ബിഹാറിലെ ലെനിന്‍ഗ്രാഡിലൂടെയായിരുന്നു യാത്ര. ഉത്തരേന്ത്യയില്‍ ചെങ്കൊടി നിറം മങ്ങാതെ ഉയരുന്ന പ്രദേശങ്ങളായ ബഗുസരായിയിലൂടെയും ബറൂണിയിലൂടെയും പുലര്‍ച്ചെ അഞ്ച് മണിക്ക്. ഏഴ് മണിക്ക് സ്ഥാനാര്‍ഥി പ്രചരണങ്ങള്‍ക്കായി വീട് വിടും. അതിന് മുന്നെ ബിഹതിലെ വീട്ടിലെത്തിയാല്‍ കാണാം -തലേന്ന് പാര്‍ട്ടി ആഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ചായിരുന്നു ഓട്ടം.

ആറ് മണിക്ക് മുന്നെ മസ്ലംപൂര്‍ തോല ഗ്രാമത്തിലെ ഊടുവഴികള്‍ പിന്നിട്ട് ഓട് പാകിയ ചെറുവീടി്ന് മുന്നില്‍ വണ്ടി നിന്നു. വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍,അതിന് മുന്നെ തന്നെ വീടിന്് മുന്നില്‍ ഇടം പിടിച്ച ആള്‍ക്കൂട്ടം. പല ദേശങ്ങളില്‍ നിന്നെത്തിയ പല പ്രായക്കാര്‍. ഗള്‍ഫില്‍ നിന്ന് ഒരാഴ്ച അവധി എടുത്ത് വന്നതാണ് മംഗലാപുരം സ്വദേശി മന്‍സൂര്‍. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ കാത്തിരിക്കുകയാണ്. മൊകാമയില്‍ നിന്ന് പങ്കജ് കുമാര്‍ മുന്ന, ഹാജിപൂരില്‍ നിന്ന് സാബിര്‍ ഹുസൈന്‍, കത്തിഹാറിലെ കോളേജ് വിദ്യാര്‍ഥി സുരേഷ് സിന്‍ഹ, അയല്‍ ഗ്രാമത്തില്‍ നിന്നുള്ള എണ്‍പതുകാരന്‍ രാംജിതന്‍ മഹതോ തുടങ്ങിയവരും കാത്തിരിക്കുന്നത് ബെഗുസരായിയിലെ ഇടത് സ്ഥാനാര്‍ഥിയെയാണ്. കനയ്യകുമാറിനെ നേരില്‍ കാണുകയും ആശംസ നേരുകയുമാണ് അവരുടെ ലക്ഷ്യം. അവരില്‍ പലരും പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ പോലുമല്ലെന്ന് സംസാരത്തില്‍  നിന്ന് വ്യക്തമായി. ബി.ജെ.പിയെയും പ്രധാനമന്ത്രി മോദിയെയും വെല്ലുവിളിക്കുന്ന മുപ്പത്തിരണ്ടുകാരനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനെത്തിയതാണ് അവര്‍.
                
ആള്‍ക്കൂട്ടം സമയം പിന്നിടുമ്പോള്‍ വലുതായിക്കൊണ്ടിരുന്നു. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ രാഷ്ട്രീയാന്തരീക്ഷം, പഴയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പുനരാവിഷ്‌കരിച്ച മട്ടില്‍ ഗ്രാമീണര്‍ അടുത്തു കണ്ട ഇരിപ്പിടങ്ങളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണെന്നറിഞ്ഞപ്പോള്‍, കേരളത്തിലെ പാര്‍ട്ടി വിശേഷങ്ങളറിയാന്‍ വട്ടം കൂടി. കേരളത്തില്‍ ഇത്തവണ പാര്‍ട്ടിക്ക് എത്ര സീറ്റുകിട്ടുമെന്ന് കൗതുകം. താമര വിരിയുമോയെന്ന് ഉത്കണ്ഠ. ഇടയ്ക്ക് ഇഞ്ചി ചതച്ചു ചേര്‍ത്ത കട്ടന്‍ ചായയുമായി ചുറ്റുവട്ടത്തെ വീട്ടുകാരുടെ ആതിഥ്യം.

