പട്ന: ബീഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് വമ്പന്‍ വിജയം. 2014-ലെ തിരഞ്ഞെടുപ്പില്‍ 31 സീറ്റുകളില്‍ വിജയിച്ച എന്‍.ഡി.എ സഖ്യം ഇത്തവണ അത് 39 ആക്കി ഉയര്‍ത്തി. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ചേര്‍ന്ന യു.പി.എ സഖ്യം ഒരു സീറ്റില്‍ മാത്രമായി ഒതുങ്ങി.

മുന്‍ ബിജെപി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മഹാ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ മത്സരിച്ചതായിരുന്നു സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ഥിത്വം. ബിജെപിയെ അടിക്കാന്‍ കോണ്‍ഗ്രസിന് ലഭിച്ച ആയുധമായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയെന്ന് വിലയിരുത്തലുണ്ടായെങ്കിലും 61.82 ശതമാനം വോട്ടുകള്‍ നേടിയ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനോട് തോല്‍ക്കാനായിരുന്നു വിധി. ശത്രുഖ്നന്‍ സിന്‍ഹയ്ക്ക് 32 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇവിടെ നേടാനായത്. 

ബീഹാറിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വവും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ബെഗുസാരയ് മണ്ഡലത്തില്‍ കനയ്യ മത്സരിച്ചത് ബിജെപിയുടെ തീവ്രപക്ഷക്കാരനായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെയായിരുന്നു. എന്നാല്‍ ഗിരിരാജ് 56.48 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ കനയ്യയ്ക്ക് 22 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബിജെപി വിരുദ്ധ മഹാസഖ്യത്തില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയതാണ് സിപിഐയുടെ സാധ്യത ഇല്ലാതാക്കിയതെന്നാണ് വിലയിരുത്തല്‍.

ബീഹാര്‍ രാഷ്ട്രീയം ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി നിറഞ്ഞതാണ്. സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമായിരുന്നിട്ടും ജാതി സോഷ്യലിസ്റ്റുകളായ ആര്‍ജെഡി, ജെഡിയു എന്നിവയെ മറികടക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. അതിന് മറുപടിയായി ജെഡിയുവിനോട് സഖ്യം ചേര്‍ന്നാണ് ബിജെപി ബീഹാറിലെ അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ കടന്നുകയറിയത്. ഇതിന്റെ തണലില്‍ സ്വയം വളര്‍ന്നുകൊണ്ടിരിക്കെയാണ് 2014 ല്‍ മോദി വിരുദ്ധതയുടെ പേരില്‍ ജെഡിയു- ബിജെപി സഖ്യം പൊളിയുന്നത്.

എന്നാല്‍ നിതീഷിനെ അപ്രസക്തമാക്കി മോദി പ്രഭാവത്തില്‍ ആകെയുള്ള 40 സീറ്റില്‍ 31 എണ്ണത്തില്‍ എന്‍ഡിഎ സഖ്യം വിജയിച്ചു. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവര്‍ മഹാസഖ്യമായി മത്സരിക്കുകയും നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു. അന്നും നിയമസഭയില്‍ ബിജെപി പ്രതിപക്ഷത്ത് ശക്തമായ സാന്നിധ്യമായിരുന്നു.

ജെഡിയുവിന് 70 സീറ്റും ബിജെപിക്ക് 53 സീറ്റുകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചു. സഖ്യത്തിനുള്ളിലെ പടലപ്പിണക്കങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നിതീഷ് കൂമാര്‍ എന്‍ഡിഎയിലെത്തുകയും വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു. ആരെ എതിര്‍ക്കാനാണോ നിതീഷ് 2014ല്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത് അതേയാള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ നിതീഷ് ഇരിക്കുന്ന കാഴ്ചകളാണ് മാധ്യമങ്ങള്‍ക്ക് കൗതുകമുണര്‍ത്തിയത്. 

ബീഹാറിലെ രാഷ്ട്രീയം ജാതി സമവാക്യങ്ങള്‍ കൊണ്ട് അത്യന്തം സങ്കീര്‍ണമാണ്. ഇത്തവണ മഹാസഖ്യമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും നിതീഷ് കുമാര്‍ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യവും വാശിയേറിയ പോരാട്ടമാണ് നടന്നത്. നിതീഷ് കുമാറിന്റെ ജനകീയ പ്രതിഛായയ്ക്ക് കോട്ടം തട്ടിയ കാലമാണ് കടന്നുപോയത്. ഇതൊക്കെ എന്‍ഡിഎയുടെ സാധ്യതകളെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ടായെങ്കിലും തിരഞ്ഞെടുപ്പ് ഫലം അതെല്ലാം തെറ്റാണെന്ന് തെളിയിച്ചു.

തിരഞ്ഞെടുപ്പിലുടനീളം മോദി സര്‍ക്കാരിനെക്കുറിച്ചായിരുന്നു സംസാരം. സംസ്ഥാന സര്‍ക്കാരിനെ പറ്റി ചര്‍ച്ചകള്‍ നടത്താന്‍ എന്‍ഡിഎ തീര്‍ത്തും താത്പര്യപ്പെട്ടിരുന്നില്ല. 

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് ബീഹാറില്‍ പ്രതിപക്ഷ സഖ്യം യാഥാര്‍ഥ്യമായത്. കോണ്‍ഗ്രസിന് ഏറെ വിയര്‍ക്കേണ്ടി വന്നു ഇതിനായി. എന്നാല്‍ അതിന് യാതൊരു ഫലവുമുണ്ടായില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായി.

content highlights: Bihar election result , BJP won 39 seats out of 40