പട്ന: അഴിമതിക്കേസിൽ ശിക്ഷയനുഭവിക്കുന്ന രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) നേതാവ് ലാലു പ്രസാദ് യാദവ് ജയിലിൽനിന്ന് ഒരിക്കലും പുറത്തിറങ്ങാൻ പോകുന്നില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
“എന്തൊക്കെ ചെയ്താലും ലാലു ഇനി ജയിലിൽനിന്ന് പുറത്തിറങ്ങാൻ പോകുന്നില്ല. ലാലുവിനെ കുടുക്കിയതാണെന്നും അദ്ദേഹം ജയിലിൽക്കഴിയാനുള്ള കാരണം ഞാനാണെന്നുമാണ് അദ്ദേഹത്തിന്റെ കുടുംബം തുടർച്ചയായി ആരോപിക്കുന്നത്. അടിസ്ഥാനരഹിതമാണത്. ലാലുവിനെ ശിക്ഷിച്ചതും ജയിലിലടച്ചതും കോടതിയാണ്” -നിതീഷ് പറഞ്ഞു.
“ജയിലിൽനിന്ന് പുറത്തുവന്ന് വീണ്ടും അധികാരം പിടിക്കാനാണ് ലാലുവിന്റെ ശ്രമം. 15 വർഷത്തെ ലാലുവിന്റെ ഭരണകാലത്ത് ബിഹാറിൽ കാട്ടുനീതി ആയിരുന്നു. 1997-ൽ ജയിലിലായപ്പോൾ ലാലു ഭാര്യയെ മുഖ്യമന്ത്രിയാക്കി. എന്നാൽ, ഇന്നിവിടെ നിയമസംവിധാനങ്ങളുണ്ട്” -അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും നൈരാശ്യത്തിന്റെ പാരമ്യതയിലാണ് നിതീഷെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്താവനയെന്ന് ലാലുവിന്റെ മകനും ബിഹാർ പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ് പറഞ്ഞു. “ഈ പരാമർശത്തിലൂടെ ലാലു പ്രസാദിനെ ജയിലിലടയ്ക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ താനാണെന്ന് നിതീഷ് സമ്മതിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ കപടമുഖമാണ് ഇതു കാണിക്കുന്നത്”.
കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിലായ ശേഷം, ഇപ്പോൾ റാഞ്ചിയിലെ ഗവ. ആശുപത്രിയിൽ ചികിത്സയിൽക്കഴിയുകയാണ് ലാലു.
Content Highlights: Nitish Kumar Against Lalu Prasad Yadav