മധുബനിച്ചിത്രങ്ങള് ലോകപ്രശസ്തമാണ്. എന്നാല്‍, പെയിന്റിങ്ങുകളുടേത് മാത്രമല്ല ബിഹാറിലെ മധുബനി, ആഴത്തില്‍ വേരോടിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മണ്ണാണിത്. പ്രകൃതിയില്‍നിന്ന് ശേഖരിക്കുന്ന നിറങ്ങള്‍ ചേര്‍ത്ത് ചിത്രകാരികള്‍ സൃഷ്ടിക്കുന്ന പരമ്പരാഗതചിത്രങ്ങളിലൂടെ വിലാസമെഴുതിയ ഈ പ്രദേശം കര്‍ഷകസമരങ്ങള്‍ക്കും സോഷ്യലിസ്റ്റ്് -കമ്യൂണിസ്റ്റ്് പ്രസ്ഥാനങ്ങള്‍ക്കും പലവട്ടം ചരിത്രം നല്കി. സി.പി.ഐ. നേതാക്കളായ ഭോഗേന്ദ്രഝായും ചതുരാനന്മിശ്രയും ലോക്സഭയില്‍ പ്രതിനിധാനം ചെയ്ത മണ്ഡലം. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കരുത്ത് കാലക്രമേണ ചോര്‍ന്നപ്പോള്‍ കോണ്‍ഗ്രസും ആര്.ജെ.ഡി.യും ബി.ജെ.പി.യും കാലുറപ്പിച്ചു. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഹുക്കും നാരായണ്‍ യാദവാണ് 2014-ല്‍ വിജയിച്ചത്.
ഇക്കുറി മധുബനി ലോക്സഭാമണ്ഡലം രാജ്യശ്രദ്ധയില്‍ എത്തുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഷക്കീല്‍ അഹമ്മദിന്റെ രംഗപ്രവേശത്തോടെയാണ്. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും മധുബനി വിട്ടുനല്‍കാന്‍ ആര്.ജെ.ഡി. തയ്യാറായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഷക്കീല്‍ അഹമ്മദ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സര രംഗത്തിറങ്ങി. കഴിഞ്ഞ നവംബറില്‍ മാത്രം പ്രവര്‍ത്തനം തുടങ്ങിയ വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടി അഥവാ വി.ഐ.പി. എന്ന പാര്‍ട്ടിയുടെ പ്രതിനിധി ബദരീനാഥ് പൂര്വെയാണ് മഹാസഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. ഹുക്കും നാരായണ്‍ യാദവിന്റെ മകന് അശോക് കുമാര്‍ യാദവ് ബി.ജെ.പി. സ്ഥാനാര്‍ഥി.
മഹാസഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന ഷക്കീല്‍ അഹമ്മദിനെതിരേ പാര്‍ട്ടിയില്‍ നടപടി വരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഉണ്ടായില്ല. കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയാണ് സ്ഥാനാര്‍ഥിത്വമെന്ന് വ്യക്തം. മണ്ഡലത്തില്‍ സ്വാധീനമുള്ള സി.പി.ഐ.യും ഷക്കീലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്്.
ഞാന്‍ കോണ്ഗ്രസുകാരന്, ഹൈക്കമാന്‍ഡ് ഒപ്പമുണ്ട്
മധുബനി നഗരത്തിലുള്ള ബാരാ ബസാറിലെ വീട്ടില്‍ ഷക്കീല്‍ അഹമ്മദിനെ കാണാന്‍ ചെല്ലുമ്പോള്‍, മുറ്റത്തൊരുക്കിയ പന്തലില്‍ രാവിലെ തന്നെ ജനക്കൂട്ടം. പന്തല്ച്ചുവരില് ഇന്ദിരയുടെയും രാജീവിന്റെയും ചിത്രങ്ങള്‍. യാത്രയ്ക്കായി ഒരുങ്ങി നില്ക്കുന്ന പ്രചാരണവാഹനത്തില്‍ കോണ്‍ഗ്രസ് പതാകയും സി.പി.ഐ.യുടെ ചെങ്കൊടിയും കൈകോര്‍ക്കുന്നു.
നേരത്തേ നിശ്ചയിച്ചുറപ്പിച്ച കൂടിക്കാഴ്ചയായതിനാല്‍ ഷക്കീലിന്റെ സഹോദരന് ഷിര്ജില് അഹമ്മദ് വീടിനകത്തേക്ക്് ക്ഷണിച്ചു. ഡല്‍ഹിയില്‍ സ്വകാര്യകമ്പനിയില്‍ ഉന്നതോദ്യോഗസ്ഥനായ ഷിര്ജില് അവധിയെടുത്ത് ചേട്ടനെ സഹായിക്കാന്‍ ഒപ്പമുണ്ട്. ഷക്കീല്‍ അഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് :
*മധുബനിയില്‍ ത്രികോണ മത്സരമാണ്. വിജയിക്കുമോ?
