ന്യൂഡല്‍ഹി: ഒഡിഷയില്‍നിന്നുള്ള ബൈജയന്ത് ജേ പാണ്ഡയെ ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷനായും പാര്‍ട്ടി വക്താവായും നിയോഗിച്ചു. ഒരാഴ്ച മുമ്പാണ് പാണ്ഡെ ബി.ജെ.ഡി.യില്‍നിന്ന് ബി.ജെ.പി.യിലെത്തിയത്.
 
ഒഡിഷ ആസ്ഥാനമായുള്ള മാധ്യമ കമ്പനിയുടെ ഉടമകൂടിയാണ് അദ്ദേഹം. ബിജു ജനതാദള്‍ (ബി.ജെ.ഡി.) അംഗമായിരുന്ന അദ്ദേഹത്തെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കഴിഞ്ഞവര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ബിജെഡിയുമായി അകന്നു.

ഒഡിഷയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക. ഇതുകൂടി മുന്നില്‍ക്കണ്ടാണ് അമിത് ഷാ അദ്ദേഹത്തെ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

നോട്ട് നിരോധനകാലത്ത് തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെട്ടപ്പോള്‍ ബി.ജെ.ഡി എം.പിയായിരുന്ന ബൈജയന്ത് പാണ്ഡ തന്റെ ശമ്പളവും അലവന്‍സുകളും തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ച് ശ്രദ്ധനേടിയിരുന്നു. 

ബി.ജെ.ഡി.യുമായി നല്ല ബന്ധത്തിലല്ലായിരുന്ന പാണ്ഡ ബിജെപി യിലേക്ക് വരുന്നതായുള്ള വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു. ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ പുതിയ നീക്കം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.