സില്‍ചാര്‍ (അസം): രാജ്യത്ത് മോദി സര്‍ക്കാരിന് അനുകൂലമായ തരംഗം അലയടിക്കുന്നതായി മനസിലാക്കാന്‍ കഴിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ദിവസം അസമിലെ സില്‍ചാറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏത് ദിശയിലേക്കാണ് കാറ്റ് വീശുന്നതെന്ന് ജനങ്ങളുടെ ആവേശത്തില്‍നിന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്.

ഒന്നാംഘട്ട വോട്ടെടുപ്പ് രാജ്യത്തിന്റെ പലഭാഗത്തും നടക്കുകയാണ്. ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞ വസ്തുത മോദി തരംഗം അലയടിക്കുന്നുവെന്നതാണ്. അസമില്‍ ഇന്ന് വോട്ടെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും എന്‍ഡിഎ സഖ്യം വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തേയില തോട്ടങ്ങളുടെ നാടാണ് അസം. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനച്ചവര്‍ക്ക് തോട്ടം തൊഴിലാളികളുടെ ദുരിതം മനസിലാവില്ല. കൊളുന്ത് നുള്ളുമ്പോള്‍ കൈ മുറിയുന്നതിന്റെ വേദനയും രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗങ്ങളും അവര്‍ക്ക് മനസിലാകില്ല. തേയില തോട്ടങ്ങളെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വോട്ട് നേടുന്നതിനുവേണ്ടി കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചു. കശ്മീരിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും നുഴഞ്ഞുകയറ്റ പ്രശ്‌നം കോണ്‍ഗ്രസിന് പരിഹരിക്കാമായിരുന്നു. എന്നാല്‍ വോട്ടുകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Modi wave, PM Narendra Modi, Assam