തെണ്ടു മരത്തിന്റെ ഇലകൾ പറിച്ച്‌ അടുക്കിക്കെട്ടി തലയിലേറ്റി കാടിറങ്ങി വരുന്ന ആദിവാസി സ്ത്രീകൾ ഛത്തീസ്ഗഢ് ഗ്രാമങ്ങളിലെ വേനൽക്കാഴ്ചയാണ്. ഉണക്കിയ തെണ്ടു ഇല ബീഡിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകും. കൊടുങ്കാടിനും പുൽമേടുകൾക്കുമിടയിലായി വളരുന്ന, ഒറ്റനോട്ടത്തിൽ താന്നിമരമെന്നു തോന്നിക്കുന്ന തെണ്ടു, ലഹരി നുരയുന്ന മൗവ്വ മരംപോലെ ഛത്തീസ്ഗഢിലെ പാവങ്ങളുടെ ജീവനോപാധിയാണ്. 

തെണ്ടുവിന്റെ ഇല തേടി കാടുകയറുന്നവർക്കായി 2005-ൽ അന്നത്തെ ബി.ജെ.പി. സർക്കാർ ‘ചരൺ പാദുക് യോജന’ എന്ന പദ്ധതി ആവിഷ്കരിച്ചു. അതനുസരിച്ച് കുടുംബത്തിലെ ഒരു പുരുഷന് വർഷത്തിലൊരിക്കൽ സർക്കാർ സൗജന്യമായി ചെരിപ്പു നൽകും. 2008-ൽ പദ്ധതിയുടെ പ്രയോജനം സ്ത്രീകൾക്കും ലഭ്യമാക്കി. കഴിഞ്ഞവർഷം ബിജാപ്പുരിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമീണരുടെ കാലിൽ  ചെരിപ്പണിയിച്ചു.

നൂറോ ഇരുനൂറോ രൂപയുടെ പ്ലാസ്റ്റിക് ചെരിപ്പ് വിതരണം ചെയ്യാനായി സർക്കാർ ഖജനാവിൽനിന്ന് വർഷം തോറും കോടികളാണ് പൊടിച്ചത്. എന്നിട്ടും അങ്ങനെയൊരു പദ്ധതിയുള്ള കാര്യംപോലും ആദിവാസികളിൽ പലരും അറിഞ്ഞില്ല. ‘‘കാലിൽ ചെരിപ്പില്ലെന്നതായിരുന്നില്ല അവരുടെ പ്രശ്നം. സഹകരണ സമിതികൾ വഴി സംഭരിക്കുന്ന തെണ്ടു ഇലയ്ക്ക് ന്യായവില  യഥാസമയം കിട്ടുന്നില്ലെന്നതായിരുന്നു സങ്കടം. യഥാർഥപ്രശ്നത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നാടകമായിരുന്നു, ചെരിപ്പു വിതരണം.’’ -സാമൂഹിക പ്രവർത്തകൻ ജയ്‌സിങ് കശ്യപ് പറഞ്ഞു.

നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഭൂപേശ് ബഘേലിന്റെ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോഴെടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് ‘ചരൺ പാദുക് യോജന’ നിർത്താനുള്ളതായിരുന്നു. പതിന്നാലു വർഷമായി നിലവിലുള്ള പദ്ധതി കഴിഞ്ഞമാസം അവസാനിപ്പിച്ചു. ചെരിപ്പു വിതരണത്തിന് മാറ്റിവെക്കുന്ന തുക നേരിട്ട് ആദിവാസികളുടെ അക്കൗണ്ടിലെത്തിക്കാനാണ് തീരുമാനം. മൃഗീയ ഭൂരിപക്ഷത്തോടെ പതിനഞ്ചു വർഷം ഛത്തീസ്ഗഢ് ഭരിച്ച ബി.ജെ.പി.യുടെ പദ്ധതികൾ ഒന്നൊന്നായി പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ് കോൺഗ്രസ് സർക്കാർ. അതുതന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണവിഷയവും.

 പൊളിച്ചെഴുതുന്ന പദ്ധതികൾ

പാവങ്ങൾക്കുവേണ്ടി കേന്ദ്രസർക്കാർകൊണ്ടുവന്ന ഇൻഷുറൻസ് പദ്ധതിയിൽനിന്ന് ഛത്തീസ്ഗഢ് പിന്മാറിക്കഴിഞ്ഞു. ജനസംഘം നേതാവായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പേരിലുള്ള അഞ്ച് പദ്ധതികളുടെ പേരുമാറ്റി. അവയിപ്പോൾ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ബി.ആർ. അംബേദ്കറുടെയും പേരിലാണ് അറിയപ്പെടുന്നത്. അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ പരക്കേ കേസെടുത്തു. മാവോവാദിബന്ധം ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട ആദിവാസികൾക്കെതിരായ കേസുകൾ പുനഃപരിശോധിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ സമിതിയെ നിയമിച്ചു. തെളിവില്ലെന്നു കണ്ടാൽ വിചാരണത്തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 

 കർഷകർക്ക് ഭൂമിയും ന്യായവിലയും

ധാതുസമ്പത്തിന്റെയും വ്യാവസായിക വളർച്ചയുടെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുമ്പോഴും കൊടും ദാരിദ്ര്യത്തിൽ കഴിയുന്ന ജനങ്ങളാൽ സമ്പന്നമാണ് ഛത്തീസ്ഗഢ്. പരമ്പരാഗതമായി ബി.ജെ.പി.യും കോൺഗ്രസും ഏറ്റുമുട്ടുന്ന, അവർ തന്നെ ഭരണം നടത്തുന്ന സംസ്ഥാനത്തുനിന്നുള്ള വാർത്തകളിൽ നിറയുന്നത് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത മാവോവാദികളാവുന്നതിന് കാരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഈ അന്തരം തന്നെ. 

