സില്‍ച്ചാര്‍ (അസം): ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സില്‍ച്ചാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് പ്രിയങ്ക ഈ ആരോപണം ഉന്നയിച്ചത്.

ബി.ആര്‍ അംബേദ്കറുടെ ജന്മദിനമാണിന്ന്. ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറ പാകിയത് അദ്ദേഹമാണ്. ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ രാഷ്ട്രീയ നേതാക്കളുടെയും കടമയാണ്. എന്നാല്‍ ഭരണഘടനയെ തകര്‍ക്കുന്നതിനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ആരുടെയും പേരെടുത്ത് പറയാതെ അവര്‍ വിമര്‍ശം ഉന്നയിച്ചു.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വിവിധ സംസ്‌കാരങ്ങളെയും മത വിശ്വാസങ്ങളെയും മാനിക്കുന്നില്ല. അതുപോലെ തന്നെയാണ് ഭരണഘടനയെയും മാനിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ മണ്ഡലമായ വാരണാസിയിലെ ഏതെങ്കിലും കുടുംബത്തോടൊപ്പം അഞ്ച് മിനിട്ടെങ്കിലും ചെലവഴിക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തയ്യാറായിട്ടുണ്ടോയെന്ന് അവര്‍ ചോദിച്ചു. അദ്ദേഹം അമേരിക്കയിലും റഷ്യയിലും ചൈനയിലും പോയി നേതാക്കളെ ആലിംഗനം ചെയ്യുന്നു. ജപ്പാനില്‍ പോയി പെരുമ്പറ മുഴക്കുന്നു. പാകിസ്താനില്‍ പോയി ബിരിയാണി കഴിക്കുന്നു. എന്നാല്‍, സ്വന്തം മണ്ഡലത്തിലെ ഒരു കുടുംബത്തിന്റെപോലും പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രിയങ്ക ആരോപിച്ചു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്നും ഓര്‍മ്മിക്കപ്പെടുന്നത് അവര്‍ ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. ഇന്ധിരാഗാന്ധിയെപ്പോലെ കരുത്തുള്ള നേതാവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഷ്മിത ദേവെന്ന് പ്രിയങ്ക അവകാശപ്പെട്ടു. സത്യസന്ധമായും ആത്മാര്‍ഥമായും അവര്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി.

Content Highlights: Priyanka Gandhi, Constitution, Assam