ന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി-അനുകൂല കക്ഷികൾ വ്യക്തമായ സ്വാധീനം പ്രകടിപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു 2019 ലേത്. രാജ്യത്തൊട്ടാകെ അലയടിച്ച മോദി തരം​ഗം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഫലിച്ചു.  കോൺ​ഗ്രസിന് ആകെ മേഘാലയയിൽ മാത്രമാണ്  ഒരു സീറ്റ് നേടാനായത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപി ഇന്ത്യ ഭരിക്കാൻ ഒരു വട്ടം കൂടിയൊരുങ്ങുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഭരണകക്ഷി പ്രതിനിധികൾ ലോക്സഭയിലെത്തുന്നു. 

അരുണാചല്‍പ്രദേശ്

അരുണാചല്‍വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ് എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍പ്രദേശ്, കോണ്‍ഗ്രസ്, ബി.ജെ.പി. എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം നടന്നത്. അരുണാചല്‍ വെസ്റ്റില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പി.കിരണ്‍ റിജ്ജു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നബാം തുകി, പി.പി.എ.സ്ഥാനാര്‍ഥി സുബു കെച്ചി എന്നിവര്‍ തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. കോണ്‍ഗ്രസിന്റെ ജെയിംസ് ലോവങ്ചാ വംഗ്ലറ്റ്, പി.പി.എ.സ്ഥാനാര്‍ഥി മോണ്‍ഗല്‍ യോംസോ, ബി.ജെ.പി.യുടെ തപീര്‍ ഗാവു എന്നിവര്‍ തമ്മിലാണ് അരുണാചല്‍ ഈസ്റ്റില്‍ കടുത്ത മത്സരം നേരിട്ടത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അരുണാചല്‍ ഈസ്റ്റില്‍ കോണ്‍ഗ്രസിന്റെ നിനോങ് എറിങ് ബി.ജെ.പി.യുടെ തപീര്‍ ഗാവുവിനെതിരേ 12,489 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ച് ലോകസഭയിലേക്കെത്തിയത്. അരുണാചല്‍ വെസ്റ്റില്‍ ബി.ജെ.പിയുടെ കിരണ്‍ റിജ്ജുവായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ വിജയിച്ച് ലോക്സഭയിലേക്കെത്തിയത്. 2019 ലെ തിരഞ്ഞെടുപ്പിൽ അരുണാചലിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളും ബിജെപി നേടി. കോൺ​ഗ്രസിൽ നിന്ന് അരുണാചൽ ഈസ്റ്റ് ബിജെപി പിടിച്ചെടുത്തു. 

അസാം

പതിനാല് ലോക്സഭാ സീറ്റുകളാണ് അസമിലുള്ളത്. 2004 ലെ തിരഞ്ഞടുപ്പില്‍ 1 സീറ്റില്‍മാത്രം വിജയിച്ച ബി.ജെ.പി.2014ൽ കോണ്‍ഗ്രസിനെതിരേ ശക്തമായ പടയൊരുക്കം നടത്തി ഏഴ് സീറ്റുകളില്‍ വിജയിക്കുകയായിരുന്നു. 2009 ല്‍ കോണ്‍ഗ്രസ് 7, ബി.ജെ.പി.4 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ 2014 ല്‍ ബി.ജെ.പി. ഏഴും കോണ്‍ഗ്രസ് മൂന്നും സീറ്റുകളിലാണ് വിജയിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഒമ്പതും കോൺ​ഗ്രസ് മൂന്നും പ്രാദേശിക പാർട്ടികൾ രണ്ടും സീറ്റുകൾ നേടി. 