പഴയ ദക്ഷിണ കോസല രാജ്യമാണ് ഇന്നത്തെ ഛത്തീസ്ഗഢ്. ഉന്നത ഗുണമേന്മയുള്ള ഇരുമ്പയിരിന്റെയും കൽക്കരിയുടെയും ചുണ്ണാമ്പു കല്ലിന്റെയും  മേഖലയിലേക്ക് ആഗോളീകരണത്തോടെ നിക്ഷേപം ഒഴുകാൻ തുടങ്ങി. ഖനന ഭീമന്മാരും സിമന്റു കമ്പനികളും വന്നതോടെ സാമ്പത്തികവളർച്ചയുടെ കാര്യത്തിൽ രാജ്യത്തുതന്നെ മുൻപന്തിയിലെത്തി.

പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്ത് വൻകിട കമ്പനികൾ കൊഴുത്തപ്പോൾ, കൃഷി ചെയ്തു ജീവിച്ചിരുന്ന ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെട്ടു. സംസ്ഥാനത്തിന്റെ തെക്കും വടക്കുമുള്ള വനമേഖലയിലെ കൃഷി ഭൂമി ഇരുമ്പയിരു ഖനനം നടത്തുന്ന ബഹുരാഷ്ട്ര കമ്പനികളുടെ കൈയിലായി.  ചൂഷണത്തെ പ്രതിരോധിക്കുന്ന തദ്ദേശീയ ജനങ്ങളെ ഭരണകർത്താക്കൾ മാവോവാദികളെന്നു മുദ്രകുത്തി വേട്ടയാടി. രക്ഷപ്പെടാനായി ആദിവാസികൾ പലായനം ചെയ്യുമ്പോൾ വൻകിടക്കാർക്ക് ഭൂമി കൈയേറ്റം എളുപ്പമായി. 
കാർഷിക പ്രതിസന്ധിയും ഭൂമി കൈയേറ്റവുമാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യ വിഷയമാക്കിയത്. അധികാരമേറ്റയുടൻ 10,000 കോടി രൂപയുടെ ഹ്രസ്വകാല കാർഷികവായ്പകൾ എഴുതിത്തള്ളി. മാസം 400 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് പകുതിയാക്കി. നെല്ലിന്റെ സംഭരണ വില ഒറ്റയടിക്ക് ക്വിന്റലിന് 2,500 രൂപയാക്കി ഉയർത്തി. ഇതിനെല്ലാം പുറമേയാണ് വ്യവസായത്തിന് ഏറ്റെടുത്ത ഭൂമി കർഷകർക്ക് തിരിച്ചുനൽകാനുള്ള നടപടി. 

ലോക്‌സഭ ആർക്കൊപ്പമാവും

നിയമസഭാ തിരഞ്ഞെടുപ്പിലെ വിഷയങ്ങളല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുകയെന്നും അതുകൊണ്ടുതന്നെ ഫലം വ്യത്യസ്തമായിരിക്കുമെന്നുമാണ് ബി.ജെ.പി. ആശ്വസിക്കുന്നത്.  11 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്തെ പത്തു സീറ്റും കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.ക്കാണു കിട്ടിയത്. ബി.ജെ.പി.യാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ആഘാതത്തിൽനിന്ന് ഇപ്പോഴും കരകയറിയിട്ടില്ല. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ ധരംലാൽ കൗശിക്കിനെ  മാറ്റി ഒരു ആദിവാസി നേതാവിനെ ആ സ്ഥാനത്ത് കൊണ്ടുവരാൻ ദേശീയനേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും  നടന്നില്ല. 30 ശതമാനം പട്ടികവർഗ വിഭാഗക്കാരുള്ള സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ആദിവാസി നേതാക്കൾ അധികമില്ലെന്നതുതന്നെയായിരുന്നു കാരണം. പ്രതിപക്ഷ നേതാവ് ആരാവണമെന്ന കാര്യത്തിൽപ്പോലും വലിയ തർക്കങ്ങളുണ്ടായി. തിരഞ്ഞെടുപ്പു പരാജയം അവലോകനം ചെയ്യാൻ കഴിഞ്ഞമാസം റായ്‍പുരിൽ ചേർന്ന ബി.ജെ.പി. യോഗം െെകയാങ്കളിയിലാണ് അവസാനിച്ചത്. അവിടത്തെ വാക്‌തർക്കം വീഡിയോയിൽ പകർത്താൻ ശ്രമിച്ച സുമൻ ദുബൈ എന്ന മാധ്യമപ്രവർത്തകനെ തല്ലിച്ചതയ്ക്കുന്ന കാര്യത്തിൽ മാത്രമാണ് പാർട്ടി പ്രവർത്തകർക്ക് യോജിപ്പിലെത്താൻ കഴിഞ്ഞത്.

content highlights: loksabha election analysis chatisgarh