ന്യൂഡൽഹി: സംസ്ഥാനഭരണം നഷ്ടപ്പെട്ട ഛത്തീസ്ഗഢിൽ പത്ത് സിറ്റിങ് എം.പി.മാർക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. ചൊവ്വാഴ്ച രാത്രിവൈകി ഡൽഹിയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിലാണ് തീരുമാനം. മുൻ മുഖ്യമന്ത്രി രമൺ സിങ് രാജ്‌നന്ദ് ഗാവിൽനിന്ന് മത്സരിച്ചേക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പുതുമുഖങ്ങളെ ഇറക്കി മത്സരിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം. ഉൾപ്പാർട്ടി പിണക്കങ്ങൾ, മുൻ സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം, എം.പി.മാരുടെ പ്രവർത്തനം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണ് പതിനൊന്നിൽ പത്തിടത്തും പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കാനുള്ള നീക്കം.

ഒഴിവാക്കിയ സിറ്റിങ് എം.പി.മാരുടെ ബന്ധുക്കൾക്ക് സീറ്റ് നൽകരുതെന്നും തീരുമാനിച്ചിട്ടുണ്ട്. 2014-ൽ ബി.ജെ.പി.യെ പിന്തുണച്ച സംസ്ഥാനമാണ് ഛത്തീസ്ഗഢ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 68 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പി.ക്ക് 15 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

content highlights: BJP to drop all sitting Chhattisgarh MPs this time