ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ 'മേഘ സിദ്ധാന്തം' ബിജെപിയെ വെട്ടിലാക്കി. ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാൻ മോദി പറഞ്ഞ'മേഘ തിയറി'യാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

'വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ അത്ര സുഖകരമല്ലായിരുന്നു. മേഘാവൃതമായ അന്തരീക്ഷവും കനത്ത മഴയുമുണ്ടായിരുന്നു. മേIഘാവൃതമായ അന്തരീക്ഷം മൂലം നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്ന സംശയമുയര്‍ന്നു. വിദഗ്ദ്ധരില്‍ ചിലര്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ പറഞ്ഞു. എന്റെ മനസ്സില്‍ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് രഹസ്യമായിരുന്നു.  ഞാന്‍  ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ല എന്നാലും ആ സമയത്താണ് എന്റെ മനസ്സില്‍ ഒരു കാര്യം തോന്നിയത്. മേഘവും മഴയും നമുക്ക് ഗുണകരമാണെന്ന് എനിക്ക് തോന്നി. റഡാറുകളില്‍ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന് എനിക്ക് തോന്നി. ഞാനത് അവതരിപ്പിച്ചു. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഈ ആശയത്തിൽ ആക്രമണം നടത്തുക തന്നെ ചെയ്തു'. ന്യൂസ് നേഷന്‍ എന്ന ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ മോദി പറഞ്ഞ ഈ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയാക്കുന്നത്. 

ശനിയാഴ്ചയാണ് അഭിമുഖം പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഈ മേഘ സിദ്ധാന്തം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ വീഡിയോ അടക്കം വരികയും ചെയ്തു. എന്നാല്‍ ശാസ്ത്രരംഗത്തെ വിദഗ്ദ്ധരടക്കം പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ വിവരക്കേട് ചൂണ്ടിക്കാട്ടിയതോടെ ബിജെപി തങ്ങളുടെ പേജുകളില്‍ നിന്ന്‌ ട്വീറ്റ് പിന്‍വലിച്ചു. അപ്പോഴേക്കും എതിരാളികള്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്തിരുന്നു. റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്ന് പോലും മോദി മനസ്സിലാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

ദേശീയ സുരക്ഷ ഒരു നിസ്സാര കാര്യമല്ല. പക്വതയില്ലാത്ത മോദിയുടെ ഇത്തരം പ്രസ്താവനകള്‍ കനത്ത ആഘാതമുണ്ടാക്കും. ഇത്തരത്തിലുള്ള ആളുകളൊന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാകരുതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

 

Content Highlights:  Row Over PM's "Cloud Can Help Us Escape Radar" Comment On Air Strikes