രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന മഹാസഖ്യം എന്ന പരീക്ഷണത്തിന്റെ തട്ടകമാണ് ബിഹാർ. ബി.ജെ.പി.ക്കും നരേന്ദ്രമോദിക്കുമെതിരേയുള്ള ബദലെന്ന നിലയിലാണ് രാഷ്ട്രീയപരീക്ഷണശാലകൾ മഹാസഖ്യത്തെ കാണുന്നത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകാലത്ത് നിതീഷ്കുമാറിന്റെയും ലാലുവിന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച മഹാസഖ്യം മോദി തരംഗത്തെ പിടിച്ചുകെട്ടിയതോടെയാണ് പ്രതിപക്ഷരാഷ്ട്രീയത്തിൽ പ്രതീക്ഷകൾ ശക്തമായത്. എന്നാൽ, അകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികളിൽ രാഷ്ട്രീയ ജനതാദൾ ഉലയുന്നതാണ് ബിഹാറിലുടനീളം കാണാനുള്ളത്. സഖ്യത്തിന്റെ ചരടുകൾ നിയന്ത്രിക്കുന്ന ആർ.ജെ.ഡി.ക്കുള്ളിലെ പൊട്ടിത്തെറികൾ മഹാസഖ്യത്തെയും ബാധിച്ചിരിക്കുന്നു.
കുടുംബവും രാഷ്ട്രീയവും
രണ്ട് പ്രതിസന്ധികളാണ് ആർ.ജെ.ഡി. ഇക്കുറി നേരിടുന്നത്. മഹാസഖ്യത്തിന്റെയും പാർട്ടിയുടെയും സ്ഥാപകനേതാവും മുഖവുമായ ലാലുപ്രസാദ് യാദവ് ജയിലിലായതാണ് ആദ്യപ്രശ്നം. 14 വർഷത്തെ ജയിൽശിക്ഷയിലായ ലാലുവിന് ജാമ്യംകിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ പാർട്ടിയിലും സഖ്യത്തിലും കടുത്ത ക്ഷീണം പ്രകടമാണ്. മഹാസഖ്യത്തിലെ സീറ്റുചർച്ചമുതൽ ലാലുവിന്റെ അഭാവം പുറത്തുവന്നു. സീറ്റ് പങ്കുവെക്കലിനെച്ചൊല്ലി ആർ.ജെ.ഡി.ക്കുള്ളിൽ പടലപ്പിണക്കം ഉടലെടുത്തു. സഖ്യകക്ഷികളുമായുള്ള സീറ്റുചർച്ചകൾ ഫലപ്രദമായില്ല. ലാലുവിന്റെ അഭാവത്തിൽ പാർട്ടിനേതൃത്വംവഹിക്കുന്ന തേജസ്വി യാദവിന്റെ പരിചയക്കുറവും പ്രായക്കുറവും സീറ്റുചർച്ചകളിൽ തടസ്സങ്ങളായി. പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന്റെ സംസ്ഥാനഘടകം കടുത്ത പ്രതിഷേധത്തിലാണ്. തങ്ങളുടെ പ്രമുഖ നേതാക്കളായ ഷക്കീൽ അഹമ്മദ്, കീർത്തി ആസാദ് എന്നിവർക്ക് സീറ്റുലഭിച്ചില്ല. കീർത്തിക്ക് സംസ്ഥാനംവിട്ട് ജാർഖണ്ഡിൽ മത്സരിക്കാൻ പോകേണ്ടിവന്നു. മധുബനിയിൽ സീറ്റ് നിഷേധിക്കപ്പെട്ട ഷക്കീൽ അഹമ്മദ് റിബലായി രംഗപ്രവേശംചെയ്തു. കഴിഞ്ഞദിവസം സമസ്തിപുരിൽ നടന്ന റാലിയിൽ രാഹുൽഗാന്ധിയും തേജസ്വിയാദവും കൈകോർത്തുപിടിച്ചെങ്കിലും ബിഹാറിലെ കോൺഗ്രസ് മുറിവേറ്റ നിലയിലാണ്.
