അഗര്‍ത്തല: ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൊവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. 

അനിവാര്യമായ സാഹചര്യത്തില്‍ ബിജെപി വിടുകയാണെന്ന് സുബല്‍ ഭൊവ്മികിന്റെ രാജിക്കത്തില്‍ പറയുന്നു. ത്രിപുരയില്‍ ബിജെപിക്ക് ഭരണംപിടിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുബല്‍.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യോട് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ നാടകീയമായി ബിജെപിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച ത്രിപുരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. റാലിയില്‍ വെച്ച് രാഹുല്‍ തിപുരയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന സുബല്‍ ഭൊവ്മിക് നേതൃത്വവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ഒരു പ്രാദേശിക പാര്‍ട്ടി രൂപീകരിക്കുകയും പിന്നീട് ബിജെപിയില്‍ ചേരുകയുമായിരുന്നു.

Content Highlights: Tripura BJP leader Subal Bhowmik quits party to join Congress