ടുത്തകാലത്തായി തിരഞ്ഞെടുപ്പുകാലമെന്നാല്‍ വ്യാജ സന്ദേശങ്ങളുടെ പ്രജനനകാലം കൂടിയാണ്. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫലം ട്രംപിന് അനുകൂലമാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലുണ്ടാക്കിയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. യു.കെ.യിലും ബ്രസീലിലും സമാനമായ വിവാദങ്ങളുണ്ടായി. കേംബ്രിജ് അനലിറ്റിക്ക ഉയര്‍ത്തിവിട്ട വിവാദം സോഷ്യല്‍ മീഡിയ ഡേറ്റ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെയെല്ലാം പ്രതിക്കൂട്ടിലാക്കി. അതിന് പിന്നാലെയാണ് വ്യാജസന്ദേശങ്ങള്‍ നിരപരാധികളുടെ ജീവനെടുക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്തെങ്ങും പടര്‍ന്നുപിടിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം കലുഷിതമായ അന്തരീക്ഷത്തിലാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 

വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനുള്ള യജ്ഞത്തിലാണ്  സോഷ്യല്‍ മീഡിയ കമ്പനികള്‍. ഇതിനായി രാജ്യത്തെ സാങ്കേതിക വിദഗ്ധരെയും മാധ്യമങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ച് കര്‍മപദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് ഫെയ്‌സ്ബുക്കും വാട്‌സാപ്പും ട്വിറ്ററും ഗൂഗിളുമൊക്കെ. 2017 ഒക്ടോബര്‍ മുതല്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെയുള്ള യുദ്ധത്തിലാണെന്ന് ജനുവരി അവസാനം ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ കുറിപ്പില്‍ വിവരിക്കുന്നു.

jack dorcey zuckerberg
മാര്‍ക്ക് സക്കര്‍ബെര്‍ഗ്, ജാക് ഡോര്‍സി

കുരിശുയുദ്ധവുമായി ഫെയ്‌സ്ബുക്ക്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേരിട്ട തിരിച്ചടികളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പുതിയ തന്ത്രങ്ങളുമായാണ് ഫെയ്‌സ്ബുക്ക് ഇന്ത്യയിലുള്‍പ്പെടെ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളെ നേരിടാന്‍ തയ്യാറെടുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് മെഷീന്‍ ലേണിങ് അല്‍ഗോരിതങ്ങളുമുപയോഗിച്ച് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ വലിയ സജ്ജീകരണങ്ങളാണ് അവര്‍ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും വ്യാജസന്ദേശങ്ങള്‍ തടയുന്നതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 30,000 പേരെയാണ് ആസ്ഥാനത്തും വിവിധ ഗ്ലോബല്‍ ഓഫീസുകളിലുമായി ഫെയ്‌സ്ബുക്ക് വിന്യസിച്ചിരിക്കുന്നത്. ലോകത്തെങ്ങുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിക്കാന്‍ ഡബ്ലിനിലും സിംഗപ്പൂരിലുമായി രണ്ട് കേന്ദ്രങ്ങളാണ് അവര്‍ തുടങ്ങിയത്.

മിഷന്‍ ഇന്ത്യ
134 കോടി ഇന്ത്യക്കാരില്‍ മുപ്പതുകോടി പേരും ഫെയ്‌സ്ബുക്ക് ഉപയോക്താക്കളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മെസഞ്ചറായ വാട്‌സാപ്പും, അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാമും അവരുടെ ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍സന്നാഹമാണ് ഫെയ്‌സ്ബുക്ക് സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ പ്രധാനം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംബന്ധിയായ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം സിംഗപ്പൂരിലെ കേന്ദ്രത്തിനുകീഴിലേക്ക് മാറ്റി എന്നതാണ്. ഇന്ത്യയ്ക്കുവേണ്ടി ഒരു പുതിയ കണ്‍ട്രി മാനേജിങ് ഡയറക്ടറെ നിയമിച്ചുവെന്നതും രാജ്യത്തെ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏഷ്യ പെസഫിക് റീജണല്‍ ഓഫീസില്‍ നിന്നും നീക്കി ഇദ്ദേഹത്തിന് നല്‍കിയെന്നതുമാണ് മറ്റൊരു ശ്രദ്ധേയമായ നീക്കം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൂടുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിക്കൊണ്ടിക്കുകയാണ് ഫെയ്‌സ്ബുക്ക്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളും പരസ്യങ്ങളും നിരീക്ഷിക്കുക സിംഗപ്പൂരിലെ കേന്ദ്രമായിരിക്കും. ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയിരുന്ന അജിത് മോഹനെയാണ് ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ പുതിയ എം.ഡി.യായി നിയമിച്ചത്. വ്യാജ സന്ദേശ വിവാദങ്ങള്‍ക്കുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യത്ത് ഒരു മേധാവി വേണമെന്ന് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതും എം.ഡിയുടെ ഉത്തരവാദിത്തമാണ്.