ലാലുവിനും ആർ.ജെ.ഡി.ക്കുമൊപ്പം എക്കാലത്തും നിലയുറപ്പിച്ച ഇടതുപാർട്ടികളും ഇക്കുറി പാടെ അവഗണിക്കപ്പെട്ടു. പരസ്പരസഹായം ആവശ്യമുണ്ടെന്ന് മുൻകൂട്ടിക്കണ്ട് സി.പി.ഐ.എം.എല്ലിന് ആരാ സീറ്റ് നൽകിയതൊഴിച്ചാൽ സി.പി.ഐ., സി.പി.എം. പാർട്ടികൾക്ക് സീറ്റ് അനുവദിക്കാനോ പിന്തുണയ്ക്കാനോ ആർ.ജെ.ഡി. തയ്യാറായില്ല. ബെഗുസരായ്, മധുബനി, ഉജിയാർപർ, ഈസ്റ്റ് ചമ്പാരൻ തുടങ്ങിയ നാലോ അഞ്ചോ സീറ്റാണ് ഇരുപാർട്ടിയും ചേർന്ന് ആവശ്യെപ്പട്ടത്. ഇടതുപാർട്ടികളിൽ സി.പി.ഐ.ക്കാണ് ബിഹാറിൽ ചില മേഖലയിൽ സ്വാധീനം കൂടുതൽ.
എന്നാൽ, ബെഗുസരായിയിൽ സി.പി.ഐ.യുടെ യുവനേതാവായ കനയ്യയ്ക്ക്് സീറ്റുനൽകാൻ ആർ.ജെ.ഡി. തയ്യാറായില്ല. ഇതോടെ ഈ നാലുസീറ്റിലും ത്രികോണമത്സരം സൃഷ്ടിച്ചുകൊണ്ട് ഇടതുസ്ഥാനാർഥികൾ രംഗത്തുവന്നു. കനയ്യയ്ക്ക് സീറ്റ് നൽകാതിരിക്കാൻ വൻകിട കോർപ്പറേറ്റുകൾവഴി ബി.ജെ.പി.യും മോദിയും ആർ.ജെ.ഡി.ക്കുമേൽ സമ്മർദംചെലുത്തിയെന്നും തേജസ്വി അതിന് വഴങ്ങിയെന്നുമാണ് ഇടതുപാർട്ടികളുടെ ആരോപണം. ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന വൻവ്യവസായിയുടെ മകളുടെ മുംബൈയിൽനടന്ന വിവാഹത്തിൽ തേജസ്വി പങ്കെടുത്തെന്നും ആ ചടങ്ങിനിടയിലാണ് ധാരണ ഉറപ്പിച്ചതെന്നും സി.പി.ഐ. ബിഹാർ സംസ്ഥാനസെക്രട്ടറി സത്യനാരായൺ സിൻഹ ‘മാതൃഭൂമി’യോട് പറഞ്ഞു. ലാലു പുറത്തുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലാലുവിന്റെ വീട്ടിനുള്ളിലെ കലഹം കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ഒമ്പത് മക്കളാണ് ലാലു-റാബ്രി ദമ്പതിമാർക്ക്. ഇതിൽ രാഷ്ട്രീയത്തിൽ സജീവമായ മൂന്നുപേർ തമ്മിൽ സംഘർഷം രൂക്ഷമാണ്. നിതീഷ് മന്ത്രിസഭയിൽ തേജസ്വിയെ രണ്ടാമനാക്കിയപ്പോഴാണ് കലഹത്തിന്റെ ആദ്യവിത്തുവീണത്. ലാലു ജയിലിൽ പോയപ്പോൾ മൂത്തവരായ രണ്ടുപേരെ തഴഞ്ഞ് മൂന്നാമനായ തേജസ്വിയാദവിന് പാർട്ടിയുടെ കടിഞ്ഞാൺ കൈമാറിയതോടെ കലഹം രൂക്ഷമായി. തേജ്പ്രതാപ് യാദവും സഹോദരി മിസഭാരതിയും ഒരു വശത്തും തേജസ്വി യാദവ് ഏകനായി മറുവശത്തും നിലയുറപ്പിക്കുന്നു. തേജ്പ്രതാപ് കൃഷ്ണനും തേജസ്വിയാദവ് അർജുനനുമാണെന്ന് ഇടയ്ക്കിടെ രണ്ടുപേരും പറയുമെങ്കിലും ആലങ്കാരികമായ വർണനകൾക്കപ്പുറം യാഥാർഥ്യമതല്ലെന്ന് വ്യക്തം.
