വ്യാജവാര്‍ത്തകളുടെ പേരില്‍ ഏറ്റവും കൂടുതല്‍ പഴികേട്ട മാധ്യമം വാട്‌സ്ആപ്പാണ്. കണ്ടുപിടിക്കപ്പെട്ടിട്ടും തുടച്ചുനീക്കാനാവാത്ത എത്രയേറെ വ്യാജ സന്ദേശങ്ങളാണ് ഇപ്പോഴും വാട്‌സ്ആപ്പ് ഫോര്‍വേഡുകളായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ആളെക്കൊല്ലികള്‍ മുതല്‍ മാനനഷ്ടമുണ്ടാക്കുന്നവ വരെയുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഈ വ്യാജ വാര്‍ത്തകളേക്കുറിച്ചാണ്. അതുകൊണ്ടു തന്നെയാണ് രണ്ടാംഘട്ട പ്രചാരണവുമായി ഫെയ്‌സ്ബുക്കിന്റെ കൂട്ടില്‍ നിന്നും വാട്‌സ്ആപ്പ് വീണ്ടും പൊതുമധ്യത്തിലേക്ക് ഇറങ്ങുന്നത്. 

'സന്തോഷം പങ്കുവെക്കൂ, കിംവദന്തികളല്ല' എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം. തിരഞ്ഞെടുപ്പ് കാലത്ത് വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും ഉപയോക്താക്കളെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വാട്‌സ്ആപ്പിന്റെ ഇന്ത്യാ നേതൃത്വം തിങ്കളാഴ്ച അറിയിച്ചു. 

ആദ്യഘട്ടം ഇതര മാധ്യമങ്ങളിലൂടെ വ്യാജവര്‍ത്തകളേക്കുറിച്ചുള്ള ബോധവല്‍ക്കരണമായിരുന്നുവെങ്കില്‍ ഇത്തവണ വാട്‌സ്ആപ്പ് ആപ്ലിക്കേഷനിലെ സവിശേഷതകള്‍ ഉപയോഗപ്പെടുത്തി വ്യാജപ്രചാരണങ്ങള്‍ തടയുക എന്നതാണ്. ഉപയോക്താക്കളെ ഈ സവിശേഷതകള്‍ ഉപയോഗിക്കാന്‍ മനസിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യം. അങ്ങനെ സുരക്ഷിതമായ ഒരു തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും വാട്‌സ്ആപ്പ് അധികൃതര്‍ പറയുന്നു.

ഇവിടെ രാഷ്ട്രീയ പ്രചാരണത്തിനായി 87,000 വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുമ്പുള്ള കണക്കുവെച്ച് 20 കോടിയാണ് വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം. ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെ വാട്‌സ്ആപ്പ് കുപ്രസിദ്ധി നേടുന്നതിന് മുമ്പുള്ള കണക്കാണ് ഇത്. 

വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാതായിത്തുടങ്ങിയതോടെയാണ് ഫോര്‍വേഡ് ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഫോര്‍വേഡഡ് എന്ന് മെസേജുകളില്‍ എഴുതിക്കാണിക്കാനും തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിനേത്തുടര്‍ന്നാണ് വ്യാജവാര്‍ത്തകള്‍ക്കെതിരെ രംഗത്തുവരാന്‍ സോഷ്യല്‍മീഡിയ കമ്പനികള്‍ തയ്യാറായത്. എല്ലാ കമ്പനികള്‍ക്കും ഒരു കണ്‍ട്രി ഹെഡിനെ കൊണ്ടുവരാനും സര്‍ക്കാരാണ് നിര്‍ദേശിച്ചത്. അന്നു തുടങ്ങിയ വ്യാജവാര്‍ത്തക്കെതിരെയുള്ള നടപടികളാണ് ഇപ്പോഴും പുരോഗമിക്കുന്നത്.

Content highlights: WhatsApp begins second campaign to fight fake news in election era