ഗുവഹാത്തി: ലോക്‌സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങവെ അസമില്‍ ബിജെപിക്ക് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവും സിറ്റിങ് എംപിയുമായ റാം പ്രസാദ് ശര്‍മയുടെ രാജി. ബിജെപി അംഗത്വം രാജിവെക്കുന്നതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാം പ്രസാദ് ശര്‍മ അറിയിച്ചത്. 

മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് റാം പ്രസാദ് ശര്‍മയുടെ രാജി.  ഈ തിരഞ്ഞെടുപ്പില്‍ തന്നെ അവഗണിച്ചു, സംസ്ഥാന കമ്മിറ്റിക്ക് സ്ഥാനാര്‍ഥി പട്ടിക അയച്ചപ്പോള്‍ അതില്‍ തന്റെ പേര് ഇല്ലായിരുന്നു, സിറ്റിങ് എംപിയായ തന്നെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് രാജിതീരുമാനത്തെ കുറിച്ച് രാം പ്രസാദ് ശര്‍മ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

കഴിഞ്ഞ 29 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാം പ്രസാദ് ശര്‍മ അസ്സം ഗോര്‍ഖ സമ്മേളന്‍ അധ്യക്ഷന്‍ കൂടിയാണ്. തേസ്പൂര്‍ മണ്ഡലത്തില്‍ നിന്നും സംസ്ഥാന കാബിനറ്റ് മന്ത്രി ഡോ.ഹിമാന്ത ബിശ്വശര്‍മയുടെ പേരാണ് സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേള്‍ക്കുന്നത്. 

നിലവില്‍ ജല്‍ക്കുബാരി മണ്ഡലത്തിലെ എംഎല്‍എയാണ് ഹിമന്ത. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ഹിമന്ത 2016ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 

Content Highlight: Assam BJP MP Ram Prasad Sarmah Quits Party, Assam BJP MP Ram Prasad Sarmah