മണിപ്പുര്‍ 

മണിപ്പുരിലെ രണ്ട് ലോക്സഭാസീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്നര്‍ മണിപ്പുരില്‍ നിന്ന് ബി.ജെ.പി.സ്ഥാനാര്‍ഥിയായി ഹൗലിംഗ് ഷൊക്കോപാവും കോണ്‍ഗ്രസ് സീറ്റില്‍ ഒനിയം നബാകിഷോറും ജെ.ഡി.യു.സ്ഥാനാര്‍ഥി തയ്ത്തുളും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ഔട്ടര്‍മണിപ്പുരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഷൊക്കാപാവ് ബെഞ്ചമിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ജെയിംസ് എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം നേരിട്ടത്. കോൺ​ഗ്രസിൽ നിന്ന് ഇന്നർ മണിപ്പൂർ ബിജെപിയും ഔട്ടർ മണിപ്പുർ എൻപിഎഫും നേടി. 

മേഘാലയ 

മേഘാലയില്‍ രണ്ട് ലോക്സഭാ സീറ്റിലേക്കുള്ള മത്സരമാണ് നടന്നത്. ഷില്ലോങില്‍ നിന്ന് ബി.ജെ.പി.സീറ്റില്‍ സാന്‍ബോര്‍ ഷുല്ലായ് കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി.വിന്‍സന്റ് എച്ച്.പാല, യുഡിപി സ്ഥാനാര്‍ഥി ജെമിനോ മൗത്തോ എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം നടന്നത്. ടൂറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുകുള്‍ സാങ്മ, ബിജെപിയുടെ റിക്മാന്‍ ജി.മൊമിന്‍ എന്‍പിപി യുടെ അഗത സാങ്മ എന്നിവര്‍ തമ്മിലാണ് മത്സരം നടന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശികപാര്‍ട്ടിയായ എന്‍.പി.പി.യുടെ പി.എ.സാങ്മയായിരുന്നു പാര്‍ലമെന്റിലേക്കെത്തിയത്. 2019 ൽ കോൺ​ഗ്രസും എൻപിപിയും നിലവിലെ സീറ്റുകൾ നിലനിർത്തി. 

മിസോറാം 

മിസോറാമിലെ പ്രാദേശിക പാര്‍ട്ടിയും ഭരണപക്ഷവുമായ എം.എന്‍.എഫും ബി.ജെ.പിയും തമ്മിലാണ് ഇത്തവണ കടുത്ത മത്സരം നടന്നത്. ബി.ജെ.പിയുടെ നിരുപം ചക്മയും മിസോ നാഷണല്‍ഫ്രണ്ടിന്റെ സി. ലാല്‍റോസാംഗയും കോണ്‍ഗ്രസ് ,സോറം പീപ്പിള്‍സ് മൂവ്‌മെന്റ് പാര്‍ട്ടികളുടെ പിന്തുണയോടെ ലാന്‍ഗിന്‍ഗ്ലാവയും തമ്മിലായിരുന്നു മത്സരം.2009 ലും 2014 ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സി.എല്‍. റുവാലയാണ് മിസോറാമിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലേക്ക് എത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് മിസോറാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. 2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 108,955 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു റുവാല ജയിച്ചത്. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ റോബര്‍ട്ട് റോമാവിയാക്കെതിരേ 6,154 വോട്ടുകളായി ഭൂരിപക്ഷം കുറയുകയാണുണ്ടായത്. 2019 ൽ  ഭൂരിപക്ഷം വർധിപ്പിക്കാനായില്ലെങ്കിലും എംഎൻഎഫിന്റെ സി. ലാല്‍റോസാംഗ വിജയി‍‍ച്ചു.

