chandrani murmu
Photo courtesy: Facebook/Amarendra Dhal

ഭുവനേശ്വര്‍: 17-ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം പി ഒഡീഷയില്‍നിന്നുള്ള ചന്ദ്രാണി മുര്‍മു. 25 വയസ്സും പതിനൊന്നുമാസവും ഒമ്പതുദിവസവുമാണ് ചന്ദ്രാണിയുടെ പ്രായം. ഗോത്രവര്‍ഗ ഭൂരിപക്ഷ മേഖലയായ ക്യോഝാര്‍ മണ്ഡലത്തില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ഥിയായാണ് ചന്ദ്രാണി മത്സരത്തിനിറങ്ങിയത്. 

രണ്ടുവട്ടം എം പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബി ജെ പിയുടെ അനന്ത നായക്കിനെയാണ് ചന്ദ്രാണി പരാജയപ്പെടുത്തിയത്. 66203 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രാണിയുടെ വിജയം. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ് ഇവര്‍. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ജോലിക്കുള്ള അന്വേഷണത്തിലായിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്ന് ചന്ദ്രാണി പറഞ്ഞു.

മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പ്രഥമപരിഗണനയെന്ന് മാധ്യമങ്ങളോടു സംസാരിക്കവേ ചന്ദ്രാണി പറഞ്ഞു. പുത്തന്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ധാതുസമ്പത്ത് ഏറെയുള്ള ക്യോഝാര്‍ പോലൊരു ജില്ലയില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തെ യുവാക്കളെയും സ്ത്രീകളെയുമാണ് ഞാന്‍ കേന്ദ്രത്തില്‍ പ്രതിനിധീകരിക്കുന്നത്-ചന്ദ്രാണി കൂട്ടിച്ചേര്‍ത്തു. 

content highlights: chandrani murmu youngest mp in loksabha