പരസ്യങ്ങള്‍ നല്‍കുന്നവരെ പരസ്യമാക്കും
അരമന രഹസ്യങ്ങളൊന്നും പുറത്തുപറഞ്ഞ് ശീലമില്ലാത്ത ഫെയ്‌സ്ബുക്ക് അതിനും തയ്യാറാവേണ്ടിവന്നുവെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളും വ്യാജവാര്‍ത്തകളും വലിയ വിവാദങ്ങളാണ് അഴിച്ചുവിട്ടത്. അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പരസ്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നുവെന്നതാണ് ഫെയ്‌സ്ബുക്കിന്റെ കര്‍മപദ്ധതികളില്‍ എടുത്തുപറയേണ്ട ഒന്ന്. നൈജീരിയന്‍ തിരഞ്ഞെടുപ്പില്‍ വിദേശ പരസ്യങ്ങള്‍ നിരോധിച്ചിരുന്നു. യുക്രൈന്‍ തിരഞ്ഞെടുപ്പിലും ഈ നിലപാടാണ് ഫെയ്‌സ്ബുക്ക് സ്വീകരിച്ചത്. അതുമായി വേണം ഇന്ത്യയിലെ പുതിയ നിയന്ത്രണങ്ങള്‍ ചേര്‍ത്തുവായിക്കാന്‍.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങളും മറ്റും നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും. സമാനമായ മറ്റ് ഇടപെടലുകളും സുതാര്യമാക്കും. ഫെയ്‌സ്ബുക്കില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത ഏജന്‍സികള്‍ വഴിയുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ മാത്രമേ സ്വീകരിക്കൂ തുടങ്ങിയ തീരുമാനങ്ങള്‍ വേറെയുമുണ്ട്. രാജ്യത്തെ പ്രധാന മാധ്യമസ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളുമായി യോജിച്ച് തുടങ്ങുന്ന തേര്‍ഡ് പാര്‍ട്ടി ഫാക്ട് ചെക്കിങ് സംവിധാനങ്ങളും തയ്യാറാക്കുന്ന തിരക്കിലാണ് അവര്‍.

പരസ്യം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെബ്‌സൈറ്റുവഴിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ രജിസ്റ്റര്‍ ചെയ്യണം. ഫെയ്‌സ്ബുക്കിന്റെ അംഗീകാരത്തിനുശേഷം മാത്രമേ ഇവര്‍ക്ക് തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കാനാകൂ. പോളിസിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ വേറെയുമുണ്ട്. ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങളും മറ്റും 'പബ്ലിഷ്ഡ് ബൈ' എന്നോ 'പേയ്ഡ് ഫോര്‍ ബൈ' എന്നോ ഉള്ള പ്രത്യേക ലേബലിലായിരിക്കും ദൃശ്യമാകുക. ഇവ പ്രത്യേകം തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ഇത്.

പരസ്യങ്ങള്‍ക്ക് ലൈബ്രറി

ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയവും ദേശീയ പ്രാധാന്യമുള്ളതുമായ പരസ്യങ്ങളുടെ ഡിജിറ്റല്‍ ലൈബ്രറി രൂപവത്കരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. നിലവില്‍ യു.എസ്, യു.കെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്. പോളിസി ലംഘിച്ചതിന്റെ പേരില്‍ നിരോധിച്ച പരസ്യങ്ങള്‍ ഈ ലൈബ്രറിയില്‍ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ഇവിടെ ലിസ്റ്റ് ചെയ്യുന്ന പരസ്യങ്ങള്‍ക്കുവേണ്ടി ചിലവിട്ട തുകയും അവ എത്രപേര്‍, ഏതു നാട്ടിലുള്ളവര്‍ കണ്ടു, അതില്‍ സ്ത്രീ പുരുഷന്മാരെത്ര തുടങ്ങിയ വിവരങ്ങളും ലഭ്യമാക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയത്. 

