കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മോദിയെ വിമര്‍ശിക്കാന്‍ നിരന്തരം പ്രയോഗിക്കുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന വാക്കുകള്‍. റഫാലില്‍ പുറത്തുവന്ന രേഖകള്‍ കോടതി പരിശോധിക്കാന്‍ തീരുമാനിച്ചതോടെ കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതിയും സമ്മതിച്ചുവെന്ന് രാഹുല്‍ പറയുകയും ഒടുവില്‍ അതിന്റെ പേരില്‍ കോടതിയില്‍ മാപ്പ് പറയേണ്ടിയും വന്നു രാഹുലിന്.

എന്നാല്‍ കഴിഞ്ഞദിവസം രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് മുന്നിലെത്തിയ കുട്ടികള്‍ ചൗക്കിദാര്‍ ചോര്‍ഹേ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ആദ്യം ഇത് കേട്ട് നിന്ന പ്രിയങ്ക ചിരിതൂകുന്നതും കാണാം. എന്നാല്‍ മുദ്രാവാക്യം പതുക്കെ മോശം പരാമര്‍ശത്തിലേക്ക് നീങ്ങി. ഇതുവരെയാണ് ആദ്യം പുറത്തുവന്ന 12 സെക്കന്‍ഡ് വീഡിയോയിലുള്ളത്. 

മോദിയെ ട്വിറ്ററില്‍ പിന്തുടരുന്ന ചൗക്കിദാര്‍ അങ്കുര്‍ സിങ് എന്നയാള്‍ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പലതവണ ഇത് റീട്വീറ്റ് ചെയ്യപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ ഇതിന്റെ പേരില്‍ പ്രിയങ്കയ്‌ക്കെതിരെ രംഗത്തുവന്നു.

നിഷ്‌കളങ്കരായ കുട്ടികളെ കോണ്‍ഗ്രസ് എന്ത് മോശം കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്ന് പലരും ട്വിറ്ററില്‍ ചോദിച്ചു. മോദി വിരുദ്ധതയുടെ പേരില്‍ കുട്ടികളുടെ ഭാവി തുലയ്ക്കരുതെന്നും ചിലര്‍ പോസ്റ്റിട്ടു. 

എന്നാല്‍ 40 സെക്കന്‍ഡ് നീണ്ട വീഡിയോ വന്നതോടെയാണ് നിജസ്ഥിതി പലരും മനസ്സിലാക്കിയത്. മോദിയെ മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളികള്‍ വളര്‍ന്നപ്പോള്‍ ആശ്ചര്യപ്പെട്ട് വാപൊത്തുന്ന പ്രിയങ്ക ഇങ്ങനെ വിളിക്കാന്‍ പാടില്ല എന്ന് കുട്ടികളോട് പറയുന്നതും വീഡിയോയില്‍ കാണാം. ഇത് ശരിയല്ല നല്ലത് മാത്രമേ വിളിക്കാവൂ എന്ന് പ്രിയങ്ക ഉപദേശിക്കുന്നതും വീഡിയോയില്‍ കാണാം.

Content Highlights: priyanka gandhi, amethi