മണ്ഡലത്തിന്റെ സ്ഥിതിഗതികള്‍ നിങ്ങള്‍ക്ക് വിലയിരുത്താം. ഞാന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ പോവുകയാണെന്നാണ് എന്റെ കാഴ്ചപ്പാട്്
* മഹാസഖ്യം സ്ഥാനാര്‍ഥിയും ഷക്കീല്‍ അഹമ്മദും ഒരുമിച്ച് രംഗത്തിറങ്ങിയതോടെ മതേതര വോട്ടുകള്‍ ചിതറുമെന്നും ബി.ജെ.പി.ക്ക് അത് നേട്ടമാകുമെന്നുമുള്ള വാദം ശക്തമാണ്. അതിനല്ലേ സാധ്യത കൂടുതല്‍?
അങ്ങനെയല്ല. ഞാനും ബി.ജെ.പി.യും തമ്മിലാണ് മത്സരം. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി അപ്രസക്തനാണ്. ഈ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ് -പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മഹാസഖ്യം സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ ആര്‍ക്കും പരിചയമില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഞാന്‍ പത്രിക നല്‍കിയത്. എന്നാല്‍, ക്രമേണ എല്ലാവരുടെയും പിന്തുണ എനിക്ക് കിട്ടി. സി.പി.ഐ. മണ്ഡലത്തിന്റെയും മത്സരത്തിന്റെയും സാധ്യത പരിശോധിച്ച ശേഷമാണ് എനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. അവര്‍ക്ക് ഈ മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. മാത്രമല്ല, ബി.ജെ.പി.ക്കെതിരേ ഷക്കീല്‍ അഹമ്മദാണ് പോരാടുന്നതെന്ന് ഈ മണ്ഡലത്തിലെ മതേതര വോട്ടര്‍മാര്‍ക്കറിയാം. പപ്പുയാദവിന്റെ ജനാധികാര്‍ പാര്‍ട്ടി, മുന്‍ കേന്ദ്രമന്ത്രി ഭോഗേന്ദ്രയാദവിന്റെ പാര്‍ട്ടി എന്നിവരും എനിക്കൊപ്പമുണ്ട്.
* എന്നാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണ താങ്കള്ക്കല്ലല്ലോ? ധാരണപ്രകാരം മഹാസഖ്യത്തിനല്ലേ പിന്തുണ നല്കാന് കഴിയൂ?
ഹൈക്കമാന്‍ഡ് എന്നെ പിന്തുണയ്ക്കുന്നില്ലെന്ന്് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? കഴിഞ്ഞമാസം 16-നാണ് ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്. നാളിതുവരെ കോണ്‍ഗ്രസ് നേതൃത്വം എനിക്കെതിരേ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ഷക്കീല്‍ അഹമ്മദ് ഒരു മുതിര്‍ന്ന നേതാവാണെന്നും പാര്‍ട്ടി, വിഷയം പരിശോധിച്ചു വരികയാണെന്നും മാത്രമാണ് മാധ്യമങ്ങളോട് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇതുവരെ പറഞ്ഞിരിക്കുന്നത്. എനിക്ക് എന്റെ പാര്‍ട്ടിയുടെ പിന്തുണ ഇല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍, എം.എല്‍.എ. മാര്‍, പ്രാദേശികനേതാക്കള്‍, ബ്ലോക്ക് ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍, എന്‍.എസ്.യു. പ്രവര്‍ത്തകര്‍, മഹിളാകോണ്‍ഗ്രസ് ഭാരവാഹികള്‍, സേവാദള്‍ നേതാക്കള്‍ തുടങ്ങിയവര്‍ എന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്്.
* അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മുതിര്‍ന്ന നേതാവായ താങ്കള്‍ക്ക് മഹാസഖ്യം ഈ സീറ്റ് തന്നില്ല? ഹൈക്കമാന്‍ഡ് അതിന് ശ്രമിച്ചില്ല ?
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി വളരെ ശ്രമിച്ചു. എന്നാല്‍, അപ്പോഴേക്കും വൈകി. പ്രശ്നത്തില്‍ ഇടപെട്ടതില്‍ എനിക്ക് അദ്ദേഹത്തോട് വളരെ അധികം നന്ദിയുണ്ട്. പാര്‍ട്ടിയില്‍ ബിഹാറിന്റെ ചുമതലയുള്ള ചിലര്‍ തെറ്റായ വിവരങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചതാണ് ഇടപെടല്‍ വൈകാന്‍ കാരണം. ഷക്കീല്‍ അഹമ്മദ് നിന്നാല്‍ മതേതര വോട്ടുകള്‍ പിളരും ബി.ജെ.പി. ജയിക്കും എന്നാണ് അവര്‍ അദ്ദേഹത്തെ ധരിപ്പിച്ചത്. എന്നാല്‍, കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം സീറ്റിനായി ശ്രമിച്ചു. അപ്പോഴേക്ക് മഹാസഖ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. മഹാസഖ്യത്തിന്റെ നടപടികളില്‍ രാഹുല്‍ അസന്തുഷ്ടനാണ്. മധുബനിയില്‍ ഒരു വേരും ഇല്ലാത്ത വികാസ് ഇന്സാന് പാര്‍ട്ടിക്കാണ് അവര്‍ സീറ്റ് നല്‍കിയിരിക്കുന്നത്. ആ പാര്‍ട്ടിക്ക് ഇവിടെ നേതാവില്ല, പ്രവര്‍ത്തകരില്ല, അണികളില്ല. സ്ഥാനാര്‍ഥിയെപ്പോലും ആര്‍ക്കും പരിചയമില്ല. പ്രഖ്യാപിച്ചപ്പോഴാണ് സ്ഥാനാര്‍ഥിയുടെ പേര് ആദ്യമായി കേള്‍ക്കുന്നത്!
*സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ താങ്കള്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന് കേട്ടിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും താങ്കള്‍ കോണ്‍ഗ്രസില്‍ തുടരുമോ?
എന്താസംശയം? ഞാന്‍ കോണ്‍ഗ്രസിലായിരുന്നു. ഇപ്പോഴും കോണ്‍ഗ്രസിലാണ്. നാളെയും കോണ്‍ഗ്രസിലായിരിക്കും. ഒരു കോണ്‍ഗ്രസ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബമാണ് എന്റേത്. എന്റെ പിതാവ് അഞ്ച് വട്ടം ഇവിടെ എം.എല്‍.എ. ആയിരുന്നു. ഞാന്‍ മൂന്നുവട്ടം എം.എല്‍.എ.ആയതും രണ്ടുപ്രാവശ്യം എം.പി.യായതും ഈ മണ്ഡലത്തില്‍ നിന്നാണ്.
തിരഞ്ഞെടുപ്പില്‍ തെളിഞ്ഞത്
പല നിറങ്ങളുള്ള മധുബനി പെയിന്റിങ് പോലെ, പലവട്ടം നിറങ്ങള്‍ മാറിമാറി അണിഞ്ഞ ചരിത്രമാണ് മധുബനി മണ്ഡലത്തിനുള്ളത്. ആറ് നിയമസഭാ മണ്ഡലങ്ങളുള്പ്പെടുന്നു. 1952 മുതല്‍ 1957 വരെ കോണ്‍ഗ്രസ് നേതാവ് അനിരുദ്ധസിന്ഹയാണ് മധുബനിയെ ലോക്സഭയില്‍ പ്രതിനിധാനം ചെയ്തത്. 1962-ല്‍ പി.എസ്.പി. സ്ഥാനാര്‍ഥിയായി യോഗേന്ദ്ര ഝാ വിജയിച്ചു. 1967-ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി ശിവചന്ദ്ര ഝാ തിരഞ്ഞെടുക്കപ്പെട്ടു. 1971-ല്‍ കോണ്‍ഗ്രസ് നേതാവ് ജഗന്നാഥ് മിശ്രയാണ് വിജയിച്ചത്. 1967-ലും '71-ലും സി.പി.ഐ.യുടെ നേതാവ് ഭോഗേന്ദ്ര ഝാ മധുബനിയുടെ പ്രതിനിധിയായി ലോക്സഭയിലെത്തി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹുക്കും നാരായണ്‍ യാദവ് വിജയിച്ചു. 1989-ലും 1991-ലും സി.പി.ഐ. ഭോഗേന്ദ്ര ഝായിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. 1996-ല്‍ മുന്‍ കേന്ദ്ര കൃഷിമന്ത്രി ചതുരാനന്‍ മിശ്രയുടെ വിജയത്തിലൂടെ സി.പി.ഐ. മണ്ഡലം നിലനിര്‍ത്തി.
1998-ല്‍ കോണ്‍ഗ്രസ് നേതാവും ഇത്തവണത്തെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ഷക്കീല്‍ അഹമ്മദിന്റെ ഊഴമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് മണ്ഡലം സ്വന്തമാക്കി. 1999-ല്‍ ഹുക്കും നാരായണ്‍ യാദവ് ബി.ജെ.പി.ക്കായി മണ്ഡലം പിടിച്ചു. 2004-ല്‍ ഷക്കീല്‍ അഹമ്മദ് മണ്ഡലം തിരിച്ചുപിടിച്ചു. 2009-ലും 2014-ലും ഹുക്കും നാരായണ്‍ യാദവ് മണ്ഡലം തുടര്‍ച്ചയായി നേടി.
ഇക്കുറി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച ഹുക്കുംയാദവ് മകന് മണ്ഡലം കൈമാറിയിരിക്കുകയാണ്. മണ്ഡലത്തില്‍ കാവിനിറം നില നിര്‍ത്തുമെന്ന് ബി.ജെ.പി.യും നിറം മാറ്റുമെന്ന് ഷക്കീല്‍ അഹമ്മദും ശഠിക്കുമ്പോള്‍, പഴുത് തേടിയാണ് മഹാസഖ്യത്തിന്റെ നീക്കം.
Content Highlights: Madhubani Loksabha Constituency Bihar