ഫാക്ട് ചെക്കിങ്

കഴിഞ്ഞ നവംബറില്‍ തന്നെ ന്യൂസ് ഏജന്‍സിയായ എ.എഫ്.പിയുമായി ചേര്‍ന്ന്, വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനത്തിന് വേണ്ടി ഫാക്ട് ചെക്കിങ് ഇനീഷ്യേറ്റീവ് ശ്രമം തുടങ്ങിയിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൂംലൈവുമായി ചേര്‍ന്ന് പുതിയ തന്ത്രം പരീക്ഷിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.കര്‍ണാടക തിരഞ്ഞെടുപ്പുകാലം പരീക്ഷണകാലമായിരുന്നു. രാജ്യത്തെ ഉദ്യോഗസ്ഥ സംവിധാനം തന്നെ അഴിച്ചു പണിഞ്ഞതിന്റെ പ്രധാന ഉദ്ദേശ്യം ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുക എന്നതുതന്നെയാണ്.

baret
ട്രൂഷര്‍ ബാരറ്റ്, അജിത് മോഹന്‍
Natasha Jog
നടാഷ ജോഗ്‌

അജിത് മോഹനെ പുതിയ കണ്‍ട്രി മാനേജിങ് ഡയറക്ടറാക്കിയതുമാത്രമല്ല, ബി.ബി.സിയിലെ മുതിര്‍ന്ന ജേണലിസ്റ്റ് ട്രുഷര്‍ ബാരട്ടിനേയും എന്‍.ഡി.ടി.വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ നടാഷ ജോഗിനേയും മനീഷ് ചോപ്ര, കോമള്‍ ലാഹിരി തുടങ്ങി നിരവധി പേരെയും ഫെയ്‌സ്ബുക്ക് റിക്രൂട്ട് ചെയ്തു. വ്യാജ വാര്‍ത്തകള്‍ക്കെതിരെയുള്ള നീക്കം ശക്തമാക്കുകയും വിശ്വാസ്യത വര്‍ധിപ്പിക്കുകയുമാണ് ട്രൂഷറുടെ പ്രധാന ദൗത്യം. തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് നടാഷ ജോഗിന്റെ ദൗത്യം. 

ട്വിറ്ററിന്റെ തിരഞ്ഞെടുപ്പ് ദൗത്യം
ഫെയ്‌സ്ബുക്കിന്റെ പരസ്യലൈബ്രറിക്ക് സമാനമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ട്വിറ്ററില്‍ പരസ്യം നല്‍കിയതിന്റെ ചെലവ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ഡാഷ് ബോര്‍ഡ് തയ്യാറാക്കിയ കാര്യം കഴിഞ്ഞ ദിവസം ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജസന്ദേശങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ ട്വിറ്റര്‍ സി.ഇ.ഒ. ജാക് ഡോര്‍സി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും കാണുകയും ചെയ്തു. രാജ്യത്ത് മൂന്നരക്കോടി ട്വിറ്റര്‍ ഉപയോക്താക്കള്‍ മാത്രമേയുള്ളൂവെങ്കിലും നവമാധ്യമരംഗത്ത് അതിനുള്ള പ്രാധാന്യം വളരെ വലുതാണ്. നിരവധി വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി നിര്‍ത്തലാക്കാന്‍ ട്വിറ്ററിന് കഴിഞ്ഞത് വന്‍പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കിക്കണ്ടത്. ഇത് രാഷ്ട്രീയ നേതാക്കളുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുറയുന്നതിന് കാരണമായിരുന്നു. ഇതോടെ രാജ്യത്തിനെതിരെ ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നു. 

സര്‍ക്കാരും നിയമസംവിധാനവും സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നത് മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബോധവത്കരണ പരസ്യങ്ങളും മറ്റുമായി സോഷ്യല്‍മീഡിയയും സജീവമാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായോ മറ്റേതെങ്കിലും രാജ്യത്തെ പൊതുതിരഞ്ഞെടുപ്പുമായോ താരതമ്യം ചെയ്യാനാവാത്ത തിരഞ്ഞെടുപ്പാണ് ഇന്ത്യയിലേതെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരും ഡിജിറ്റല്‍ സാക്ഷരരാണെന്നതാണ് ഒരു കാരണം. ആള്‍ക്കൂട്ട വിചാരണയ്ക്ക് തടയിടാന്‍ ശ്രമിച്ച് അത് ഫലപ്രദമാവാതെപോയ വലിയ ഉദാഹരണവും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ നിയന്ത്രണങ്ങള്‍ നേരിടുന്ന മാധ്യമമാകും സോഷ്യല്‍ മീഡിയ എന്നുറപ്പായിക്കഴിഞ്ഞു.

(Published in GK Updates- Edited)

Content highlights: Social Media act against misinformation and fake news, Election war rooms