അർഹമായ ബഹുമാനം നൽകിയ ഏക പ്രധാനമന്ത്രിയും അദ്ദേഹമാണ്. ചെങ്കോട്ടയിൽ ഐ.എൻ.എ.യുടെ 15 സൈനികരെ ആദരിച്ചു. ബോസ് കുടുംബം ആവശ്യപ്പെട്ടപോലെ ആന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് നേതാജി നൽകിയ ഷഹീദ്-സ്വരാജ് പേരുകൾ അനുവദിക്കാനും റോസ് ദ്വീപുകൾക്ക് നേതാജി ദ്വീപെന്ന് പേരുനൽകാനും അദ്ദേഹം തയ്യാറായി’’ -ബി.ജെ.പി.യെ പ്രതിനിധാനം ചെയ്യുന്നതിന്റെ കാരണങ്ങൾ ബോസ് വിശദീകരിച്ചു.

മമതയെപ്പോലുള്ള പ്രമുഖനേതാവ് എം.പി.യായിട്ടും കൊൽക്കത്ത ദക്ഷിൺ മണ്ഡലത്തിന്റെ സ്ഥിതി പരിതാപകരമാണെന്നാണ് ബോസിന്റെ പക്ഷം. ‘‘നഗരത്തിലെ കോളനികളിൽ അടിസ്ഥാനസൗകര്യങ്ങളില്ല. അഴുക്കുവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. വോട്ടർമാർക്ക് നേരിട്ടനുഭവിക്കാവുന്ന യാതൊരു പ്രയോജനവും ഇവിടെയില്ല. തൃണമൂലുകാരുടെ ഗുണ്ടായിസംകൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞദിവസം താക്കൂർപുക്കൂറിൽ ഞങ്ങളുടെ ഓഫീസ് അടിച്ചുതകർത്തു. പോസ്റ്ററുകളും ഫ്ളെക്‌സുകളും രാത്രി അവർ എടുത്തുകൊണ്ടുപോകുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഊർജിതമായി ഇടപെടുന്നില്ല.’’ -ബോസ് കുറ്റപ്പെടുത്തി.

മൂന്ന് വനിതകളോടാണ് ഇക്കുറി ബോസിന്റെ പോരാട്ടം. മണ്ഡലത്തിൽ പ്രബലശക്തിയായ തൃണമൂലിനുവേണ്ടി ഇത്തവണ മാലാ റോയിയാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണത്തെ ലോക്‌സഭാ മണ്ഡലത്തിലും മാല സ്ഥാനാർഥിയായിരുന്നു. കോൺഗ്രസിനു വേണ്ടിയായിരുന്നു അത്തവണ ഇറങ്ങിയത്. ഒന്നേകാൽ ലക്ഷത്തോളം വോട്ടുപിടിക്കുകയും ചെയ്തു. 2015-ൽ തൃണമൂലിൽ ചേർന്നു. നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചപ്പോൾ മമത അവരെ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ ചെയർപേഴ്‌സണുമാക്കി. മണ്ഡലത്തിൽ പരക്കേ പ്രവർത്തിച്ച് സ്വാധീനമുള്ള മാലയ്ക്ക് തന്നെയാണ് ജയസാധ്യത കൂടുതൽ കല്പിക്കപ്പെടുന്നത്. നിലവിലുള്ള എം.പി. സുബ്രത ബക്ഷിക്ക് സംസ്ഥാന പ്രസിഡൻറിന്റെ ചുമതലകൾ നിർവഹിക്കേണ്ടതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കി മമത, മാലയ്ക്ക് അവസരം നൽകിയത്. മാർവാഡികളും ഗുജറാത്തികളും പഞ്ചാബികളുമടങ്ങുന്ന ഭവാനിപുർ മേഖലയിൽ തൃണമൂൽ ഇത്തവണ പ്രത്യേക ശ്രദ്ധയൂന്നുന്നുണ്ട്.

സി.പി.എമ്മിന്റെ ഡോ. നന്ദിനി മുഖർജിയും തുടർച്ചയായി രണ്ടാമത്തെ പോരാട്ടത്തിനാണ് ഇറങ്ങിയിട്ടുള്ളത്. ജാദവ്പുർ സർവകലാശാലയിലെ പ്രൊഫസറായ അവർക്കുവേണ്ടി ചെറുപ്പക്കാരും വിദ്യാർഥികളുമടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനം നടക്കുന്നുണ്ട്. ‘‘വലിയ വലിയ നേതാക്കൾ പാർലമെന്റിൽ പോയതുകൊണ്ട് കാര്യമില്ല. സാധാരണക്കാർക്കുവേണ്ടി സംസാരിക്കുന്നവർ പോകണം.’’ -സുബ്രത ബക്ഷി ഒരിക്കൽപ്പോലും പാർലമെന്റ് ചർച്ചകളിൽ പങ്കെടുക്കാത്തതിനെ വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട് നന്ദിനി യോഗങ്ങളിൽ ജനങ്ങളോട് പറയുന്നു.

സ്വന്തമായി സാങ്കേതികസ്ഥാപനം നടത്തുന്ന മിത ചക്രവർത്തിയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി. സച്ചിൻ പൈലറ്റും സൽമാൻ ഖുർഷിദുമടങ്ങുന്ന കേന്ദ്രനേതാക്കളുടെ സംഘം അവർക്കുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.

Content Highlights: Mamata Banerjee-Chandra Kumar Bose