പടനയിക്കാൻ മിസയും
സ്ഥാനമാനങ്ങൾ കിട്ടാതെ നിരാശരായ തേജ് പ്രതാപും മിസാ ഭാരതിയും നിത്യവും പുതിയ കലഹങ്ങൾക്ക് കാരണം കണ്ടെത്തിക്കൊണ്ടിരിക്കയാണ്. പാടലീപുത്ര മണ്ഡലത്തിൽ ആർ.ജെ.ഡി. സ്ഥാനാർഥിയായ മിസാ ഭാരതി കഴിഞ്ഞദിവസം നാമനിർദേശപത്രിക സമർപ്പിക്കാൻ കളക്ടറുടെ ഓഫീസിലെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നത് തേജ് പ്രതാപ് യാദവായിരുന്നു. കുടുംബവിഷയങ്ങളിലും തേജ് പ്രതാപിന്റെ നിലപാട് ലാലുവിന്റെ പ്രതാപത്തിന് മങ്ങലേൽപ്പിക്കുന്നതാണ്. മുൻമന്ത്രിയും മുതിർന്ന ആർ.ജെ.ഡി. നേതാവുമായ ചന്ദ്രിക റായിയുടെ മകളെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാൽ, വിവാഹംകഴിഞ്ഞ് ആറുമാസത്തിനുള്ളിൽ അദ്ദേഹം വിവാഹമോചനഹർജി സമർപ്പിച്ചു. തുടർന്ന് എം.എൽ.എ. ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക്് താമസംതുടങ്ങി; പാർട്ടി ചുമതലകളും രാജിെവച്ചു. തേജിനൊഴികെ വീട്ടിലാർക്കും വിവാഹമോചനത്തിൽ താത്പര്യമില്ലാത്തതിനാൽ ചന്ദ്രികാറോയിയുമായുള്ള രാഷ്ട്രീയബന്ധത്തിൽ ഇടച്ചിലില്ല. ചമ്പാരൻ മേഖലയിലെ സരൺ മണ്ഡലത്തിൽ ചന്ദ്രികാറോയിയാണ് ആർ.ജെ.ഡി. സ്ഥാനാർഥി.
ലാലുകുടുംബവുമായി ഇടഞ്ഞുനിൽക്കുന്ന അമ്മാവൻ സാധു യാദവാണ് തേജ് പ്രതാപിന്റെ നീക്കങ്ങൾക്കുപിന്നിലെന്നാണ് സൂചന. പാർട്ടി പിളർത്താനുള്ള സാധുവിന്റെ നീക്കമായാണ് ആർ.ജെ.ഡി.യിൽ ഒരു വിഭാഗം ഈ സംഭവങ്ങളെ വിലയിരുത്തുന്നത്.
ജഹനാബാദ്, ഷിയോഹാർ മണ്ഡലങ്ങളിൽ തന്റെ വിശ്വസ്തർക്ക് സീറ്റുനൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെത്തുടർന്ന്് കഴിഞ്ഞ ഏപ്രിൽ ഒന്നിന് തേജ് പ്രതാപ്, ലാലു-റാബ്രിമോർച്ച എന്ന ബദൽ രൂപവത്കരിച്ചു. മോർച്ചയുടെ പേരിൽ ജഹനാബാദ്, ഷിയോഹാർ മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ രംഗത്തിറക്കി. എന്നാൽ, ഷിയോഹാർ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിപ്പോയി. ജഹനാബാദിൽ ആർ.ജെ.ഡി. സ്ഥാനാർഥിക്കെതിരേ തേജിന്റെ സ്ഥാനാർഥി രംഗത്തുണ്ട്. മാത്രമല്ല, ആർ.ജെ.ഡി. സ്ഥാനാർഥി ആർ.എസ്.എസുകാരനാണെന്ന ആരോപണവും തേജ് ഉയർത്തിയിട്ടുണ്ട്.