kanhayaനേരത്തെ അറിയിച്ചിരുന്നതിനാല്‍ കനയ്യയുടെ അടുത്ത ചങ്ങാതി മിന്റു പുറത്തെത്തി.പുലര്‍ച്ചെ രണ്ട് മണിക്കാണ് കനയ്യ പ്രചരണ പരിപാടികള്‍ കഴിഞ്ഞ് എത്തിയത്. ഒട്ടും ഉറങ്ങിയിട്ടില്ല.ഇപ്പോള്‍ വരുമെന്നറിയിച്ചു. തിരഞ്ഞടുപ്പ് പ്രചരണപരിപാടികളുടെ സൗകര്യാര്‍ഥം വീടിന് തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് കനയ്യ താല്‍ക്കാലിക താമസം. ഒപ്പം വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകരും ജെ.എന്‍.യുവിലെ പഴയ സുഹൃത്തുക്കളുമുണ്ട്. ഏഴ് മണിക്ക് മുന്നെ കനയ്യ പുറത്തെത്തി. ഉറക്കം പിടികൂടിയ കണ്ണുകളില്‍ ഉത്സാഹം കൊടിയുയര്‍ത്തി. കാണാനെത്തിയ ആള്‍ക്കൂട്ടം ആവേശത്തോടെ ഒപ്പം കൂടി. എല്ലാവരോടും ചെറുകുശലങ്ങള്‍. അതിനിടയില്‍ ചോദ്യങ്ങളോട് പ്രതികരിച്ചു.

-രാജ്യം വിധിയെഴുതുകയാണ്. ഈ തിരഞ്ഞടുപ്പിനെക്കുറിച്ച് എന്തു പറയുന്നു?

ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. വെറും പ്രചരണങ്ങളെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞടുപ്പുകളുടെ കാലം കഴിഞ്ഞു. ജനങ്ങളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാനുള്ള രാഷ്ട്രീയം സമൂഹത്തില്‍ വേരോടിക്കഴിഞ്ഞു. ഈ രാജ്യത്തെ അധ:സ്ഥിത ജനങ്ങളുടെ ശബ്ദത്തിന് ഇടം ഒരുക്കിക്കൊണ്ട് 2019 ലെ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിമുടി അഴിച്ചു പണിയും.

-കനയ്യയുടെ സ്ഥാനാര്‍ഥിത്വം രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഇടതു പാര്‍ട്ടികള്‍ മാത്രമല്ല,ദേശീയ രാഷ്ട്രീയം മുഴുവന്‍. മത്സരത്തിലൂടെ താങ്കള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത് ?

ഈ നാട്ടിലെ പാവപ്പെട്ടവരുടെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിക്കണമെന്ന എന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് എന്റെ സ്ഥാനാര്‍ഥിത്വം. വിഭജനത്തിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയം എനിക്ക് അറിയില്ല. തത്വാധിഷ്ഠിത രാഷ്ട്രീയത്തിലും ജനങ്ങളുടെ പ്രശ്നങ്ങളിലുമാണ് എന്റെ രാഷ്ട്രീയം കെട്ടിപ്പടുത്തിരിക്കുന്നത്.

-ദേശീയതയാണ് ബി.ജെ.പി ഇക്കുറി ഉയര്‍ത്തുന്ന മുദ്രാവാക്യം. ദേശദ്രോഹക്കുറ്റമാരോപിച്ച് താങ്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യവുമുണ്ടായി. എന്ത് പറയുന്നു ഇതെക്കുറിച്ച് ?