നാഗാലാന്‍ഡ്

നാഗാപീപ്പിള്‍സ് ഫ്രണ്ടിന് ദേശീയപാര്‍ട്ടികളെ പിന്തള്ളി ശക്തമായ സ്വാധീനമാണ് നാഗാലാന്‍ഡിലുള്ളത്. 2004 മുതല്‍ 2014 വരെ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) ആണ് നാഗാലാന്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. എന്‍.പി.പി.സ്ഥാനാര്‍ഥിയായി ഹയ്തുങ് തുങ്കോണും കോണ്‍ഗ്രസിന്റെ കെ.എല്‍.ചിഷിയും തമ്മിലാണ് ഇത്തവണ കടുത്ത മത്സരം നടന്നത്.  എന്നാല്‍ 2018 ലെ ഉപതിരഞ്ഞെടുപ്പിൽ നാഗാലാന്‍ഡിലെ പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി പുനര്‍നാമകരണം ചെയ്ത് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ആയി മത്സരിച്ച് വിജയിക്കുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷനായ ടോകിഹോ യെപ്തോമിയായിരുന്നു മത്സരത്തില്‍ വിജയിച്ചത്. എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.പി.പി. ബിജെ.പിയുമായി സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി സഖ്യകക്ഷിയായ എൻഡിപിപി 2019 ലെ വിജയം നേടി. 

സിക്കിം 

നിയമസഭയിലും ലോക്സഭയിലും സിക്കിമിനെ നയിക്കുന്നത് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്.)പാര്‍ട്ടിയാണ്. ദേശീയപാര്‍ട്ടികളെ മാറ്റി നിര്‍ത്തുന്ന പ്രവണതയാണ് ലോക്സഭയിലും നിയമസഭയിലും സിക്കിം നടത്തുന്നത്. ഇത്തവണ ബി.ജെ.പി.യുടെ ലാടന്‍ ഷെറിങ് ഷെര്‍പ, കോണ്‍ഗ്രസിന്റ ഭാരത് ബസന്ത്,  എസ്.ഡി.എഫിന്റെ ഡി.ബി.കത്വാള്‍ എന്നിവര്‍ തമ്മിലായിരുന്നു കടുത്ത മത്സരം. 2009, 2014- സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടി അംഗമായ പ്രേംദാസാണ് വിജയിച്ചത്. 1985 മുതല്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടാണ് സിക്കിം ഭരിക്കുന്നത്.  നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും എസ്ഡിഎഫിന് സിക്കിം നഷ്ടമാകുന്ന കാഴ്ചയാണ്  2019 ലെ തിരഞ്ഞെടുപ്പ് കണ്ടത്. പകരം എസ്കെഎം നേട്ടം കൈവരിച്ചു. 

ത്രിപുര 

രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളാണ് ത്രിപുരയ്ക്കുള്ളത്- ത്രിപുര വെസ്റ്റ്, ത്രിപുര ഈസ്റ്റ്. സി.പി.എം ന് ശക്തമായ അടിയൊഴുക്കുള്ള ത്രിപുരയില്‍ 1996 മുതല്‍ സി.പി.എം.സ്ഥാനാര്‍ഥികളാണ് ലോക്‌സഭയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ സി.പിഎമ്മിനെതിരേ ശക്തമായ മത്സരവുമായി എന്‍.ഡി.എ രംഗത്തിറങ്ങി. സിറ്റിങ് എം.പി.മാരായ ജിതേന്ദ്ര ചൗധരി ത്രിപുര ഈസ്റ്റില്‍ നിന്നും ശങ്കര്‍ പ്രസാദ് ത്രിപുര വെസ്റ്റില്‍ നിന്നും വീണ്ടും ജനവിധി തേടിയത്.ത്രിപുര വെസ്റ്റില്‍ ശ്രീറിബാതി ത്രിപുര ബി.ജെ.പി സ്ഥാനാര്‍ഥിയായും സുബല്‍ ബൗമിക് കോണ്‍ഗ്രസ് സീറ്റിലും ജനവിധി തേടി. ത്രിപുര ഈസ്റ്റില്‍ റിബാതി ത്രിപുര ബി.ജെ.പി.സ്ഥാനാര്‍ഥിയായും മഹാരാജ് കുമാരി പ്രഗ്യ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ജനവിധി തേടി.  മോദി പ്രഭാവത്തിൽ നിലവിലെ രണ്ട് ഇടതുപക്ഷ സീറ്റുകളും ബിജെപി നേടി. 

 

Content Highlights:  Lok Sabha Election 2019, North East States, Election Results