ന്യൂഡൽഹി/കൊൽക്കത്ത: ബംഗാളിലുണ്ടായ സംഘർഷത്തിൽ സി.ആർ.പി.എഫ്. രക്ഷപ്പെടുത്തിയിരുന്നില്ലെങ്കിൽ തനിക്ക് പരിക്കേൽക്കുമായിരുന്നുവെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ. തൃണമൂൽ പ്രവർത്തകരാണ് റോഡ് ഷോയ്ക്കുനേരെ അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ബി.ജെ.പി. ഗുണ്ടകൾ കാരണമില്ലാതെ അക്രമം നടത്തുകയായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.

കൊൽക്കത്തയിൽ ചൊവ്വാഴ്ച വൈകീട്ട് അമിത് ഷായുടെ റോഡ് ഷോയ്ക്കുശേഷം നടന്ന ആക്രമണങ്ങളെക്കുറിച്ച് ഡൽഹിയിൽ വെവ്വേറെ നടത്തിയ പത്രസമ്മേളനങ്ങളിലാണ് രണ്ടുപാർട്ടികളും പ്രതികരിച്ചത്.

ആദ്യം ബി.ജെ.പി. ആസ്ഥാനത്ത് അമിത് ഷായുടെ പത്രസമ്മേളനം. ഈ മാസം 23-ന് അധികാരത്തിൽനിന്നുള്ള മമതയുടെ കൗണ്ട് ഡൗൺ ആരംഭിക്കുമെന്ന് ഷാ പറഞ്ഞു. ‘‘മമത ദീദി നിങ്ങൾ ബംഗാളിലെ 42 സീറ്റിൽ മാത്രമാണ് മത്സരിക്കുന്നത്. ബി.ജെ.പി. രാജ്യത്തെല്ലായിടത്തും മത്സരിക്കുകയാണ്. ബംഗാളിൽമാത്രമാണ് അക്രമണം നടക്കുന്നത്. അത് തൃണമൂൽ കാരണമാണ്’’ -അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ടി.എം.സി. ശ്രമിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നോക്കിനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കുഴപ്പക്കാരെ എല്ലാസംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് മുമ്പുതന്നെ അറസ്റ്റുചെയ്തു. എന്നാൽ, ബംഗാളിൽ തിരഞ്ഞെടുപ്പിനുമുമ്പ് അവരെ മോചിപ്പിക്കുകയാണ് ചെയ്തത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും ഷാ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസുകാരാണ് ആക്രമണം നടത്തിയതെന്ന് സാധൂകരിക്കാൻ മൂന്നുഫോട്ടോകളും പത്രസമ്മേളനത്തിൽ അദ്ദേഹം കാണിച്ചു.

സാമൂഹികപരിഷ്കർത്താവ് ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് ബി.ജെ.പി. പ്രവർത്തകരല്ലെന്നും ഷാ പറഞ്ഞു. തൃണമൂൽ പ്രവർത്തകരാണ് കോളേജ് കാമ്പസിൽ കയറി പ്രതിമ തകർത്തത്. വ്യാജപ്രചാരണമാണ് തൃണമൂലും മമതയും നടത്തുന്നത്.

അമിത് ഷായുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങളെക്കണ്ട തൃണമൂൽ നേതാക്കൾ, ബി.ജെ.പി.യുടെ ആക്രമണത്തിന്റെ തെളിവുകൾ എന്നറിയിച്ച് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. അമിത് ഷാ കള്ളനാണെന്ന് ഈ വീഡിയോദൃശ്യങ്ങൾ തെളിയിക്കുന്നതായി ടി.എം.സി. നേതാവ് ഡെറിക് ഒബ്രയാൻ പറഞ്ഞു. ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് ബംഗാളിന്റെ അഭിമാനത്തിനുനേരെയുള്ള കൈയേറ്റമാണ്. ബംഗാളിലെ ജനങ്ങൾ കടുത്ത വേദനയിലും പ്രതിഷേധത്തിലുമാണെന്ന് ഒബ്രയാൻ പറഞ്ഞു.

ബംഗാളിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി. ബുധനാഴ്ച ഡൽഹിയിലെ ജന്തർമന്ദറിൽ പ്രതിഷേധധർണ നടത്തി.

content highlights: Amit shah on violence in west bengal