രാജ്‌നന്ദ്ഗാവ്: ഛത്തീസ്ഗഢിലെ ബിജെപി എംഎല്‍എ കൊല്ലപ്പെടാന്‍ ഇടയാക്കിയ മാവോവാദി ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ.

ബിജെപി എംഎല്‍എ ഭീമാ മാണ്ഡവി ദന്തേവാഡയില്‍ അടുത്തിടെ നടന്ന മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. എന്നാല്‍, നടന്നത് സാധാരണ സംഭവമാണെന്ന് കരുതുന്നില്ല. രാഷ്ട്രീയ ഗൂഢാലോചന അതിന് പിന്നിലുണ്ടെന്ന് ഛത്തീസഗഢില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട ഭീമാ മാണ്ഡവിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെപ്പറ്റി നിഷ്പക്ഷ അന്വേഷണം കേന്ദ്ര ഏജന്‍സി നടത്തണം. ഭൂപേഷ് ഭാഗേല്‍ സല്‍ക്കാര്‍ സിബിഐ അന്വേഷണത്തെ ഭയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീരിലും ഒരു പ്രധാനമന്ത്രി വേണമെന്നാണ് ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടത്. എന്നാല്‍ അവസാനത്തെ ബിജെപി പ്രവര്‍ത്തകന്‍വരെ ജീവിച്ചിരിക്കുന്നിടത്തോളം കശ്മീരിലെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താനാവില്ല. രാഹുല്‍ഗാന്ധി ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവോയെന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Content Highlights: Naxal attack, political conspiracy, Amit Shah