ഏഴ് പെൺമക്കളിൽ മൂത്തയാളായ മിസാഭാരതിയും കുടുംബയുദ്ധത്തിന്റെ തലപ്പത്തുണ്ട്. രണ്ട് സഹോദരന്മാരെക്കാളും വിദ്യാഭ്യാസം മിസ നേടിയിട്ടുണ്ട്്. നിലവിൽ രാജ്യസഭാംഗമാണ്. ഇക്കാരണങ്ങളാൽ ലാലുവിന്റെ അഭാവത്തിൽ പാർട്ടിനേതൃത്വം തനിക്ക് കിട്ടുമെന്ന് മിസ പ്രതീക്ഷിച്ചു. അത് സംഭവിക്കാതായപ്പോൾ അസ്വസ്ഥയായാണ് തേജിനൊപ്പം തേജസ്വിക്കെതിരേ പട നയിക്കുന്നത്.
ജയിലിലായ ലാലുപ്രഭാവം
ജനങ്ങളുടെ നേതാവായ ലാലുവിന്റെ അഭാവം ആർ.ജെ.ഡി.യെയും മഹാസഖ്യത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജനങ്ങളോട് ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്ന ലാലു അണികളെ ഒപ്പംനിർത്താൻ ചതുരനാണ്. എന്നാൽ, ഡൽഹിയിൽ വളർന്ന, ബിഹാറിന്റെ അനുഭവമില്ലാത്ത തേജസ്വി, ലാലുവിന് പകരമാകുന്നില്ല. ഈ യാഥാർഥ്യം ആദ്യം തിരിച്ചറിഞ്ഞത് നിതീഷ് കുമാറും മോദിയും അമിത് ഷായുമാണ്. ഇതനുസരിച്ചാണ് അവർ ബിഹാറിൽ കരുക്കൾ നീക്കിയത്.
കേന്ദ്രഭരണത്തിനെതിരേയും നിതീഷ് ഭരണത്തിനെതിരേയും ഉയരുന്ന ആരോപണങ്ങളും അനാഥാലയം മാനഭംഗവിഷയവും ചർച്ചയാകാതിരിക്കാൻ ഈ കുടുംബകലഹം എൻ.ഡി.എ.യെ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. എന്നാൽ, മോദിതരംഗം തടഞ്ഞുനിർത്തിയ സംസ്ഥാനമാണ് ബിഹാറെന്നും കുടുംബകലഹം വെറും ഭാവനാസൃഷ്ടിയാണെന്നും ആർ.ജെ.ഡി. വക്താവ് മനോജ് ഝാ പറഞ്ഞു. വീടുകളിൽ സാധാരണയുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം ഒരു പ്രശ്നവുമില്ലെന്ന് ഝാ ചൂണ്ടിക്കാട്ടുന്നു.വിഷയം എന്തായാലും, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധി ആർ.ജെ.ഡി.യുടെ ഭാവിയും നിശ്ചയിക്കും. വിജയിച്ചാൽ പാർട്ടിയിൽ തേജസ്വി പിടിമുറുക്കും. പാർട്ടി തോൽക്കുകയും മിസാഭാരതി പാടലീപുത്രം മണ്ഡലത്തിൽ ജയിക്കുകയും ചെയ്താൽ പാർട്ടി നേതൃത്വം അവരുടെ കൈകളിലാകും.
Content Highlights:2019 Loksabha Elections, Lalu prasad Yadav, RJD