ബി.ജെ.പിയോ പ്രധാനമന്ത്രിയോ നല്‍കുന്ന ദേശീയതയ്ക്ക് നല്‍കുന്ന നിര്‍വചനം യഥാര്‍ഥമല്ല. വിശക്കുന്നവന് ഭക്ഷണവും തൊഴില്‍ രഹിതന് തൊഴിലും നല്‍കുന്നതാണ് ദേശീയത. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യത നല്‍കാന്‍ കഴിയുന്നതാണ് ദേശീയത. എനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. അവരെക്കാള്‍ ഞാന്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നു.

സംസാരങ്ങള്‍ക്ക് ശേഷം പ്രചരണത്തിരക്കിലേക്ക് കനയ്യയും കൂട്ടുകാരും പാഞ്ഞു. കമ്യൂണിസ്റ്റ് പ്രതാപം അയവിറക്കുന്ന ബെഗുസരായിയുടെ ഉള്‍വഴികളിലൂടെ. 1930 കള്‍ തൊട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണാണ് ബെഗുസരായി. ജന്‍മിമാര്‍ക്കെതിരെ ഭൂരഹിതരായ പാവങ്ങളെ സംഘടിപ്പിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തത്. ചന്ദ്രശേഖര്‍ സിംഗായിരുന്നു കമ്യൂണിസ്റ്റ്് ആശയങ്ങള്‍ ബെഗുസരായിയെ പരിചയപ്പെടുത്തിയത്. 1962 ല്‍ തേഗ്ര നിയമസഭാ മണ്ഡലത്തില്‍ നിന്ന് ചന്ദ്രശേഖര്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യത്തെ തിരഞ്ഞെടുപ്പ് വിജയവുമായി. ചന്ദ്രശേഖര്‍ സിംഗിന്റെ പിന്തുടര്‍ച്ചയാണ് കനയ്യയ്ക്ക്  കമ്യൂണിസം. ചന്ദ്രശേഖറിന്റെ അച്ഛനും കനയ്യയുടെ മുത്തച്ഛനും സഹോദരന്‍മാരാണ്.

കനയ്യയടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഒരിക്കല്‍ കൂടി ബെഗുസരായി പ്രധാന രാഷ്ട്രീയഭൂപടത്തില്‍ ഇടം പിടിച്ചിരിക്കുന്നു. ത്രികോണമത്സരമാണ് ബെഗുസരായിയില്‍ ഇക്കുറി അരങ്ങേറുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായി കനയ്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന് നേരത്തെ സി.പി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ആര്‍.ജെ.ഡി വഴങ്ങിയില്ല. അതിനാല്‍ ഇടതുപാര്‍ട്ടികള്‍ വേറിട്ട് മത്സരിക്കുന്നു. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് ബി.ജെ.പി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ തന്‍വീര്‍ ഹസ്സനാണ് ആര്‍.ജെ.ഡി സ്ഥാനാര്‍ഥി. രാഷ്ട്രീയത്തിനൊപ്പം ബിഹാറിന്റെ പതിവ് ചേരുവയായ ജാതിസമവാക്യങ്ങളും മണ്ഡലത്തില്‍ നിര്‍ണായകം.

2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യിലെ ഭോലാറാമാണ് ബെഗുസരായിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഭൂരിപക്ഷം 58,335 വോട്ട്. രണ്ടാമതെത്തിയ തന്‍വീര്‍ ഹസ്സന്‍ മൂന്നരലക്ഷത്തിലേറെ വോട്ടുപിടിച്ചു. മൂന്നാമതെത്തിയ സി.പി.ഐ. സ്ഥാനാര്‍ഥി രാജേന്ദ്രപ്രസാദ് സിങ്ങിന് 1,92,639 വോട്ടുകിട്ടി. ഇക്കുറി കനയ്യ ചരിത്രം തിരുത്തുമോയെന്നാണ് ബെഗുസരായിക്കൊപ്പം രാജ്യവും ഉറ്റു നോക്കുന്നത്.

content highlights: begusarai, kanhaiya kumar, lok sabha election 2019